എഡിറ്റോറിയല്‍

യെഹൂദാസ് യേഹ്ശുവായൊടൊപ്പം ജീവിച്ചിട്ടും...!

Print By
about

യേഹ്ശുവായോടൊപ്പം ഉണ്ടും ഉറങ്ങിയും മൂന്നുവര്‍ഷക്കാലം ജീവിച്ച യെഹൂദാസ് യിസ്ക്കരിയോത്തിന് എന്തു സംഭവിച്ചു? വളരെ സൂക്ഷ്മമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ട ഒരു വിഷയമാണിത്. യേഹ്ശുവായുടെ ശുശ്രൂഷകളില്‍ ചേ‍ര്‍ന്നുനിന്നു പ്രവര്‍‍ത്തിക്കുന്ന യെഹൂദാസിനെ ബൈബിളില്‍ നമുക്ക് കാണാം. സുവിശേഷം പ്രസംഗിക്കുമ്പോഴും അത്ഭുതങ്ങള്‍‍ പ്രവ‍ര്‍ത്തിക്കുമ്പോഴും യെഹൂദാസ് ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്നു. ഒരു കാര്യത്തിലും മറ്റു ശിഷ്യന്മാരില്‍നിന്നും അവന്‍ മാറ്റിനി‍ര്‍ത്തപ്പെട്ടിട്ടില്ല. യേഹ്ശുവായുടെയും ശിഷ്യന്മാരുടെയും സംഘത്തില്‍ പണം സൂക്ഷിപ്പുകാരന്‍ യെഹൂദാസ് ആയിരുന്നു. അന്ത്യത്താഴ വേളയില്‍ യേഹ്ശുവായുടെ വലതു വശത്തിരുന്നത് അവനായിരുന്നുവെന്നു വചനം സൂക്ഷമമായി പരിശോധിക്കുമ്പോള്‍ കാണാം. പ്രഥമ സ്ഥാനീയരാണ് വലതുവശത്തു ഇരിക്കുക! എന്നാല്‍, യെഹൂദാസിന്റെ അന്ത്യം ഒരു വന്‍ദുരന്തമായിരുന്നു.

എന്തായിരുന്നു യെഹൂദാസിന്റെ തകര്‍‍ച്ചയുടെ കാരണം? ദൈവത്തിന്റെ പദ്ധതി നിറവേറുകയെന്നതായിരുന്നു കാരണം എന്നു വേണമെങ്കില്‍ ചിന്തിക്കാം. എന്നാല്‍ ദൈവം പറയുന്നു: "നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി"(യിരെമി: 29; 11). ഈ വചനം നമ്മെയും ലോകം മുഴുവനെയും എന്നതുപോലെ യെഹൂദാസിനെയും ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍, ദൈവത്തിന്റെ പദ്ധതികളോടു സഹകരിക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തികളുമാണ് തീരുമാനിക്കേണ്ടത്. ദൈവത്തോടാണ് നാം സഹകരിക്കുന്നതെങ്കില്‍ ദൈവത്തിന്റെ പദ്ധതി നമ്മില്‍ നടപ്പാകും. സാത്താനോടാണ് സഹകരിക്കുന്നതെങ്കില്‍ നടപ്പാകുന്നത് അവന്റെ പദ്ധതിയായിരിക്കും. ദൈവം നമുക്ക് നല്ല പദ്ധതികള്‍‍ ഒരുക്കിവച്ചിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ദൈവം ഒരു തീരുമാനവും ആരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കുകയില്ല. ദൈവീകമനുഷ്യര്‍‍ അവിടുത്തെ ഇഷ്ടത്തിനു സ്വയം വിട്ടുകൊടുക്കുന്നു. പരിശുദ്ധ കന്യകാമറിയം യാഹ്‌വെയുടെ ഇഷ്ടത്തിനു പൂ‍ര്‍ണ്ണമായും സമ‍ര്‍പ്പിച്ച് 'ഇതാ യാഹ്‌വെയുടെ ദാസി, അങ്ങയുടെ ഇഷ്ടം എന്നില്‍ നിറവേറട്ടെ' എന്നു പ്രാര്‍ത്ഥിച്ചു. അപ്രകാരം തന്നെയാണ് മനുഷ്യപുത്രനായിരുന്ന യേഹ്ശുവായും പ്രാര്‍‍ത്ഥിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. പിതാവേ എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെയെന്നാണ് ക്രിസ്തുവും പ്രാര്‍‍ത്ഥിക്കുന്നത്.

മനുഷ്യര്‍‍ സ്വയം വരുത്തിക്കൂട്ടുന്ന ചില ദുരന്തങ്ങള്‍‍ക്ക്  ദൈവത്തെ പഴിക്കാറുണ്ട്. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍, അതെല്ലാം ദൈവത്തിന്റെ ഇഷ്ടങ്ങളാണെന്നു വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഓരോ ദിവസവും ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍‍ ഗര്‍‍ഭപാത്രങ്ങളില്‍ വച്ച് വധിക്കപ്പെടുന്നത് ദൈവത്തിന്റെ ഹിതമാണെന്നു ചിന്തിക്കുന്നത് ദൈവത്തെ വേദനിപ്പിക്കും! സാത്താനെ അനുസരിക്കുകയും, അവന്റെ ഇഷ്ടം നിറവേറാന്‍ പ്രവര്‍‍ത്തിക്കുകയും ചെയ്യുന്നവരാണ് തിന്മപ്രവ‍ര്‍ത്തിക്കുന്നത്. ദൈവത്തിന്റെ ഹിതമാണ് തിന്മകളെങ്കില്‍ എന്തിനു പാപികള്‍‍ പശ്ചാതപിക്കണം? യാഹ്‌വെയുടെ ഇഷ്ടം പ്രവര്‍‍ത്തിക്കുന്നവ‍ര്‍ എന്തിന് അവിടുത്തോട്‌ ക്ഷമയാചിക്കണം?

നമുക്ക് എന്തും തിരഞ്ഞെടുക്കാനുള്ള അവകാശം ദൈവം തന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരു പ്രവര്‍‍ത്തിയാണ്. വെളിപാടിന്റെ  പുസ്തകം പറയുന്നു: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍‍ക്കും സ്വന്തം പ്രവര്‍‍ത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളി: 22; 12 ). നമ്മുടെ തിരഞ്ഞെടുപ്പാണ് പ്രതിഫലം നിശ്ചയിക്കുന്നതിനുള്ള ' അളവുകോല്'.

ക്രിസ്തുവിനെ ഒറ്റികൊടുത്തവന്‍ കൂട്ടത്തില്‍ തന്നെയായിരുന്നതുപോലെ ഇന്ന് സഭയെ തകര്‍ക്കുന്ന വ്യക്തികളും ആശയങ്ങളും സഭയില്‍  തന്നെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. തെറ്റായ ആശയങ്ങള്‍‍ പ്രചരിപ്പിക്കുന്നതിലൂടെ സാത്താന്‍ തന്റെ ദൗത്യം  നിര്‍‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

സഭയുടെ മൂലമായ ആശയങ്ങളെ തങ്ങള്‍‍ക്കിഷ്ടമുള്ള തരത്തില്‍ വ്യാഖ്യാനിച്ച് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍‍ സാത്താന്റെ  പദ്ധതികളുടെ നടത്തിപ്പുകാരാവുകയാണ് ഇക്കൂട്ടര്‍! യെഹൂദാസിനും ഇതുതന്നെയാണ് സംഭവിച്ചത്. അവന്‍ യേഹ്ശുവായോടൊപ്പം യാത്രചെയ്യുകയും അദ്ഭുതങ്ങള്‍‍ പ്രവര്‍‍ത്തിക്കുകയുമൊക്കെ ചെയ്തിട്ടും ലഭിച്ച പ്രതിഫലം നാശമായിരുന്നു. മറ്റു ശിഷ്യന്മാര്‍‍ അവിടുത്തെ ശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. യെഹൂദാസും അപ്രകാരം തന്നെ ചെയ്തുവെങ്കിലും അവനില്‍ പ്രവേശിച്ചത്‌ സാത്താനായിരുന്നുവെന്നു വചനത്തില്‍ കാണാം(യോഹ: 13; 27 ). കാരണം, യെഹൂദാസ് ഗുരുതരമായ പാപത്തിലായിരുന്നു അതു ചെയ്തത്. യേഹ്ശുവായെ ഒറ്റിക്കൊടുക്കാന്‍ വാങ്ങിയ പ്രതിഫലം അവന്റെ കയ്യിലുണ്ടായിരുന്നു. ഒരേ ശരീരംതന്നെ ഭക്ഷിച്ചവരില്‍ വ്യത്യസ്ഥ ആത്മാവ് പ്രവേശിച്ചു. നാം അയോഗ്യതയോടെയാണ് യേഹ്ശുവായുടെ ശരീര-രക്തങ്ങ‍ള്‍ സ്വീകരിക്കുന്നതെങ്കില്‍ സംഭവിക്കുന്നത്‌ ഗുണത്തിനു പകരം മാരകമായ ദുരന്തമായിരിക്കും എന്നാണ് ഈ സംഭവത്തിലൂടെ മനസ്സിലാകുന്നത്‌. "ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു"(1കോറി: 11; 27). "ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബ്ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയത്തിനും കാരണമിതാണ്"(1കോറി: 11; 29, 30).

ശരീരികമായ മരണത്തെക്കാളുപരി ആത്മീയമരണമാണ് ഇവിടെ  സൂചിപ്പിക്കുന്നത്. അയോഗ്യതയോടെയുള്ള ദിവ്യകാരുണ്യ സ്വീകരണം വഴി പലരുടെയും വിശ്വാസവും പ്രാര്‍‍ത്ഥനാ ചൈതന്യവും നഷ്ടപ്പെടുവാന്‍ കാരണമായതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യോഗ്യതയില്ലാതെയുള്ള കുര്‍‍ബ്ബാന സ്വീകരണത്തിലൂടെ കടന്നുകൂടുന്ന പിശാച് ആ വ്യക്തികളുടെ ആത്മീയതയെ തക‍ര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

ഇക്കാര്യങ്ങള്‍‍ വ്യക്തമായി പഠിപ്പിക്കാന്‍ ഇന്ന് സഭാ നേതൃത്വത്തിന്  കടമയുണ്ട്. എന്നാല്‍, സഭയുടെ നേതൃത്വം മറ്റു പലതിലും നെട്ടോട്ടമോടുമ്പോള്‍‍ സൗകര്യംപോലെ ഇവ മറക്കുന്നു. ഇതിലൂടെ ബലിയുടെ ചൈതന്യം നഷ്ടപ്പെടുത്തുകയും ശാപം പേറിനടക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് ചെയ്യുന്നത്.

സഭയുടെയും ക്രിസ്തീയനിയമങ്ങളുടെയും പരസ്യമായ ലംഘനം നടത്തിക്കൊണ്ട് കുര്‍‍ബ്ബാന സ്വീകരണം നടത്തുന്നത് തിരുത്താന്‍, സഭാനേതൃത്വം തയ്യാറാകുന്നില്ല. വിജാതിയരുമായി വിവാഹബന്ധം തുട‍ര്‍ന്നുകൊണ്ട് കൂദാശകള്‍‍ സ്വീകരിക്കുന്നതിലെ അപകടം മനസ്സിലാക്കികൊടുക്കുന്നതിനുപകരം, അതിനെ പ്രോത്സാഹിപ്പിക്കുന്ന വൈദിക‍ര്‍ ഇന്ന് സഭയിലുണ്ട്. രജിസ്ടര്‍‍ വിവാഹം മാത്രം ചെയ്തു ജീവിക്കുന്നവര്‍‍ക്ക് കുമ്പസാരംപോലും സഭ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ യൂറോപ്പിലും മറ്റുപലയിടങ്ങളിലും ഇത്തരക്കാരെ എല്ലാ ആത്മീയകാര്യങ്ങളിലും സഹകരിപ്പിക്കുമ്പോള്‍‍ എന്താണ് മനസ്സിലാക്കേണ്ടത്. അവര്‍‍ക്ക് വരാനിരിക്കുന്ന ഭീകരദുരന്തത്തെക്കുറിച്ച് അറിവ് പകരാന്‍ കടമപ്പെട്ടവ‍ര്‍ അതില്‍നിന്നും ഒഴിഞ്ഞുനിന്നാല്‍ കൂടുതല്‍ നാശം സംഭവിക്കുന്നത്‌ നേതൃത്വത്തിനായിരിക്കും എന്നതില്‍ സംശയമില്ല. കൂടുതല്‍ ലഭിച്ചവനില്‍നിന്നും കൂടുതല്‍ ആവശ്യപ്പെടുമെന്നാണ് വചനം പറയുന്നത്.

ഇന്ന് യൂറോപ്പിലെ പല ആരാധനാലയങ്ങളും വിറ്റുകൊണ്ടിരിക്കുകയാണ്. കാരണങ്ങളിലേക്ക് ചിന്തിക്കുമ്പോള്‍‍ ഈ വസ്തുതകള്‍‍ മനസ്സിലാക്കാന്‍ കഴിയും. ആത്മീയത പലരില്‍നിന്നും അകന്നുപോയി. ദൈവാലയത്തിന്റെ മുറ്റത്ത് മദ്യസല്‍ക്കാരം നടത്തുന്നതിനു നേതൃത്വം കൊടുക്കുന്നത് വൈദികരാണ്‌ (മലയാളികളും) എന്നത് വേദനാജനകമാണ്. ദൈവാലയങ്ങള്‍‍ കാലിയാകുകയും വില്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ ‍ആത്മശോധന ചെയ്യാന്‍ സഭാധികാരികള്‍‍ തയ്യാറാകണം. യേഹ്ശുവായെ അപമാനിക്കുവാനും ദ്രോഹിക്കുവാനും ദൈവാലയങ്ങള്‍‍ ഉപയോഗിക്കപ്പെടുമ്പോള്‍‍, ദൈവംതന്നെ അതു തിരിച്ചെടുക്കുകയാണ്.

രണ്ടായിരം വ‍ര്‍ഷങ്ങള്‍‍ക്കു മുന്‍പ് യേഹ്ശുവാ യെരുശലേം ദൈവാലയത്തില്‍ ചാട്ടവാറെടുത്തു ശുദ്ധീകരിച്ചു. എന്റെ പിതാവിന്റെ ആലയം  പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും എന്നുപറഞ്ഞു. തന്റെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത അവനെ വിഴുങ്ങിക്കളഞ്ഞു എന്ന തിരുവെഴുത്തു പൂ‍ര്‍ത്തിയാകുന്നതിനുവേണ്ടിയായിരുന്നു അത്‌. കാലത്തിന്റെ അടയാളമനുസരിച്ച് യേഹ്ശുവായുടെ വീണ്ടും വരവിനു സമയമായിരിക്കുന്നു.

യെഹൂദാസിനെപ്പോലെ യേഹ്ശുവായോടൊപ്പം  ജീവിക്കാന്‍  കഴിഞ്ഞിട്ടും പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ബലിയര്‍‍പ്പണത്തിനു മുന്‍പ് നമുക്ക് നമ്മെത്തന്നെ പരിശോധിക്കുകയും  വിശുദ്ധീകരിക്കുകയും ചെയ്യാം.

നിത്യസ്തുതിക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

 

    4466 views

LOG IN

Lost your password?

SIGN UP

LOST PASSWORD