വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക!

Print By
about

18 - 09 - 2009

നേകം വ്യക്തികള്‍ വേദനയോടെ പങ്കുവച്ചിട്ടുള്ള ഒരു കാര്യമാണിത്; 'ഞാന്‍ വര്‍ഷങ്ങളായി ഒരു അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടും അത് സാധിച്ചു കിട്ടുന്നില്ല. എന്നാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടന്‍തന്നെ ഉത്തരം ലഭിക്കുകയും ചെയ്യുന്നു. എന്താണിതിനു കാരണം?'

ഒരുപക്ഷെ ഈ ലേഖനം വായിക്കുന്ന പലരും ഹൃദയത്തില്‍ അനുഭവിക്കുന്ന വേദനയാകാം ഇത്. മറ്റുള്ളവരോടും ദൈവത്തോടുതന്നെയും ആവലാതിയായി ഇവയെ ഉണര്‍ത്തിച്ചിട്ടുമുണ്ടാകാം. ഈ കാര്യങ്ങളെക്കുറിച്ച് വായനക്കാരിലുള്ള സംശയങ്ങള്‍ക്കും ആവലാതികള്‍ക്കുമുള്ള ഉത്തരം ഈ ലേഖനത്തിലൂടെ ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ നമുക്ക് യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം.

ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും ബൈബിളിലൂടെ ദൈവം നല്‍കിയ ഒരു വാഗ്ദാനവും  നിറവേറപ്പെടാതിരിക്കില്ല. യേഹ്ശുവാ അറിയിക്കുന്നു: "നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും"(യോഹ: 16; 24).

പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുമെന്ന്  അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ള വചനങ്ങളില്‍ ഒന്നു മാത്രമാണിത്. നാം പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ധരിക്കരുത്. പ്രാര്‍ത്ഥന ഫലരഹിതമാകാന്‍ കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായ രണ്ടുകാര്യങ്ങളാണ്  നാമിവിടെ ചിന്തിക്കുന്നത്.

ഒരു വിത്ത് കൃഷിസ്ഥലത്ത് വിതക്കുന്നുവെങ്കിലും അത് മുളച്ചു ഫലം നല്‍കണമെങ്കില്‍ അനുയോജ്യമായ അവസ്ഥ കൃഷി സ്ഥലത്തിനുണ്ടാകണം. അനുകൂലമായ കാലാവസ്ഥയും മറ്റു ഘടകങ്ങളും ആവശ്യവുമാണ്. അതുപോലെ ദൈവത്തിന്റെ അനുഗൃഹം പ്രാപിക്കാനും ഒരുക്കം ആവശ്യമാണ്. കത്തോലിക്കാസഭ മാതാവിന്റെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടല്ലോ; 'യേഹ്ശുവാ മ്ശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍; യേഹ്ശുവായുടെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്ന്. യേഹ്ശുവായില്‍നിന്ന് അനുഗൃഹം പ്രാപിക്കാന്‍ യോഗ്യത ആവശ്യമാണ്. നാം ആവശ്യപ്പെടുന്ന കാര്യം നമ്മുടെ ജീവിതത്തില്‍ നന്മയുളവാക്കുന്നതാണോ എന്നത് നമ്മെക്കാള്‍ നന്നായി ദൈവത്തിനറിയാം. നമ്മുടെ  ചിന്തയെക്കാള്‍ ദീര്‍ഘവീക്ഷണം ദൈവത്തിന്റെ ചിന്തകള്‍ക്കുണ്ട്. നാളെ എന്താണെന്നു നമുക്കറിയില്ല. എന്നാല്‍, ദൈവം സകലതും അറിയുന്നവനാണല്ലോ. നമുക്ക് ആവശ്യമുള്ളതാണ് ലഭിക്കേണ്ടത്. മാത്രവുമല്ല, മറ്റൊരുവന്റെ അവകാശം നഷ്ടപ്പെടുത്തുന്നതാണ് നാം ചോദിക്കുന്നതെങ്കില്‍ ദൈവം എങ്ങനെ അതു നമുക്ക് തരും?

"നിന്നോട് ഔദാര്യം കാണിക്കാന്‍  യാഹ്‌വെ കാത്തിരിക്കുന്നു. നിന്നോട് കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന് തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍,  യാഹ്‌വെ നീതിയുടെ ദൈവമാണ്. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍"(ഏശയ്യാ: 30; 18). ഇവിടെയും രണ്ടു പ്രധാന കാര്യങ്ങളുണ്ട്.  ഒന്നാമതായി, ദൈവം നീതിമാനായതുകൊണ്ട് അവിടുത്തെ ദാനങ്ങള്‍ നീതിപൂര്‍വ്വമായിരിക്കും. മറ്റൊരാളുടെ നീതി നിഷേധിച്ചുകൊണ്ട് നമുക്ക് ഒന്നും നല്‍കാന്‍ ദൈവം തയ്യാറാവുകയില്ല. നമ്മുടെ പ്രാര്‍ത്ഥനയില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നമ്മുടെ പ്രാര്‍ത്ഥനകള്‍ നീതിപൂര്‍വ്വമാണോ അനീതി നിറഞ്ഞതാണോ എന്നത് ഫലപ്രാപ്തിക്കു കാരണമാകും. അന്യന്റെതായ എന്തെങ്കിലും ആഗ്രഹിക്കുന്നതുപോലും പ്രമാണങ്ങളുടെ ലംഘനമായിരിക്കെ ചില പ്രാര്‍ത്ഥനകള്‍പോലും പാപമായി പരിണമിക്കും. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാത്തതിനു കാരണമായി അപ്പസ്തോലനായ യാക്കോബ് ഒരുകാര്യം അറിയിക്കുന്നുണ്ട്. ആ വചനം ഇങ്ങനെയാണ്: "ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്. വിശ്വസ്തത പുലര്‍ത്താത്തവരേ,  ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 3, 4). പ്രാര്‍ത്ഥനയുടെ പിന്നില്‍  ഈ ലോകത്തോടുള്ള ആസക്തിയാണെങ്കില്‍ ദൈവത്തിനതു സ്വീകാര്യമല്ല. മാത്രവുമല്ല, നമ്മള്‍ സ്വയം ദൈവത്തിന്റെ ശത്രുവായി മാറുകയും ചെയ്യും!

യേഹ്ശുവാ നല്‍കുന്ന വാഗ്ദാനം ഇവിടെ ശ്രദ്ധേയമാണ്; "ചോദിക്കുന്ന ഏവനും ലഭിക്കുന്നു;അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന്‍ അപ്പം ചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും!"(മത്താ: 7; 8-11). ചോദിക്കുന്നത് ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് ഇവിടെ വളരെ വ്യക്തമാണ്.  മീനെന്നു കരുതി പാമ്പിനെയും, അപ്പമെന്നു കരുതി 'കല്ലും' ആയിരിക്കാം ചോദിച്ചത്! പക്വതയില്ലാത്ത നമ്മുടെ ആവശ്യങ്ങളെ അംഗീകരിക്കുകയെന്നാല്‍, അപകടകരമായവ  കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതുപോലെയാണ്. മക്കളെ സ്നേഹിക്കുന്നവര്‍, അവര്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കാറില്ല.

യാഹ്‌വെയുടെ സമയത്തിനായുള്ള കാത്തിരിപ്പ്!

മറ്റൊന്ന്  യാഹ്‌വെയുടെ സമയത്തിനായി കാത്തിരിക്കണം എന്നതാണ്. നമ്മുടെ സമയമല്ല; മറിച്ച്, ദൈവത്തിന്റെ സമയത്തിനാണ് വിലകൊടുക്കേണ്ടത്. കാരണം, നമ്മുടെ ജീവിതത്തിന്റെ ദൈര്‍ഘ്യംപോലും നമുക്കറിയില്ല. നമുക്ക് നന്മയെന്ന് തോന്നുന്ന കാര്യങ്ങള്‍ നന്മയാകണമെന്നില്ല എന്ന സത്യം മറക്കരുത്. നമുക്ക് ഏറ്റവും അനുയോജ്യമായ സമയത്താണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത്. ഒരുപക്ഷെ നാം ആഗ്രഹിക്കുന്ന സമയത്ത് ലഭിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കാം സംഭവിക്കുക!

വചനം അരുളിച്ചെയ്യുന്നു: "യാഹ്‌വെ ഭക്തരേ, അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍"(പ്രഭാ: 2; 7). യാഹ്‌വെയ്ക്കു സ്വീകാര്യമായ സമയത്താണ് അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതെന്ന് വചനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും."സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം"(2 കോറി: 6; 2).

ഓരോരുത്തരുടെയും ആവശ്യങ്ങള്‍ തങ്ങളേക്കാള്‍ നന്നയി അറിയുന്നത് ദൈവത്തിനാണല്ലോ! ഇതിലെല്ലാമുപരി നമ്മുടെ ആത്മാവ് നാശത്തില്‍ പതിക്കാന്‍ കാരണമായേക്കാവുന്നത് ദൈവത്തില്‍നിന്നു ലഭിക്കില്ല.

പൂര്‍വ്വപിതാക്കന്മാരുടെ ജീവിതമാണ് നമുക്ക് മാതൃകയാകേണ്ടത്. പിതാവായ അബ്രാഹം ക്ഷമയോടെ കാത്തിരുന്ന് വാഗ്ദാനം പ്രാപിച്ചത് നമുക്കറിയാം. അബ്രാഹത്തിന് യുവത്വത്തില്‍ മക്കളെ നല്‍കാന്‍ ദൈവത്തിനു സാധ്യമായിരുന്നിട്ടും നൂറു വയസ്സിലാണ്  വാഗ്ദാനം നിറവേറ്റുന്നത്. നമ്മുടെ വിശ്വാസത്തിന്റെ ആഴം യാഹ്‌വെ പരിശോധിച്ചറിയും. വിശ്വാസത്തോടെ  കാത്തിരുന്നു വാഗ്ദാനം പ്രാപിക്കുന്നവര്‍  യാഹ്‌വെയ്ക്കു പ്രിയങ്കരരാണ്. അവരെ സകല അനുഗ്രഹങ്ങളാലും സമ്പന്നരാക്കും. പലരേയും തങ്ങളുടെ വിശ്വാസത്തെപ്രതി യേഹ്ശുവാ ശ്ലാഘിക്കുന്നതായി സുവിശേഷത്തില്‍ എടുത്തുപറയുന്നുണ്ട്. സീറോ ഫിനീഷ്യന്‍ സ്ത്രീയുടെയും തളര്‍വാത രോഗിയുടെയും സംഭവങ്ങള്‍ ഇതില്‍ ചിലതുമാത്രമാണ്. ബൈബിളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമായും മനസ്സിലാകും.

യാഹ്‌വെയ്ക്കു സ്വീകാര്യരായവരെ അനേകം പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയും അവിടുന്ന് പരിശീലിപ്പിക്കുന്നതായി കാണാം. നാല്‍പ്പതു വര്‍ഷം മരുഭൂമിയിലൂടെ അലയുവാന്‍ ഇടവരുത്തിയിട്ടാണല്ലോ വാഗ്ദത്തഭൂമി അവകാശമായി നല്‍കിയത്.

വിഗ്രഹങ്ങളെ തകര്‍ത്തു കളയുക!

ഇസ്രായേല്‍ ജനത്തെ മരുഭൂമിയിലൂടെ അലയുവാന്‍ വിട്ടതിനു കാരണം, അവരുടെ മറുതലിപ്പായിരുന്നു.  ദൈവത്തിന്റെ അദ്ഭുതകരമായ വഴിനടത്തല്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടും അന്യദേവാരാധനയിലേക്കും വിഗ്രഹാരാധനയിലേക്കും തിരിഞ്ഞ് അവിടുത്തെ പ്രകോപിപ്പിച്ചു. പല വാഗ്ദാനങ്ങളും പ്രാപിക്കാനുള്ള കാലതാമസവും തടസ്സവുമായി ചില വിഗ്രഹങ്ങള്‍ നമ്മില്‍ തന്നെയുണ്ടാകാം.

നമുക്കു ദൈവം നല്‍കുന്നവ വിഗ്രഹാലയങ്ങളില്‍ അര്‍പ്പിക്കുവാനുള്ളതല്ല. അവയെല്ലാം ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ളതാണ്. ലോകത്തിലുള്ള സകല തിന്മയുടെ കൂട്ടുകെട്ടുകളും തുടര്‍ന്നുകൊണ്ട് ദൈവത്തില്‍നിന്ന് അനുഗൃഹങ്ങള്‍ ആഗ്രഹിക്കുന്നത് ശരിയല്ല. ദൈവനിഷേധികളുമായി പങ്കാളികളായി തുടര്‍ന്നാല്‍ ദൈവത്തിന്റെ അനുഗൃഹം സ്വീകരിക്കാന്‍ നമുക്കു കഴിയില്ല. കാരണം,  ദൈവമക്കള്‍ക്ക് നല്‍കുന്ന അനുഗൃഹവും ഐശ്വര്യവും ദൈവനിഷേധികളുമായി പങ്കിടാനുള്ളതല്ല. പരിശുദ്ധാത്മാവ് അറിയിക്കുന്ന വചനം ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. അവിടുന്ന് അരുളിച്ചെയ്യുന്നു: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയുമായി എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി: 6; 14-18).

ദൈവത്തില്‍നിന്നു നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെ ഓഹരിയില്‍ പങ്കുപറ്റാന്‍ നമ്മിലും നമ്മുടെ സമീപത്തും തിന്മയുടെ സന്തതികള്‍ ഉണ്ടെങ്കില്‍, ദൈവത്തിനു നമ്മെ അനുഗ്രഹിക്കാന്‍ കഴിയില്ല. ഭൂമിയില്‍ അദ്ഭുതങ്ങളും അടയാളങ്ങളും നടത്തുന്നത് പരിശുദ്ധാത്മാവ് മുഖേനയാണ്. പരുശുദ്ധാത്മാവിന് അശുദ്ധിയിലും വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉള്ളിടത്തും വരാന്‍ കഴിയില്ല. ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കുന്നതിനുമുമ്പ് ഇപ്രകാരം ദൈവം ആവശ്യപ്പെടുന്നതു കാണാം: "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നാളെ നിങ്ങളുടെ ഇടയില്‍ യാഹ്‌വെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും"(ജോഷ്വ: 3; 5).

നാളെ നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്ന വചനത്തില്‍തന്നെ തെളിഞ്ഞുനില്‍ക്കുന്ന വലിയൊരു പ്രഖ്യാപനമുണ്ട്. അദ്ഭുതങ്ങളും അനുഗ്രഹങ്ങളും പ്രാപിക്കാനുള്ള താത്ക്കാലിക വിശ്വാസവും വിശുദ്ധിയും ദൈവം പരിഗണിക്കുകയില്ല. നിലനില്‍ക്കുന്ന വിശ്വാസവും വിശുദ്ധിയുമാണ് ദൈവത്തിനു സ്വീകാര്യം! അതിനാല്‍തന്നെ അദ്ഭുതങ്ങള്‍ കാത്തിരുന്നു പ്രാപിക്കണം. പലരും തങ്ങളുടെ ജീവിതത്തില്‍ തകര്‍ച്ചകളും രോഗങ്ങളും വരുമ്പോള്‍ മാത്രം ദൈവത്തെ സമീപിക്കുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്ന രീതിയുണ്ട്. എന്നാല്‍, അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദിപറയുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യാന്‍ മടിക്കുന്നു. ചെറിയ അനുഗ്രഹങ്ങള്‍ക്കു നന്ദിപറയുകയും മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സാക്ഷ്യം നല്‍കുകയും ചെയ്യുമ്പോളാണ് വലിയ അനുഗ്രഹങ്ങള്‍ നമ്മിലേക്കു വന്നുചേരുന്നത്. താലന്തുകളുടെ ഉപമയിലൂടെ യേഹ്ശുവാ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. "അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും"(മത്താ: 25; 21).

മുന്‍കാലങ്ങളില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നാം എപ്രകാരമാണ് പ്രതിനന്ദി പ്രകാശിപ്പിച്ചതെന്നും വിശ്വാസത്തിലും വിശുദ്ധിയിലും സാക്ഷികളായിരുന്നോ എന്നും പരിശോധിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഇന്നു പ്രാര്‍ത്ഥനയില്‍ ഉത്തരം ലഭിക്കാത്തതെന്ന് മനസ്സിലാകും. ആത്മീയരക്ഷയെക്കാള്‍ ഉപരിയായി ഭൌതീക ലക്ഷ്യങ്ങളുമായി ധ്യാനമന്ദിരങ്ങളിലേക്ക് ഓടുന്ന പലരുമുണ്ട്. ആത്യന്തികമായ ലക്ഷ്യം ആത്മരക്ഷയാകട്ടെ!

വലിയ സമ്പത്ത് ലഭിച്ചതിനുശേഷം അതുകൊണ്ട് ദരിദ്രരെ സഹായിക്കുവാനും സുവിശേഷവേല ചെയ്യാനും കാത്തിരുന്നു പ്രാര്‍ത്ഥിക്കുന്ന ചിലരെ മനോവ കണ്ടിട്ടുണ്ട്. ജീവിക്കാനുള്ളതും അതിലേറെയും അവര്‍ക്ക് ദൈവം ഇപ്പോള്‍ത്തന്നെ നല്‍കിയിട്ടുണ്ട് എന്നതാണു വാസ്തവം. എന്നാല്‍, കോടികള്‍ കിട്ടിയാല്‍ ദൈവശുശ്രൂഷ ചെയ്യാം എന്നാണ്  ഇവരുടെ മനോഭാവം! ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളില്‍നിന്ന് എന്തുമാത്രം നന്മ ചെയ്യാന്‍ ഉപയോഗിച്ചുവെന്ന ചോദ്യത്തിന്, ഇല്ലാ എന്ന മറുപടിയാണുള്ളത്. ഇവര്‍ക്ക് എത്ര സമ്പത്തു നല്‍കിയാലും ഒരു ചില്ലിക്കാശുപോലും നന്മക്കായി ഉപയോഗിക്കില്ലെന്നു ദൈവത്തിനറിയാം. ഒരു താലന്തു ലഭിച്ചവനെപോലെ യജമാനനോടുള്ള അസ്വസ്ഥതയില്‍ കഴിയുന്നവരാണ് ഇക്കൂട്ടര്‍! അതിനാല്‍, ആ താലന്ത് യജമാനന്‍ തിരിച്ചെടുക്കും. ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് വലിയ കാര്യങ്ങള്‍ നല്‍കുന്നതിലെ മാനദണ്ഡം.

നമ്മുടെ പ്രാര്‍ത്ഥനകളെ ദൈവത്തിനു സ്വീകാര്യമാകാതിരിക്കാന്‍ കാരണമായി അവിടുന്ന് അറിയിക്കുന്ന ഒരുകാര്യമിതാണ്: "രക്ഷിക്കാന്‍ കഴിയാത്തവിധം യാഹ്‌വെയുടെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്‍റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. നിന്റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം പറയുന്നു. നാവ് ദുഷ്ടത പിറുപിറുക്കുന്നു"(ഏശയ്യാ: 56; 1-3).

പാപിയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ലെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നു. പാപത്തില്‍ വസിക്കുകയും വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തില്‍നിന്ന് ഉത്തരം ലഭിക്കുകയില്ല "വിശുദ്ധി കൂടാതെ ആര്‍ക്കും യാഹ്‌വെയെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല"(ഹെബ്രാ: 12; 14). എന്നാണ് ദൈവവചനം പറയുന്നത്. 'മിക്കാ' പ്രവാചകന്‍ ഇപ്രകാരം അറിയിക്കുന്നു: "അവര്‍ യാഹ്‌വെയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് മറുപടി നല്‍കുകയില്ല. അവരുടെ ദുഷ്കര്‍മ്മങ്ങള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം മറച്ചുകളയും"(മിക്കാ: 3; 4).

ലോകത്തിന്റെ നിയമങ്ങളില്‍ നീതിയായി അംഗീകരിക്കപ്പെട്ട പലതും ദൈവത്തിന്റെ നിയമത്തില്‍ നീതിയല്ല. നിയമംമൂലം സ്വവര്‍ഗ്ഗരതിയും ഭ്രൂണഹത്യയും പലിശയ്ക്ക് പണം കൊടുക്കലുമൊക്കെ അനുവദിച്ചിട്ടുണ്ടാകാം. എന്നാല്‍, ഇവയൊന്നും ദൈവം അനുവദിച്ചിട്ടില്ല എന്നു മറക്കരുത്. സ്വയം ന്യായീകരിച്ചുകൊണ്ട് പലരും ബാങ്ക് പലിശ വാങ്ങാം എന്നു പറയുന്നു. അതിനായി ചില വചനങ്ങളെ വളച്ചൊടിക്കുന്നവരുമുണ്ട്. പലിശ വാങ്ങുകയെ അരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. വിവാഹം റജിസ്ട്രര്‍ ചെയ്തു മാത്രം ജീവിക്കുന്നതും ദൈവം അംഗീകരിച്ചിട്ടില്ല.   ലോകത്തിന്റെ നിയമത്തെ ദൈവീക നിയമങ്ങളേക്കാള്‍ കൂടുതലായി പിന്തുടരുന്നവര്‍ എന്തിനു ദൈവത്തിന്റെ സഹായം പ്രതീക്ഷിക്കണം? അവരെ ലോകം സഹായിച്ചുകൊള്ളും.

"നീ പലിശ വാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്‍ക്കാരനെ ഞെരുക്കി സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. എന്നെ നീ വിസ്മരിച്ചിരിക്കുന്നു. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു. ആകയാല്‍ നീ നേടിയ കൊള്ളലാഭത്തെയും നീ ചൊരിഞ്ഞ രക്തത്തെയുംപ്രതി ഞാന്‍ മുഷ്ടി ചുരുട്ടുന്നു. ഞാന്‍ നിന്നോട് എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? യാഹ്‌വെയായ ഞാനാണ്  ഇതു പറയുന്നത്. ഞാന്‍ അതു നിറവേറ്റുകയും ചെയ്യും"(എസക്കി: 22; 12-14).

ദൈവഹിതം അനുസരിച്ച് പ്രാര്‍ത്ഥിക്കുക!

വിശ്വാസവും വിശുദ്ധിയും കാത്തുപാലിക്കുകയും, പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ചുള്ള ദൈവഹിതം നമ്മള്‍ തിരിച്ചറിയുന്നുണ്ടോ എന്നത് ഒരു പ്രധാന കാര്യമാണ്. യോഹന്നാന്റെ ലേഖനം ഇതിനു വ്യക്തമായ തെളിവു നല്‍കുന്നുണ്ട്; "അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍ നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നും നമുക്കറിയാം"(1 യോഹ: 5; 14, 15).

എന്താണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം എന്നു വചനത്തിലൂടെ പരിശോധിക്കാം. പൌലോസ് അപ്പസ്തോലന്‍ പറയുന്നു: "എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍, ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേഹ്ശുവാ മ്ശിഹായില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം"(1 തെസലോ: 5; 16-18).

ഈ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും നഷ്ടപ്പെടാന്‍ കാരണമാകുന്നതൊന്നും ദൈവഹിതമല്ല. നമ്മുടെ സന്തോഷമോ പ്രാര്‍ത്ഥനയോ ദൈവവുമായുള്ള ഗാഢബന്ധമോ നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുള്ള ഒന്നിനുവേണ്ടിയും നാം ആഗ്രഹിക്കരുത്. ചില സമൃദ്ധികള്‍ ദൈവീക ചിന്തകളില്‍നിന്നു പലരേയും അകറ്റിയിട്ടുണ്ട്. സമ്പത്തും സൌകര്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കും ആത്മീയ കാര്യങ്ങള്‍ക്കും സമയം ഇല്ലെന്നു പറയുന്നവരുണ്ട്. ചിലരെല്ലാം പറയുന്നത്, ഒരു പണിയുമില്ലാത്തവര്‍ക്കുള്ളതാണ് ആത്മീയതയും പ്രാര്‍ത്ഥനയും എന്നത്രെ! ജ്ഞാനിയായ സോളമന്‍ ഇങ്ങനെ പറയുന്നു: "ദാരിദ്ര്യമോ സമൃദ്ധിയോ എനിക്കു തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ. ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും യാഹ്‌വെ ആര് എന്നു ചോദിക്കുകയും ചെയ്തേക്കാം; ദാരിദ്ര്യം കൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്തേക്കാം"(സുഭാ: 30; 8, 9 ). ദൈവത്തിനു പ്രീതികരമായ പ്രാര്‍ത്ഥനയിതാണ്.

ഈ ഞെരുക്കങ്ങള്‍ എന്തുകൊണ്ട്?

ആരംഭത്തില്‍ ചിന്തിച്ച കാര്യത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. ആത്മീയജീവിതം നയിക്കുന്ന പലരുടേയും സഹനത്തിന്റെ മേഖലയാണ് ഈ വിഷയം. തങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ഭുതകരമായി അവരുടെ കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നു. എന്നാല്‍, വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ടും തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്കുനേരെ ദൈവം കണ്ണുതുറക്കുന്നില്ല. ഒന്നും രണ്ടും ആളുകളുടെ പ്രശ്നമല്ല, അനേകം ആത്മീയമക്കള്‍ വേദനയോടെ പങ്കുവച്ചിട്ടുള്ള സത്യമാണിത്. വചനത്തിന്റെ വെളിച്ചത്തില്‍ ഇക്കാര്യത്തിനുള്ള ഉത്തരം തേടാന്‍ നമുക്കു ശ്രമിക്കാം.

മുകളില്‍ വ്യക്തമാക്കിയ കാര്യങ്ങളില്‍ ഏതെങ്കിലും അവസ്ഥ നമ്മുടെ ജീവിതത്തില്‍ പ്രതികൂലമായി നില്‍ക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ചില ആത്മീയ ചിന്തകളിലൂടെ നാം പോകേണ്ടിയിരിക്കുന്നു. യേഹ്ശുവാ ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഏറ്റവും ആദ്യമായി ചിന്തിക്കേണ്ടത്. സഹനങ്ങളും ഞെരുക്കങ്ങളും നിങ്ങളെ വിടാതെ പിന്‍തുടരുന്നുവെങ്കില്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊള്ളുക! "നിങ്ങള്‍  ലോകത്തിന്റെതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 19, 20).

ലോകത്തിന്റെതായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അതു ലഭിക്കുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്. കാരണം, ഈ ലോകത്തിന്റെമേല്‍ സാത്താന്‍ അവകാശം സ്ഥാപിച്ചിട്ടുണ്ട്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഏതൊരുവനെയും സാത്താന്‍ ശത്രുവായി പരിഗണിക്കും. നമ്മെ മറ്റൊരു തരത്തിലും ഉപദ്രവിക്കാന്‍ അവനു കഴിയാത്തതിനാല്‍ ഭൌതീകമായ നാശം വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എങ്കിലും, ദൈവവചനം നമുക്കു നല്‍കിയിരിക്കുന്ന ഒരു വാഗ്ദാനവും നിറവേറാതിരിക്കില്ല. ഈ വാഗ്ദാനം സ്വീകരിക്കാന്‍ സഹിച്ചു കാത്തിരിക്കണം. "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ: 10; 22).

സഹനം എന്നത് ഒരു നഷ്ടമാണെന്ന് ക്രൈസ്തവര്‍ കരുതരുത്. പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രം നമുക്ക് പാഠമാകണം. മാത്രവുമല്ല, അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയുമെല്ലാം ജീവിതം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്നവര്‍ക്കാണ് സഹനം ഒരു നഷ്ടമായി ഭവിക്കുകയുള്ളൂ. സഹനത്തിനുശേഷം ഒരു മഹത്വമുണ്ട്. ഈ ലോകത്തില്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന ലോകത്തില്‍ അതു ലഭിക്കുകതന്നെ ചെയ്യും. ഇതാ വലിയൊരു വാഗ്ദാനം; "എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കുകയില്ല- ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും"(മര്‍ക്കോ: 10; 30). ഇതു ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനമാണ്.

സഹനത്തിന്റെ ആവശ്യകതയെക്കുറിച്ച് ദൈവവചനം നമ്മെ അറിയിക്കുന്നുണ്ട്: "എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ യാഹ്‌വെയ്ക്കു സ്വീകാര്യരായ മനുഷ്യരും(പ്രഭാ:2;5). സഹനം മാത്രമാണ് ദൈവമക്കളുടെ ഓഹരി എന്നു ധരിക്കരുത്. വചനം പറയുന്നു: "യാഹ്‌വെയെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? യാഹ്‌വെയുടെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്? യാഹ്‌വെ ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്ക്കെത്തുകയും ചെയ്യും"(പ്രഭാ: 2; 10, 11).

എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ദൈവം ഉയര്‍ത്തിയ യേഹ്ശുവായുടെ നാമത്തില്‍ നിങ്ങള്‍ പ്രത്യാശയോടെ കാത്തിരിക്കുവിന്‍: "സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും"(റോമാ: 16; 20).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3628 views

LOG IN

Lost your password?

SIGN UP

LOST PASSWORD