വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ ജ്ഞാനസ്നാനം ആവശ്യമാണോ?

Print By
about

രിക്കല്‍ യേഹ്ശുവാ നിക്കൊദേമോസിനോടു പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ:3;5). സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനത്തിനു ജ്ഞാനസ്നാനം അത്യാവശ്യമാണെന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്. ആര്‍ക്കെങ്കിലും ഒഴിവുകഴിവുള്ളതായി പറയുന്നില്ല. പ്രായവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഉദ്ദേശിച്ച് തന്നെയാണ് യേഹ്ശുവാ ഇതുപറയുന്നത്. ദൈവവചനത്തില്‍ ഒരിടത്തുപോലും ജ്ഞാനസ്നാനം ഏതു പ്രായത്തില്‍ സ്വീകരിക്കണമെന്നു പറഞ്ഞിട്ടില്ല. എന്നാല്‍; സ്നാനം സ്വീകരിക്കാത്ത ഒരുവന്‍പോലും ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു പറഞ്ഞിട്ടുണ്ട്.

ഭൂമിയില്‍ ജനിച്ച ഏവനും ഇതു ബാധകമാണ് എന്നകാര്യം വളരെ വ്യക്തമാണ്. ബൈബിളിലെ ഒരു വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഈ സത്യത്തില്‍ നിന്നും പല സഭകളും മാറി നില്‍ക്കുന്നു.

മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേഹ്ശുവാ പറയുന്നു: "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;16). ഈ വചനത്തിലൂടെ വ്യക്തമാകുന്നത് വിശ്വസിച്ചതുകൊണ്ട് മാത്രം കാര്യമില്ല; സ്നാനം സ്വീകരിക്കുക കൂടി ചെയ്താലെ രക്ഷിക്കപ്പെടുകയുള്ളൂ എന്നതാണ്. പ്രായമായ ഒരുവന്‍ സ്നാനം സ്വീകരിക്കുന്നതിന് മുന്‍പ് വിശ്വസിക്കുകയും, ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നു. എന്നല്‍; ഒരു ശിശുവിന് ഇതു സധ്യമല്ലാത്തതുകൊണ്ട് മുതിര്‍ന്നവര്‍ അവര്‍ക്കു വേണ്ടി വിശ്വാസം ഏറ്റു പറയുന്നു. പിന്നീട് പ്രായമാകുമ്പോള്‍ ഈ വിശ്വാസം സ്വയം പുതുക്കാവുന്നതുമാണ്. യേഹ്ശുവായുടെ പരിച്ഛേദന കര്‍മ്മം നിര്‍വ്വഹിക്കാന്‍ ശിശുവായിരിക്കുമ്പോള്‍ ദൈവാലയത്തില്‍ കൊണ്ടുപോയതായി ബൈബിളില്‍ വായിക്കുന്നുണ്ട്. എട്ടു ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് യേഹ്ശുവായുടെ പരിച്ഛേദനം നടന്നത്. ഇത് നിയമപ്രകാരമുള്ള ആചാരമായിരുന്നു. ഒരു നിയമത്തെയും അസാധുവാക്കാനല്ല; പൂര്‍ത്തിയാക്കാനാണ് യേഹ്ശുവാ വന്നത്. ഇക്കാര്യം അവിടുന്നുതന്നെ പറയുന്നുണ്ടല്ലോ!

പ്രായപൂര്‍ത്തിയായവര്‍ മാത്രമെ സ്നാനം സ്വീകരിക്കവൂ എന്നു പറയുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ! സ്നാപക യോഹന്നാന്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആരില്‍ നിന്നാണ് അതു സ്വീകരിച്ചത്? ഒരു ചോദ്യത്തിനു മറുപടിയായി യേഹ്ശുവാ യഹൂദരോടു ചോദിച്ച മറു ചോദ്യമായിരുന്നു ഇത്. പ്രവാചകന്മാരുടെ സ്നാനം സ്വര്‍ഗ്ഗത്തില്‍ നിന്നാണെന്നു വചനം സൂചന നല്‍കുന്നുണ്ട്(ലൂക്കാ: 20; 4-7). പ്രവാചകര്‍ സ്വര്‍ഗ്ഗത്തില്‍നിന്നും സ്നാനം സ്വീകരിക്കുന്ന അവസ്ഥയുള്ളപ്പോള്‍ എന്തുകൊണ്ട് ശിശുക്കള്‍ക്കു സ്നാനം കൊടുത്തുകൂടാ?

നാലു സുവിശേഷകരില്‍ ആദ്യത്തെ മൂന്നുപേരും എഴുതി വച്ചിട്ടുള്ള ഒരു സംഭവമുണ്ട്. യേഹ്ശുവാ വചനം പ്രസംഗിച്ചുകൊണ്ടിരിക്കെ, ചിലര്‍ ശിശുക്കളെ അവിടുത്തെ സമീപത്തു കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍; ശിഷ്യന്മാര്‍ അവരെ ശകാരിക്കുമ്പോള്‍ അവിടുന്ന് പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്"(മത്താ: 19; 14). ആ സംഭവവുമായി ബന്ധപ്പെട്ടു യാദൃച്ഛികമായി പറഞ്ഞ ഒരു വചനമല്ല ഇത്. കാരണം വചനം എക്കാലത്തേക്കും എഴുതപ്പെട്ടിരിക്കുന്നതും മാറ്റപ്പെടാന്‍ പാടില്ലാത്തതുമാണ്. അതുകൊണ്ടു തന്നെ ശിശുക്കള്‍ക്കു സ്നാനം നിഷേധിക്കുമ്പോള്‍ ഈ വചനത്തിനെതിരെ പാപം ചെയ്യുകയാണ്.

സ്നാനത്തിനു പ്രായം നിശ്ചയിച്ചതാരാണ്? തിരുവചനതില്‍ ഒരിടത്തും സ്നാനം സ്വീകരിക്കേണ്ട പ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ കുടുംബം മുഴുവന്‍ സ്നാനം സ്വീകരിച്ചതായി പലയിടത്തും പറഞ്ഞിട്ടുണ്ട്(അപ്പ. പ്രവര്‍ത്ത: 16; 15). പന്തക്കുസ്താ ദിനത്തില്‍ പത്രോസിന്റെ വചനം ശ്രവിച്ചവരെല്ലാം സ്നാനം സ്വീകരിച്ചുവെന്നു വചനത്തില്‍ കാണാം(അപ്പ. പ്രവര്‍ത്ത: 2; 41). ഇവിടെയും ആരുടെയും പ്രായത്തെ സൂചിപ്പിക്കുന്നില്ല. ശിശുക്കള്‍ ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുന്നത് ഇഷ്ടമല്ലാത്ത സാത്താന്‍, മനുഷ്യരില്‍ നിന്നും വചനത്തെ മറച്ചു വച്ചിരിക്കുന്നു. പാപം ചെയ്യാത്ത ശിശുക്കളെ ദൈവത്തില്‍നിന്നും അകറ്റുവാന്‍ അവന്‍ കണ്ടെത്തിയ കുറുക്കുവഴിയാണിത്.

നാം ചെയ്ത പാപത്തിന്റെ മാത്രം മോചനത്തിനല്ല ജ്ഞാനസ്നാനം. ആദം വഴി മനുഷ്യവര്‍ഗ്ഗം മുഴുവന്റെമേലും വന്നുചേര്‍ന്ന പാപത്തിന്റെ മോചനമാണ് സ്നാനത്തിലൂടെ ലഭ്യമാകുന്നത്. ആദം മൂലം മനുഷ്യനു നഷ്ടമായ നിത്യ ജീവന്‍ യേഹ്ശുവാവഴി തിരിച്ചു നല്‍കപ്പെടുകയാണ്(റോമ: 5; 18).

ജ്ഞാനസ്നാനത്തിലൂടെ യേഹ്ശുവായുടെ മരണത്തോട് നാം ഐക്യപ്പെടുകയാണു ചെയ്യുന്നത്. അവിടുത്തെ മരണത്തോട് ഐക്യപ്പെടുമ്പോള്‍ മാത്രമെ പുനരുത്ഥാനത്തിലും പങ്കുചേരാന്‍ കഴിയുകയുള്ളൂ(റോമ: 6; 3-6). അതുകൊണ്ട്, നിത്യജീവന്‍ അവകാശമാക്കണമെങ്കില്‍ സ്നാനം കൂടിയേതീരൂ. പ്രായത്തെക്കുറിച്ച് യാതൊരു സൂചനയും വചനത്തില്‍ ഇല്ലാതിരിക്കെ, ഇപ്രകാരം മനുഷ്യന്‍ പഠിപ്പിക്കുന്നതിലെ കപടത തിരിച്ചറിയണം.

ശിശുക്കള്‍ സ്നാനം സ്വീകരിച്ചു എന്നതുകൊണ്ട്; ലഭിക്കനിരിക്കുന്ന നിത്യജീവന്‍ അവര്‍ക്കു നഷ്ടമാകുമോ? ഈ ഒരു കാര്യം മാത്രം ചിന്തിച്ചാല്‍; ശിശുക്കള്‍ക്കു സ്നാനം നിഷേധിക്കുന്ന അവസ്ഥയില്‍ നിന്നു സഭകള്‍ മോചനം പ്രാപിക്കും. കുഞ്ഞുങ്ങളെ കര്‍ത്താവില്‍ നിന്നും അകറ്റുന്നവര്‍ വിധി ദിവസം കണക്ക് കൊടുക്കേണ്ടി വരും.

മുന്‍കാലങ്ങളില്‍ കത്തോലിക്ക വിശ്വാസികള്‍, പ്രസവത്തോടെ മരിച്ചുപോകുന്ന കുഞ്ഞുങ്ങള്‍ക്കുപോലും സ്നാനം കൊടുക്കുമായിരുന്നു. 'വീട്ടു മാമോദീസ' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇന്ന് ഈ വിധത്തിലുള്ള പല സത്യങ്ങളെയും സാത്താന്‍ എടുത്തു മാറ്റിയിരിക്കുന്നു. ഇന്ന് അനേകം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ വധിക്കപ്പെടുന്നു. നീതിമാനായ ദൈവം അവരെയും രക്ഷിക്കുവാനുള്ള വചനം മുന്‍കൂട്ടി നല്‍കിയിട്ടുണ്ട് എന്നതാണു സത്യം.

മരിച്ചവര്‍ക്കുള്ള സ്നാനം!

ആദിമ നൂറ്റാണ്ടില്‍ മരിച്ചവര്‍ക്കു വേണ്ടി, ജീവിച്ചിരിക്കുന്നവര്‍ സ്നാനം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു എന്നു വചനം പറയുന്നുണ്ട്. "അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം?(1കോറി: 15; 29). മരിച്ചവരുടെ പുനരുത്ഥാനത്തെ സംബന്ധിച്ച് കൂടുതല്‍ അറിവ് നല്‍കാനായി പൗലോസ് അപ്പസ്തോലന്‍ എഴുതിയിരിക്കുന്ന കാര്യമാണിത്. എന്നാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈ വചനം മുന്‍കൂട്ടി നമുക്കു നല്‍കിയിരിക്കുകയാണ്.

യേഹ്ശുവാ പറഞ്ഞു: "എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും"(യോഹ:14;12). യേഹ്ശുവാ ചെയ്ത പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഇന്നു നമുക്കു ചുമതലയുണ്ട്. ഇത് ഓരോ വിശ്വാസിയേയും അവിടുന്ന് ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്. യേഹ്ശുവാ പാതളത്തിലെ ആത്മാക്കളോട് വചനം പ്രസംഗിച്ചതായി പത്രോസിന്റെ ലേഖനത്തില്‍ കാണാം. "ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു"(1പത്രോ: 3; 19). വചനം കേട്ടവരെ യേശു സ്നാനപ്പെടുത്തി എന്നു തന്നെ നമുക്കു മനസ്സിലാക്കാം. കാരണം യേഹ്ശുവാ നമ്മോടു പറഞ്ഞിരിക്കുന്നതും അങ്ങനെതന്നെയാണ്. യേഹ്ശുവായില്‍ വിശ്വസിക്കുന്നവര്‍ അവന്‍ ചെയ്തതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യുമെന്നാണല്ലോ തിരുവെഴുത്ത്!

രക്ഷകനും ദൈവവുമായ യേഹ്ശുവാ ആത്മാക്കളോടു സുവിശേഷം പറഞ്ഞിട്ടുണ്ടെങ്കില്‍ നമുക്കും അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. മരിച്ചവര്‍ സ്വീകരിക്കുന്ന സ്നാനത്തെക്കുറിച്ച് ദൈവവചനം സൂചന നല്‍കിയിട്ടുണ്ടെങ്കില്‍; ആര്‍ക്കും അതിനെ നിഷേധിക്കുവാനും അവകാശമില്ല.

അതുകൊണ്ട് ദൈവവചനത്തെ നമുക്കു സത്യസന്ധതയോടെ സമീപിക്കാം. പ്രായപൂര്‍ത്തി ആയവര്‍ക്കും ശിശുക്കള്‍ക്കും മരിച്ചവര്‍ക്കുപോലും സ്വര്‍ഗ്ഗരാജ്യം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരിക്കല്‍കൂടി ഈ വചനം ഓര്‍ക്കുക! `ശിശുക്കള്‍ എന്‍റെ അടുക്കല്‍ വരട്ടെ; അവരെ തടയരുത്`

"മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല"(ലൂക്കാ:12;2).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2780 views

LOG IN

Lost your password?

SIGN UP

LOST PASSWORD