വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

മനുഷ്യന്റെ തിരഞ്ഞെടുപ്പും ദൈവത്തിന്റെ തിരഞ്ഞെടുപ്പും!

Print By
about

17 - 07 - 2009

ളരെയേറെ തിരഞ്ഞെടുപ്പുകളിലൂടെയാണ് ഈ ലോകം കടന്നുപോകുന്നത്. ഓരോ വ്യക്തിയും തനിക്കു നല്ലതെന്നു തോന്നുന്നത് തിരഞ്ഞെടുക്കാന്‍ ശ്രമിക്കും. പലപ്പോഴും തങ്ങളുടെ തിരഞ്ഞെടുപ്പ് ശരിയായില്ലെന്നു പിന്നീട് തോന്നിപ്പോകാറുണ്ട്. അതിനു കാരണം, തിരഞ്ഞെടുപ്പില്‍ വന്ന പോരായ്മകളാണ്.

അങ്ങനെ ചെയ്തിരുന്നെങ്കില്‍ നന്നാകുമായിരുന്നു, അല്ലെങ്കില്‍ അതായിരുന്നുവെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു...എന്നിങ്ങനെ പല തിരുത്തല്‍ ചിന്തകളും മനസ്സില്‍ ഉരുത്തിരിയാറുണ്ട്. മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ അളവുകോല്‍` യോഗ്യതയും ഗുണഗണങ്ങളുമാണ്. എന്നാല്‍, എത്രതന്നെ ഉരച്ചു നോക്കിയാലും യഥാര്‍ത്ഥ ഗുണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളും അവഗണിക്കരുത്.

ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോഴും ചിന്തിക്കുന്നത് ആ വ്യക്തിയുടെ, അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ സവിശേഷതകളാണ്. ഭാഷ നന്നായി സംസാരിക്കില്ലെന്ന കാരണം കൊണ്ട്, ഒരുവനു മത്സരിക്കാനുള്ള യോഗ്യതയില്ലെന്നു പ്രഖ്യാപിച്ച ഭാഷാ പണ്ഡിതനെയും ഇക്കാലങ്ങളില്‍ നാം കണ്ടുകഴിഞ്ഞു!

സമ്പത്ത്, വിദ്യാഭ്യാസം, ആരോഗ്യം, സൗന്ദര്യം, സത്യസന്ധത, മതം...എന്നിങ്ങനെ പല ഘടകങ്ങളാണ് ഒരു വ്യക്തിയുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ മനുഷ്യര്‍ തിരഞ്ഞെടുക്കന്ന മാനദണ്ഡങ്ങള്‍! ഇതിലും വൈരുദ്ധ്യങ്ങളുണ്ട്. ഓരോ വ്യക്തികളുടെയും സൗന്ദര്യ സങ്കല്പങ്ങളും മറ്റും വ്യത്യസ്ഥങ്ങളാണല്ലോ! വ്യക്തിത്വത്തെക്കുറിച്ച് ആണെങ്കില്‍പോലും വിവിധങ്ങളായ അഭിപ്രായങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ട്.

ഇരുപതുലക്ഷം യഹൂദരെ കൊന്നൊടുക്കിയ ഹിറ്റ്ലറിനും അതിന്റെ എത്രയോ ഇരട്ടി യഹൂദരെയും ക്രിസ്ത്യാനികളെയും കൊന്നുതള്ളിയ ജോസഫ് സ്റ്റാലിനും അനുയായികള്‍ ഉണ്ടെന്നു ചിന്തിക്കണം. ബിന്‍ലാദനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ലോകത്തുണ്ട്. കമ്മ്യൂണിസം നല്ലതെന്നും മോശമെന്നും പറയുന്ന വ്യത്യസ്ഥ വിഭാഗങ്ങളില്ലേ? ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും വോട്ട് കിട്ടുന്നതുതന്നെ അഭിപ്രായങ്ങളിലെ വ്യത്യസ്ഥത കൊണ്ടാണ്.

നല്ലതു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷമെങ്കില്‍ നല്ലവര്‍ തിരഞ്ഞെടുക്കപ്പെടും. അതുകൊണ്ടുതന്നെ, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ വിജയം കൊണ്ട് അയാള്‍ നല്ലതോ ചീത്തയോ എന്നു പറയാന്‍ കഴിയില്ല. ആരാലാണോ തിരഞ്ഞെടുക്കപ്പെട്ടത്, അവരിലെ നന്മ തിന്മകളിലെ അനുപാതം അനുസരിച്ചിരിക്കും അത്. അതായതു ഭൂരിപക്ഷം 'തെമ്മാടികള്‍' ചേര്‍ന്നു തിരഞ്ഞെടുക്കന്നത് തീര്‍ച്ചയായും എങ്ങനെയുള്ളവരെ ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!

ചുരുക്കത്തില്‍ ഒരുരാജ്യത്തിന്റെ ഭരണാധികാരിയുടെ സംസ്കാരം, ആ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ സംസ്കാരമായിരിക്കും. ഇതാണു മനുഷ്യന്റെ തിരഞ്ഞെടുപ്പിലെ ന്യൂനത!

ഇതില്‍നിന്നും വളരെ വ്യത്യസ്ഥതയുള്ളതാണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് എന്നു കാണാം. ദൈവം തിരഞ്ഞെടുത്ത ചില വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇക്കാര്യം മനസ്സിലാകും. ബൈബിളില്‍, ദൈവം തിരഞ്ഞെടുത്ത ചില ആളുകളെ പരിചയപ്പെടുത്തുന്നുണ്ട്. എന്ത് യോഗ്യതകളാലാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്നു പരിശോധിക്കുമ്പോള്‍, ദൈവത്തിന്റെയും മനുഷ്യരുടെയും തിരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള  വ്യത്യാസം തിരിച്ചറിയാന്‍ കഴിയും.

ദൈവത്തിന്റെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത, ഒരുവന്‍ ജനിക്കുന്നതിനു മുന്‍പേ അവനെ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ്.

ജറെമിയാ പ്രവാചകനോട് യാഹ്‌വെ പറയുന്നു: "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു"(ജറെമിയ: 1; 4, 5). അപ്രകാരംതന്നെ, ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലും സമാനമായ വചനം കാണാം. "ഗര്‍ഭത്തില്‍ത്തന്നെ എന്നെ യാഹ്‌വെ വിളിച്ചു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു"(ഏശയ്യ: 49; 1). സ്നാപക യോഹന്നാന്റെ ജനനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതായി വചനം പറയുന്നുണ്ട്. പൂര്‍വ്വ പിതാക്കന്മാരായ ഇസഹാക്കിനെയും യാക്കോബിനെയും; ജനിക്കുന്നതിനു മുന്‍പേ തിരഞ്ഞെടുക്കുന്നതായി വായിക്കുന്നു. ഇതു ദൈവത്തിന്റെ തിരഞ്ഞെടുപ്പിലെ ഒരു പ്രത്യേകതയാണ്.

ദൈവത്തിന്റെ തിരഞ്ഞെടുപ്പിലെ മറ്റൊരു വലിയ പ്രത്യേകത, അതു മനുഷ്യന്റെതില്‍നിന്നു നേര്‍വിപരീതമായ മാനദണ്ഡം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായിരിക്കും എന്നുള്ളതാണ്. മനുഷ്യന്‍ കാണുന്ന യോഗ്യതകളല്ല ദൈവം കാണുന്നത്. പണിക്കാര്‍ ഉപേക്ഷിച്ചു കളയുന്ന കല്ലാണു ദൈവം മൂലക്കല്ലാക്കുന്നത്. യാഹ്‌വെ തിരഞ്ഞെടുത്ത വ്യക്തികളുടെ ചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അതു വ്യക്തമാകും.

ഇരുപതുലക്ഷം ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നും കാനാന്‍ ദേശത്തേക്കു നയിക്കുന്നത് 'വിക്കനായ' മോശയാണ്. യാതൊരു വിധത്തിലുള്ള നേതൃപാടവമോ വാക്ചാതുരിയോ മോശക്കുണ്ടായിരുന്നില്ല(പുറ: 4; 10).

ബാലനായിരുന്ന ജറെമിയായെ യാഹ്‌വെ പ്രവാചക ദൗത്യം ഏല്‍പ്പിക്കുന്നതു വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. സംസാരിക്കാനുള്ള പാടവം ജറെമിയായ്ക്കും ഇല്ലായിരുന്നു(ജറെമി: 1; 6).

ജസ്സെയുടെ തടിമാടന്മാരും യോഗ്യരുമായ ഏഴു മക്കളെ ദൈവം തിരഞ്ഞെടുത്തില്ല. എന്നാല്‍; സ്വന്തം പിതാവിന്റെ മുന്‍പില്‍പോലും അയോഗ്യനായ ഇടയച്ചെറുക്കനായ ദാവീദിനെ തിരഞ്ഞെടുക്കുകയും, യൂദായുടെ ഭരണാധികാരി ആക്കുകയും ചെയ്തു(1 സാമു: 16; 1-13).

ദൈവം തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച്, സാമുവല്‍ പ്രവാചകനിലൂടെ അറിയിക്കുന്നത് ഇങ്ങനെയാണ്. "മനുഷ്യന്‍ കാണുന്നതല്ല യാഹ്‌വെ കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; യാഹ്‌വെയാകട്ടെ ഹൃദയഭാവത്തിലും"(1 സാമു: 16; 7).

യേഹ്ശുവാ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതും സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗത്തില്‍നിന്നാണ്. പത്രോസും അന്ത്രയോസും യോഹന്നാനും യാക്കോബുമെല്ലാം മുക്കുവന്മാരായിരുന്നുവെന്നു ബൈബിള്‍ പറയുന്നു(മത്താ: 4; 18-22). മറ്റൊരു ശിഷ്യനായ മത്തായി ചുങ്കക്കാരനായിരുന്നുവെന്നത് ആ ശിഷ്യന്‍ തന്നെ എഴുതിയിട്ടുണ്ട്(മത്ത: 9; 9). തീവ്രവാദിയായിരുന്ന ശിമയോനെയും യേഹ്ശുവാ അവിടുത്തെ ശിഷ്യനായി തിരഞ്ഞെടുത്തിരുന്നു(ലൂക്കാ: 6; 15). ശിഷ്യന്മാരില്‍ പ്രധാനിയായിരുന്ന പത്രോസ് എഴുത്തും വായനയും അറിയില്ലാത്ത വ്യക്തിയായിരുന്നുവെന്നു ചരിത്രം പറയുന്നുണ്ട്.

ലോകത്തിന്റെ മുന്‍പില്‍ പ്രത്യേക യോഗ്യതകള്‍ ഒന്നുമില്ലാത്തവര്‍ എന്നുമാത്രമല്ല; ധാരാളം കുറവുകള്‍ ഉള്ള വ്യക്തികളെയാണ് ദൈവം തന്റെ ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. മനുഷ്യരുടെ ദൃഷ്ടിയില്‍ ഉപയോഗ ശൂന്യരായവര്‍!

എന്തുകൊണ്ടാണു ദൈവം ഇങ്ങനെ തിരഞ്ഞെടുക്കുന്നത് എന്നു ചിന്തിച്ചുനോക്കാം. ഒരു കാരണം ഇതാണ്; ദൈവത്തിന്റെ ദൃഷ്ടിയില്‍ ആരും കുറവുള്ളവരല്ല. എത്ര വൈകല്യങ്ങളോടെ ജനിച്ചവരാണെങ്കിലും പലതരത്തിലുള്ള കഴിവുകള്‍ നല്‍കിയാണ് ദൈവം അവരെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ആരെയും കുറവുള്ളവരെന്ന് അവഗണിക്കരുതെന്നു ദൈവം ഇതിലൂടെ ഓര്‍മിപ്പിക്കുന്നു. ദൈവം തന്റെ അദ്ഭുതകരമായ പ്രവര്‍ത്തി മനുഷ്യനെ കാണിക്കുന്നു എന്നതാണ് മറ്റൊരു കാരണം. ലോകം അവഗണിച്ചവരിലൂടെ ദൈവത്തിനു വിസ്മയകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമെന്ന് മനുഷ്യരെ ദൈവം അറിയിക്കുന്നു. മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ഏതു ചെറിയവനിലൂടെയും ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഏതെങ്കിലും ബുദ്ധിമാനും കഴിവുറ്റവനുമായ വ്യക്തിയാണ് ചെയ്യുന്നതെങ്കില്‍, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഒരുപക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.

ദൈവത്തിന്റെ ശുശ്രൂഷയില്‍ ആയിരിക്കുന്ന ഒരു വ്യക്തി, തന്റെ യോഗ്യതയാലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അഹങ്കരിക്കാന്‍ ദൈവം അനുവദിക്കുന്നില്ല. തന്റെ കഴിവുകേടുകളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളപ്പോള്‍ ശുശ്രൂഷകര്‍ക്കു അഹങ്കരിക്കന്‍ അവസരം ലഭിക്കുകയില്ലല്ലോ!

നാം ഒന്നുമല്ല, അഥവാ ആണെങ്കില്‍തന്നെ ദൈവത്തിന്റെ കൃപയാലാണെന്നു കരുതുമ്പോള്‍ ദൈവം നമ്മെയും തിരഞ്ഞെടുക്കും. നാമോരോരുത്തരെയും; നാം ജനിക്കുന്നതിനുമുന്‍പേ അറിയുന്ന ദൈവത്തിന്റെ കരങ്ങളില്‍ ഭരമേല്പിക്കാം. അവിടുത്തെ ഉപകരണങ്ങളയി നമ്മെ രൂപാന്തരപ്പെടുത്തട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2184 views

LOG IN

Lost your password?

SIGN UP

LOST PASSWORD