അറിഞ്ഞിരിക്കാന്‍

റഷ്യയുടെ മാനസാന്തരവും ചില കള്ളക്കഥകളും!

Print By
about

സോവ്യറ്റ് യൂണിയന്‍ തകര്‍ന്നടിയുന്നതുവരെ എല്ലാ പ്രാര്‍ത്ഥനക്കാരുടെയും പ്രധാന വിലാപം റഷ്യയുടെ മാനസാന്തരത്തെക്കുറിച്ചായിരുന്നു. അന്നത്തെ പോപ്പായിരുന്ന ജോണ്‍പോള്‍ റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ സകല വിശ്വാസികളോടും ആഹ്വാനംചെയ്യുകയുമുണ്ടായി. അന്നത്തെക്കാലത്ത് കന്യാസ്ത്രി മഠങ്ങളിലെയെല്ലാം മുഖ്യ പ്രാര്‍ത്ഥനാനിയോഗം റഷ്യയുടെ മാനസാന്തരത്തിനുള്ളതായിരുന്നു. എന്താണ് റഷ്യയെന്നോ അവിടുത്തെ പ്രശ്നം എന്താണെന്നോ അറിയാത്തവര്‍പ്പോലും ഈ രാജ്യത്തിനുവേണ്ടി കണ്ണീര്‍ പൊഴിച്ചു!

1917-ലെ റഷ്യന്‍ വിപ്ലവത്തിന്റേയും, 1918 മുതല്‍ 1921 വരെ നടന്ന റഷ്യന്‍ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി റഷ്യന്‍ സാമ്രാജ്യത്തെ നീക്കംചെയ്ത് ആ ഭൂപ്രദേശത്ത് നിലവില്‍വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ സോവിയറ്റ് യൂണിയന്‍ അഥവാ യു.എസ്.എസ്.ആര്‍. (യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). വിവിധ സാമ്രാജ്യങ്ങളെ ഇല്ലാതാക്കുകയും ഈ സാമ്രാജ്യങ്ങള്‍ക്കുപരിയായി മറ്റൊരു സാമ്രാജ്യം സ്ഥാപിക്കുകയുമായിരുന്നു സോവ്യറ്റ് യൂണിയനിലൂടെ നടപ്പാക്കപ്പെട്ടത്. രാജാക്കന്മാര്‍ തങ്ങളുടെ തലമുറകളിലേക്ക് അധികാരം കൈമാറുന്നതാണ് രാജഭരണത്തിലെ ഏകാധിപത്യമെങ്കില്‍, ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍, തങ്ങളുടെ പിന്‍ഗാമികലിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്ന രീതിയാണ് ആധുനിക ഏകാധിപത്യം! കമ്യൂണിസമാണ് ഇത്തരം ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം! റഷ്യയിലെയും സമീപപ്രദേശങ്ങളിലെയും രാജത്വത്തെയും ജന്മിത്വത്തെയും തുടച്ചുനീക്കുകയും ജനങ്ങളെ മറ്റൊരു അടിമത്വത്തില്‍ അകപ്പെടുത്തുകയും ചെയ്തപ്പോള്‍, മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടു! ഇതില്‍നിന്നുള്ള മോചനമാണ് 1991-ല്‍ യാഥാര്‍ത്ഥ്യമായത്.

സോവ്യറ്റ് യൂണിയനിലെ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി അനേകം കഥകള്‍ നാം കേട്ടിട്ടുണ്ട്. ബ്രിട്ടനും അമേരിക്കയും പ്രചരിപ്പിക്കുന്ന നിറംപിടിപ്പിച്ച കഥകളായിരുന്നു ഇവയിലേറെയും! ക്രൈസ്തവസഭകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ഒരുകാലത്തെ 'ഹോളിവുഡ്' സിനിമകളിലെ ഇതിവൃത്തങ്ങളില്‍ ഏറിയപങ്കും സോവ്യറ്റ് യൂണിയനെ പരിഹസിക്കുന്നതായിരുന്നു. അമേരിക്കന്‍ ദേവന്മാരും സോവ്യറ്റ് അസുരന്മാരും തമ്മിലുള്ള യുദ്ധങ്ങളുടെ കഥകള്‍ പരമ്പരയായിത്തന്നെ ഇറങ്ങിയിട്ടുണ്ട്! ഇന്ത്യയില്‍ ആര്യന്മാരുടെ അധിനിവേശം നടക്കുകയും ദ്രാവിഡരുടെമേല്‍ ഇവര്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തപ്പോള്‍ ചില കഥകള്‍ രചിക്കപ്പെട്ടു. ആര്യന്മാര്‍ ഉണ്ടാക്കിയ ഈ കഥകളില്‍ തങ്ങള്‍ നന്മയുടെ പ്രതീകങ്ങളായ ദേവന്മാരും തിന്മയുടെ പ്രതീകങ്ങളായി ദ്രാവിഡന്മാരും കഥാപാത്രങ്ങളായി. ദ്രാവിഡരെക്കുറിച്ച് ജനങ്ങളില്‍ അവജ്ഞ ജനിപ്പിക്കാന്‍ ആര്യന്മാര്‍ കൗശലപൂര്‍വ്വം മെനഞ്ഞുണ്ടാക്കിയ സാങ്കല്പിക കഥാപാത്രങ്ങളായിരുന്നു അസുരന്മാര്‍! രാമായണവും മറ്റ് ഇതിഹാസങ്ങളും ഇങ്ങനെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. ഇതിനോടു സമാനമായിരുന്നു ഒരുകാലത്ത് അമേരിക്ക നിര്‍മ്മിച്ച 'ഹോളിവുഡ്' സിനിമകള്‍!

റഷ്യന്‍ വിപ്ലവങ്ങളുടെ ആദ്യനാളുകളിലും കമ്യൂണിസത്തിന്റെ ആരംഭദശയിലും കടുത്ത പീഡനങ്ങള്‍ ഉണ്ടായിരുന്നുവന്നത് യാഥാര്‍ത്ഥ്യമാണ്. മതപീഡനവും മനുഷ്യാവകാശലംഘനവും എല്ലാ സീമകളെയും അതിലംഘിക്കുന്നതായിരുന്നുവെങ്കിലും അവയൊന്നും അധികകാലം നീണ്ടുനിന്നിട്ടില്ല! ജോസഫ് സ്റ്റാലിന്‍ എന്ന പിശാചിന്റെ കാലത്തുണ്ടായതുപോലുള്ള മതപീഡനങ്ങള്‍ സോവ്യറ്റ് യൂണിയന്റെ ചരിത്രത്തിലുടനീളം ഉണ്ടായിരുന്നുവെന്നു കരുതുന്നതും തെറ്റാണ്! ഈ യാഥാര്‍ത്ഥ്യങ്ങളെ അന്വേഷിച്ചുകൊണ്ടുള്ള ഒരു ആത്മീയയാത്രയാണ് ഇവിടെ നാം നടത്തുന്നത്. റഷ്യയില്‍ നടന്ന വിപ്ലവങ്ങളുടെയും വിമോചനസമരങ്ങളുടെയും ഏകദേശരൂപമെങ്കിലും അറിഞ്ഞിരുന്നാല്‍ മാത്രമേ റഷ്യയുടെ മാനസാന്തര കഥയുടെ സത്യവും മിഥ്യയും കണ്ടെത്താന്‍ കഴിയുകയുള്ളു.

ഈ യാത്ര ആരംഭിക്കുന്നതിനു മുന്‍പേ ഇതിലേക്കു നയച്ച കാരണംകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഈ അടുത്തനാളില്‍ ഫെയ്സ്ബുക്കില്‍ കാണാനിടയായ ഒരു പ്രാര്‍ത്ഥനയാണ് ഇങ്ങനെയൊരു ലേഖനത്തിന്റെ അനിവാര്യത മനോവയെ ഓര്‍മ്മിപ്പിച്ചത്. 'റഷ്യയെ മാനസാന്തരപ്പെടുത്തിയ പ്രാര്‍ത്ഥന' എന്നായിരുന്നു ആ 'പോസ്റ്റിന്റെ' ശീര്‍ഷകം. ഈ തലക്കെട്ട്‌ വായിച്ചപ്പോഴാണ് റഷ്യ മാനസാന്തരപ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നവരുടെ കുടിലതയെക്കുറിച്ചു മനോവ ചിന്തിച്ചത്! ഇത് ഈ ലേഖനത്തിന്റെ അന്ത്യത്തില്‍ നമുക്കു പരിശോധിക്കാം.

ഫെബ്രുവരി വിപ്ലവവും ബോള്‍ഷെവിക് വിപ്ലവവും!

1917-ല്‍ റഷ്യയില്‍ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രവരിയില്‍ നടന്ന ഒന്നാമത്തെ വിപ്ലവത്തില്‍ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം സ്ഥാപിതമായി. ലെനിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ വിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി(ജൂലിയന്‍ കലണ്ടര്‍ പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ്‌ റഷ്യന്‍ വിപ്ലവം.

റഷ്യയില്‍ അന്ന് നിലവിലിരുന്ന ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോള്‍ പൊതുവേ ഉപയോഗത്തിലുള്ള ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 2-ന്‌) സാര്‍ നിക്കോളാസ് രണ്ടാമന്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുകയും തുടര്‍ന്ന് ജോര്‍ജി ലവേവിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലികസര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. സാര്‍ നിക്കോളാസ് നിയമിച്ച ലവേവിന് സര്‍ക്കാറില്‍ പിന്തുണ ഉറപ്പാക്കാനാവാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കീഴില്‍ നിയമമന്ത്രിയായിരുന്ന സോഷ്യല്‍ റെവല്യൂഷനറി പാര്‍ട്ടിയിലെ അലക്സാണ്ടര്‍ കെറന്‍സ്കി താല്‍ക്കാലികസര്‍ക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്വത്തില്‍ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമര്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് പാര്‍ട്ടിക്ക് വളരാന്‍ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിന്‍ പലായനം ചെയ്തിരിക്കുകയായിരുന്നു.

ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലാകെ ബോള്‍ഷെവിക്കുകളും താല്‍ക്കാലികസര്‍ക്കാറിന്റെ അനുകൂലികളും തമ്മില്‍ സംഘര്‍ഷം നിലനിന്നു. തുടക്കത്തില്‍ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താല്‍ക്കാലികസര്‍ക്കാര്‍ തടഞ്ഞുനിര്‍ത്തി. എന്നാല്‍, ഓട്ടൊമന്‍ തുര്‍ക്കിയുടെ ആക്രമണത്തെ തടയാന്‍, കോക്കസസില്‍ 5 ലക്ഷത്തോളം പട്ടാളക്കാരെ സര്‍ക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യന്‍ സര്‍ക്കാരില്‍ കടുത്ത രാഷ്ട്രീയ-സാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സായുധവിപ്ലവത്തിലൂടെ കെറന്‍സ്കിയുടെ താത്കാലികസര്‍ക്കാരിനെ അട്ടിമറിച്ചു. ജൂലിയന്‍ കലണ്ടര്‍ 1917 ഒക്ടോബര്‍ 24,25 തിയതികളിലാണ് (ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 6,7) ബോള്‍ഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബര്‍ വിപ്ലവം എന്നും പറയാറുണ്ട്.

ജോസഫ് സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതി!

1922 മുതല്‍ 1953 വരെ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നുകൊണ്ട് സോവിയറ്റ് യൂണിയന് നേതൃത്വം നല്‍കിയ ആളാണ് ജോസഫ് സ്റ്റാലിന്‍. ആ കാലഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അദ്ദേഹം കൈക്കൊണ്ട നയങ്ങളെ ഇന്ന് സ്റ്റാലിനിസം എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

സോവിയറ്റ് യൂണിയനില്‍ ഒരു കേന്ദ്രീകൃത സാമ്പത്തികനയം സ്റ്റാലിന്‍ നടപ്പിലാക്കി. കാര്‍ഷിക രാജ്യമായ സോവിയറ്റ് യൂണിയനില്‍ നിര്‍ബന്ധിത വ്യവസായവത്ക്കരണം നടപ്പിലാക്കിയതും ഇദ്ദേഹമായിരുന്നു. ആദ്യകാലങ്ങളില്‍ പാര്‍ട്ടിയുടെ പല സെക്രട്ടറിമാരില്‍ ഒരാളായിരുന്നപ്പോള്‍ സ്റ്റാലിന്റെ അധികാരങ്ങളും പരിമിതമായിരുന്നു. എന്നാല്‍, ക്രമേണ ശക്തിനേടിയ സ്റ്റാലിന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.

സോവിയറ്റ് യൂണിയനിലെ വ്യവസായ മേഖല ഉന്നമനം കൈവരിച്ചുവെങ്കിലും ലക്ഷക്കണക്കിന് ജനങ്ങള്‍ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930 കളുടെ അവസാന കാലഘട്ടത്തില്‍ 'ഗ്രേറ്റ് പര്‍ജ്' (മഹാ ശുദ്ധീകരണം) എന്ന പേരില്‍ ഒരു രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയര്‍ത്തിയ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ കലയളവില്‍ വധിക്കപ്പെടുകയോ സൈബീരിയയിലേയും മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിലെ (1939–1945) നാസികളുടെ പരാജയത്തില്‍ സ്റ്റാലിന്റെ ഭരണത്തിന്‍കീഴിലുള്ള സോവിയറ്റ് യൂണിയന്‍ പ്രധാന പങ്കുവഹിച്ചു. സ്റ്റാലിന്റെ ഭരണത്തിന്‍കീഴില്‍തന്നെയാണ് സോവിയറ്റ് യൂണിയന്‍ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളില്‍ ഒന്നായിമാറിയതും. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണംവരെ നിലനിന്നു. തങ്ങളുടെ സാമ്രാജ്യത്വത്തിന്റെ അപ്രമാധിത്വത്തെ ചോദ്യംചെയ്യാന്‍ കഴിവുള്ള ഒരു ബദല്‍ശക്തിയെ അമേരിക്ക എതിര്‍ക്കുകയെന്നത് സ്വാഭാവികമാണ്. ഇതിനായി അമേരിക്കയുടെ ഔദാര്യത്തില്‍ കഴിയുന്ന രാജ്യങ്ങളെയും സംഘടനകളെയും ഇവര്‍ തങ്ങളുടെ ചട്ടുകങ്ങളായി ഉപയോഗിച്ചു! സ്റ്റാലിന്‍ ഒരു കിരാതനായ സ്വേച്ഛാധിപതിയായിരുന്നുവെങ്കിലും അനേകരെ സ്വാധീനിക്കാന്‍ ഇയാള്‍ക്കു സാധിച്ചിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് 'ദ ഹന്‍ഡ്രഡ്' എന്നപേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയില്‍ അറുപത്തിയാറാം സഥാനം സ്റ്റാലിനാണ്.

ഹിറ്റ്ലര്‍ കൊന്നോടുക്കിയതിനേക്കാള്‍ ഏറെ മനുഷ്യരുടെ ജീവനെടുത്ത കിരാതനായിരുന്നു ജോസഫ് സ്റ്റാലിനെങ്കിലും, തന്റെ ചെയ്തികളില്‍ മിക്കതും ഹിറ്റ്‌ലര്‍ എന്ന പ്രതിയോഗിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇയാള്‍ക്കു സാധിച്ചു! യഹൂദരെയും ക്രൈസ്തവരെയും ഉന്മൂലനം ചെയ്യുന്നതില്‍ സ്റ്റാലിന്‍ ശ്രദ്ധപതിപ്പിച്ചത് ക്രൈസ്തവ-യഹൂദ വിരോധംകൊണ്ടു മാത്രമായിരുന്നില്ല. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കമ്യൂണിസ്റ്റ് ശൈലിയുടെ ആള്‍രൂപമായിരുന്നു ഇയാള്‍! ഇക്കാര്യത്തില്‍ മുഹമ്മദ്‌ നബിയുടെ ആശയമാണ് കമ്യൂണിസം കടമെടുത്തിരിക്കുന്നത്! എന്നാല്‍, ഇസ്ലാംമതത്തിന്റെ ഉന്മൂലനസിദ്ധാന്തത്തില്‍നിന്നു കമ്മ്യൂണിസത്തിന്റെ ഉന്മൂലന ശൈലിയെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകമുണ്ട്. നിരായുധരും ചെറുത്തുനില്‍ക്കാത്തവരുമായ ജനതയെ കൊന്നൊടുക്കുന്ന ഇസ്ലാമിന്റെ പൈശാചിക ശൈലി കമ്മ്യൂണിസത്തില്‍ സാധാരണമല്ല. എന്നാല്‍, സ്റ്റാലിന്‍ ഇതില്‍നിന്നു വ്യത്യസ്ഥനായിരുന്നു. എതിരിടുന്നവരെ മാത്രമല്ല, എതിരിടാന്‍ സാധ്യതയുള്ളവരെയും വര്‍ഗ്ഗശത്രുക്കളായി പരിഗണിച്ച് 'ക്യാപിറ്റല്‍ പണീഷ്മെന്റ്' ചെയ്യുന്ന രീതിയാണ് സ്റ്റാലിനിസം! ഇസ്ലാമിന്റെ ശൈലി ഇതില്‍നിന്നു വേറിട്ടുനില്‍ക്കുന്നതാണ്. ചെറുത്തുനില്‍ക്കുന്ന ഏതൊരു ജനതയ്ക്കുമുന്നിലും ഇസ്ലാമിന്റെ ഒരു യുദ്ധവും ഇന്നേവരെ വിജയിച്ചിട്ടില്ല! ആശയപരമായി എതിര്‍ത്തുനില്‍ക്കുന്നവരെ കായികമായി നേരിടുന്ന ഭീരുത്വത്തിന്റെ നയമാണ് ഇസ്ലാമികനയം!

സ്റ്റാലിനും മതവിരോധവും!

കേരളത്തിലെ ആനുകാലിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേള്‍ക്കാറുള്ള പല പ്രത്യയശാസ്ത്ര പ്രയോഗങ്ങളുടെയും ഉറവിടം ജോസഫ് സ്റ്റാലിന്‍ എന്ന രക്തദാഹിയായ സ്വേച്ഛാധിപതിയില്‍നിന്നാണ്! വര്‍ഗ്ഗവഞ്ചകര്‍, കുലംകുത്തികള്‍ തുടങ്ങിയ വാക്കുകള്‍ പിണറായിയുടെ സംഭാവനയാണെന്ന് ആരും ധരിക്കരുത്. സര്‍ നിക്കോളാസ് രണ്ടാമന്റെ പതനത്തിനുശേഷം വന്ന താല്‍കാലിക ഭരണകൂടത്തോട് സഹകരിക്കുന്ന തന്റെ സ്വന്തം ഗ്രൂപ്പിലുള്ളവരെ 'വര്‍ഗ്ഗ വഞ്ചകരെന്നു' വിളിച്ച് ആക്ഷേപിച്ചത് വ്ലാഡിമര്‍ ലെനിന്‍ ആയിരുന്നെങ്കില്‍, ഇദ്ദേഹത്തിന്റെ ഉറ്റ അനുയായിയായി ജോസഫ് സ്റ്റാലിന്‍ ഉണ്ടായിരുന്നു. ഈ അവസരത്തില്‍ ലെനിന്റെ ആഹ്വാനവും ചെവിക്കൊണ്ടു ഒരു വിപ്ലവത്തിന് ശ്രമിക്കുന്നത് മറ്റൊരു 'സര്‍'ന്റെ  ഉദയത്തിലേക്കാകും  നയിക്കുക എന്ന് മനസ്സിലാക്കിയ പലരും പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ അനവസരത്തിലുള്ള വിപ്ലവാഹ്വാനത്തെ എതിര്‍ത്ത് നിന്ന  വിക്ടര്‍ ചെര്‍നോവ്, അലക്സാണ്ടര്‍ കെറെന്‍സ്കി തുടങ്ങിയ സഖാക്കളെ  'കൂലം കുത്തികള്‍'  എന്ന് വിളിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ 'പ്രവ്ദ'യില്‍  ഒരുഗ്രന്‍ ലേഖനം പാസാക്കുകയും ചെയ്തു. ആദ്യകാല  കമ്മ്യുണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള  'പ്രവ്ദ' യുടെ പത്രാധിപരായിരുന്നു സ്റ്റാലിന്‍.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള 'ബൂര്‍ഷ്വാ' പ്രയോഗവും ജോസഫ് സ്റ്റാലിന്റെ സംഭാവനയാണ്. ഒക്ടോബര്‍ വിപ്ലവത്തില്‍ തന്റെകൂടെ നിന്നതിന്റെ നന്ദിയായി ലെനിന്‍ രാജ്യത്തിനകത്തെ റഷ്യന്‍ ഇതര ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള സുപ്രധാന രാഷ്ട്രീയകാര്യ ചുമതലകൂടി സ്റ്റാലിനു നല്‍കി. പാര്‍ട്ടിയില്‍ അനന്തമായ അധികാരങ്ങളാണ് ഈയൊരു പദവിയിലൂടെ സ്റ്റാലിന് കൈവന്നത്‌. തുടക്കത്തില്‍ റഷ്യന്‍ ഇതര ജനവിഭാഗങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം  വാഗ്ദാനം നല്‍കിയ സ്റ്റാലിന്‍ പിന്നെപ്പിന്നെ സ്വന്തമായ നിലപാടുകളെടുത്തവരെ ബൂര്‍ഷ്വാസികളെന്നു വിളിച്ചു നേരിടാന്‍ തുടങ്ങി. ജോര്‍ജ്ജിയന്‍സും ഉക്രൈനികളുമൊക്കെ സോവിയറ്റ് യൂണിയന്റെ ഭാഗമാകാത്തിടത്തോളം അവരുടെ സ്വയം നിര്‍ണയാവകാശം വകവെച്ച് കൊടുക്കില്ലെന്നു സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ചുണ്ടായ സിവില്‍യുദ്ധത്തില്‍ വരാന്‍പോകുന്ന സോവിയറ്റ് യൂണിയന്റെ ഭാഗമാകാന്‍ വിസമ്മതിച്ചു സ്വതന്ത്ര സ്റ്റേറ്റുകളായി നിന്നിടത്തെ പ്രാദേശിക ഭരണാധികാരികളെ കൊന്നു നദിയില്‍ തള്ളുകയായിരുന്നു. സോവ്യറ്റ് യൂണിയന്‍ എന്ന സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആരംഭിച്ചത് ഇങ്ങനെയാണ്!

ലെനിന്‍ അക്രമിക്കപ്പെട്ടതറിഞ്ഞ സ്റ്റാലിന്‍ ഒരു തുറന്ന ഭീകരാക്രമണത്തിന് ആജ്ഞ നല്‍കുകയും തല്‍ഫലമായി പതിനായിരത്തിനടുത്ത് സോഷ്യലിസ്റ്റുകള്‍ വിചാരണപോലും കൂടാതെ  മൃഗീയമായി കൊല ചെയ്യപ്പെടുകയും ബോള്‍ഷെവിക് വിരുദ്ധമാധ്യമങ്ങള്‍ മുഴുവന് അടച്ചുപൂട്ടപ്പെടുകയും ചെയ്തു. വെടിയേറ്റതിനു ശേഷം  ആരോഗ്യപരമായി അങ്ങേയറ്റം ദുര്‍ബലനായിരുന്ന ലെനിന്‍ പാര്‍ട്ടിയുടെ നിയന്ത്രണം സ്റ്റാലിനെ ഏല്പിച്ചു. അങ്ങനെയാണ് 1922-ല്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ്  പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സ്റ്റാലിന്‍ സ്ഥാനമേല്‍ക്കുന്നത്. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈപ്പിടിയില്‍ ഒതുങ്ങിയതോടെ തന്നിലെ പൈശാചികത പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ ഇയാള്‍ തയ്യാറായി. എതിരാളികളെ മാത്രമല്ല, ഭാവിയില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളവരായി കരുതിയ അനുയായികളെപ്പോലും വകവരുത്തിക്കൊണ്ടാണ് ജോസഫ് സ്റ്റാലിന്‍ തന്റെ സിംഹാസനം ഉറപ്പിച്ചുനിര്‍ത്തിയത്!

ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയും പലതും മ്യൂസിയങ്ങളാക്കി മാറ്റുകയും ചെയ്തു. കന്യാസ്ത്രീകളെയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതരെയും സ്റ്റാലിന്‍ കൊന്നൊടുക്കി. ഇയാള്‍ കൊന്നുതള്ളിയ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും സംഖ്യമാത്രം ഒരുലക്ഷത്തില്‍ ഏറെയാണ്‌! പുരോഹിതര്‍ക്ക് വിശ്വാസികളുടെമേലുള്ള എല്ലാ സ്വാധീനവും സ്റ്റാലിന്‍ ഇല്ലാതാക്കി! ദൈവവിശ്വാസികളെ തിരഞ്ഞുപിടിച്ചു വധിക്കുന്നത് ജോസഫ് സ്റ്റാലിനു ഹരമായിരുന്നു!

ജോസഫ് സ്റ്റാലിന്‍ എന്ന നരഭോജി!

കഴിഞ്ഞ നൂറ്റാണ്ടിലെ കിരാതരായ നാലു ഭരണാധികാരികളായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍, ബെനിറ്റോ മുസോളിനി, മാവോ സേതുംഗ്, ജോസഫ് സ്റ്റാലിന്‍ എന്നിവര്‍. ഇവര്‍ നാലുപേര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കൊന്നുതള്ളിയത് ഇരുപത് മില്യന്‍(രണ്ടു കോടി) മനുഷ്യജീവനുുകളെയാണ്! യഹൂദരെ കൂട്ടത്തോടെ സംഹരിച്ച വ്യക്തിയാണ് ഹിറ്റ്‌ലര്‍ എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇരുപതുലക്ഷം ആളുകളെ ഇയാള്‍ കൊന്നുവെന്ന കണക്കില്‍ അതിശയോക്തി കലര്‍ത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ഹിറ്റ്‌ലറുടെ സമകാലീനനായിരുന്ന ജോസഫ് സ്റ്റാലിന്‍ വധിച്ചുകളഞ്ഞ യഹൂദരുടെ കണക്കും ഇയാളുടെ അകൌണ്ടില്‍പ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം! കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ കിരാതനായി മുദ്രകുത്തപ്പെട്ടിരിക്കുന്നത് ഹിറ്റ്‌ലറെയാണെന്നതും ദുരൂഹമാണ്! ഇരുപതുലക്ഷം എന്ന ഹിറ്റ്‌ലറുടെ ഔദ്യോഗിക കണക്കിലും അനേകം മടങ്ങ്‌ മനുഷ്യരെ കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിന്‍ ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഓഫീസുകളില്‍ ആദരിക്കപ്പെടുന്നത് വിചിത്രമാണ്! ഒന്നരക്കോടിയോളം നിരപരാധികളെ ഒറ്റയ്ക്കു കൊന്നൊടുക്കിയ രക്തദാഹിയുടെ ചിത്രം പൂമാലയിട്ടു പൂജിക്കുന്ന കമ്മ്യൂണിസ്റ്റുകളാണോ മനുഷ്യസ്നേഹത്തിന്റെ 'അപ്പസ്തോലന്മാര്‍'!?

രണ്ടുകോടി മനുഷ്യരെ നാലുപേര്‍ചേര്‍ന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ കൊന്നുതള്ളിയതില്‍, ഇരുപതുലക്ഷം ഹിറ്റ്‌ലറുടെ അകൌണ്ടില്‍ അംഗീകരിക്കാം. മുസോളിനിയുടെയും മാവോയുടെയും 'കൊലപ്പട്ടിക' ഹിറ്റ്‌ലറുടേതിനെ അപേക്ഷിച്ച് കുറവാണെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കില്‍, ഇവര്‍ മൂവരുംചേര്‍ന്നു വധിച്ചത് അരക്കോടിയില്‍ അധികമുണ്ടാകാന്‍ സാധ്യതയില്ല! ഈ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ജോസഫ് സ്റ്റാലിന്‍ എന്ന നരഭോജിയുടെ യഥാര്‍ത്ഥ പൈശാചികത വെളിപ്പെടുന്നത്. ഇയാള്‍ നടത്തിയ നരനായാട്ടിന്റെ ഏകദേശരൂപം മനസ്സിലാക്കിയതിനുശേഷം റഷ്യയുടെ മാനസാന്തര കഥയിലേക്കു കടക്കുന്നതാവും ഉചിതം.

ഒരു കമ്മ്യുണിസ്റ്റുകാരന്‍ എങ്ങനെയാണ് അധികാര ശീതളിമയുടെ കാലഗതിയില്‍ ഒരു 'ഫാസിസ്റ്റ്' ആയി 'മെറ്റാമോര്‍ഫ്' ചെയ്യപ്പെടുക എന്നതിന്റെ ഒരു നേര്‍ചിത്രമാണ് സ്റ്റാലിന്റെ ജീവചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 'സര്‍' ഭരണകൂടത്തിനെതിരായുള്ള പ്രതിരോധ നീക്കങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് ജോസഫ്‌ സ്റ്റാലിന്‍ ‍രാഷ്ട്രീയ ഭൂമികയില്‍ കാലെടുത്തു വയ്ക്കുന്നത്. വളരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലാവുകയും പിന്നീട് സൈബീരിയയിലേക്കു നാട്
കടത്തപ്പെടുകയുമായിരുന്നു. വീണ്ടും സ്റ്റാലിനെ കാണുന്നത് സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയില്‍
ജൂലിയസ് മാര്‍തോവുമായി ഉണ്ടായ  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തുവന്ന വ്ലാഡിമര്‍ ലെനിന്റെ ബോള്‍ഷെവിക്സ് എന്ന പുതിയ ഗ്രൂപ്പിനകത്താണ്. പിന്നീട് ഇയാള്‍ സെന്റ്‌പീറ്റര്‍സ് ബര്‍ഗില്‍ വന്ന്‍
ആദ്യകാല  കമ്മ്യുണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള  'പ്രവ്ദ' യുടെ പത്രാധിപരായി. വീണ്ടും സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട സ്റ്റാലിന്‍, സര്‍ നിക്കോളാസ്
രണ്ടാമന്റെ പതനത്തോടെ  റഷ്യയില്‍ തിരിച്ചെത്തി 'പ്രവ്ദ'യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

രാഷ്ട്രീയത്തിലും അധികാരത്തിലും തന്നെ കൈപിടിച്ചുയര്‍ത്തിയ ലെനിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാലിന്‍ നടത്തിയ നീക്കങ്ങള്‍ റഷ്യന്‍ ചരിത്രത്തില്‍ ചുവന്ന അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1922-ല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറി ആകുവാന്‍ സ്റ്റാലിന് അവസരമൊരുക്കിക്കൊടുത്ത ലെനിനെ ആദ്യമൊക്കെ ഇയാള്‍ പിന്തുണച്ചുവെങ്കിലും പിന്നീട് അതുണ്ടായില്ല! ലെനിന്റെ വിദേശവ്യാപാര നയത്തെ പരസ്യമായ  എതിര്‍ത്ത സ്റ്റാലിന്‍ പാര്‍ട്ടിയിലെ മുഴുവന്‍ എതിര്‍ശബ്ദങ്ങളെയും പിടിച്ചുകെട്ടി. പാര്‍ട്ടിയിലെ സ്റ്റാലിന്‍ വിരുദ്ധ ചേരിയിലെ പ്രമുഖനായ ലിയോ ട്രോസ്കിയുടെ അനുയായികളെ  ഏറെയും ‍ സ്റ്റാലിന്‍ പുറത്താക്കുകയോ ജീവനെടുക്കുകയോ ചെയ്തു. ലെനിന്‍ തീര്‍ത്തും അവശനാണെന്ന് കണ്ടതോടെ സ്റ്റാലിന്‍ പാര്‍ട്ടിയെ സ്വന്തം മുഷ്ടിയില്‍ വരിഞ്ഞു മുറുക്കി. ഭരണ സിരാകേന്ദ്രങ്ങളില്‍ തന്റെ വാലാട്ടികളെ മാത്രം പ്രതിഷ്ഠിച്ചു.

പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ വ്യാപാരനയം ചര്‍ച്ചക്ക്  വന്നപ്പോള്‍ സ്റ്റാലിന്റെ നിലപാട്  അംഗീകരിക്കപ്പെട്ടതോടെ പാര്‍ട്ടി സ്റ്റാലിനാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടതായി  ലെനിന്‍ തിരിച്ചറിഞ്ഞു.  ഇതോടെ ലെനിന്‍ ട്രോസ്കിക്കൊരു കത്തെഴുതി. പാര്‍ട്ടിയിലെ അവശേഷിക്കുന്ന സ്റ്റാലിന്‍ വിരുദ്ധരെ ഒന്നിപ്പിച്ച് വ്യാപാരനയത്തെ  പുന:പരിശോധനയ്ക്ക്‌  വിധേയമാക്കാന്‍ ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു കത്തിന്റെ ഉള്ളടക്കം. പിന്നീടുവന്ന പാര്‍ട്ടി സീ സിയില്‍ സ്റ്റാലിന്റെ വിദേശനയത്തെ തിരുത്തുന്നതില്‍ ട്രോസ്കിയും കൂട്ടരും വിജയം കണ്ടു. അതോടെ വിമത ശബ്ദങ്ങള്‍ക്കെതിരെ സ്റ്റാലിന്‍ കൂടുതല്‍ കര്‍ക്കശമായി നീങ്ങി. സ്റ്റാലിന്റെ  ഭാര്യ നാദ്യ അലിലുയെവ ലെനിന്റെ പ്രൈവറ്റ് ഓഫീസില്‍നിന്നും അദ്ദേഹം ട്രോസ്കിക്കെഴുതിയ കത്ത്  കണ്ടെടുക്കുകയും അത് സ്റ്റാലിനു കൈമാറുകയും ചെയ്തതോടെ രംഗം കൂടുതല്‍ വഷളായി. ആ ചൂടില്‍ ലെനിന്റെ ഭാര്യ നദേഷയെ വിളിച്ചു സ്റ്റാലിന്‍ തെറിയഭിഷേകം നടത്തി. ഇതോടെ ഏറെക്കുറെ മരണാസന്നനായിരുന്ന ലെനിന്‍ തന്റെ സെക്രട്ടറിയെക്കൊണ്ട് മരണപത്രമെഴുതിച്ചു. അധികാരങ്ങളൊക്കെയും സ്വയം കേന്ദ്രീകരിച്ചിരിക്കുന്ന സഖാവ് സ്റ്റാലിന്‍ ഈ അധികാരങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുമെന്ന് തനിക്കൊരു  വിശ്വാസവും ഇല്ലെന്നും  അതുകൊണ്ടുതന്നെ  സഖാക്കള്‍ സ്റ്റാലിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും  നീക്കം ചെയ്തു പകരം കുറേക്കൂടെ പരജീവി  ബഹുമാനവും  സഹന സ്വഭാവമുള്ള, വിശ്വസ്തനും വിനയാന്വിതനുമായ, സഹസഖാക്കളെ മാന്യമായി പരിഗണിക്കുന്ന ഒരാളെ തല്‍സ്ഥാനത്ത് കൊണ്ടുവരണമെന്നുമായിരുന്നു ഒസ്യത്തിന്റെ ഉള്ളടക്കം.

എന്നാല്‍ അധികം വൈകാതെ ലെനിന്‍ മരണമടഞ്ഞു. ഒസ്സ്യത്തെഴുതി ഏറെക്കഴിയും മുമ്പേ സംഭവിച്ച ലെനിന്റെ മരണത്തിനു പിന്നില്‍ സ്റ്റാലിനെ സംശയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ലെനിന്‍ യുഗം അവസാനിച്ചതോടെ പിന്നീടങ്ങോട്ട് സ്റ്റാലിന്റെ അതികിരാതമായ സ്വേച്ചാധിപത്യത്തിന്റെ നാളുകളായിരുന്നു സോവിയറ്റ് യൂണിയനിലും സമീപ ഭൂപ്രദേശങ്ങളിലും. സ്വന്തമായി അല്പം കൃഷി ഭൂമിയുള്ള കര്‍ഷക തൊഴിലാളികളായ 'കുളകു'കളിലെ  ആയിരങ്ങളെ കൊന്നു തള്ളിയും അഞ്ചു മില്യനോളം പേരെ മധ്യേഷ്യയിലേക്കും സൈബീരിയയിലേക്കും നാട് കടത്തിയും ആ കൃഷി ഭൂമിയെല്ലാം സ്റ്റേറ്റിന്റെതാക്കി മാറ്റി. നാട് കടത്തപ്പെട്ടവരില്‍ മുക്കാല്‍ ശതമാനം മാത്രമാണ് സൈബീരിയയിലെത്തുമ്പോള്‍ ബാക്കിയായത്. ലെനിന്‍ അവസാനിച്ചതോടെ സ്റ്റാലിന്റെ അടുത്ത ഉന്നം സ്വാഭാവികമായും ട്രോസ്കിയിലേക്ക് തിരിഞ്ഞു. പോളിറ്റ് ബ്യുറോ അംഗങ്ങളായ ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും ഉപയോഗിച്ച് ട്രോസ്ക്കിക്കെതിരെ കരുക്കള്‍ നീക്കി.

ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കാത്ത സ്വേച്ചാധിപതിയെന്നു ട്രോസ്കി സ്റ്റാലിനെ വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കുകയാണ് ട്രോസ്കിയെന്നു സ്റ്റാലിനും വാദിച്ചു. സ്റ്റാലിന്റെ തനിനിറം വ്യക്തമാക്കാന്‍ ലെനിന്‍ സഖാക്കള്‍ക്കായി എഴുതിയ ഒസ്യത്ത് പാര്‍ട്ടി സീ സിയില്‍  പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി ട്രോസ്കിയും ലെനിന്റെ വിധവയും രംഗത്തുവന്നു. അതോടെ സ്റ്റാലിന്‍ ട്രോസ്കിയെ അധികാരത്തില്‍നിന്നു പുറത്താക്കി കസാക്കിസ്ഥാനിലേക്ക്  നാടുകടത്തി. പാര്‍ട്ടിയിലെ തന്റെ പ്രാമാണിത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നു സ്റ്റാലിന്‍!

തൊഴിലാളിവര്‍ഗ്ഗ മേധാവിത്വം ഒരു പുകമറ!

തൊഴിലാളികളുടെ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും സോവ്യറ്റ് യൂണിയന്‍ ഇവരുടെ ഭരണകൂടമായിരുന്നുവെന്നും പൊതുവായ ഒരു ധാരണ നമുക്കിടയിലുണ്ട്. ഇത് ഒരു നുണപ്രചരണം മാത്രമായിരുന്നുവെന്നും ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും ലോകത്തിന്റെ കണ്ണില്‍നിന്നു മറയ്ക്കാനുള്ള പുകമറ മാത്രമായിരുന്നുവെന്നും റഷ്യയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിന്റെ പേര് പറഞ്ഞു പിന്നീടങ്ങോട്ട് രാജ്യത്തെ തൊഴിലാളികള്‍ക്ക് പീഡനപര്‍വ്വങ്ങളുടെ ദുരിതകാലം സ്റ്റാലിന്‍ സമ്മാനിച്ചു. ഇരുന്നൂറും മുന്നൂറുമൊക്കെ ശതമാനം ഉത്പാദന ലക്‌ഷ്യം അടിച്ചേല്‍പ്പിച്ച്, ടാര്‍ജെറ്റ് എത്താന്‍ കഴിയാത്തവരെ ക്രൂരമായി പീഡിപ്പിക്കുന്ന ശൈലിയാണ് ഇയാള്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വിഘാതമാകുന്ന ഒറ്റുകാരെന്നു പറഞ്ഞു ഒരുപാട് തൊഴിലാളികളെ വെടിവെച്ച് കൊന്നുതള്ളി. ഫാക്ടറിക്ക് മുന്നില്‍ ഓരോ  തൊഴിലാളിയുടെയും ഉത്പാദനക്ഷമത വലിയ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് ഇവരുടെ മനോവീര്യവും ആത്മസൗഖ്യവും ഈ  ചുവപ്പന്‍ നരാധമന്‍ കവര്‍ന്നു! യുക്തിരഹിതമായ ഇത്തരം ടാര്‍ഗജെറ്റുകളില്‍ എത്താന്‍ കഴിയാതെ ജീവച്ചവമായ തൊഴിലാളികളെയെല്ലാം പിടിച്ചു ബാള്‍ട്ടിക് കടലിടുക്കിലെയും സൈബീരിയന്‍ റെയില്‍ നിര്‍മാണ മേഖലയിലെയും അതികഠിനമായ ജോലിസ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളി.

സ്റ്റാലിന്റെ തെമ്മാടിത്തരത്തില്‍ മനംമടുത്ത പാര്‍ട്ടിയിലെ  ഒരു വിഭാഗം ട്രോസ്കിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന് പീ ബിയില്‍ ആവശ്യമുന്നയിച്ചു. പാര്‍ട്ടിയിലെ ഇത്തരം വിമര്‍ശകരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാനാണ്  സ്റ്റാലിന്റെ ആഹ്വാനമുണ്ടായത്. ഇതോടെ സ്റ്റാലിന്‍ അനുകൂലിയായിരുന്ന സെര്‍ഗി കിരോവ് അടക്കമുള്ളവര്‍ സ്റ്റാലിനെതിരെ രംഗത്ത് വന്നു. വ്യാവസായികവല്‍ക്കരണത്തിന്റെയും കൃഷി ഭൂമി പിടിച്ചെടുക്കലിന്റെയും ഭാഗമായി അന്യായമായി ജയിലിലടക്കപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കിരോവ് പീ ബിയില്‍ തെറ്റുതിരുത്തല്‍രേഖ  കൊണ്ടുവന്നു. ഇതോടെ കിരോവിനെ അനുനയിപ്പിച്ചു കൂടെനിര്‍ത്താന്‍ ലെനിന്‍ഗ്രാഡില്‍ ആയിരുന്ന കിരോവിനെ സ്റ്റാലിന്‍ മോസ്കോവിലേക്കു വിളിപ്പിച്ചെങ്കിലും ഇയാളുടെ നയങ്ങളെ പിന്താങ്ങാന്‍ കിരോവ് തയ്യാറായില്ല. തൊട്ടടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ത്തന്നെ സെര്‍ഗി കിരോവ് ക്രൂരമായി വധിക്കപ്പെട്ടു. ശേഷം നടന്നതാണ് സമകാലിക കേരളീയ സംഭവങ്ങളെ പഠിക്കുന്നവര്‍ സൂക്ഷ്മമായി ഓര്‍ത്തു വെക്കേണ്ടത്. കൊലയുടെ പിന്നില്‍ ട്രോസ്കിയുടെ ആളുകളാണെന്ന് പ്രചരിപ്പിച്ച  സ്റ്റാലിന്‍ ‍നേരത്തെ തന്നെ സഹായിച്ച പീ ബി അംഗങ്ങളായിരുന്ന ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും അടക്കം പതിനഞ്ചോളം പാര്‍ട്ടി ഉന്നതരെ തൂക്കിലേറ്റി.

1934-ല്‍  NKVD  എന്ന സോവിയറ്റ് രഹസ്യ പോലിസിനെ ഉപയോഗിച്ച് പാര്‍ട്ടിയില്‍ തനിക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ സഖാക്കളെയും അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു അവരെക്കൊണ്ട് ട്രോസ്കിയോടൊപ്പം ചേര്‍ന്നു രാജ്യദ്രോഹം ചെയ്തുവെന്ന് കള്ളകുറ്റസമ്മതം ചെയ്യിപ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഇവരെയൊക്കെയും തൂക്കിലേറ്റി പാര്‍ട്ടിയില്‍ തന്റെ ആധിപത്യം സ്റ്റാലിന്‍ ഒന്നുകൂടി ശക്തമാക്കി. അടുത്ത നീക്കം റെഡ് ആര്‍മി എന്ന തന്റെ സൈനിക ഗ്രൂപ്പിലേക്കായിരുന്നു. ജര്‍മ്മനിയുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തിയവര്‍ സൈന്യത്തിലുണ്ടെന്നു വരുത്തി തീര്‍ത്തു ഏതാണ്ട് 30,000 ആര്‍മി ഓഫീസര്‍മാരെ സ്റ്റാലിന്‍ വകവരുത്തി. മൊത്തം ഉന്നത ആര്‍മി ഓഫീസര്‍മാരുടെ പകുതിയോളം വരും ഈ സംഖ്യ.

എതിരാളികളെയും തന്റെ സ്ഥാനത്തിനു ഭീഷണിയായി വരാന്‍ സാധ്യതയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാക്കളെയുമൊക്കെ  അതി വിദഗ്ദ്ധമായി ഉന്മൂലനം ചെയ്യാന്‍ തനിക്കു ഉപകരണമായി വര്‍ത്തിച്ച NKVD എന്ന രഹസ്യ പോലിസ് ആയിരുന്നു സ്റ്റാലിന്റെ അടുത്ത ഉന്നം. തന്റെ യഥാര്‍ത്ഥ മുഖം ഒരിക്കലും അനാവരണം ചെയ്യപ്പെടരുതെന്ന നിര്‍ബന്ധം ആയിരുന്നു ഈയൊരു നീക്കത്തിന് പിന്നില്‍. NKVD  യിലെ തന്റെ രഹസ്യങ്ങള്‍ അറിയാവുന്നവരെ കശാപ്പു ചെയ്യാനുള്ള നീക്കത്തെ ന്യായീകരിക്കാന്‍ സ്റ്റാലിന്‍ ഒരു കഥയുണ്ടാക്കി. രാജ്യത്തെ ഒട്ടനവധി നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണം രഹസ്യ പോലീസിനകത്തെ ചില ഫാസിസ്റ്റുകളാണെന്നായിരുന്നു ഇയാള്‍ പടച്ചുവിട്ട നുണ. ഫാസിസ്റ്റുകളെപ്പോലെതന്നെ ഗീബത്സിന്റെ കടുത്ത ആരാധകരും പ്രയോക്താക്കളുമാണ് കമ്മ്യുണിസ്റ്റുകളും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പിറ്റേ ദിവസം പിണറായി വിജയന്റെയും ഈ പി ജയരാജന്റെയുമൊക്കെ പ്രസ്താവനകളും, കൈരളി പീപ്പിള്‍ ചാനലിന്റെ 'മാഷാ അല്ലാഹ്' സ്റ്റിക്കര്‍ ‍സ്ക്രോളിംഗ് പ്രയോഗവുമൊക്കെ ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. രഹസ്യ പൊലീസിനെതിരെയുള്ള ഈയൊരു നുണബോംബിനുശേഷം മുഴുവന്‍ സീനിയര്‍ ഓഫീസര്‍മാരെയും സ്റ്റാലിന്‍ കൊന്നുതള്ളി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജര്‍മ്മനിയുമായുള്ള യുദ്ധത്തില്‍ ചെകുത്താനും കടലിനുമിടയില്‍പെട്ട പരുവത്തിലായിരുന്നു സോവിയറ്റ് പട്ടാളം. ജര്‍മ്മന്‍ സൈന്യത്തിന്റെ കയ്യില്‍പെട്ടാല്‍ ക്രൂരമായ പീഡനം; മറിച്ച്, പരിക്കുകളുമായി സ്വന്തം ക്യാമ്പിലേക്കു മടങ്ങിയെത്തിയാല്‍ കഴിവ് കെട്ടവനെന്ന മുദ്ര ചാര്‍ത്തി സ്റ്റാലിന്റെ ഓര്‍ഡര്‍ പ്രകാരം തലയ്ക്കു പിന്നില്‍ വെടി വെച്ച് കൊലപ്പെടുത്തല്‍! അതുകൊണ്ടുതന്നെ പരാജയം മണക്കുമ്പോഴും തന്ത്രപരമായ ഒരു പിന്മാറ്റംപോലും സാധ്യമാകാതെ ഓരോ  സൈനികനും സ്വന്തം മരണം ഉറപ്പാക്കാതെ യുദ്ധ വഴിയില്‍നിന്നും മാറാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ ജര്‍മനിയ്ക്കുമേല്‍ റഷ്യയ്ക്കു വിജയം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച സൈനിക മുഖ്യന്‍ ഗോഗിഴുകോവിനെ തനിക്കൊരു പാരയായി വരുമോ എന്ന ഭയത്താല്‍ സ്റ്റാലിന്‍ അധികാരത്തില്‍നിന്നും നിഷ്കാസിതനാക്കി കളഞ്ഞു. പ്രായാധിക്യത്താല്‍ രോഗങ്ങള്‍കൊണ്ട് വലഞ്ഞു തുടങ്ങിയ സ്റ്റാലിന്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സ്വാധീനിച്ച്, തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തോടെ  പി ബിയിലെ പല പ്രമുഖരെയും കശാപ്പു ചെയ്യാന്‍ രഹസ്യപോലീസിനെ ചട്ടംകെട്ടിയെങ്കിലും അതിനുമുമ്പേ ഈ ശപിക്കപ്പെട്ടവന്‍ ചത്തുപോയതിനാല്‍ അതു നടന്നില്ല!

ലോക ചരിത്രത്തിലെ ഒട്ടേറെ ചുകപ്പന്‍ ഭീകരതകളില്‍ മുന്നിട്ടുനില്‍ക്കുന്ന ഒന്ന് സ്റ്റാലിന്റെ കാലം തന്നെയാണ്. 7 ലക്ഷം  പേരെയാണ് 1937-38  കാലത്ത് തലയ്ക്കു പിന്നില്‍ വെടിയുതിര്‍ത്തു ഈ ഭീകരന്‍ കൊന്നുതിന്നത്! റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പാതിരിമാരും കന്യാസ്ത്രീകളുമടക്കം ഒരുലക്ഷത്തോളം പേരെയും, ഭൂമി പിടിച്ചെടുക്കല്‍ കാലത്ത് കര്‍ഷകരായ മൂന്നുലക്ഷത്തിയെഴുപതിനായിരം കുളകുകളെയും പോളണ്ട് അധിനിവേശക്കാലത്ത് 22000  പേരെയും സ്റ്റാലിന്‍ വധിച്ചു! ഇതുകൂടാതെ, രഹസ്യ പോലീസിനെക്കൊണ്ട് സ്വന്തം പാര്‍ട്ടി സഖാക്കളായ മൂന്നുലക്ഷം പേരെ ഇവന്‍ കൊന്നൊടുക്കി! അങ്ങിനെ ചരിത്രത്തില്‍ കുറിക്കപ്പെട്ടതും പെടാത്തതുമായ മില്യന്‍ കണക്കിന്  മനുഷ്യജന്മങ്ങള്‍ ഈ കമ്മ്യുണിസ്റ്റ് നരഭോജിയുടെ കൊലവെറിക്ക് പാത്രീഭൂതമായി. ഒരു വലിയ നിലവിളിയായി ഇന്നും ലോക മനസ്സാക്ഷിക്കുമുന്നില്‍ ഇത് പ്രതിധ്വനിക്കുമ്പോഴാണ് ഈ കശ്മലന്റെ  മീശപിരിച്ചു പട്ടാള യൂണിഫോമില്‍ ഞെളിഞ്ഞിരിക്കുന്ന പടവുമായി പാര്‍ട്ടി സമ്മേളങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ്സും നടത്തി മനുഷ്യ സ്നേഹത്തിന്റെ പാര്‍ട്ടി പാരമ്പര്യം കാമറകള്‍ക്കു മുന്നില്‍ പഴയ മാടമ്പികളുടെ ശരീര ഭാഷയുമായി ചിലര്‍ ഛര്‍ദ്ദിക്കുന്നത്.

സ്റ്റാലിനിസം തുടച്ചുമാറ്റപ്പെട്ട സോവ്യറ്റ് യൂണിയന്‍!

സ്റ്റാലിന്റെ മരണശേഷം പാര്‍ട്ടി നേതൃത്വത്തിലും ഭരണത്തിന്റെ  തലപ്പത്തുമെത്തിയ ക്രൂഷ്ചേവ്
പിന്നാലെ വന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സില്‍ സഖാവ് സ്റ്റാലിന്റെ തനിസ്വരൂപം സഹസഖാക്കള്‍ക്കു മുന്നില്‍ അനാവരണം  ചെയ്യുകയുണ്ടായി.
ഭരണകൂട ഭീകരതയുടെ പ്രതീകമായിരുന്ന ലേബര്‍ ക്യാമ്പുകളില്‍നിന്നും ആളുകളെ മോചിപ്പിച്ചു. അവരുടെ ക്യാമ്പിലെ പീഡനാനുഭവങ്ങള്‍ ലോകത്തോടെ വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം നല്‍കി. അങ്ങനെയാണ് അലക്സാണ്ടര്‍ സോള്‍സ്ഹെനിറ്റ്സിന്‍(Alexander Solzhenitsyn) ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ സ്റ്റാലിന്റെ  ക്രൂരതാ കഥകളുമായി  'ഇവാന്‍ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം'  എന്ന പുസ്തകം എഴുതുന്നത്‌. സ്റ്റാലിന്റെ പ്രതിമകളും ചിത്രങ്ങളും പൊതു നിരത്തുകളില്‍നിന്നും തച്ചുടച്ചുമാറ്റിക്കളഞ്ഞ ക്രൂഷ്ചേവ് സ്റ്റാലിന്‍ഗ്രാഡ് എന്ന പട്ടണത്തെ വോള്‍ഗഗ്രാഡ് എന്ന് പുനര്‍നാമകരണം വരെ ചെയ്ത് റഷ്യന്‍ ജനതയുടെ പകല്‍സ്വപ്നങ്ങളില്‍പ്പോലും ഈ ഭീകരന്റെ ചിത്രം വരില്ലെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ തേടി.

സ്റ്റാലിന്റെ ഭീകരതയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവരുടെ പിന്മുറക്കാര്‍ അവന്റെ ഓര്‍മ്മപോലും തങ്ങളുടെ രാജ്യത്തുനിന്നു നീക്കംചെയ്തുവെങ്കില്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇവന്‍ വീരപുരുഷനാണ്! കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ചേഷ്ടകളില്‍പ്പോലും നിറഞ്ഞുനില്‍ക്കുന്നതു സ്റ്റാലിന്റെ പൈശാചിക മുഖമാണ്!

സ്റ്റാലിനുശേഷം സോവ്യറ്റ് യൂണിയന്റെ ഭരണ നേതൃത്വത്തിലോ പാര്‍ട്ടിയുടെ തലപ്പത്തോ ഇവനെപ്പോലെ കിരാതനായ ഒരു നേതാവ് വന്നിട്ടില്ല! എന്നാല്‍, സോവ്യറ്റ് യൂണിയനോടുള്ള കത്തോലിക്കാസഭയുടെ എതിര്‍പ്പ് രൂക്ഷമായത് സ്റ്റാലിന്റെ മരണത്തിനുശേഷമാണ് എന്നത് ശ്രദ്ധേയമാണ്. സോവ്യറ്റ് യൂണിയനിലെ അംഗരാഷ്ട്രങ്ങളില്‍ കത്തോലിക്കാസഭാ വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ അധികമില്ല. ബഹുഭൂരിപക്ഷവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ അംഗങ്ങളായ ക്രൈസ്തവരാണ്! കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മക ഭൗതീകവാദമോ മനുഷ്യാവകാശ ധ്വംസനമോ ആയിരുന്നില്ല സോവ്യറ്റ് യൂണിയനോടുള്ള കത്തോലിക്കാസഭയുടെ എതിര്‍പ്പിനു പിന്നിലെ മുഖ്യകാരണം. ചുരുങ്ങിയ വാക്കുകളില്‍ ഈ പകയുടെ യാഥാര്‍ത്ഥ്യം അനാവരണം ചെയ്തതിനുശേഷം റഷ്യയുടെ മാനസാന്തരത്തിന്റെ കാണാപ്പുറങ്ങള്‍ പരിശോധിക്കാം.

കത്തോലിക്കാസഭയുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിലെ ദുരൂഹതകള്‍!

കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിനോടുള്ള പകയോ വൈരുദ്ധ്യാത്മക ഭൗതീകവാദത്തോടുള്ള എതിര്‍പ്പോ ആയിരുന്നു കത്തോലിക്കാസഭയ്ക്ക് സോവ്യറ്റ് യൂണിയനോടുള്ള പകയുടെ കാരണമെന്നു ചിന്തിക്കുന്ന വിശ്വാസികളാണ് സഭയില്‍ അധികവും. കമ്മ്യൂണിസത്തിലെ നിരീശ്വരവാദം ക്രിസ്തീയ വിരുദ്ധമായതുകൊണ്ടാണ് ഈ പ്രസ്ഥാനത്തെ സഭ അംഗീകരിക്കാത്തതെന്നു പ്രചരപ്പിക്കുന്നതില്‍ സഭാധികാരികള്‍ വിജയിച്ചതാണ് ഈ അവസ്ഥയ്ക്ക് നിദാനം! എന്നാല്‍, യാഥാര്‍ത്ഥ്യം ഇതല്ല. റഷ്യയിലെ ഭരണതലത്തില്‍ കത്തോലിക്കാസഭയ്ക്ക് സ്വാധീനം ഇല്ലാതെപോയതും സഭാവിശ്വാസികളുടെമേല്‍ അധികാരം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കാത്തതുമാണ്‌ ഇവരെ യഥാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചത്! റഷ്യയിലും യൂറോപ്പിലും സ്വേച്ഛാധിപതികളും കിരാതരുമായ അനേകം രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഭരണം നടത്തിയിട്ടുണ്ട്. ഈ കാലഘട്ടങ്ങളിലൊക്കെ പുരോഹിതന്മാരുടെ ആധിപത്യം വിശ്വാസികളുടെമേല്‍ പ്രയോഗിക്കാന്‍ അവസരമുണ്ടായിരുന്നു! മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പുരോഹിതശ്രേഷ്ഠന്മാരുടെ സമാന്തര ഭരണമാണ് ആ കാലത്തൊക്കെ നടന്നത്.

വിശ്വാസികളില്‍നിന്നു പിരിവെടുത്ത് റോമിലേക്കു കൊണ്ടുപോകാനുള്ള അവസരം റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അനുവദിച്ചിരുന്നില്ല. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സമാഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ഇടവകകളില്‍നിന്നുള്ള പിരിവാണെന്ന് നമുക്കറിയാം. ഇങ്ങനെ സമാഹരിക്കുന്ന പണമാണ് 'കാരിത്താസ്' എന്ന കത്തോലിക്കാ സന്നദ്ധസംഘടന വഴി ഇസ്ലാമിക തീവ്രവാദികള്‍ക്ക് നല്‍കി അവരെ നിലനിര്‍ത്തുന്നത്! സോവ്യറ്റ് രാജ്യങ്ങളിലുള്ള വിശ്വാസികളുടെമേല്‍ വത്തിക്കാന്റെ അതിരുകടന്ന സ്വാധീനം അനുവദിച്ചിരുന്നില്ല എന്നതില്‍ക്കവിഞ്ഞ് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ സ്റ്റാലിനുശേഷം അവിടെ ഉണ്ടായിട്ടില്ല! സ്റ്റാലിന്റെ കിരാതവാഴ്ചയുടെ നാളുകളില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുകയോ മ്യൂസിയങ്ങളായി സംരക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ പൈശാചികമായ പ്രവര്‍ത്തിയാണ് കത്തോലിക്കാസഭ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ പള്ളികളില്‍ പലതും വിജാതിയര്‍ക്ക് വില്‍ക്കുകയാണ്! ഇവിടെയുണ്ടായിരുന്ന ചില ദൈവാലയങ്ങള്‍ ഇപ്പോള്‍ ബാറുകളും നൈറ്റ് ക്ലബ്ബുകളുമാണ്! ബ്ലാക്ക് മാസ് നടത്തുന്നവരുടെ നിയന്ത്രണത്തില്‍പ്പോലും ഇന്നു കത്തോലിക്കാ ദൈവാലയങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്! വേശ്യാലയങ്ങള്‍ നടത്തുന്നതിനും പള്ളികള്‍ ഉപയോഗിച്ചാല്‍, അതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല!

ദിവ്യബലിയര്‍പ്പിച്ചിരുന്ന കത്തോലിക്കാ ദൈവാലയങ്ങള്‍ പെന്തക്കോസ്തുകാരുടെ പ്രാര്‍ത്ഥനാഹാളുകളാക്കി മാറ്റിയപ്പോള്‍, ദിവ്യബലിയെ പരിഹസിക്കുന്നതിനുള്ള വേദിയായി ഇതു മാറി! ഹിന്ദുക്കളും സിക്കുകാരും ഇസ്ലാംമതക്കാരുമൊക്കെ കത്തോലിക്കാ ദൈവാലയങ്ങള്‍ വിലയ്ക്കുവാങ്ങാനുള്ള നെട്ടോട്ടത്തിലാണ്! സഭയുടെ കാര്‍മ്മികത്വത്തില്‍ നടന്നതുകൊണ്ട്, ഈ വില്പനകള്‍ മഹത്വമായി കാണാന്‍ മനോവയ്ക്കാവില്ല. മാത്രവുമല്ല, സ്റ്റാലിന്‍ നടത്തിയതിനേക്കാള്‍ പൈശാചികമായ പ്രവര്‍ത്തിയാണ് ഇതെന്നു വിളിച്ചുപറയാന്‍ മടിയുമില്ല! ദൈവത്തെ ആരാധിച്ച വേദിയില്‍വച്ച് പിശാചിനെ ആരാധിക്കുന്നതിനോളം അവനെ സന്തോഷിപ്പിക്കുന്ന മറ്റെന്താണുള്ളത്!!? പിശാചിനെ ആരാധിക്കുന്ന ആലയങ്ങളാക്കാനും വേശ്യാവൃത്തിക്കും ദൈവാലയങ്ങള്‍ വിറ്റ്‌ പണം സമ്പാദിക്കുന്നതിനേക്കാള്‍ ഉചിതമായ പ്രവര്‍ത്തിയാണ് അവ മ്യൂസിയങ്ങളാക്കുകയോ തകര്‍ത്തുകളയുകയോ ചെയ്യുന്നത്.

കമ്മ്യൂണിസത്തിനു കീഴിലെ ആദ്ധ്യാത്മികത!

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കു കീഴില്‍ ആദ്ധ്യാത്മികത ദുഷ്കരമാണെന്നു പ്രചരിപ്പിക്കുന്നവര്‍ കാപട്യത്തിന്റെ വക്താക്കളാണ്! മനോവ നേരിട്ടറിഞ്ഞിട്ടുള്ള യാഥാര്‍ത്ഥ്യമാണ് ഇവിടെ കുറിക്കുന്നത്. ഇവിടെ ചെറിയ രീതിയിലെങ്കിലും ഒരു ചരിത്ര വിവരണം അനിവാര്യമായിരിക്കുന്നു. 1862 മുതല്‍ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാര്‍ക്ക് ആണ് ജര്‍മ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1867 മുതല്‍ ബിസ്മാര്‍ക്ക് വടക്കന്‍ ജര്‍മ്മന്‍ കോണ്‍ഫെഡറേഷന്റെ ചാന്‍സലര്‍ ആയിരുന്നു. 1871-ല്‍ ജര്‍മ്മന്‍ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബിസ്മാര്‍ക്ക് ജര്‍മ്മനിയുടെ ആദ്യത്തെ ചാന്‍സലര്‍ ആയി. ബിസ്മാര്‍ക്ക് 'ഇരുമ്പ് ചാന്‍സലര്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു. ഓട്ടോ എഡ്വാര്‍ഡ് ലിയോപോള്‍ഡ്, പ്രിന്‍സ് ഓഫ് ബിസ്മാര്‍ക്ക്, ഡ്യൂക്ക് ഓഫ് ലോവന്‍ബര്‍ഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാര്‍ക്ക്-ഷൂന്‍ഹൌസെന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജനനപ്പേര് 'ഓട്ടോ എഡ്വാര്‍ഡ് ലിയോപോള്‍ഡ് ഓഫ് ബിസ്മാര്‍ക്ക്-ഷൂന്‍ഹൌസെന്‍' എന്നായിരുന്നു. ബിസ്മാര്‍ക്കിന്റെ കാലത്ത് ഏകീകരിക്കപ്പെട്ട ജര്‍മ്മനി വീണ്ടും വിഭജിക്കപ്പെടുന്നത് 1960 കളിലാണ്.

പശ്ചിമ ജര്‍മ്മനി അഥവാ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു. പൂര്‍വ്വ ജര്‍മ്മനി അഥവാ ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് സോവിയറ്റ് നിയന്ത്രണത്തിലും. സമ്പല്‍സമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജര്‍മ്മനി ഏറെ മുന്നിലായിരുന്നത് ഇരു ജര്‍മ്മനികള്‍ക്കിടയിലും ശീതയുദ്ധത്തിനിടയാക്കി. ഇതുമൂലമുള്ള അഭയാര്‍ഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റില്‍ പൂർ‌വ്വജര്‍മ്മനിനിയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജര്‍മ്മനികളെ വേര്‍തിരിച്ച് ഒരു മതില്‍ തീര്‍ക്കുകയുണ്ടായി. ഇതാണ്‌ ബെര്‍ലിന്‍ മതില്‍. 155 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു ഈ മതിലിന്‌. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു. 1990 കളില്‍ കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിനുണ്ടായ തളര്‍ച്ച ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു കാരണമായി. കമ്യൂണിസ്റ്റ് ഭരണം തകര്‍ന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടര്‍ന്ന് 1989 നവംബര്‍ ഒന്‍പതിന്‌ ബര്‍ലിന്‍ മതില്‍ പൊളിച്ചുനീക്കുകയുണ്ടായി.

മുപ്പതു വര്‍ഷക്കാലം സോവ്യറ്റ് നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് രാജ്യമായി നിലകൊണ്ട പൂര്‍വ്വജര്‍മ്മനിയിലെ ആദ്ധ്യാത്മികതയും കത്തോലിക്കാസഭയുടെ നിയന്ത്രണത്തില്‍ സ്വതന്ത്രരാഷ്ട്രമായി നിലനിന്ന പശ്ചിമജര്‍മ്മനിയിലെ ആദ്ധ്യാത്മികതയും താരതമ്യം ചെയ്‌താല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഈ യാഥാര്‍ത്ഥ്യം പല നുണക്കഥകളെയും പൊളിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല! മുപ്പതു വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ ക്രിസ്തീയതയോ സദാചാരമൂല്യങ്ങളോ തകര്‍ക്കപ്പെട്ടുവെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് പൂര്‍വ്വജര്‍മ്മന്‍ ജനതയെ നോക്കിയാല്‍ മനസ്സിലാകും. കമ്യൂണിസത്തില്‍നിന്നു പുറത്തിറങ്ങിയ ഈ ജനതയുടെ ആദ്ധ്യാത്മികത യാഥാസ്ഥിതികമായിരുന്നു എന്നുമാത്രമല്ല, പവിത്രമായ കുടുംബബന്ധങ്ങളും ഇവര്‍ക്കുണ്ടായിരുന്നു! പോപ്പിന്റെ നിയന്ത്രണത്തില്‍ എക്കാലവും നിലനിന്ന പശ്ചിമജര്‍മ്മനിക്ക് കൈമോശംവന്നതും ഇതുതന്നെയായിരുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ആഞ്ഞടിച്ച പൈശാചികതയുടെ കൊടുങ്കാറ്റ് ബര്‍ലിന്‍ മതിലിനപ്പുറത്തേക്ക് കടന്നുചെല്ലാത്തതുകൊണ്ടുതന്നെ അവിടെയുണ്ടായിരുന്ന ആത്മീയത സ്ഫടികംപോലെ തിളങ്ങി!

ജര്‍മ്മനികളുടെ പുനരേകീകരണം യാഥാര്‍ത്ഥ്യമായിട്ട് കാല്‍നൂറ്റാണ്ടോളം ആയിട്ടും പഴയ പൂര്‍വ്വജര്‍മ്മന്‍ ജനതയില്‍ ആദ്ധ്യാത്മികതയുടെ ശേഷിപ്പ് ഇപ്പോഴും കാണാം. പശ്ചിമജര്‍മ്മനിയെ അപേക്ഷിച്ച് നല്ല കുടുംബബന്ധങ്ങള്‍ ഇവരുടെയിടല്‍ ഇന്നുമുണ്ട്. വിശ്വാസത്തിലും കൂദാശാജീവിതത്തിലും മുന്നിട്ടുനില്‍ക്കുന്നതും ഇവര്‍തന്നെ! ഫലത്തില്‍നിന്നാണ് നാം വൃക്ഷത്തെ തിരിച്ചറിയുന്നതെങ്കില്‍, കത്തോലിക്കാസഭയുടെ സര്‍വ്വാധിപത്യത്തെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠം കമ്മ്യൂണിസത്തിന്റെ അധിനിവേശമാണ്! കമ്മ്യൂണിസത്തെ നിഷേധിച്ചുകൊണ്ടുതന്നെയാണ് മനോവ ഇത് കുറിക്കുന്നത്.

ഇതില്‍നിന്ന് ഒട്ടും വിഭിന്നമല്ല പോളണ്ടിന്റെ കാര്യം. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുമുമ്പ് യൂറോപ്പില്‍ നിലനിന്നിരുന്ന ആദ്ധ്യാത്മിക സദാചാരത്തില്‍നിന്നു പോളണ്ട് വ്യതിചലിക്കാന്‍ തുടങ്ങിയത് കമ്മ്യൂണിസം തകര്‍ക്കപ്പെട്ടതിനു ശേഷമാണ്! സോളിഡാരിറ്റി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പോളണ്ടില്‍നിന്നു തൂത്തെറിയുന്നതുവരെ നൂറുശതമാനം യാഥാസ്ഥിതിക കത്തോലിക്കര്‍ മാത്രമുള്ള രാജ്യമായിരുന്നു ഇത്. കൊടിയ മതപീഡനം ഈ രാജ്യത്തു നടന്നുവെന്നു പറയുമ്പോഴും, ഇവിടുത്തെ വിശ്വാസത്തിന് ഒരു പോറല്‍പ്പോലും ഏറ്റില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പോളണ്ടില്‍ നിലവിലിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ പോരാടിയ വ്യക്തികളില്‍ പ്രധാനികള്‍ ജോണ്‍പോള്‍ രണ്ടാമനും ഇഗ്നാസി തൊക്കാര്‍സുക് എന്ന മെത്രാനുമായിരുന്നു. ഇവരുടെയെല്ലാം ജീവചരിത്രങ്ങളില്‍ കമ്മ്യൂണിസ്റ്റുകളുടെ മതപീഡനത്തിന്റെ ചുവന്ന വിവരണങ്ങള്‍ കാണാം. എന്നാല്‍, ഈ കുറിപ്പുകളിലെല്ലാം അതിശയോക്തിയും ചില സ്ഥാപിത താത്പര്യങ്ങളും സംശയിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല! ഇത്രമാത്രം കൊടിയ പീഡനങ്ങള്‍ അരങ്ങേറിയിട്ടും പോളണ്ടിലെ ക്രിസ്തീയതയുടെ അടുത്തെങ്ങുമെത്താന്‍, ഇറ്റലി, ജര്‍മ്മനി, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കത്തോലിക്കാരാജ്യങ്ങളിലെ ആത്മീയതയ്ക്ക് സാധിച്ചിട്ടില്ല!

എന്താണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്? കമ്മ്യൂണിസത്തിന്റെ ആരംഭദശയില്‍ സ്വീകരിച്ചിരുന്ന കടുത്ത നിലപാടുകളില്‍ അവര്‍ അയവു വരുത്തിയെന്നല്ലേ? വിമര്‍ശകര്‍ പറയുന്നതുപോലെ, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കു കീഴില്‍ കത്തോലിക്കാ വിശ്വാസം ഉന്മൂലനം ചെയ്യപ്പെട്ടില്ല എന്നതിന്റെ ഏറ്റവുംവലിയ ദൃഷ്ടാന്തമാണ് പോളണ്ട്! മറ്റിതര സോവ്യറ്റ് രാജ്യങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല! എന്നാല്‍, സോവ്യറ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയോടെ ഈ രാജ്യങ്ങളിലെ ആത്മീയതയും സദാചാരവും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദാരുണമായ അവസ്ഥയ്ക്കാണ് വര്‍ത്തമാനകാലം സാക്ഷ്യംവഹിക്കുന്നത്! ആധുനീക ദൈവശാസ്ത്രമെന്ന പേരില്‍ കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘം വിസര്‍ജ്ജിക്കുന്ന വചനവിരുദ്ധമായ സിദ്ധാന്തങ്ങളെ, അതിന്റെ പൂര്‍ണ്ണമായ തലത്തില്‍ പോളണ്ടിലെയും സോവ്യറ്റ് രാജ്യങ്ങളിലെയും വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥത്തില്‍ ഇവരുടെ ആശങ്ക! കര്‍ദ്ദിനാള്‍ കരോള്‍ വോയ്റ്റീവാ എന്ന ജോണ്‍പോള്‍ രണ്ടാമന്‍ അധികാരമേറ്റയുടന്‍ പോളണ്ടിലെ കമ്മ്യൂണിസത്തെ ഉന്മൂലനംചെയ്യാന്‍ ശ്രമമാരംഭിച്ചത് ഇക്കാരണത്താലായിരുന്നു. റഷ്യയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ആഹ്വാനംചെയ്തുകൊണ്ട് അനേകം പ്രാര്‍ത്ഥനകള്‍ ഇദ്ദേഹം പുറത്തിറക്കി.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കാലത്ത് അദ്ദേഹം കൊണ്ടുവന്ന 'ഗ്ലാസ്ത്നോസ്ത്-പെരിസ്ത്രോയിക്ക' സിദ്ധാന്തങ്ങളില്‍ തട്ടി സോവ്യറ്റ് യൂണിയന്‍ തകര്‍ന്നു. 1991-ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായത് കത്തോലിക്കാസഭയുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ഇന്നും ഉദ്ഘോഷിക്കപ്പെടുന്നു! അരപ്പട്ടിണിയില്‍നിന്നു മുഴുപ്പട്ടിണിയിലേക്കുള്ള വീഴ്ചയെയാണ് മാനസാന്തരമെന്നു പറയുന്നതെങ്കില്‍, ഈ വാദങ്ങള്‍ ശരിയാണെന്നു പറയാം! ധാര്‍മ്മീകതയും സദാചാരമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവര്‍ അധാര്‍മ്മികതയിലേക്കും വേശ്യാവൃത്തിയിലേക്കും അധഃപതിക്കുന്നതിനെയാണ് മാനസാന്തരമെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിലും ഈ വാദങ്ങള്‍ക്ക് ആമ്മേന്‍ പറയാം!

റുമേനിയ അടക്കമുള്ള പഴയ സോവ്യറ്റ് യൂണിയനിലെ രാജ്യങ്ങളില്‍നിന്നാണ് ലോകമെമ്പാടുമുള്ള വേശ്യാലയങ്ങളിലേക്കു യുവതികള്‍ എത്തുന്നതെങ്കില്‍, ഇതിനെ മാനസാന്തരമെന്നു പറയാന്‍ മനോവയ്ക്കു സാധിക്കില്ല! യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫുനാടുകളിലേക്കും വേശ്യകളെ കയറ്റുമതിചെയ്യുന്നത് പഴയ സോവ്യറ്റ് രാജ്യങ്ങളാണെന്ന യാഥാര്‍ത്ഥ്യം മനോവ പറയാതെതന്നെ വായനക്കാര്‍ക്ക് അറിയാം. ഇവരുടെ മാനസാന്തരത്തിനായുള്ള രോദനം കത്തോലിക്കാസഭയില്‍നിന്നു കേള്‍ക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പാപത്തില്‍ അകപ്പെട്ട് അധഃപതിക്കുന്ന ജനതയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയല്ല; മറിച്ച്, പാപം ചെയ്യാനുള്ള സൗകര്യമൊരുക്കലാണ് സഭയുടെ ധര്‍മ്മമെങ്കില്‍, ഈ സഭയുടെ മാനസാന്തരത്തിനുള്ള പ്രാര്‍ത്ഥന ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

റഷ്യയെ മാനസാന്തരപ്പെടുത്തിയ പ്രാര്‍ത്ഥന എന്നപേരില്‍ അനേകം പ്രാര്‍ത്ഥനകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസത്തെ കുഴിച്ചുമൂടിയതിലൂടെ റഷ്യയുടെ മാനസാന്തരം പൂര്‍ണ്ണമായെന്നാണ് ചിന്തിക്കുന്നതെങ്കില്‍, മാനസാന്തരമെന്ന വാക്കിന്റെ അര്‍ത്ഥം നിങ്ങള്‍ ഗ്രഹിച്ചിട്ടില്ല! റഷ്യയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അവസാനിപ്പിച്ച കത്തോലിക്കാസഭ ഒരു കാര്യം മനസ്സിലാക്കണം. പ്രാര്‍ത്ഥനകളില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍, ആ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കരുതെന്നു മാത്രമല്ല, കൂടുതല്‍ ശക്തിയോടെ തുടരുകയാണു വേണ്ടത്!

ഈ ലേഖനത്തില്‍ ഒരു വചനംപോലും കുറിച്ചിട്ടില്ല എന്നകാര്യം മനോവ വിസ്മരിക്കുന്നില്ല. ഇവിടെ വിവരിച്ച വിഷയത്തില്‍ വചനം കുറിക്കാനുള്ള സാഹചര്യം ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം! എന്നിരുന്നാലും, ഒരു വചനമെങ്കിലും കുറിക്കാതെ ഈ ലേഖനം ഉപസംഹരിക്കാന്‍ മനോവയ്ക്കു സാധിക്കുകയുമില്ല. ആയതിനാല്‍, ഈ വചനം ഇവിടെ കുറിക്കുന്നു: "അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍"(മത്താ: 3; 7, 8).

മനോവയുടെ അഭ്യര്‍ത്ഥന: ഒരു ബൈബിള്‍ കൈവശംവയ്ക്കാന്‍ അനുവാദമില്ലാത്ത, ആരാധന നടത്താന്‍ പള്ളികളില്ലാത്ത, യേഹ്ശുവയുടെ നാമം ഉറക്കെ നിലവിളിക്കാന്‍പോലും അനുമതിയില്ലാത്ത ഒരു രാജ്യം ഈ ഭൂമുഖത്തുണ്ട്! സൗദിഅറേബ്യ എന്ന ഈ പൈശാചിക രാജ്യത്തിന്റെ മാനസാന്തരത്തിനായി ഒരു പ്രാര്‍ത്ഥന പ്രഖ്യാപിക്കാന്‍ കത്തോലിക്കാസഭ തയ്യാറാകുമോ? ഇക്കാര്യത്തിലുള്ള ദുരൂഹത നിറഞ്ഞ നിസംഗതയെ സംശയത്തോടെയാണ് മനോവ കാണുന്നത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6118 views

LOG IN

Lost your password?

SIGN UP

LOST PASSWORD