എഡിറ്റോറിയല്‍

പോകുന്ന വഴിയേ അടിക്കരുത്..!

Print By
about

രു പാപം മറ്റൊരു പാപത്തേക്കാള്‍ നല്ലത് എന്നു പറയുവാന്‍ കഴിയുമോ? ഒരിക്കലും അങ്ങനെ പറയുവാന്‍ കഴിയില്ല. പാപം ഏതുതന്നെയായിരുന്നാലും സ്വര്‍ഗ്ഗരാജ്യത്തേക്കുള്ള വാതില്‍ അവ അടയ്ക്കും. നമ്മില്‍ ചിലരെങ്കിലും ചിന്തിക്കാറുള്ള ഒരു കാര്യമുണ്ട്. തങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ എത്ര ഗുരുതരമെങ്കിലും മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കള്‍ വലിയ തെറ്റൊന്നുമല്ല എന്ന സ്വയം ന്യായീകരണ ചിന്ത! ദൈവവചനം വളരെ പ്രാധാന്യത്തോടെ പറഞ്ഞിട്ടുള്ള താക്കീത് നമുക്കു ശ്രദ്ധിക്കാം. ഒരുവന്‍ എല്ലാ നിയമങ്ങളും അനുസരിക്കുകയും നിസ്സാരമെന്ന് കരുതുന്ന ഒന്ന് അനുസരിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ എല്ലാ നിയമവും ലംഘിക്കുന്നു. ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം എല്ലാ കല്പനകളും ഒന്നുപോലെ പ്രധാനമാണെന്നുതന്നെയാണ്. പലരും തങ്ങളുടെ ചെയ്തികളെ നീതീകരിക്കുവാന്‍ പല യുക്തിചിന്തകളും കൊണ്ടുവരും. ഇത്തരം യുക്തിവിചാരങ്ങളൊന്നും പാപത്തെ ലഘൂകരിക്കാന്‍ ഉതകുന്നതല്ല. മറിച്ച്, ഈ യുക്തിചിന്തകളെല്ലാം നമ്മുടെ നാശം ആഗ്രഹിക്കുന്ന സാത്താനില്‍നിന്നും പുറപ്പെടുന്നതാണ്.

നാം ചെയ്ത എല്ലാ പാപങ്ങളും ദൈവം ക്ഷമിക്കും എന്നതാണ് യേഹ്ശുവായില്‍ നമുക്കുള്ള അശ്വാസം. എന്നാല്‍,  ക്ഷമിക്കപ്പെടാത്ത പാപവും ഉണ്ടെന്നു  ദൈവവചനത്തില്‍നിന്നും നമുക്കറിയാം. പരിശുദ്ധാത്മാവിനെതിരെയുള്ള പാപം, ഈ ലോകത്തോ വരാനിരിക്കുന്ന ലോകത്തോ ക്ഷമിക്കപ്പെടുകയില് എന്ന് യേഹ്ശുവാ നേരിട്ട്പറയുന്നു. നിയമം ആരിലൂടെ നല്‍കപ്പെട്ടുവോ അവന്‍ തന്നെയാണ് ഇത് പറയുന്നത്. മാത്രവുമല്ല, പാപങ്ങള്‍ ക്ഷമിക്കേണ്ടതും അവന്‍ തന്നെയാണ്.

നിയമം ലംഘിക്കുകയെന്നത് ശിക്ഷാര്‍ഹമായ കാര്യമാണെന്ന്  ഏവര്‍ക്കും അറിയാം. നിയമം അനുസരിക്കേണ്ടവനല്ല, നിയമം നല്‍കിയവനാണ്  അതിന്റെ  വ്യാഖ്യാനം തീരുമാനിക്കുന്നത്. ഒരു രാജ്യത്തിന് അതിന്റേതായ നിയമങ്ങളുണ്ട്.വാഹനം ഓടിക്കുന്നവര്‍ക്ക് റോഡ് നിയമങ്ങളുണ്ട്. നമുക്ക് നമ്മുടെ യുക്തിയില്‍ തോന്നുന്നതുപോലെയല്ല അവ അനുസരിക്കേണ്ടത്. നിയമം തെറ്റിച്ചതിനു ശേഷം താന്‍ കരുതിയത് ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുമോ? ദൈവത്തിന്റെ നിയമങ്ങളും നമ്മുടെ യുക്തിക്കനുസരണം തീരുമാനിക്കേണ്ടവയല്ല.

ആരെങ്കിലും പറയുന്നതല്ല; മറിച്ച്, ദൈവവചനം എന്തു പറയുന്നു എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. ആത്മീയര്‍ എന്നു കരുതുന്നവരെപോലും നാം വളരെ വിവേചനത്തോടെ സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നു തിരുവചനം മുന്നറിയിപ്പ് തരുന്നു! അറിവുണ്ട് എന്നു വിചാരിക്കുന്നവരില്‍ നിന്നാണ് തെറ്റായ ആശയങ്ങള്‍ കടന്ന് വരുന്നത്. "ദൈവവചനത്തില്‍ മായം ചേര്‍ത്ത് കച്ചവടം ചെയ്യുന്ന അനേകരുണ്ട്"(2 കോറി: 2; 17). ഒറ്റനോട്ടത്തില്‍ നല്ലതെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കും തിന്മ കടന്നു വരികയെന്നു അപ്പസ്തോലന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കളുടെ ഉപദേശം നാം സ്വീകരിക്കില്ലെന്ന് സാത്താന് നന്നായി അറിയാം . അതിനാല്‍, മിത്രങ്ങളുടെയും സഭാശ്രേഷ്ഠന്മാരുടെയും രൂപത്തില്‍ കടന്നുവരുന്ന തിന്മയെ തിരിച്ചറിയണമെങ്കില്‍ വചനം വ്യക്തമായി പഠിക്കുക തന്നെവേണം. "പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ. അതിനാല്‍ , അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നെങ്കില്‍ അതിലെന്തത്ഭുതം ?"(2 കോറി: 11;14,15). ഒരുപക്ഷേ, ഈ ശ്രേഷ്ഠന്മാരൊന്നും മനഃപൂര്‍വ്വം ചെയ്യുന്നതാകണമെന്നില്ല. ഒരേ സഭയിലെ വൈദീകരില്‍തന്നെ വ്യത്യസ്ഥ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ടല്ലോ! പാപത്തേക്കുറിച്ചും ശിക്ഷാവിധിയേക്കുറിച്ചും പുരോഹിതന്മാരില്പോലും ഭിന്നാഭിപ്രായങ്ങളുണ്ട്. അതുകൊണ്ടുതന്നെ നമുക്കു സ്വീകര്യമായവ ഏതെന്ന് അറിയണമെങ്കില്‍ വചനം പഠിക്കുകയല്ലാതെ മറ്റു വഴികള്‍ ഒന്നുമില്ല.

മലയാളത്തിലെ പ്രമുഖ ആത്മീയ ടെലിവിഷന്‍ ചാനലായ ഡിവൈന്‍ ചാനലില്‍ തന്നെ ഒരേ വിഷയത്തില്‍ വ്യത്യസ്ഥമായ ആശയം പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. പൂര്‍വ്വീക ശാപങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു അവതരണം  ചാനലിലൂടെ കേട്ടു. ആദം മൂലം ഉണ്ടായ പാപം മുതല്‍ പൂര്‍വ്വീകരുടെ ചെയ്തികളിലൂടെ  നമ്മിലേക്കു കടന്നുവരുന്ന തിന്മയും  തിന്മയുടെ സ്വാധീനങ്ങളും, അവയില്‍നിന്നുള്ള  മോചനത്തെക്കുറിച്ചും വ്യക്തമായിതന്നെ ആ വൈദീകന്‍ പഠിപ്പിച്ചു. കേരളത്തിലെ പ്രമുഖനായ സുവിശേഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഇങ്ങനെ വിശദ്ദീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആന്റണി പയ്യംപള്ളി അച്ചന്‍ അതിനു നേരെ എതിരായ ആശയം അതേ ചാനലിലൂടെ പ്രസംഗിക്കുന്നു! ഇവ രണ്ടും കേള്‍ക്കുന്ന വിശ്വാസിയുടെ ആത്മീയ അവസ്ഥ എന്തായിരിക്കും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനെ ഭക്തിരാഹിത്യത്തിലേക്കു നയിക്കുന്ന വിധത്തില്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ സഭ തയ്യാറാകണം. പ്രാദേശിക സഭകളുടെ നിയമങ്ങളേക്കാളുപരി റോമില്‍നിന്നുള്ള വ്യക്തമായ നിയന്ത്രണമാണ് ആവശ്യം. ഒരേ സഭയിലെ വൈദീകര്‍ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയും അത്മായ ശുശ്രൂഷകരെ മഹറോന്‍ ചൊല്ലി പുറത്താക്കുകയും ചെയ്യുന്നത് അപകടകരമായ ഇരട്ടത്താപ്പാണ്. ഇന്ന് സി എം ഐ സഭയുടെ ചുമതലയില്‍ ബാംഗ്ളൂരില്‍ അതീന്ദ്രീയ പൈശാചികത സഭയില്‍ കൊണ്ടുവരാന്‍ 'റിസേര്‍ച്ച്' നടത്തുകയാണ്. ഇതേ സഭയില്‍ തന്നെ സത്യസന്ധമായി വചനം പ്രസംഗിക്കുന്ന വൈദീകരുമുണ്ടെന്നത് ശ്ളാഘനീയമാണ്. സഭയുടെ നിയമങ്ങളില്‍ നിന്നും വ്യതിചലിക്കാതെ സഭാമക്കളെ നയിക്കുക എന്നതായിരിക്കണം ശ്രേഷ്ഠന്മാരുടെ കടമ. ശരിയായ പാതയില്‍ നടക്കുന്നവര്‍ക്ക്പോലും ഇടര്‍ച്ച വരുത്തുന്ന വിധത്തിലാണ്, ഇന്നു പലരുടെയും മുന്നേറ്റം.

യൂറോപ്പിലെ പ്രവാസത്തിന്റെ ആദ്യകാലങ്ങളില്‍ ഒരു  വൈദീകനുമായി ചില ആത്മീയകാര്യങ്ങള്‍ സംസാരിക്കാന്‍ ഇടയായി. പ്രവാസികളായ മലയാളികളുടെ  തെറ്റായ ആത്മീയതയെക്കുറിച്ചാണ് സംസാരിച്ചത്. ചില കാര്യങ്ങളില്‍ സഭാ വിരുദ്ധമായ  രീതികളെ തിരുത്തേണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരം  ദയനീയമായിരുന്നു. 'നമ്മള്‍ പറയുന്നതൊന്നും അവര്‍ കേള്‍ക്കില്ലാത്തതുകൊണ്ട് അവരു പോകുന്ന വഴിക്കു നമ്മളു പോകുന്നു!' അടിക്കുന്ന വഴിക്കു പോയില്ലെങ്കില്‍ പോകുന്ന വഴിയേ അടിക്കുക എന്ന തത്വം!

ഇത്രമാത്രം ആരും അധഃപതിക്കരുത്! പോകുന്ന വഴിയേ അടിക്കാന്‍ ഒരു അടികാരന്റെ ആവശ്യമുണ്ടോ? അവര്‍ സ്വയം പൊയ്ക്കോളില്ലേ..? ശരിയായ പാതയില്‍ പോകുന്നവര്‍ക്കുപോലും ഇടറിവീഴാന്‍ ഒരു 'കരിമ്പാറ' ആവശ്യമുണ്ടോ? പ്രവാസികളെ അത്മീയമായി സഹായിക്കുകയെന്നതല്ല, മറിച്ച് മറ്റെന്തോ താല്പര്യങ്ങളാണ് എന്നകാര്യം സ്പഷ്ടം!

സഭയുടെ ഉള്ളില്‍ കുറച്ചു കാലങ്ങളായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന അതിഭയാനകമായ ചില ദുരന്തങ്ങളുണ്ട്. വ്യവസായ ശാലകളിലെ തൊഴിലാളി യൂണിയനുകള്‍പോലെ ഒരു സംഘടിത ശക്തി വൈദീകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. രജിസ്ട്രര്‍ ചെയ്യപ്പെടാത്ത തൊഴിലാളി പ്രസ്ഥാനംപോലെ! മെത്രാന്മാരെപോലും ചൂണ്ടുവിരലില്‍ നിര്‍ത്താന്‍ ഇവര്‍ക്കു കഴിയുന്നു..! എന്തെങ്കിലും പറഞ്ഞുപോയാല്‍ 'ഉടുപ്പ് ഊരും' എന്ന ഭീഷണിക്കു മുന്പില്‍ മെത്രാന്മാര്‍ പകച്ചു പോവുകയാണ്. ചില 'മാഫിയ'കളുടെ ഉപദ്രവം സഹിക്കവയ്യാതെ 'വളണ്ടറി  റിട്ടെയര്‍മെന്റ്' എടുത്തു വിശ്രമത്തിനുപോയ മെത്രാന്മാര്‍ ഇന്നു  സഭയിലുണ്ട്!

ഇതൊക്കെയാണെങ്കിലും ഇത്തരക്കാര്‍ വളരെ ന്യൂനപക്ഷമാണെന്നത്  ആശ്വാസകരമാണ്. ദൈവീക മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരായ വൈദീകര്‍  ശുദ്ധഗതിക്കാരായതിനാല്‍ അവര്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇവിടെ സമാധാനം വലിയ വിപത്തായി മാറാതിരിക്കാന്‍ അര്‍ബ്ബുദം ബാധിച്ച അവയവം റേഡിയേഷനില്‍ സുഖം പ്രാപിക്കാത്തപക്ഷം മുറിച്ചു മാറ്റുകയാണ് ഉചിതം ..! സഭയെ മുഴുവനായും നശിപ്പിക്കുന്നതിനു മുന്‍പ് മുറിച്ച് മാറ്റേണ്ടവ മുറിച്ചുമാറ്റുക തന്നെ വേണം.

മേലധികാരികളെ അനുസരിക്കാത്തവര്‍ വിധേയത്വത്തെക്കുറിച്ച് അത്മായരെ ബോധവത്കരിക്കുന്നത് അവരുടെ താത്പര്യം സംരക്ഷിക്കുവാനുള്ള ആള്‍ബലം ഉണ്ടാക്കുന്നതിനാണ്. പലപ്പോഴും വിധേയത്വം അടിമത്തമാക്കി മാറ്റി എന്തു ചെയ്തികള്‍ക്കും കുഴലൂതാന്‍ ചിലര്‍ കൂടെയുണ്ടെന്നത് പരിതാപകരമാണ്. ചിലരെങ്കിലും അജ്ഞതകൊണ്ട് കുഴലൂതുമ്പോള്‍ മറ്റുചിലര്‍ സ്ഥാപിത താത്പര്യങ്ങള്‍ക്കായി കുഴലെടുക്കുന്നു. മഹാഭൂരിപക്ഷം വരുന്ന വിശുദ്ധരായ, അര്‍പ്പണബോധമുള്ള സമര്‍പ്പിതരെ അവമാനിതരാക്കാന്‍ ഈ ന്യൂനപക്ഷം ആവശ്യത്തിലുമേറെയാണ്. സഭയില്‍ വിശുദ്ധ സേവനം നടത്തുന്ന ശ്രേഷ്ഠ വൈദീകര്‍ മാപ്പുതരിക!

അത്മായര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. ദൈവവചനത്തിന്  അനുസരണമായ ജീവിതം വരും തലമുറയെ  പഠിപ്പിക്കുവാനും, ക്രിസ്തുവാകുന്ന സഭയിലെ മാലിന്യങ്ങള്‍ നീക്കിക്കളഞ്ഞ് അവിടുത്തെ പുനഃരാഗമനത്തിന് സഭയെ അണിയിച്ചൊരുക്കാനും!

അതുകൊണ്ട് പരസ്പരവിരുദ്ധമായ ആശയങ്ങളുടെ പിന്നാലെ നടന്ന്  നിത്യജീവന്‍ നഷ്ടപ്പെടാന്‍ ഇടയാകാതെ കപട ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് തിരുവചനത്തിന്  അനുസരണമായ ജീവിതം നമുക്ക് നയിക്കാം. വചനത്തിനു വിരുദ്ധമായി മാലാഖ പറഞ്ഞാലും  അനുസരിക്കേണ്ടെന്നു പറഞ്ഞ അപ്പസ്തോലനെ അനുസരിക്കുന്നതാണ് ദൈവഹിതം.അന്നത്തെ  പുരോഹിതരെക്കുറിച്ച് മാത്രമല്ല ഇന്നത്തെ പുരോഹിതരോടും കൂടിയാണ്, ഈ വചനം  പറഞ്ഞത്. "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപട നാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നുകഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു"(മത്താ: 23; 13-15).

നമുക്ക് ദൈവകല്പനകള്‍ കാക്കുന്നതില്‍ ശ്രദ്ധയുള്ളവരാകാം. കാരണം, സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവാതില്‍ യേഹ്ശുവായാണ്. അവനിലൂടെ പ്രവേശിക്കുവാന്‍ അവന്റെ കല്പനകള്‍ അനുസരിക്കുന്നവരാകണം!

വിശുദ്ധിയില്‍ മുന്നേറാന്‍ !

ഒരിക്കല്‍ പാപകരമായ ജീവിതം നയിച്ചതിനുശേഷം പുതിയ ജീവിതം  സ്വീകരിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും അത്തരം ബന്ധങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കണം.നാം ബലമുള്ളവരെന്നു കരുതുന്നത് അപകടമാണ്.തിരുവചനം പറയുന്നു: നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ"(1കോറി: 10; 12). പലര്‍ക്കും സംഭവിച്ചിട്ടുള്ള ദുരന്തമാണിത്. അതുകൊണ്ട് തന്നെയാണ്, ജ്ഞാനസ്നാന വേളയില്‍, പാപത്തേയും പാപസാഹചര്യങ്ങളേയും വെറുത്തുപേക്ഷിക്കുന്നു എന്ന് പ്രതിജ്ഞയെടുക്കുന്നത്.കോറിന്തോസ് ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: "വ്യഭിചാരത്തില്‍ നിന്ന് നിങ്ങള്‍ ഓടിയകലുവിന്‍ "(1കോറി:6;18). വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നും വചനം പറയുന്നു(1കോറി: 5; 9). നമ്മുടെ രക്ഷ ആഗ്രഹിക്കുന്ന ദൈവം പറയുന്നു: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്"(2 കോറി: 6; 14). "ആകയാല്‍,നിങ്ങള്‍ അവരെവിട്ട് ഇറങ്ങി വരികയും അവരില്‍ നിന്നു വേര്‍ പിരിയുകയും ചെയ്യുവിന്‍ "(2 കോറി: 6; 17). നമ്മേക്കാള്‍ അധികമായി നമ്മേ അറിയുന്ന ദൈവം നമുക്കു നല്‍കുന്ന മുന്നറിയിപ്പാണിത്. നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന ഓരോരുത്തരും ഇവ അനുസരിക്കണം.

യേഹ്ശുവാ വരുമ്പോള്‍ ഒരുക്കമുള്ളവരായിരിക്കാം! അവനോടൊപ്പം നിത്യതയില്‍ പ്രവേശിക്കുകയും ചെയ്യാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3345 views

LOG IN

Lost your password?

SIGN UP

LOST PASSWORD