വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

'പിശാചിന്' ഏല്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ?

Print By
about

07 - 07 - 2013

ചിലരെയെങ്കിലും അസ്വസ്ഥതയിലേക്ക് നയിച്ചിട്ടുള്ള ഒരു വചനത്തെ ഈ ലേഖനത്തിലൂടെ നാമിന്ന് വിശകലനം ചെയ്യുകയാണ്. വചനമിതാണ്: "നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്പിച്ചുകൊടുക്കണം"(1 കോറി: 5; 5). പൌലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് നല്‍കുന്ന ഉപദേശമാണിത്.

ഒരിക്കലെങ്കിലും ഈ വചനം വായിച്ചിട്ടുള്ളവരാണ് നമ്മില്‍ പലരും. ഒരുപക്ഷെ ഈ വചനത്തിന്റെ ആന്തരീക അര്‍ത്ഥം പലര്‍ക്കും ഗ്രഹിക്കാന്‍ സാധിച്ചിട്ടുണ്ടാകാം. ചിലരാകട്ടെ തങ്ങള്‍ക്ക് ലഭിച്ച ബോധ്യങ്ങള്‍ ശരിയോ തെറ്റോ എന്നു വിവേചിക്കാതെ ആ ബോധ്യങ്ങളില്‍  തുടരുന്നുണ്ടാകാം. മറ്റുചിലര്‍ വെറും വചനപാരായണക്കാരായി വായിച്ചു  തള്ളിയിട്ടുമുണ്ടാകാം.

എന്നാല്‍, വളരെയേറെ ആളുകളെ ചിന്താകുലരാക്കുകയും അസ്വസ്ഥപ്പെടുത്തുകയും  ചെയ്തിട്ടുള്ള വചനമാണിതെന്ന് മനോവയ്ക്കു ലഭിക്കുന്ന കത്തുകളിലൂടെ  വ്യക്തമാകുന്നുണ്ട്. ഈ അടുത്തനാളില്‍ ഒരു വ്യക്തി ഉന്നയിച്ച ഈ ചോദ്യം പലരുടെയും  സംശയങ്ങള്‍ക്ക് ഉത്തരമാകുമെന്ന ചിന്തയാണ് ഒരു ലേഖനമായി ഇത് അവതരിപ്പിക്കാന്‍  പ്രചോദനമായത്.

സാത്താനെക്കുറിച്ച് നമുക്ക് പൊതുവായ ചില ധാരണകളുണ്ട്. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും പൊതുശത്രുവും, മനുഷ്യരെ നരകത്തിലേക്ക് നയിക്കുന്നവനുമാണെന്ന് വചനത്തിലൂടെ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുവന്റെ തിന്മയെ ഇല്ലാതാക്കാന്‍ അവനെ പിശാചിന് ഏല്പിച്ചു കൊടുക്കുന്നതുവഴി സാധ്യമാകുമോ? അപ്രകാരം സാധ്യമാകുമെങ്കില്‍ എന്തിനാണു നാം പിശാചിനെ എതിര്‍ക്കുന്നത്? ഇത്തരം അനേകം ചോദ്യങ്ങള്‍ ഈ വചനത്തെ ആധാരമാക്കി ഉയര്‍ന്നിട്ടുണ്ടാകാം! വചനത്തെ വ്യക്തമായും ആഴത്തിലും സമീപിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ സ്വാഭാവികമാണ്! ഇതിനുള്ള ഉത്തരം കണ്ടെത്തേണ്ടത് ഓരോ ദൈവജനത്തിന്റെയും അനിവാര്യമായ ആവശ്യമായതിനാല്‍, അതിനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ മനോവ ശ്രമിക്കുന്നു.

അപ്പസ്തോലനായ പത്രോസിന്റെ ഒരു വെളിപ്പെടുത്തലോടെ മുകളില്‍ ഉദ്ധരിച്ച വചനം വ്യാഖ്യാനിക്കുന്നതാകും ഉചിതം. വിശുദ്ധ പത്രോസ് തന്റെ ലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "എന്തുകൊണ്ടെന്നാല്‍ പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 പത്രോ: 1; 21). അതുകൊണ്ട് പൌലോസ് കോറിന്തോസിലെ സഭയ്ക്ക് എഴിതിയ ഉപദേശം മാനുഷീകമല്ല; പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ എഴുതപ്പെട്ടതാണ്. ഇളക്കം തട്ടാത്തവിധം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉറപ്പിക്കപ്പെട്ടതു തന്നെയാണ് ബൈബിളിലെ വചനങ്ങളെല്ലാം. വളരെ പ്രധാനപ്പെട്ട ഒരു വസ്തുതകൂടി മനസ്സിലാക്കിയതിനുശേഷം മുകളില്‍ പ്രസ്താവിച്ച വചനത്തിലേക്ക് നമുക്കു തിരികെപ്പോകാം.

പിശാച് എന്തുകൊണ്ട് മനുഷ്യരെ വെറുക്കുന്നു?

വളരെ ലളിതമായിതന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ നമുക്കു സാധിക്കും. രണ്ടു കാരണങ്ങളാലാണ് പിശാചിനു മനുഷ്യനോട് അടങ്ങാത്ത പകയുണ്ടായത്. ഒന്ന് മനുഷ്യനെ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിച്ചു. രണ്ടാമത്തെ കാരണം, ദൈവം മനുഷ്യനെ അത്യധികം സ്നേഹിക്കുകയും അവിടുത്തെ ആത്മാവിനെ അവരില്‍ നിവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതാണ്, സാത്താനു മനുഷ്യരോടുള്ള അടങ്ങാത്ത പകയുടെ മൂലകാരണങ്ങള്‍! മനുഷ്യരുടെ മുഖം കാണുമ്പോഴൊക്കെ ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മ അവനില്‍ ഓടിയെത്തും. സ്വര്‍ഗ്ഗത്തില്‍ ജീവിച്ചിരുന്ന നല്ലനാളുകള്‍ അവന്‍ സ്മരിക്കും! നാളെ ആ സൗഭാഗ്യം അനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണ് മനുഷ്യരെന്ന സത്യം അവനില്‍ അസൂയ ഉണര്‍ത്തും!

ഈ കാരണങ്ങളാല്‍തന്നെ അടിസ്ഥാനപരമായി പിശാചിന് മനുഷ്യരെ സ്നേഹിക്കാന്‍ കഴിയില്ല. എന്നാല്‍, കപടനാട്യത്തിലൂടെ അവന്‍ തങ്ങളെ സ്നേഹിക്കുന്നുവെന്ന തോന്നല്‍ മനുഷ്യരില്‍ ജനിപ്പിക്കും. പറുദീസായില്‍ തുടങ്ങിയ ഈ കാപട്യം ഇന്നും തുടര്‍ന്നുവരുന്നു. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെ മറച്ചുവയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രീതി പിശാചിനുണ്ട്. നന്മതിന്മകളെ വിവേചിക്കുന്ന അറിവിന്റെ വൃക്ഷത്തില്‍നിന്ന് ഭക്ഷിക്കാനും അതുവഴി പാപം മനുഷ്യനില്‍ കടന്നുവന്ന് മരണത്തിനു പാത്രമാകാനും ഇടയാക്കിയത് ദൈവസ്നേഹത്തെക്കുറിച്ച് സാത്താന്‍ നല്‍കിയ തെറ്റായ ഉപദേശത്തിന്റെ അനന്തരഫലമാണ്!

ദൈവത്തില്‍നിന്ന് മനുഷ്യരെ അകറ്റി ആത്മാവിനെ നിത്യനാശത്തില്‍ പതിപ്പിക്കുന്നതിനായി ചില ഭൗതീക സൗകര്യങ്ങള്‍ സാത്താന്‍ ചെയ്തുതരും. ഇത് മനുഷ്യരോടുള്ള അവന്റെ സ്നേഹം കൊണ്ടല്ല; മറിച്ച് രക്ഷയില്‍നിന്ന് അവരെ അകറ്റുന്നതിനാണ്. പിശാചിനെ പൂജിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന ചില താത്ക്കാലിക നേട്ടങ്ങളെക്കുറിച്ച് ബൈബിളില്‍ നല്‍കിയിരിക്കുന്ന സൂചനകള്‍ അറിഞ്ഞിരിക്കണം. യേഹ്ശുവായെ മരുഭൂമിയില്‍വച്ച് പരീക്ഷിക്കുമ്പോള്‍ സാത്താന്‍ നല്‍കിയ വാഗ്ദാനം എന്താണെന്നു നോക്കുക: "നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ: 4; 9). ഈ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവനിതു പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തില്‍ കുറച്ചുകൂടി വ്യക്തമായി ഇത് കുറിച്ചിട്ടുണ്ട്. എല്ലാം കാണിച്ചുകൊണ്ട് സാത്താന്‍ ഇങ്ങനെ പറഞ്ഞു: "ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റെതാകും"(ലൂക്ക: 4; 6, 7).

ഈ ഭൂമിയിലുള്ളവയെല്ലാം തനിക്കു നല്‍കപ്പെട്ടിരിക്കുന്നു എന്ന വാചകത്തില്‍ ഒരു യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ട്. നല്‍കപ്പെട്ടിരിക്കുന്നു എന്ന പ്രയോഗത്തില്‍ മറ്റാരോ നല്‍കിയതാണ് എന്ന വസ്തുതയാണ് വ്യക്തമാകുന്നത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം, പിശാചിന് ഇവയുടെമേല്‍ അധികാരം നല്‍കിയിട്ടില്ല. അപ്പോള്‍ ആരായിരിക്കും ഈ കൈമാറ്റം നടത്തിയത്? ഇതിനുള്ള ഉത്തരവും ബൈബിളിലുണ്ട്!

"നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉല്‍പ: 1; 26). മനുഷ്യനു ദൈവം നല്‍കിയ ഈ ആധിപത്യം എങ്ങനെയാണ് സാത്താന്റെ കൈവശം എത്തിച്ചേര്‍ന്നത്? സാത്താന്‍ അവകാശപ്പെട്ട ഈ നല്‍കപ്പെടല്‍ ദൈവത്തില്‍ നിന്നായിരുന്നില്ല; മറിച്ച് അവകാശികളായി ദൈവം ആക്കിവച്ച മനുഷ്യരില്‍നിന്നായിരുന്നു എന്നതു വ്യക്തം! ഈ അവകാശത്തെപ്രതി യേഹ്ശുവായോട് സാത്താന്‍ വില പേശിയതാണ് മരുഭൂമിയില്‍ കാണുന്നത്. തന്നെ ആരാധിച്ചാല്‍ ഇവയെല്ലാം തിരിച്ചുനല്‍കാമെന്ന വാഗ്ദാനം യേഹ്ശുവായ്ക്കുമുമ്പില്‍ അവന്‍ വയ്ക്കുന്നു. ഇതു തിരിച്ചുപിടിക്കാനും അവനെ നശിപ്പിക്കാനുമാണ് യേഹ്ശുവാ വന്നിരിക്കുന്നതെന്ന് സാത്താന് ഉറപ്പുണ്ടായിരുന്നു. അതിനായി യേഹ്ശുവാ അനുഭവിക്കേണ്ട സഹനത്തില്‍നിന്ന് വ്യതിചലിപ്പിച്ച് വസ്തുവകകള്‍ തിരിച്ചു നല്‍കുന്ന കീഴടങ്ങലാണ് സാത്താന്‍ ഉദ്ദേശിച്ചത്.

സാത്താനെ നശിപ്പിക്കാതെതന്നെ ഒരു കരാറ് യേഹ്ശുവായില്‍നിന്ന് നേടാന്‍ അവന്‍ ശ്രമിച്ചു. അവനറിയാം ഇത് വീണ്ടും തനിക്കുതന്നെ വന്നുചേരുമെന്ന്! മനുഷ്യര്‍ക്കായി യേഹ്ശുവാ തിരിച്ചുപിടിക്കുന്നവയെല്ലാം കൗശലത്തിലൂടെ വീണ്ടും സ്വന്തമാക്കാന്‍ കഴിയുമെന്ന ചിന്തയാണ് സാത്താനെ ഈ കരാറിനു പ്രേരിപ്പിച്ചത്. അതുവഴി മനുഷ്യര്‍ക്കുള്ള ഒരു സന്ദേശവും അവന്‍ നല്‍കി. തന്നെ സേവിക്കുന്നവരെ ഭൌതീക നന്മകള്‍ നല്‍കി ഉയര്‍ത്തുമെന്നതാണ് ഈ സന്ദേശം. മാത്രവുമല്ല, ഈ കരാറിലൂടെ തന്റെ എന്നേക്കുമായ പരാജയം ഒഴിവാക്കാനും അവന്‍ ആഗ്രഹിച്ചു. ഇതിനു വഴങ്ങാതെ കുരിശിലെ ബലിവഴി സാത്താനെ പരാജയപ്പെടുത്തുകയും തന്നില്‍ വിശ്വസിക്കുന്നവരുടെമേല്‍ സാത്താനുള്ള എല്ലാ ആധിപത്യവും എന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് യേഹ്ശുവാ ചെയ്തത്.

സാത്താനെ സേവിക്കുമ്പോള്‍ അവന്‍ നല്‍കുമെന്ന് വാഗദാനം ചെയ്ത ഭൗതീക സമ്പത്തിനോടൊപ്പം ഒളിഞ്ഞിരിക്കുന്ന രണ്ടു ഭീകരമായ ദുരന്തം കൂടിയുണ്ട്. അവനെ സേവിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. പൈശാചിക സേവയിലൂടെ അവന്‍ നല്‍കുന്ന സൗകര്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആദ്യമായി ലഭിക്കുന്ന ദുരന്തം പരിപൂര്‍ണ്ണ ആത്മീയ നാശമാണ്! ദൈവത്തില്‍നിന്ന് പൂര്‍ണ്ണമായി അകന്നുവെന്ന് ബോധ്യമാകുമ്പോള്‍ മാത്രമാണ് രണ്ടാമത്തെ സമ്മാനം നല്‍കുകയുള്ളു. താന്‍ നല്‍കിയ സൌകര്യങ്ങള്‍ മുഴുവനായും പിന്‍വലിക്കുന്നതോടൊപ്പം ഭൌതീകമായ മഹാദുരന്തങ്ങളും ചേര്‍ന്നതാണ് ഈ സമ്മാനം! തകര്‍ച്ചകളും മഹാരോഗങ്ങളും അപകടമരണങ്ങളും ഈ സമ്മാന 'പാക്കേജില്‍' ഉണ്ട്! ഏതെല്ലാമാണ് പൈശാചികസേവകള്‍ എന്നത് അറിഞ്ഞാല്‍ നമുക്കു ചുറ്റുമുള്ള അനുഭവങ്ങള്‍ ഈ സത്യത്തിനു സാക്ഷ്യം നല്‍കും.

പൈശാചികസേവകള്‍  പലവിധം!

കുട്ടിച്ചാത്തന്‍സേവ, ചാത്തന്‍സേവ തുടങ്ങിയ പരസ്യമായ പൈശാചിക ആരാധനകള്‍പോലെതന്നെ വ്യാജദൈവങ്ങളെ സേവിക്കുന്നതും അങ്ങനെതന്നെ. സത്യദൈവമല്ലാത്ത ഒന്നിനെ ദൈവമായി പരിഗണിച്ചു സേവിക്കുമ്പോള്‍ ആ ആരാധനയെ സ്വീകരിക്കുന്നത് സാത്താനാണ്! അതുകൊണ്ടാണ് "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് ദൈവത്തിനല്ല; പിശാചിനാണ്"(1 കോറി: 10; 20). എന്ന് ബൈബിളിലെ സത്യദൈവം പറഞ്ഞിരിക്കുന്നത്. വിജാതിയ ദേവന്മാരെ ആരാധിക്കുന്നവര്‍ക്ക് താത്ക്കാലികമായ അനുഗൃഹങ്ങള്‍ ലഭിക്കുന്നത് സാത്താന്റെ കൗശലമാണെന്നു തിരിച്ചറിവുണ്ടാകണം. മനുഷ്യന്‍ സത്യദൈവത്തിലേക്ക് തിരിയാതെ വ്യാജദൈവത്തില്‍ തളച്ചിടാന്‍ സാത്താനൊരുക്കുന്ന കുതന്ത്രമാണിത്. താന്‍ വിളിച്ചാല്‍ ഓടിവന്ന് എന്നെ സഹായിക്കുന്നവനാണ് എന്റെ ദേവന്‍ എന്നൊക്കെ പലരും പറയാറുള്ളത് ഈ കാരണം കൊണ്ടാണ്. ഏതെങ്കിലും കലാകാരന്റെ ഭാവനയില്‍ ഉണ്ടായ ദേവന്മാര്‍പോലും ഇങ്ങനെ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഉഗ്രമൂര്‍ത്തികളായി!

വളരെ അപകടമായ മറ്റൊരു പ്രവണത ക്രൈസ്തവരെപ്പോലും പിടികൂടിയിട്ടുണ്ട്. സാത്താന്‍  ഒരുക്കുന്ന ഈ കൌശലവും ജാഗ്രതയോടെ കാണേണ്ടതാണ്. എല്ലാ തിന്മകളിലും വ്യാപരിക്കുന്ന  ചിലര്‍ ഇങ്ങനെ പറയാറുണ്ട്: 'ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറില്ലെങ്കിലും  എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ദൈവമേ രക്ഷിച്ചേക്കണേ എന്നു പറയും. അപ്പോള്‍തന്നെ  ദൈവമെന്നെ സഹായിക്കും' മോഷ്ടിക്കാന്‍ പോകുമ്പോള്‍പോലും മോഷ്ടാക്കള്‍ ദൈവത്തോട്  ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മോഷ്ടിക്കാന്‍ പോകുമ്പോഴും  വ്യഭിചാരത്തിനുപോകുമ്പോഴും സംരക്ഷിക്കുന്ന ദൈവം സത്യദൈവമല്ല. ദൈവത്തെ  ആരാധിക്കാതിരിക്കുകയോ ആത്മീയതയില്‍നിന്ന് വേറിട്ട് ജീവിക്കുകയോ ചെയ്യുന്നവരും, തിന്മ പ്രവര്‍ത്തിക്കുന്നവരുമൊക്കെ ദൈവത്തെ വിളിക്കുമ്പോള്‍ അവിടെ സഹായവുമായി  എത്തുന്നത് ദൈവമാണെന്നത് അസത്യമാണ്!

ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയെന്ന ധാരണ ഒരുവനില്‍ ഉണ്ടാക്കാന്‍ സാത്താനൊരുക്കുന്ന  തന്ത്രമാണിത്. അതിഗുരുതരമായ ഒരു പ്രശ്നം വരുമ്പോള്‍ ഈ സാത്താന്‍ സഹായത്തിനായി  വരില്ല. അപ്പോഴും ദൈവത്തിനായിരിക്കും പഴി കേള്‍ക്കേണ്ടി വരുന്നത്. തന്നെ എപ്പോഴും  സഹായിച്ച ദൈവം ഇവിടെ എന്നെ കൈവെടിഞ്ഞുവെന്ന് അവന്‍ പറയും! അതുകൊണ്ട്, ദൈവമെന്നു  വിളിക്കുമ്പോഴെല്ലാം ഓടിവന്ന് സഹായിക്കുന്നത് ദൈവമായിരിക്കണമെന്നില്ല!

ഇതിനേക്കാളെല്ലാം ഗുരുതരമായതും ആധുനികവുമായ സാത്താന്യ  ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും  ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും  അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!

പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; യേഹ്ശുവായെ  അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംബ്ലം' ആണ്!

ദൈവം ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ്  ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ  വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ  തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക്  ഉപയോഗിക്കും.

തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേഹ്ശുവാ പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേഹ്ശുവായെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേഹ്ശുവായുടെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!

ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ 'എക്സിക്യുട്ടീവ്‌'കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.

'കറുത്ത' കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍  ഇന്ന് വളരെയധികമാണ്. 'പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്! ഏതെല്ലാം സ്ഥാപനങ്ങളും ഉത്പന്നങ്ങളുമാണ് സാത്താന്റെ 'സഭയെ' 'സ്പോണ്‍സര്‍' ചെയ്തിരിക്കുന്നത് എന്ന വിവരം മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സോളമന്‍ രാജാവിനെ നശിപ്പിച്ച '666' എന്നലേഖനത്തില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നു. അതു വായിച്ചിട്ടില്ലാത്തവര്‍ക്കായി ആ 'ലിങ്ക്' ഇവിടെ ചേര്‍ ക്കുകയാണ്:'ലിങ്ക്'

ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ: 5; 4).

വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. "വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ: 4; 12). ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേഹ്ശുവാ കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേഹ്ശുവായോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.

ഒരു പാപിയെ എന്തിനാണ് പിശാചിന് എല്പിച്ചുകൊടുക്കുന്നത് എന്ന വിഷയത്തെക്കുറിച്ച്  ചിന്തിക്കാനാണ് ഇത്രയും വിവരണം നല്‍കിയത്. പിശാചിനു മനുഷ്യരോടുള്ള ബന്ധവും അവന്റെ  ആധിപത്യത്തില്‍ കെട്ടപ്പെടുന്ന ഒരു വ്യക്തിക്ക് അവസാനം സംഭവിക്കുന്ന അധഃപതനവും  അറിഞ്ഞിരുന്നാല്‍ മാത്രമേ നാം ചിന്തിക്കുന്ന വിഷയം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍  കഴിയുകയുള്ളൂ. ഈ വിവരണത്തില്‍നിന്ന് യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കാനുള്ള  സമയമായതിനാല്‍ നമ്മുടെ ചിന്തകളെ അവിടേക്ക് തിരിക്കാം.

പിശാചിന്‌ ഏല്പിക്കുന്ന ദൈവശുശ്രൂഷ!

ബൈബിളിലെ ചില സംഭവങ്ങളില്‍ ചിലരെ പിശാചിന് ഏല്പിച്ചുകൊടുക്കാനുള്ള ഉപദേശങ്ങള്‍ കാണുന്നുണ്ട്. എന്തുകൊണ്ടാണ് ക്രൂരനായ പിശാചിന് ഇവരെ ഏല്പിച്ചുകൊടുക്കുന്നതെന്ന് നമുക്കു നോക്കാം. അത്തരം ചില സംഭവങ്ങളെയും ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സത്യം അനേകം തവണ അറിയിച്ചിട്ടും മാനസാന്തരത്തോടു മറുതലിക്കുന്നവരെയും മറ്റുള്ളവരുടെ മാനസാന്തരത്തിനു തടസം നില്‍ക്കുന്നവരെയുമാണ് ഈ വിധത്തില്‍ പിശാചിനു വിട്ടുകൊടുക്കുന്നത് എന്നകാര്യം ആദ്യമേതന്നെ അറിഞ്ഞിരിക്കണം.

ദൈവത്തിന്റെ ക്രോധം ഭൂമിയെ വിഴുങ്ങാതിരിക്കാന്‍ ദുഷ്ടരെ നമ്മുടെ ഇടയില്‍നിന്ന് നീക്കിക്കളയണം. ശപിക്കപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ മണ്ണു  ശപിക്കപ്പെട്ടതാകും. സോദോമിലേക്ക് ദൈവത്തിന്റെ ക്രോധം ഇരച്ചുവന്നപ്പോള്‍ ആ പട്ടണത്തെയും അതില്‍ വസിച്ചിരുന്ന ജീവജാലങ്ങളെയും മാത്രമല്ല, ആ മണ്ണുപോലും ദഹിപ്പിക്കപ്പെട്ടു. ഇന്നും ലോകത്തിന് അതു ദൃഷ്ടാന്തമാണ്! അതിനാല്‍, ഭൂമി ഒന്നടങ്കം നശിക്കാതിരിക്കാന്‍ ദുഷ്ടരെ നീക്കിക്കളയേണ്ടത് അനിവാര്യമാകുന്നു. ഇത് അവസാനത്തെ നടപടിയായി ചെയ്യേണ്ട കാര്യമാണ് എന്നകാര്യം മറക്കരുത്.

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും  ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 28). എന്താണീ വചനത്തിന്റെ ആന്തരീകാര്‍ത്ഥമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുവന്‍ തന്റെ തിന്മയോടെ ദൈവത്തിന്റെ കരങ്ങളില്‍ പതിക്കുകയെന്നത് ഭയാനകമാണ്! ദൈവത്തിന്റെ കരുണയെമാത്രം വെളിപ്പെടുത്തുന്ന അപകടകാരികളായ വചനപ്രസംഗകര്‍ നിങ്ങളെ വഞ്ചിക്കുകയാണെന്നു തിരിച്ചറിയണം. അവസാന ചില്ലിക്കാശും കൊടുത്തുതീര്‍ക്കുവോളം കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമെന്ന് വെളിപ്പെടുത്തിയത് യേഹ്ശുവാതന്നെയാണ്. ദൈവത്തിന്റെ ശിക്ഷയെ മറച്ചുവച്ചുകൊണ്ട് കാരുണ്യത്തെമാത്രം പ്രസംഗിക്കുന്ന സുവിശേഷകര്‍ സാത്താന്റെ ഉപകരണങ്ങളായി വര്‍ത്തിക്കുകയാണു ചെയ്യുന്നത്! "മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 33). രക്ഷകനായ യേഹ്ശുവാ തമാശ പറഞ്ഞതാണെന്ന് ആരും കരുതരുത്!

പാപത്താല്‍ സ്വയം നശിക്കുകയും മറ്റുള്ളവരുടെ രക്ഷയ്ക്ക് തടസമായി നിലകൊള്ളുകയും ചെയ്യുന്നവരെ ഉപദേശത്തിലൂടെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരക്കാരെ പിശാചിന് ഏല്പിച്ചു കൊടുക്കുന്നത്. ദൈവത്തിന്റെ ക്രോധം അവരുടെമേല്‍ പതിക്കുന്നത് അതിലേറെ ഭയാനകമായിരിക്കും. പിശാചിന് എല്പിച്ചുകൊടുക്കുന്നതിലൂടെ അവരില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഇനി നമുക്ക് പരിശോധിക്കാം.

ഒരു വ്യക്തിയുടെ ആത്മാവിനെ നിത്യനരകത്തില്‍ പതിക്കാതെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ അവസാന മാര്‍ഗ്ഗമായിട്ടാണ് ഈ ശുശ്രൂഷയെ കാണാവൂ. പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഈ വചനത്തിലെ യഥാര്‍ത്ഥ പ്രക്രിയ സഭയില്‍നിന്ന് പുറത്താക്കുക എന്നതാണ്. സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന ഒരു വ്യക്തി സ്വാഭാവികമായും പിശാചിന്റെ ആധിപത്യത്തിലായിരിക്കും. സഭയെന്നത് രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ്. ഇതില്‍നിന്ന് പുറത്തുപോകുന്നവര്‍ വിജാതിയരാണ്.

വിജാതിയര്‍ പിശാചിനു ബലിയര്‍പ്പിക്കുന്നുവെന്ന വചനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇത് വളരെ ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളു. നാം ആരംഭത്തില്‍ പരിഗണിച്ച വചനം പൂര്‍ണ്ണമായി ഒന്നു പരിശോധിക്കാം. വചനം തുടങ്ങുന്നത് ഇങ്ങനെയാണ്: "വിജാതിയരുടെ ഇടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്ന് നീക്കിക്കളയുവിന്‍"(1 കോറി: 5; 1, 2). ഇവിടെ പൌലോസ് ഉപദേശിക്കുന്നത് സഭയില്‍നിന്ന് പുറത്താക്കാനാണ്.

തുടര്‍ന്നുവരുന്ന വചനങ്ങളിലാണ് പിശാചിന്  ഏല്പിക്കാനുള്ള ഉപദേശമുള്ളത്. "നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ നാമത്തിലും എന്റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ആത്മാവ് രക്ഷകനായ യേഹ്ശുവായുടെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ"(1 കോറി: 5; 5).

സഭയുടെ കൂട്ടായ്മയില്‍നിന്ന് പുറത്താക്കുന്നതും പിശാചിന് ഏല്പിച്ചുകൊടുക്കുന്നതും ഒരേഫലം ഉളവാക്കുന്ന പ്രവൃത്തിയാണെന്ന് ഈ വചനത്തിലൂടെ വ്യക്തമാകും. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന മറ്റൊരു ഉപദേശവുംകൂടി അപ്പസ്തോലന്‍ അറിയിക്കുന്നുണ്ട്. "ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളയുവിന്‍"(1 കോറി: 5; 13). വ്യഭിചാരികളോ വിഗ്രഹാരാധകരോ സഭയിലുണ്ടെങ്കില്‍ അവരെ നീക്കിക്കളയണമെന്ന് അപ്പസ്തോലന്‍ ഉപദേശിച്ചത് മറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ്. തിന്മയില്‍ വ്യാപരിച്ചിട്ടും ഇവര്‍ അംഗീകരിക്കപ്പെട്ടാല്‍ ദുര്‍ബലരായ വിശ്വാസികള്‍ക്ക് അത് ഇടര്‍ച്ചയ്ക്ക് കാരണമായേക്കാം.

അതുപോലെതന്നെ തിന്മ പ്രവര്‍ത്തിക്കുകയും മാനസാന്തരത്തിനു വിമുഖത കാണിക്കുകയും ചെയ്യുന്നവരുടെമേല്‍ വരാനിരിക്കുന്ന ദൈവീകക്രോധം അവര്‍ ആയിരിക്കുന്ന എല്ലാ മേഖലകളിലേക്കും പതിക്കും. അപ്പോള്‍ ഇവരെ അംഗീകരിക്കുകയും ഇവരോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സകലരുടെമേലും ക്രോധം ചൊരിയപ്പെടും. സഭയിലെ ഒന്നോ രണ്ടോ പുരോഹിതര്‍മൂലം ചില സഭകള്‍ ഇന്ന് നിന്ദിക്കപ്പെടുന്നത് ഇതിനു തെളിവാണ്! വചനം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ അവമാനം സഭയെ മുഴുവന്‍ കളങ്കപ്പെടുത്തുകയില്ലായിരുന്നു. വിച്ഛേദിച്ചു കളയേണ്ടവരെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍മൂലം മലിനമാകുമെന്നത് ഒരു പാഠമാകട്ടെ!

ഇന്ന് സഭകളില്‍ കാണുന്ന അവസ്ഥ ഈ വചനത്തിനു വിപരീതമാണെന്നത് വേദനാജനകമാണ്. എല്ലാവിധ അധാര്‍മ്മികതയിലും ജീവിക്കുന്നവര്‍ സഭകളില്‍ അംഗീകരിക്കപ്പെടുകയും ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നത് വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്നു. മാത്രവുമല്ല, വിജാതിയര്‍ക്കുമുന്നില്‍ ക്രിസ്തീയത അവമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആദിമ ക്രൈസ്തവസഭയുടെ സാക്ഷ്യം പലരേയും ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായെങ്കില്‍ ഇന്ന് സഭകളുടെ കൂട്ടായ്മകളില്‍നിന്ന് സഭാമക്കളെപ്പോലും അകറ്റുന്നുവെന്നതാണു യാഥാര്‍ത്ഥ്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ വ്യാജദൈവങ്ങളിലേക്കും മനുഷ്യദൈവങ്ങളിലേക്കും തിരിയുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അസ്സന്‍മാര്‍ഗ്ഗികളുടെ ഗുഹകളായി സഭകള്‍ മാറാതിരിക്കാന്‍ ദൈവം നല്‍കിയ മുന്നറിയിപ്പിനെ അവഗണിച്ചപ്പോള്‍ വന്നുഭവിച്ച ദുരന്തമാണിത്. അതുപോലെതന്നെ വചനത്തില്‍നിന്ന് വ്യതിചലിച്ച് വിജാതിയ അനുകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വിജാതിയതയില്‍നിന്നു വ്യത്യസ്ഥമായി ഒന്നും ക്രിസ്തീയതയില്‍ കാണാന്‍ കഴിയാത്തത് സത്യത്തെ സ്വീകരിക്കുന്നതില്‍നിന്നു മനുഷ്യരെ അകറ്റി.

വിജാതിയര്‍ക്കു മാത്രമല്ല, വിശ്വാസികളില്‍ ചിലര്‍ക്കുപോലും സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്ന ഇത്തരം അവസ്ഥകളെ തിരിച്ചറിഞ്ഞ്, അവയെ എതിര്‍ക്കേണ്ടത് ക്രിസ്തുവിനെ സ്നേഹിക്കുന്നവരുടെ കടമയാണ്.

പിശാചിന് ഏല്പിച്ചുകൊടുക്കല്‍ മാനസാന്തരത്തിനു കാരണമാകുമോ?

ദുഷ്ടനും ചതിയനുമായ പിശാചിന്റെ കൈകളില്‍ ഒരു വ്യക്തിയെ ഏല്പിച്ചുകൊടുത്താല്‍  എങ്ങനെയാണ് ആ വ്യക്തി മാനസാന്തരപ്പെടുന്നത് എന്ന ചോദ്യം ന്യായമാണ്! ഒന്നുകൂടി വലിയ  അധഃപതനമല്ലെ ഉണ്ടാകൂ എന്നു ചിന്തിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, സാത്താന്റെ സ്വഭാവവും വചനവും വ്യക്തമായി അറിയുമ്പോള്‍ ഈ തെറ്റിദ്ധാരണ മാറും. ഇതു  വ്യക്തമാക്കാനാണ് ആരംഭത്തില്‍തന്നെ സാത്താനെക്കുറിച്ച് വിശാലമായ വിവരണം  നല്‍കിയത്.

ഒരു വ്യക്തിയെ പിശാചിന് ഏല്പിച്ചുകൊടുക്കുമ്പോള്‍ അവനെ പിശാച് സംരക്ഷിക്കുകയല്ല ചെയ്യുന്നത്; മറിച്ച്, അവന്റെമേല്‍ അനര്‍ത്ഥങ്ങള്‍ വരുത്തുകയാണു ചെയ്യുന്നത്. സാത്താനു മനുഷ്യരോടുള്ള അടങ്ങാത്ത പകയുടെ കാരണം വ്യക്തമാക്കിയിരുന്നല്ലോ! ഈ കാരണത്താല്‍ ഒരു മനുഷ്യനെ അന്ത്യംവരെയും സഹായിക്കുവാന്‍ സാത്താനു കഴിയില്ല. അവനെ പൂര്‍ണ്ണമായും ദൈവത്തില്‍നിന്ന് അകറ്റിയതിനുശേഷം പീഡനത്തിനു വിധേയനാക്കും. സാത്താനെ സേവിക്കുന്നവര്‍ക്ക് തലമുറകളായി സംഭവിക്കുന്ന ദുരന്തങ്ങള്‍ ഈ പീഡനത്തിന്റെ ഭാഗമാണ്. രോഗങ്ങള്‍കൊണ്ടും എല്ലാവിധ തകര്‍ച്ചകള്‍ക്കൊണ്ടും പിശാച് പീഡിപ്പിക്കും. ദൈവത്തിന്റെ ഛായയിലുള്ള മനുഷ്യനെ പീഡിപ്പിക്കുന്നതിലൂടെ സാത്താന്‍ സന്തോഷം കണ്ടെത്തുന്നു.

സത്യദൈവത്തെ സേവിക്കുന്ന ഒരുവന്റെമേല്‍ സാത്താന് അവകാശമില്ലാത്തതിനാല്‍ അവരെയും ദൈവത്തെയും തമ്മില്‍ അകറ്റുകയെന്ന ആദ്യപടിയാണു സാത്താന്‍ നല്‍കുന്ന സഹായങ്ങള്‍! സാത്താന്‍ നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെമേല്‍ മാത്രമാണ് അവന് അധികാരമുള്ളു. അധികാരം ഒരുവനില്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ സൗകര്യങ്ങള്‍ പിന്‍വലിക്കുകയും പീഡനത്തിനു വിധേയനാക്കുകയും ചെയ്യും!

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ദുരന്തം വരുത്തുന്നത് ദൈവമല്ല; പിശാചാണ്. എന്നാല്‍, ഈ സത്യം സാത്താന്‍ മറച്ചുവച്ചിരിക്കുന്നു. ലോകസുഖങ്ങളില്‍ മുഴുകി ജീവിക്കുന്ന ഒരുവന്‍ ദൈവത്തിലേക്ക് തിരിയാന്‍ വൈമുഖ്യം കാണിക്കുന്നുവെങ്കിലും, തന്റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ വന്നുചേരുമ്പോള്‍ ഒരുപക്ഷെ അവന്‍ ദൈവത്തിലേക്ക് തിരിഞ്ഞേക്കാം. അപ്രകാരം ആത്മീയരായി മാറിയ അനേകരെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ! രോഗങ്ങളും ദുരിതങ്ങളും വേട്ടയാടുമ്പോള്‍ ധ്യാനമന്ദിരങ്ങളിലേക്ക് ഓടുന്നവരെ നാം നിത്യവും കാണുന്നുണ്ട്.

സാത്താനോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവനില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ ഒരുവനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചേക്കാം. ഇതാണു പൗലോസ് അപ്പസ്തോലന്‍ സൂചിപ്പിച്ചിരിക്കുന്നത്! രക്ഷപെടും എന്ന ഉറപ്പല്ല അപ്പസ്തോലന്‍ നല്‍കുന്നത്. മറിച്ച്, സാധ്യത മാത്രമേ സൂചിപ്പിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് അവസാന മാര്‍ഗ്ഗമായി നടപ്പാക്കേണ്ട പ്രക്രിയയുമാണ്! മറ്റുള്ളവരുടെ രക്ഷയ്ക്കു തടസമായി നിലകൊള്ളുകയോ ദുഷ്പ്രേരണയ്ക്കു കാരണമാവുകയോ ചെയ്യുന്നവരെ അനേകരുടെ രക്ഷയെക്കരുതി പിശാചിന് ഏല്പിച്ചുകൊടുക്കണം.

തിന്മയില്‍ മുഴുകി ജീവിക്കുന്ന ഏതൊരുവനെയും ഉടന്‍തന്നെ സാത്താനു വിട്ടുകൊടുക്കുകയല്ല; മറിച്ച്, ചില ഘട്ടങ്ങള്‍ വചനം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ അവന്‍ തനിച്ചായിരിക്കുമ്പോള്‍ ഉപദേശിക്കുകയാണ് ആദ്യഘട്ടം. തന്നെ അനുസരിക്കാത്ത അവസരത്തില്‍ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഉപദേശിക്കുവാന്‍ വചനം നിര്‍ദ്ദേശം തരുന്നു. സാക്ഷികളുടെ സാന്നിധ്യത്തിലും അനുസരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ സഭയെ അറിയിക്കാനാണ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് പറയുന്നത്. സഭയേയും അനുസരിക്കാത്തവനായി തന്റെ ചെയ്തികളില്‍ തുടരുന്നപക്ഷം അവന്‍ പിന്നീടു വിജാതിയനെപ്പോലെ ആയിരിക്കട്ടെയെന്നു ബൈബിള്‍ നിര്‍ദ്ദേശിക്കുന്നു. അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് തിരുവചനത്തിലൂടെ നമുക്ക് ലഭിക്കുന്ന ഉപദേശം.

'ക്യാന്‍സര്‍' ബാധിച്ച ശരീരഭാഗം മുറിച്ചുമാറ്റുന്നത് ചികിത്സയുടെ ആദ്യപടിയല്ല; മറ്റൊരു ചികിത്സയും ഫലിക്കാതെ വരുമ്പോഴാണ്! ഇത് ശരീരത്തെ ഒരുപക്ഷെ മരണത്തില്‍നിന്ന് രക്ഷിച്ചേക്കാം. സഭയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന ചില അവയവങ്ങളെ മുറിച്ചുമാറ്റുന്നത് എന്തിനാണെന്നു നമുക്കു ചിന്തിക്കാന്‍ സാധിക്കും! വിശ്വാസികളുടെ സമൂഹമാണ് സഭ! അവിടെ അവിശ്വാസികള്‍ക്കും ദുര്‍മ്മാര്‍ഗ്ഗികള്‍ക്കും എന്തുകാര്യം?

ആത്മാവിനെ നിത്യശിക്ഷയ്ക്കു വിധിക്കാന്‍ അധികാരമുള്ള ദൈവത്തിന്റെ കരങ്ങളില്‍ ചെന്നു പാപത്തോടെ പതിക്കുകയെന്നത് ഏറെ ഭയാനകമാണെന്ന് ഓര്‍മ്മിക്കുക! വചനം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്റെതാണ്. ഞാന്‍ പകരംവീട്ടും എന്നും യാഹ്‌വെ തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്"(ഹെബ്രാ: 10; 29-31).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2594 views

LOG IN

Lost your password?

SIGN UP

LOST PASSWORD