വിചാരണ

ദൈവജനത്തെ ഉന്മൂലനംചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ 'ഹിഡന്‍' അജണ്ട!

Print By
about

നുഷ്യാവകാശത്തിന്റെയും പൗരാവകാശത്തിന്റെയും പേരില്‍ ഐക്യരാഷ്ട്രസഭ കൊണ്ടുവരുന്ന നിയമങ്ങളില്‍ ഭൂരിപക്ഷവും ദൈവവചനത്തിനും സ്വര്‍ഗ്ഗരാജ്യ പ്രാപ്തിക്കും എതിരാണെന്ന മുഖവുരയോടെ ഈ ലേഖനം ആരംഭിക്കുവാനാണ് മനോവ ഇഷ്ടപ്പെടുന്നത്! ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എന്‍(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ല്‍ 51 അംഗങ്ങളുമായി തുടക്കംകുറിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌. ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങള്‍.

സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക്, വന്യമൃഗങ്ങള്‍ക്ക്, വളര്‍ത്തുമൃഗങ്ങള്‍ക്ക്, പ്രകൃതിയ്ക്ക്  എന്നിങ്ങനെ ഓരോന്നിനും കാലാകാലങ്ങളില്‍ അനേകം നിയമങ്ങളുണ്ടാക്കി  സംരക്ഷിക്കുന്നുണ്ട്.ഇതിലുള്ള നന്മയും തിന്മയും ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല. കാരണം, ഇതു വായിക്കുന്ന വായനക്കാര്‍ക്ക് കാര്യങ്ങള്‍ വിലയിരുത്താനുള്ള  ജ്ഞാനമുള്ളവരാണെന്ന് മനോവ വിശ്വസിക്കുന്നു. ഈ നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍  മറച്ചുവച്ചിരിക്കുന്ന ചില കുത്സിത ലക്ഷ്യങ്ങളെയും ഇരട്ടത്താപ്പുകളെയും  തുറന്നുകാണിക്കാനാണ് ഇവിടെ ഉദ്യമിക്കുന്നത്.

ഐക്യരാഷ്ട്രസഭ  പ്രഖ്യാപിക്കുന്ന നിയമങ്ങളെ വ്യക്തമായി പരിശോധിച്ചാല്‍ അവയുടെ ഗൂഢമായ ലക്ഷ്യങ്ങളെ  നമുക്ക് തിരിച്ചറിയാന്‍ കഴിയും. ബൈബിളിലൂടെ ദൈവം നല്‍കിയിട്ടുള്ള വചനങ്ങളെ  മുഴുവന്‍ എതിര്‍ത്തുകൊണ്ട്, അതിനുപരി സാത്താന്‍റെ നിയമങ്ങളെ ലോകത്ത് സ്ഥാപിക്കുകയെന്ന രഹസ്യ അജണ്ട ഇതിനു പിന്നിലുണ്ട്. ലോകം മുഴുവനെയും ഈ നിയമത്തിന്‍റെ കീഴില്‍ കൊണ്ടുവരാന്‍ ഒരു പരിധിവരെ ഐക്യരാഷ്ട്രസഭയ്ക്ക് കഴിയും. ഇതിനോട് സഹകരിക്കാത്ത രാജ്യങ്ങളെ ഒറ്റപ്പെടുത്താനും ഉപരോധിക്കാനും ഇവര്‍ക്കാകും എന്നതാണ് വരാനിരിക്കുന്ന ഭീകരദുരന്തം! വെളിപാട് പുസ്തകത്തിലെ പ്രസക്തമായൊരു വചനം  ഇവിടെ ഓര്‍മ്മിക്കുക: "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്"(വെളി: 13; 16, 17). ദൈവകല്പനകള്‍ ലംഘിക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിതരാക്കുന്ന നിയമങ്ങള്‍ 'ഭൂലോകകോടതി' ആയി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭയിലൂടെ സാത്താന്‍ കൊണ്ടുവരുന്നു!

ഇപ്രകാരം  ദൈവകല്പനകള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ കൊണ്ടുവന്നിട്ടുള്ള ചില നിയമങ്ങളെ വചനത്തിന്റെ  അടിസ്ഥാനത്തില്‍ നമുക്ക് വിലയിരുത്താം.ശിശുക്കളുടെ അവകാശത്തെ സംബന്ധിച്ചുള്ള ഇവരുടെ  നിയമങ്ങളിലെ ഗുണദോഷങ്ങള്‍ പരിശോധിച്ചുകൊണ്ട് ആരംഭിക്കാം!

നന്മയുണ്ടാകുന്നതിന് മാതാപിതാക്കളെ  ബഹുമാനിക്കുക!

സീനായ് മലയില്‍  അഗ്നിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് ദൈവമായ യാഹ്‌വെ തന്റെ ജനത്തോട് കല്പിച്ച  നിയമങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ: 20; 12, 13). ദൈവം തരുന്ന രാജ്യമെന്നതുകൊണ്ട് കാനാന്‍ ദേശത്തെ മാത്രമല്ല അവിടുന്ന് ഉദ്ദേശിച്ചത്; മറിച്ച്, വരാനിരിക്കുന്ന ദൈവരാജ്യത്തെയും ചേര്‍ത്തുകൊണ്ടാണ് അവിടുന്ന് കല്പിച്ചത്. യാഹ്‌വെയുടെ ഏതൊരു കല്പനയിലും നിത്യജീവന്റെ വചനമുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം! കാരണം, നാമാരും ഈ ലോകത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരല്ല. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് യേഹ്ശുവാ നല്‍കുന്ന മറുപടി ശ്രദ്ധിച്ചാല്‍ ഈ പ്രമാണത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഏതു രാജ്യത്തെയാണെന്നു വ്യക്തമാകും.

ഒരു യുവാവ് യേഹ്ശുവായോട്  ഒരിക്കല്‍ ചോദിച്ചു: "ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടത്?"(മത്താ: 19; 16). അവന്റെ ചോദ്യത്തിനുള്ള ഉത്തരമായി യേഹ്ശുവാ പറയുന്ന മറുപടിയില്‍ ഈ സത്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അവിടുന്നു പറഞ്ഞു: "ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവന്‍ ചോദിച്ചു: ഏതെല്ലാം? യേഹ്ശുവാ പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക"(മത്താ: 19; 17, 19). ഇതിലൂടെ വ്യക്തമാകുന്ന സത്യം, കല്പനകള്‍ പ്രധാനമായും നിത്യജീവനിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്നതാകുന്നു. ഈ ലോകത്തെ ജീവിതം വരാനിരിക്കുന്ന ജീവിതത്തിന്റെ നിഴല്‍ മാത്രമാണ്!

സ്വര്‍ഗ്ഗരാജ്യത്തിന്  ഒരുവനെ അര്‍ഹനാക്കുവാന്‍ കല്പനകളുടെ അനുസരണം അനിവാര്യമാണെന്ന് യേഹ്ശുവാ  പ്രഖ്യാപിച്ചിരിക്കേ, ഈ കല്പനകളെ അപ്രധാനമാക്കാനുള്ള ഏതൊരു പ്രവര്‍ത്തിയേയും നാം  ഗൌരവത്തോടെ കാണണം. മാതാപിതാക്കളെ ബഹിമാനിക്കണമെന്നത് ദൈവത്തിന്റെ കല്പനയാണ്. എങ്ങനെയാണ് മാതാപിതാക്കളെ ബഹുമാനിക്കേണ്ടത്? ബഹുമാനിക്കുന്നുവെന്ന പ്രഖ്യാപനം  ബഹുമാനമാകുമോ? ഇന്ത്യന്‍ നിയമവ്യവസ്ഥിതികളെ ബഹുമാനിക്കുന്നു എന്നുപറഞ്ഞാല്‍, അത്  അനുസരിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ്! അങ്ങനെയെങ്കില്‍, മാതാപിതാക്കളോടുള്ള  ബഹുമാനം അവരോടുള്ള വിധേയത്വവും അനുസരണവുമാണ്! മാതാപിതാക്കള്‍ക്ക് മക്കളുടെമേല്‍  നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ അവകാശമില്ലെങ്കില്‍ മക്കള്‍ എങ്ങനെയാണ് അവരെ  അനുസരിക്കുന്നത്?

മാതാപിതാക്കളുടെ അവകാശങ്ങള്‍ ഐക്യരാഷ്ട്രസഭ  തട്ടിയെടുത്തു!

മക്കളുടെമേല്‍ മാതാപിതാക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളെയും ഐക്യരാഷ്ട്രസഭ കവര്‍ന്നെടുത്ത  സാഹചര്യമാണ് ഇന്നുള്ളത്. മനുഷ്യാവകാശത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അര്‍ത്ഥശൂന്യമായ വാദങ്ങള്‍ ഇതിനായി ഇവര്‍ നിരത്തുന്നു. ഇവിടെയാണ് ഫലത്തില്‍നിന്ന് നാം വൃക്ഷത്തെ തിരിച്ചറിയേണ്ടത്. ഐക്യരാഷ്ട്രസഭ കൊണ്ടുവരുന്ന 'തുഗ്ലക്' നിയമപരിഷ്കാരങ്ങളെ അംഗത്വരാജ്യങ്ങള്‍ നടപ്പാക്കുകയും  അംഗത്വമില്ലാത്തരാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദത്തിലൂടെ കെട്ടിയേല്പിക്കുകയും  ചെയ്യുന്നു. വിട്ടുനില്‍ക്കുന്നവരെ ഉപരോധങ്ങളിലൂടെ ഒറ്റപ്പെടുത്തി തങ്ങളുടെ  വരുതിയിലെത്തിക്കുവാന്‍ ഇവര്‍ക്കു സാധിക്കുന്നുവെന്നതും ശ്രദ്ധേയമാണ്!

ദൈവീകനിയമങ്ങളെ  മുഴുവന്‍ അവഗണിച്ചുകൊണ്ട്, ആ നിയമങ്ങള്‍ക്ക് ഉപരിയായി സാത്താന്റെ നിയമങ്ങള്‍  നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയെ അവന്‍ ഉപയോഗിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടുന്നത് പൈശാചിക നിയമങ്ങളാണെന്ന് ഒരുവനും തിരിച്ചറിയാത്തതാണ് അവന്റെ വിജയം! അതുകൊണ്ടാണ് ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയണമെന്ന് മനോവ പറയുന്നത്. മാതാപിതാക്കളില്‍നിന്നു മക്കളുടെ ഉത്തരവാദിത്വം ഐക്യരാഷ്ട്രസഭയുടെ നിയമത്തെ  ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ താന്തോന്നികളായ ഒരു ജനതയെ  വാര്‍ത്തെടുക്കുകയെന്ന പൈശാചിക അജണ്ടയാണ് നടപ്പായത്!

മക്കളെ ഉപദേശിക്കുവാനോ ശാസിക്കുവാനോ അനുവാദമില്ലാത്തവിധം  മാതാപിതാക്കളെ വെറും 'ഡെമ്മികള്‍' ആക്കുന്ന നിയമങ്ങള്‍ ശിശുക്കളോടുള്ള പരിഗണനയായി കാണുവാന്‍ മനോവയ്ക്ക് കഴിയില്ല! ക്രൂരമായ മര്‍ദ്ദനങ്ങളും ലൈംഗീകമായ ദുരുപയോഗങ്ങള്‍ക്കുമുള്ള അവകാശമല്ല മനോവ വാദിക്കുന്നത്. ദുശ്ശാഠ്യക്കാരായി  വളര്‍ന്ന് തങ്ങള്‍ക്കും ലോകത്തിനും ഭീഷണിയായി മാറാതെ, നല്ല വ്യക്തികളായി വളര്‍ത്തിക്കൊണ്ടുവരാനുള്ള അവകാശവും ഉത്തരവാദിത്വവും മാതാപിതാക്കളില്‍ നിക്ഷേപിച്ചിരിക്കുന്നത് ദൈവമാണ്! 

ജന്മം കൊടുത്ത മാതാപിതാക്കളെക്കാള്‍ അവകാശം മറ്റാരെങ്കിലും ഏറ്റെടുക്കുന്നതിലൂടെ ദൈവീകനിയമത്തെ ചവിട്ടിമെതിക്കുകയാണു ചെയ്യുന്നത്! രാജ്യം നല്‍കുന്ന സ്വാതന്ത്ര്യം ആസ്വദിച്ച് ദുര്‍മ്മാര്‍ഗ്ഗിയായി ഒരുവന്‍ വളര്‍ന്നാല്‍ ഐക്യരാഷ്ട്രസഭ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? ഒരു കുഞ്ഞു നശിച്ചുപോയാല്‍ അതിന്റെ മാതാപിതാക്കള്‍ അനുഭവിക്കുന്ന നഷ്ടത്തോളം മറ്റാര്‍ക്കാണ് ഉണ്ടാകുക? ഒരു പൗരന്‍ രാജ്യത്തിന്റെ സമ്പത്തായിരിക്കാം. എന്നാല്‍, അതിനേക്കാള്‍ ഉപരി മാതാപിതാക്കളുടെ സമ്പത്താണ്‌ മക്കള്‍! വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "യാഹ്‌വെയുടെ ദാനമാണ് മക്കള്‍. ഉദരഫലം ഒരു സമ്മാനവും"(സങ്കീ: 127; 3). ഉദരത്തില്‍ വഹിച്ച് വേദനയോടെ പ്രസവിക്കുന്ന അമ്മയേക്കാളും ജന്മം നല്‍കിയ പിതാവിനേക്കാളും സ്നേഹവും അവകാശവും വാദിക്കുന്ന കപടമനുഷ്യസ്നേഹത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു. സാത്താനുവേണ്ടി മക്കളെ വളര്‍ത്താനും ദൈവീകനിയമങ്ങളെ അവഹേളിക്കുവാനും ഐക്യരാഷ്ട്രസഭയെ മറയാക്കി പ്രവര്‍ത്തിക്കുന്ന ശക്തിയെ ദൈവജനം മനസ്സിലാക്കിയില്ലെങ്കില്‍ വരാനിരിക്കുന്നത് ഭീകര ദുരന്തമായിരിക്കും.

ലോകത്തില്‍ മുഴുവന്‍ നടപ്പാക്കാനായി ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന എല്ലാ നിയമങ്ങളുടെ പിന്നിലും  സാത്താന്റെ വ്യക്തമായ സ്വാധീനമുണ്ട്. സീനായ് മലയില്‍ യാഹ്‌വെ നല്‍കിയ കല്പനകളുടെ പരസ്യമായ നിഷേധമാണ് ഇവര്‍ കൊണ്ടുവരുന്ന നിയമങ്ങളുടെ മുഴുവന്‍ കാതലെന്നത് ഈ സ്വാധീനത്തിന്റെ തെളിവാണ്! വചനം വീണ്ടും പറയുന്നു: "മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് യാഹ്‌വെ ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു"(പ്രഭാ: 3; 2). യാഹ്‌വെ ഉറപ്പിച്ച അവകാശത്തെ ഇളക്കാന്‍ ശ്രമിക്കുന്നത് ആരായിരിക്കുമെന്ന് ചിന്തിച്ചുകൊള്ളുക!

അരാജകത്വത്തിന്റെ മനുഷ്യനായ എതിര്‍ക്രിസ്തുവിന്റെ അടയാളങ്ങള്‍ ബൈബിളില്‍ വ്യക്തമാക്കിയിരിക്കുന്നത്  വായിക്കുമ്പോള്‍ ചില സത്യങ്ങള്‍ വെളിപ്പെടും. അവസാനനാളുകളില്‍ വരാനിരിക്കുന്ന  എതിര്‍ക്രിസ്തുവിനുവേണ്ടി നിയമനിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്! ഇതു പറയാന്‍ വ്യക്തമായ കാരണമുണ്ട്; എന്തെന്നാല്‍, അവന്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് യേഹ്ശുവാ പറഞ്ഞത് രണ്ടായിരം  വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു. ഈ അജ്ഞാതശക്തിയെക്കുറിച്ച് വചനം പറയുന്നത്  ഇങ്ങനെയാണ്: "എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനേയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ ഉയര്‍ത്തി സ്ഥാപിക്കുകയും ചെയ്യും"(2 തസ: 2; 3, 4). എതിര്‍ക്രിസ്തു ഒരു വ്യക്തിയാണെങ്കിലും അവനു പ്രത്യക്ഷപ്പെടാനുള്ള സാഹചര്യങ്ങളൊരുക്കാന്‍ അവന്‍ സ്ഥാപിച്ച സംവീധാനങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ദൈവീക നിയമങ്ങളെ മാറ്റിമറിച്ചുകൊണ്ട് പുത്തന്‍ നിയമങ്ങളുണ്ടാക്കുന്ന ഐക്യരാഷ്ട്രസഭയെ ഈ വിധത്തില്‍ വേണം കാണാന്‍!

ഈ ലോകത്തും വരാനിരിക്കുന്ന ലോകത്തും ശാന്തിയും സമാധാനവും വാഗ്ദാനം ചെയ്തുകൊണ്ടാണ് ദൈവം നിയമം നല്‍കിയത്. ഈ നിയമത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് പ്രവാചകനിലൂടെ അവിടുന്ന് പറഞ്ഞത് നാം മറക്കരുത്. "ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജന തയ്ക്കാണുള്ളത്?(നിയമം: 4; 8). ഈ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്, ആദ്യകാലങ്ങളില്‍ യൂറോപ്പിലും മറ്റ് ക്രൈസ്തരാജ്യങ്ങളിലും നിയമങ്ങള്‍ നിര്‍മ്മിച്ചത്. അന്നൊക്കെ ശാന്തിയും സമാധാനവും പുലര്‍ന്നിരുന്നു എന്നുമാത്രമല്ല, മൂല്യമുള്ള കുടുംബബന്ധങ്ങളും സ്വഭാവഗുണമുള്ള സന്തതികളും ഉണ്ടായിരുന്നു! മക്കളെ ശിക്ഷണത്തില്‍ വളര്‍ത്താനുള്ള അവകാശം മാതാപിതാക്കളില്‍ നിഷിപ്തമായിരുന്നപ്പോള്‍ നല്ല തലമുറ ഈ ലോകത്തുണ്ടായി. നല്ല കുടുംബങ്ങളില്‍നിന്നു മാത്രമേ സമൂഹത്തിനു നല്ല വ്യക്തികളെ ലഭിക്കുകയുള്ളു.

കുട്ടികളെ ശാസിക്കാനും ഉപദേശിക്കാനുമുള്ള അവകാശം മാതാപിതാക്കളില്‍നിന്ന് നീക്കിക്കളയാന്‍ ഐക്യരാഷ്ട്രസഭയിലൂടെ സാത്താന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായി സത്യദൈവത്തെക്കുറിച്ചുള്ള അറിവില്ലാത്ത ഒരു ജനതയെ തന്റെ പ്രത്യക്ഷീകരണത്തിനുമുമ്പ് ഒരുക്കിനിര്‍ത്തേണ്ടത് എതിര്‍ക്രിസ്തുവിന്റെ ആവശ്യമാണ്! ചെറുപ്രായത്തില്‍തന്നെ കുട്ടികളെ മതപരമായ നിയമങ്ങളും ദൈവത്തെക്കുറിച്ചുള്ള വ്യക്തതയും നല്‍കിയാല്‍ സാത്താന്റെ കുതന്ത്രത്തില്‍ വീഴ്ത്താന്‍ അവനു സാധിക്കാതെ വരും. എന്നാല്‍, ആദ്ധ്യാത്മീകതയില്‍ യാതൊരു ജ്ഞാനവുമില്ലാത്ത ഒരു സമൂഹത്തിനുമുന്നില്‍ അദ്ഭുതങ്ങളും അടയാളങ്ങളുമായി കടന്നുവരുമ്പോള്‍, ഈ സമൂഹത്തെ എളുപ്പത്തില്‍ വശീകരിക്കാന്‍ സാത്താനു സാധിക്കും. ഇപ്പോള്‍തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ ഈ അവസ്ഥ വന്നുകഴിഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളിലെ പുരോഹിതരുടെ ശുശ്രൂഷയെന്നാല്‍, അദ്ധ്വാനത്തെക്കാള്‍ അധികമായ ശമ്പളം പറ്റുന്ന ഒരു ജോലി എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. അവരില്‍നിന്നോ മാതാപിതാക്കളില്‍നിന്നോ ആദ്ധ്യാത്മിക കാര്യങ്ങള്‍ അറിയാന്‍ കഴിയാത്ത പുതിയ തലമുറയ്ക്ക് അറിവുമായി കടന്നുവരുന്നത് ഇന്ത്യയിലെ ആള്‍ദൈവങ്ങളാണ്. ഭാരതീയ സംസ്കാരവും യോഗയും ചേര്‍ത്ത് ചില ചെപ്പടിവിദ്യകള്‍ അവതരിപ്പിക്കുമ്പോള്‍ പുതുതലമുറ ഭക്തിലഹരിയില്‍ ആറാടുന്നു! ഇതുതന്നെയാണ് സാത്താന്‍ ആഗ്രഹിച്ചതും! സത്യദൈവത്തില്‍നിന്ന് മനുഷ്യരെ അകറ്റി, വ്യാജത്തെ സ്വീകരിക്കാനുള്ള പ്രവണത ലോകത്ത് ഉണ്ടാക്കിയെടുക്കുകയെന്ന പൈശാചിക കുതന്ത്രം!

സാത്താന്‍, പിശാച് എന്നീ ശക്തികളെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ കുട്ടികളോട് സംസാരിക്കാന്‍ യൂറോപ്പില്‍ അനുവാദമില്ല. ദൈവത്തെക്കുറിച്ച് പറയാമെങ്കിലും തെറ്റു ചെയ്താല്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്നതിലൂടെ കുട്ടികളില്‍ ഭയമുണ്ടാവുകയും അതുവഴി അവര്‍ക്ക് ദോഷം സംഭവിക്കും എന്നൊക്കെയാണ് വിചിത്രമായ കണ്ടുപിടുത്തങ്ങള്‍! ഇത്തരം ആശയങ്ങളുടെയും നിയമങ്ങളുടെയും യഥാര്‍ത്ഥ ഉറവിടം ഏതാണെന്ന് തിരിച്ചറിയാന്‍ നമുക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ലോ?!

ഭ്രൂണഹത്യ കൊലപാതകമാണെന്ന് പറയുകയോ അതിന്റെ ക്രൂരത വിവരിക്കുകയോ ചെയ്താല്‍ പാശ്ചാത്യനാടുകളില്‍ കുറ്റകരമാണെന്നത് ഇവിടെ നിലവിലുള്ള പൈശാചികതയാണ് വ്യക്തമാക്കുന്നത്. മനുഷ്യനെ പാപബോധത്തിലേക്ക് നയിക്കുന്നത് തെറ്റാണെന്നു ചിന്തിപ്പിക്കാന്‍, പാപബോധവും കുറ്റബോധവും തമ്മിലുള്ള വ്യത്യാസം മറച്ചുവയ്ക്കുന്ന രീതിയാണ് ഇവിടങ്ങളിലുള്ളത്. ഒരുവന്‍ ചെയ്ത അപരാധം ചൂണ്ടിക്കാണിക്കുന്നതിലൂടെ അവന്‍ കുറ്റബോധത്തിലകപ്പെടുകയും അവനിലെ കഴിവുകള്‍ അസ്തമിക്കുകയും ചെയ്യുമെന്നുള്ള സിദ്ധാന്തം ദൈവവചനത്തെ തടയാനുള്ള സാത്താന്റെ കൗശലമാണെന്ന് മറക്കരുത്.

ആത്മാവില്ലാത്ത വെറുമൊരു ശരീരം മാത്രമായി മനുഷ്യനെ കണ്ടുകൊണ്ട് ഇവര്‍ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സകലരേയും നിത്യശിക്ഷയില്‍ അകപ്പെടുത്താനുള്ള സാത്താന്റെ കൗശലം വിജയിക്കുകയാണ്! സുവിശേഷമെന്നത് മാനസാന്തരത്തിനുള്ള ആഹ്വാനമായതിനാല്‍, ഈ വചനം പ്രസംഗിക്കപ്പെടുമ്പോള്‍ പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള വിവരണവും അനിവാര്യമാകുന്നു. മാനസാന്തരത്തിന്റെ സുവിശേഷം ജറുസലേമിലും യൂദയായിലും സമരിയായിലും ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും പ്രസംഗിക്കുവാനാണ് ഓരോ ക്രൈസ്തവനെയും യേശു ചുമതലപ്പെടുത്തിയത്. ദൈവവചനത്തെ നിയമംമൂലം നിരോധിക്കാനായി സാത്താന്‍ ഉണ്ടാക്കിയ പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! ഇതില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ ഈ നിയമം നടപ്പാക്കുകയും അല്ലാത്തവരെ ഭീഷണിയിലൂടെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നത് ജാഗ്രതയോടെ കാണണം!

പാപത്തെക്കുറിച്ചും ശിക്ഷാവിധിയെക്കുറിച്ചും പറയരുതെന്നുള്ള നിയമത്തില്‍ ഒളിഞ്ഞിരിക്കുന്നത് സുവിശേഷം പ്രസംഗിക്കരുതെന്ന മുന്നറിയിപ്പാണെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകും! ഇതൊന്നും കണ്ടില്ലെന്ന ധാരണയില്‍ ക്രൈസ്തവസഭകള്‍ മൌനം പാലിക്കുന്നത് ദുരൂഹതയുടെ ആക്കംകൂട്ടുന്നു. സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ സഭകളിലും കടുന്നുകൂടിയിരിക്കുന്നുവെന്ന് സ്വാഭാവികമായും സംശയിക്കാവുന്നതാണ്!

അനീതിയുടെ നിയമത്തിനു ദൈവം നല്‍കിയ താക്കീത്!

ദൈവീകനിയമങ്ങളെ അവഗണിച്ചുകൊണ്ട് മനുഷ്യാവകാശത്തിന്റെ പേരില്‍ അനീതിനിറഞ്ഞ നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കുള്ള താക്കീതാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ അരങ്ങേറിയത്. കുടുംബന്ധങ്ങളുടെ പവിത്രതയും, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ അനിവാര്യതയും ബൈബിളിലോളം വ്യക്തമായി മറ്റെവിടെയും നിര്‍ദ്ദേശിച്ചിട്ടില്ല. കുട്ടികളെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അവകാശം മാതാപിതാക്കളില്‍നിന്ന് എടുത്തുമാറ്റിയപ്പോള്‍ താന്തോന്നികളായ മക്കള്‍ വളര്‍ന്നുവന്നു. വിവാഹത്തിന്റെ മഹത്വം ബൈബിള്‍ പ്രഖ്യാപിച്ചപ്പോള്‍ വിവാഹേതരബന്ധങ്ങളും വിവാഹമോചനങ്ങളും പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിച്ചത് പാപികളെ സന്തോഷിപ്പിക്കാനായിരുന്നു.

അമേരിക്കയില്‍ ഇരുപതു  പിഞ്ചുകുഞ്ഞുങ്ങളെയും സ്വന്തം അമ്മയേയും അടക്കം ഇരുപത്തെട്ടു ജീവനുകളെ അപഹരിച്ച  യുവാവിന്റെ ചരിത്രം ലോകത്തിനു പാഠമാകണം. വിവാഹ മോചനം നടത്തി അകന്നു കഴിയുന്ന മാതാപിതാക്കളോടും ഈ സമൂഹത്തോടുമുള്ള അമര്‍ഷം ആ യുവാവിന്റെ മനോനില തകരാറിലാക്കി. കുട്ടികളെ ശിക്ഷിച്ചാല്‍ അവരുടെ മനസ്സിനെ തളര്‍ത്തുമെന്ന കണ്ടെത്തലുകള്‍ ആധുനിക മനഃശാസ്ത്രം പ്രഖ്യാപിക്കുമ്പോള്‍, യഥാര്‍ത്ഥ സത്യം വിദൂരത്താണെന്ന് സംഭവങ്ങള്‍ തെളിയിക്കുകയാണ്!

നല്ല കുടുംബബന്ധങ്ങളില്‍നിന്നു മാത്രമേ നല്ല വ്യക്തിത്വങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടാകുകയുള്ളു. സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗ വിവാഹവും അനുവദിച്ചുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കുകയും കുടുംബങ്ങളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുകയും ചെയ്യാനുള്ള സാത്താന്റെ അജണ്ട നടപ്പാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ തണലില്‍ ലോകരാജ്യങ്ങള്‍! വിവാഹിതരാകാത്ത കൂട്ടുകാരനും കൂട്ടുകാരിയും ചേര്‍ന്ന് അനാഥരെ ഈ ഭൂമിയിലേക്ക് ജനിപ്പിച്ചു വിടുമ്പോള്‍ ബൈബിളിലെ വചനം ഓര്‍മ്മിക്കുന്നത് നല്ലതാണ്: "അധര്‍മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല. അല്‍പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്ക്കായ്കയാല്‍ അവര്‍ കാറ്റില്‍ ഉലയും; കൊടുങ്കാറ്റില്‍ കടപുഴകി വീഴും. വളര്‍ച്ചയെത്തുംമുന്‍പേ ശാഖകള്‍ ഒടിഞ്ഞുപോകും. കനികള്‍ പാകമെത്താത്തതിനാല്‍ ഭക്ഷണയോഗ്യമല്ല, ഒന്നിനും ഉപയുക്തവുമല്ല. ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും"(ജ്ഞാനം: 4; 3-6).

വിവാഹത്തിലൂടെയല്ലാത്ത വേഴ്ചകളെയാണ് അവിഹിതവേഴ്ചകള്‍ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളാണ് ജാരസന്തതികള്‍! ഇവരെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പാണു നാം കണ്ടത്! അമേരിക്കയിലെ കൂട്ടക്കുരുതിയെപ്രതി ഒബാമ കരഞ്ഞത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ മാറിചിന്തിക്കാന്‍ തയ്യാറാകുകയാണു വേണ്ടത്. ദാരുണമായ ഈ സംഭവം മറ്റുചില നിയമങ്ങള്‍ക്കെതിരെയും ​ദൈവം നല്‍കിയ താക്കീതായി കാണണം. അഞ്ചിനും പത്തിനും ഇടയിലുള്ള ഇരുപതു കുഞ്ഞുങ്ങള്‍ മരിച്ചത് ഏറെ വേദനാകരമാണെന്നു സമ്മതിച്ചുകൊണ്ടുതന്നെ അതിനേക്കാള്‍ വേദനനിറഞ്ഞ ഒരു നിയമത്തിനെതിരെ വായനക്കാരുടെ മനസ്സാക്ഷിയെ മനോവ തിരിക്കുകയാണ്!

ദൈവത്തിന്റെ മുന്നില്‍ ഈ കുഞ്ഞുങ്ങളെപ്പോലെതന്നെ സ്വീകാര്യരാണ് അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞുങ്ങളും. ഈ ഭൂമിയിലേക്ക് ജനിക്കാനുള്ള അവകാശംപോലും നിഷേധിച്ചുകൊണ്ട് ശിശുക്കളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ കപടത ആരും കാണാതെപോകരുത്. സ്വന്തം കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍ ഉള്ളതിനേക്കാള്‍ ഭീകരമായ വേദന സംരക്ഷിക്കപ്പെടേണ്ടവരുടെ അനുവാദത്തോടെ സംഹരിക്കപ്പെടുന്ന ജീവനെപ്രതി ദൈവത്തിനുണ്ട്. ഈ കുഞ്ഞുങ്ങളുടെ അവകാശത്തെ ഐക്യരാഷ്ട്രസഭ മാനിക്കാത്തത് എന്തുകൊണ്ടാണ്?

അപ്പോള്‍, ഈ നിയമത്തിനുപിന്നില്‍ ശിശുക്കളോടുള്ള സ്നേഹമല്ലെന്നു വ്യക്തം! കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷകര്‍ ചമഞ്ഞ് അവരെ അസ്സന്മാര്‍ഗ്ഗികളാക്കാന്‍ സാത്താനൊരുക്കുന്ന നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നവര്‍ മാത്രമാണിവര്‍! ഈ നിയമങ്ങളുടെ ബലിയാടുകളാണ് അമേരിക്കയില്‍ വധിക്കപ്പെട്ടത്; കൂടാതെ, ലോകത്തോടുള്ള ദൈവത്തിന്റെ താക്കീതും! ദൈവീകനിയമങ്ങളിലേക്കുള്ള മടങ്ങിപ്പോക്കല്ലാതെ ഇത്തരം ദുരന്തങ്ങള്‍ക്കൊരു പ്രതിവിധിയും മനോവയ്ക്കു നിര്‍ദ്ദേശിക്കാനില്ല. ഇത് അവസാനത്തെ സംഭവമാണെന്ന് ആരും ധരിക്കേണ്ട; ഈറ്റുനോവിന്റെ ആരംഭം മാത്രമായി കരുതിയാല്‍ മതി! ഇത് വിളവെടുപ്പിന്റെ കാലമാണ്; വിതച്ചതുതന്നെ കൊയ്യണമല്ലോ!?

വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സന്തതികളെ വളര്‍ത്തുന്നതിനെക്കുറിച്ചും ദൈവത്തിന്റെ ഹിതമിതാണ്: "എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു യാഹ്‌വെ സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ. ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്റെ വസ്ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയോടെ വ്യാപരിക്കുക; അവിശ്വസ്തത കാണിക്കരുത്"(മലാക്കി: 2; 14-16).

വരാനിരിക്കുന്ന ഭീകരനിയമം!

ഇതുകൊണ്ടൊന്നും അവസാനിച്ചുവെന്ന് ആരും കരുതേണ്ടാ. ഇപ്പോള്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി പ്രഹരശേഷിയുള്ളതാണ് തയ്യാറായിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ എന്നത് മനസ്സിലാക്കാന്‍ ആത്മീയമനുഷ്യര്‍ക്കു കഴിയും. കുട്ടികളെ ശാസിക്കുന്നത് അവരുടെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെങ്കില്‍, അവരെ മതവിശ്വാസത്തില്‍ പരിശീലിപ്പിക്കുന്നതും ശിശുവായിരിക്കേ ജ്ഞാനസ്നാനം നല്‍കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കാവുന്നതാണ്! പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കേണ്ടതാണ് മതവിശ്വാസം എന്ന് നിയമം വരാന്‍ ഇനിയും അധികം വൈകില്ല!

ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അവിചാരിതമായി എന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കേണ്ട. കാരണം, ബൈബിളില്‍ എഴുതിവച്ചിരിക്കുന്നതൊക്കെ നിറവേറേണ്ടതു തന്നെയാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും ബൈബിളിലെ വചനങ്ങളുടെ പൂര്‍ത്തീകരണം മാത്രമാണ്! എന്നാല്‍, ഇതെല്ലാം ദൈവജനം വ്യക്തമായും മനസ്സിലാക്കിയില്ലെങ്കില്‍ അവന്റെ കുതന്ത്രത്തില്‍ അകപ്പെടുമെന്നതില്‍ സംശയമില്ല. കാരണം, വചനം ഇങ്ങനെ പറയുന്നു: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 24).

ദൈവത്തെക്കുറിച്ച് അജ്ഞതയില്‍ കഴിയുന്ന ഒരു ലോകത്തെ തനിക്കുവേണ്ടി ഒരുക്കിനിര്‍ത്തുകയാണ് സാത്താന്റെ ലക്ഷ്യം. സത്യദൈവത്തെക്കുറിച്ചുള്ള അറിവുള്ളവരെ തന്ത്രത്തില്‍ കുടുക്കുവാന്‍ എളുപ്പമല്ല എന്നതാണ് ഇതിനു കാരണം. പാശ്ചാത്യരാജ്യങ്ങളെ ശ്രദ്ധിച്ചാല്‍, ഇതിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായത് കാണാന്‍ കഴിയും. ഇവിടങ്ങളിലെ ഏറ്റവും പുതിയ തലമുറയില്‍ ഭൂരിപക്ഷം ആളുകളും ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവരാണ്. ഐക്യരാഷ്ട്രസഭയും അവരുടെ നിയമങ്ങളെ ശിരസ്സാവഹിക്കുന്നവരും മോശയിലൂടെ നല്‍കപ്പെട്ട പ്രമാണങ്ങളോടും ക്രിസ്തീയനിയമങ്ങളോടുമാണ് എതിരിടുന്നത് എന്നകാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു! കാരണം, നിത്യജീവനെ ലക്ഷ്യംവച്ചുള്ള നിയമങ്ങള്‍ ഇവയില്‍ മാത്രമേയുള്ളു എന്നതാണ്!

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ഉത്പന്നങ്ങളായ 'യോഗാ' , 'ആര്‍ഷഭാരത സംസ്കാരം' , 'ആള്‍ദൈവങ്ങള്‍' തുടങ്ങിയവയ്ക്ക് സ്വതന്ത്രമായി വിപണനം നടത്താന്‍ ആവശ്യമായതെല്ലാം നിയമത്തില്‍ അനുശാസിക്കുന്നു എന്നത് വളരെ ഗൌരവത്തോടെ എടുക്കണം. ജഡത്തെമാത്രം ലക്ഷ്യംവച്ച് രൂപപ്പെടുത്തിയ ലൌകീക നിയമങ്ങളാണ് ഇവയിലുള്ളത് എന്നതാണ് ഇതിനു കാരണം. യേഹ്ശുവായില്‍നിന്നും സത്യവിശ്വാസത്തില്‍നിന്നും മനുഷ്യരെ അകറ്റാന്‍ ഇത്തരം സിദ്ധാന്തങ്ങള്‍ കഴിയുമെന്നതിനാല്‍ ഇവയ്ക്കുവേണ്ട നികുതിയിളവുകളും പ്രഖ്യാപിക്കപ്പെടുന്നു. ഇത്തരം മെഡിറ്റേഷനുകളില്‍ കുടുങ്ങുന്നവരെല്ലാം ഒടുവില്‍ എത്തിപ്പെടുന്നത് വ്യാജദേവന്മാര്‍ വഴി 'പാഗണ്‍' സംസ്കാരത്തിലും ഹൈന്ദവത്വത്തിലുമാണ്!

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1 കോറി: 10; 20). എന്ന വചനത്തിന്റെ പ്രാധാന്യം ഇവിടെ ശ്രദ്ധേയമാകുന്നു. ക്രിസ്തീയതയില്‍നിന്ന് വ്യതിചലിപ്പിച്ച് മറ്റേതെങ്കിലും മതത്തിലേക്ക് ഒരുവനെ എത്തിച്ചാല്‍, അത് സാത്താന്റെ അകൌണ്ടിലാണ് ചേര്‍ക്കപ്പെടുന്നത്. അതുകൊണ്ടാണ് ക്രിസ്തീയതയ്ക്ക് വിരുദ്ധമായ ആശയങ്ങളുടെ പ്രചരണത്തിന് തടയിടാന്‍ ലോകനിയമം തയ്യാറാകാത്തത്. സഹനത്തിന്റെയും സ്നേഹത്തിന്റെയും മാര്‍ഗ്ഗത്തില്‍ ചരിച്ചിട്ടും ക്രൈസ്തവരെ സകലരും പൊതുശത്രുവായി പരിഗണിക്കുകയും ക്രിസ്തീയതയെ അവഹേളിക്കുകയും ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല!

ഈ അവസ്ഥകളെല്ലാം നിലനില്‍ക്കുമ്പോഴും സഭാനേതാക്കന്മാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുന്നത് നിഗൂഢമായ ചില വസ്തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലുള്ള സമ്പത്ത് നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനുമുള്ള നെട്ടോട്ടത്തില്‍ കാല്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഇവരറിയുന്നില്ല. ക്രിസ്തീയതയുടെ പ്രാധാന്യത്തെ ഇകഴ്ത്തുവാനുള്ള പുത്തന്‍ ദൈവശാസ്ത്രങ്ങള്‍ ചമയ്ക്കുന്ന തിരക്കിലാണ് സഭയിലെ 'കു'ബുദ്ധിജീവികള്‍! സഭാധികാരികളെ മുന്നില്‍ നിര്‍ത്തി വിജാതിയത്വം വളര്‍ത്തുന്ന സാത്താന്റെ കുടിലതന്ത്രം വിജയവരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സാത്താന്റെ നിയമങ്ങള്‍ക്ക് ക്രൈസ്തവസഭകള്‍ നല്‍കുന്ന സംഭാവന!

സാത്താന്റെ നിയമങ്ങള്‍ ഭൂമുഖത്ത് വ്യാപകമാക്കാന്‍ ക്രൈസ്തവസഭകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഈ നിയമങ്ങളുടെ സത്യം തിരിച്ചറിയാതെയും സത്യത്തെക്കുറിച്ചുള്ള മിഥ്യാധാരണയിലുമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍, സാത്താന്‍ അവന്റെ ഇഷ്ടനിര്‍വ്വഹണത്തിനായി സഭകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വ്യക്തികളുമുണ്ട് എന്നത് ഏറെ ദുരന്തകരമാകുന്നു!

ചെറിയരീതിയില്‍ കടന്നുവരുന്നതും പിന്നീട് വളര്‍ന്ന് വ്യാപിക്കുന്നതുമായ അപകടങ്ങളോടുള്ള നിസ്സംഗതയും അവഗണനയുമാണ് സഭകളില്‍നിന്ന് സാത്താന്‍ പ്രതീക്ഷിക്കുന്നത്. ഈ ആഗ്രഹങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളിലാണ് ഇന്നത്തെ ക്രൈസ്തവസഭകള്‍ സ്വീകരിക്കുന്നത് എന്നതില്‍ പിശാച് സന്തുഷ്ടനാണ്!

സാംസ്കാരികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ വിജാതിയ  സംസ്കാരങ്ങളും ആചാരങ്ങളും അനുകരിച്ചുകൊണ്ട് സാത്താന്റെ മോഹങ്ങള്‍ പൂവണിയിക്കാന്‍  സഭാധികാരികളില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നത് വളരെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ഇതിലൂടെ സംഭവിക്കുന്ന ദുരന്തത്തെ മുന്നില്‍ കണ്ടുകൊണ്ടാണ്, നിയമംമൂലം യാഹ്‌വെ ഇത് നിരോധിച്ചത്. മനുഷ്യന് അപകടമുണ്ടാക്കാത്ത കാര്യങ്ങളൊന്നും ദൈവം വിലക്കുകയില്ലെന്ന് ചിന്തിക്കാന്‍ എന്തുകൊണ്ടാണ് ബുദ്ധിജീവികളായി നടിക്കുന്നവര്‍ക്ക് കഴിയാതെപോകുന്നത്? വിജാതിയ അനുകരണത്തിലൂടെ ക്രിസ്തീയതയും വിജാതിയത്വവും തമ്മിലുള്ള അന്തരം കുറയ്ക്കുവാനാണ് ചില സ്ഥാപിത തത്പര്യക്കാരുടെ ശ്രമം! ഇത് ദൈവം ആഗ്രഹിച്ചിരുന്നുവെങ്കില്‍ അതിനുള്ള ആഹ്വാനവും അവിടുന്ന് നല്‍കുമായിരുന്നു. ആരാധനകളില്‍ വിജാതിയത്വം നടപ്പാക്കുന്നതുവഴി സത്യവും മിഥ്യയും ദൈവജനത്തിനു തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിച്ചത് അധികാരികളെന്നു നടിക്കുന്നവര്‍ തന്നെയാണ്!

"നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). ജറെമിയ പ്രവാചകന്‍ പറയുന്നു: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(ജറെമിയ: 10; 2). "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 30, 31).

ഈ വചനങ്ങളൊക്കെയും ബൈബിളില്‍ എഴുതിവച്ചിരിക്കുന്നത്, മറ്റൊന്നും എഴുതാന്‍ ഇല്ലാത്തതു കൊണ്ടാണെന്നു ധരിക്കരുത്! ബൈബിളിലെ ദൈവം ഇവയെല്ലാം മുന്നറിയിപ്പായി നല്‍കിയിട്ടും വിപരീതമായി പ്രവര്‍ത്തിക്കുന്നത് ദൈവത്തോടുള്ള വെല്ലുവുളിയായി മാത്രമേ മനോവ കാണുന്നുള്ളു! വിജാതിയരുടെ ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് സത്യദൈവം കല്പിച്ചത്, അന്യദേവന്മാരോടുള്ള അസൂയമൂലമാണെന്ന് കരുതുന്നവരാണോ അമ്പലങ്ങളുടെ തറക്കല്ലിടാന്‍ ഓടിനടക്കുന്നത്? ഇത്രത്തോളം പരസ്യമായി പ്രമാണങ്ങളെ ലംഘിക്കുന്നവര്‍ വിശ്വാസികളെ നയിച്ചാല്,‍ അന്ധന്‍ കാഴ്ചയുള്ളവനെ നയിക്കുന്നതുപോലെ സ്വയം അവഹേളിതരാകും എന്നതു സ്പഷ്ടം!

ഐക്യരാഷ്ട്രസഭയുടെ പൈശാചിക നിയമങ്ങളെക്കുറിച്ചാണ് നമ്മുടെ വിഷയമെങ്കിലും ഈ നിയമങ്ങള്‍ക്ക് ക്രൈസ്തവസഭകള്‍ നല്‍കുന്ന പിന്തുണ പരാമര്‍ശിക്കാതെ ഈ ലേഖനം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സഭകളുടെ നേതാക്കന്മാര്‍ ചെയ്യുന്ന പൈശാചികതകളില്‍ ചിലതുകൂടി വെളിപ്പെടുത്തിയതിനുശേഷം പ്രധാന വിഷയത്തിലേക്ക് തിരിച്ചുവരാം.

ക്രൈസ്തവ മതാദ്ധ്യക്ഷന്മാര്‍ ആള്‍ദൈവങ്ങളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍മാര്‍'!

രസകരവും എന്നാല്‍, ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ അതിനേക്കാളെല്ലാം വേദനാകരവുമായ കാഴ്ചയാണ് ഈ നാളുകളില്‍ കാണാന്‍ കഴിഞ്ഞത്! ഇപ്പോള്‍ അമൃതാനന്തമയിയുടെ സ്വന്തം ചാനലായ അമൃതാ ചാനലില്‍ നിറഞ്ഞുനില്‍ ക്കുന്നത് 'ക്ലിമ്മീസ്' എന്ന അഭിനവ കര്‍ദ്ദിനാളാണ്! അതുപ്പൊലെതന്നെ ക്രിസോസ്റ്റത്തെയും അവതരിപ്പിക്കാന്‍ ചാനലുകാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്! സഭാവസ്ത്രമണിഞ്ഞ് ആള്‍ ദേവതയുടെ മുന്നില്‍ കൂപ്പുകൈകളുമായി ഈ ക്രൈസ്തവനാമധാരികള്‍ നില്‍ക്കുന്നത് ലോകത്തെ കാണിക്കുന്നതില്‍ അവരെടുക്കുന്ന താത്പര്യം സ്വാഭാവികം മാത്രം! ദുര്‍ബലരായ ചില ക്രിസ്ത്യാനികളെ സ്വന്തം ആലയത്തിലെത്തിക്കാനും വിദേശികളെ ഇത് കാണിച്ചുകൊണ്ട് ഖജനാവ് നിറയ്ക്കാനും ഇതില്‍പ്പരം അവസരം ലഭിക്കാനില്ല.

അമൃതാനന്തമയിയുടെ കൊച്ചിയിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്ക് കാണാന്‍ കഴിയുന്ന ഒരു കാഴ്ചയുണ്ട്. ഈ ആശുപത്രിയുടെ ഓരോ കോണിലും ടെലിവിഷനിലൂടെ അമൃതാനന്തമയിയെന്ന 'കടലമ്മ'യുടെ ഭജനയും ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന ദൃശ്യങ്ങളുമാണത്! വിദേശികളായ 'കന്യാസ്ത്രീകള്‍' ഇവളെ ആലിംഗനം ചെയ്യുന്നത് വളരെ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇപ്പോള്‍ 'കടലമ്മയുടെ' പ്രധാനഭക്തരായി പരസ്യപ്പെടുത്തിയിരിക്കുന്നത് രണ്ട് ക്രിസ്തീയ മതനേതാക്കന്മാരെയാണ് എന്നത് ഏറെ ഗുരുതരമാകുന്നു! ഒരാള്‍ കാലാവധി കഴിഞ്ഞ ക്രിസോസ്റ്റവും മറ്റേയാള്‍ വിപണിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ക്ലിമ്മീസുമാണ്! ഇവര്‍ ഇരുവരെയും 'ബ്രാന്‍ഡ് അംബാസിഡര്‍മാര്‍' ആക്കിവച്ചുകൊണ്ടാണ് 'ആള്‍ദേവത'യുടെ പ്രചരണം! ഇതിലൂടെ ഇവളും കൂട്ടാളികളും ലക്ഷ്യം വച്ചിരിക്കുന്നത് ദൈവജനത്തെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല!

ക്രൈസ്തവ മതമേലധികാരികള്‍ എന്ന പരിഗണനയില്‍ മതസൌഹാര്‍ദ്ദത്തിനുവേണ്ടി ക്ലിമ്മീസിനെയും ക്രിസോസ്റ്റത്തെയും ഉയര്‍ത്തി കാണിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ആരും കരുതരുത്. ഈ നേതാക്കന്മാരുടെ പാത പിന്തുടര്‍ന്ന് ഏതെങ്കിലും ഒരു വിശ്വാസിയെ സത്യത്തില്‍നിന്ന് വ്യതിചലിപ്പിച്ച് പിശാചിന്റെ ആലയത്തിലേക്ക് എത്തിക്കുകയെന്ന കൗശലമാണ് ഇവിടെ പ്രയോഗിക്കുന്നത്! അതോടൊപ്പം ഒരു ക്രൈസ്തവ നേതാവിനെ പിശാചിന്റെ മുന്നില്‍ മുട്ടുകുത്തിക്കാന്‍ സാധിക്കുകയും ചെയ്യുന്നു! വലിയ വിളവെടുപ്പ് ലക്ഷ്യംവച്ച് സാത്താന്‍ വിതയ്ക്കുന്ന വിഷവിത്തായി ക്രിസ്തീയ മതമേലധികാരികള്‍ അധഃപതിക്കുന്നത് ഏറെ വേദനാകരവും ദുരന്തപൂര്‍ണ്ണവുമാണ്!

ഇത്തരം സൗഹാര്‍ദ്ദങ്ങളുടെ ദൂരവ്യാപകമായ അപകടം തിരിച്ചറിഞ്ഞ് അധികാരികള്‍ പിന്തിരിഞ്ഞില്ലെങ്കില്‍ നില്‍ക്കാന്‍ തറയില്ലാത്ത അവസ്ഥ നിങ്ങള്‍ക്കു വന്നുഭവിക്കും. പിന്തുടരാന്‍ ആരുമില്ലെങ്കില്‍ നേതാവാണ്‌ താനെന്ന് എങ്ങനെ പറയും?! ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് കല്പിച്ച ദൈവത്തില്‍നിന്ന് അന്യദേവന്മാരിലേക്കും ആള്‍ദൈവങ്ങളിലേക്കും ദൈവജനത്തെ നയിക്കുന്നവര്‍ ഓര്‍ക്കുക: "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുന്നതായിരിക്കും"(മത്താ: 18; 6).

ദൈവജനത്തെ വഴിതെറ്റിക്കുന്ന ആശയങ്ങളും സംസ്കാരങ്ങളുമായി വ്യാപരിക്കുന്നവരെക്കുറിച്ച് ദൈവവചനം പറഞ്ഞിരിക്കുന്നതില്‍നിന്ന് വ്യത്യസ്ഥമായി മനോവയ്ക്ക് വേറൊന്നും പറയാനില്ല! അവന്‍ പറയുന്നതുപോലെ ചെയ്യുക! സത്യദൈവത്തില്‍നിന്ന് മനുഷ്യരെ ഒന്നടങ്കം അകറ്റുകയെന്ന സാത്താന്റെ ദൗത്യം സഭാനേതാക്കളിലൂടെയും അവന്‍ നടപ്പാക്കുന്ന രീതി വെളിപ്പെടുത്താനാണ് ഇത്രയും സൂചിപ്പിച്ചത്. ദൈവമക്കള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നഷ്ടം ചെറുതായിരിക്കില്ലെന്ന ഓര്‍മ്മപ്പെടുത്തലോടെ ഐക്യരാഷ്ട്രസഭയിലേക്ക് മനോവ വീണ്ടും തിരിയുകയാണ്!

ഐക്യരാഷ്ട്രസഭയുടെ കപട മനുഷ്യസ്നേഹവും  മുതലക്കണ്ണീരും!

ചില നാളുകളില്‍ എല്ലാ  മാധ്യമങ്ങളിലും ഐക്യരാഷ്ട്രസഭ നിറഞ്ഞുനില്‍ക്കുന്നത് നാമെല്ലാം  മനസ്സിലാക്കാറുണ്ട്.  ഇസ്രായേലുമായി ബന്ധപ്പെട്ട് ഏതെങ്കിലും 'ഹമാസ്' ഭീകരവാദികളോ  അവരുടെ മക്കളോ വധിക്കപ്പെടുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ശബ്ദത്തിന്റെ ഗാംഭീര്യം  ലോകത്തിനു വ്യക്തമാകുന്നത്. അതിനെ മനുഷ്യസ്നേഹമായി അംഗീകരിക്കാന്‍ മനോവ  ഒരുക്കവുമാണ്! എന്നാല്‍, ഈ വീറും വാശിയും മറ്റുചില സന്ദര്‍ഭങ്ങളില്‍  ഇല്ലാതെവരുമ്പോള്‍ ഇവരുടെ ആത്മാര്‍ത്ഥതയെ സംശയിക്കാതിരിക്കാനും  മനോവയ്ക്കാകില്ല!

ഓരോ മാസവും നൈജീരിയയില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ ഇസ്ലാമിക ഭീകരവാദികള്‍ ആക്രമണം നടത്തി നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ മനുഷ്യസ്നേഹികളുടെ വിലാപം കേള്‍ക്കാറില്ല. അവിടെ വധിക്കപ്പെടുന്നവര്‍ മനുഷ്യരല്ലേ? പള്ളികളില്‍ പിടഞ്ഞുവീഴുന്നവരില്‍ കുഞ്ഞുങ്ങളില്ലേ? അതോ ഇസ്ലാമിന് ആരെയും വധിക്കാനുള്ള മൗനാനുവാദം ഐക്യരാഷ്ട്രസഭ നല്‍കിയിട്ടുണ്ടോ?

ഇത് മനോവയുടെ മാത്രം അഭിപ്രായമല്ല. വായനക്കാരായ നിങ്ങള്‍ പറയുക: നൈജീരിയയിലോ ഏതെങ്കിലും ഇസ്ലാമികരാജ്യങ്ങളിലോ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ശബ്ദം ആരെങ്കിലും കേട്ടുവോ? മുല്ലപ്പൂവിപ്ലവമെന്നും അറബ് വസന്തമെന്നും ഓമനപ്പേരിട്ട് നടപ്പാക്കിയ ജനാധിപത്യത്തിനുശേഷം ആ രാജ്യങ്ങളില്‍ നടമാടുന്ന ക്രൈസ്തവ കൂട്ടക്കുരുതികളെ ഐക്യരാഷ്ട്രസഭയോ സാംസ്കാരിക നായകന്മാരോ മാധ്യമങ്ങളോ അപലപിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇതില്‍നിന്നു വ്യക്തമാകുന്ന ഒരു സത്യം, ഈ മൂന്നു വിഭാഗങ്ങളെയും നയിക്കുന്നത് ഒരു ശക്തിയാണ്‌ എന്നതാകുന്നു!

ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനെയും ആധുനീക ഇസ്രായേലായ ക്രൈസ്തവരേയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യവുമായി സകല വിജാതിയരേയും സാത്താന്‍ ഏറ്റെടുത്തുകഴിഞ്ഞു. ബൈബിളിലെ വചനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ മനുഷ്യരുടെ രക്ഷയ്ക്കായി ഒരു നാമം മാത്രമേയുള്ളു. ഇതില്‍നിന്നു വ്യത്യസ്ഥമായ മറ്റേതെങ്കിലും നാമത്തില്‍ ആശ്രയിക്കുന്നവര്‍ തങ്ങള്‍ ആശ്രയിക്കുന്ന വിശ്വാസങ്ങളോടൊപ്പം നിത്യശിക്ഷയില്‍ പതിക്കും. അങ്ങനെ നശിച്ചുപോകുന്ന ജനതയുടെ സംഖ്യ വര്‍ദ്ധിപ്പിക്കുകയെന്നതാണ് സാത്താന്റെ ദൗത്യം! അതിനുവേണ്ടി അവന്‍ ഈ ഭൂമിയിലെ സകല സംവീധാനങ്ങളെയും ഉപയോഗിക്കുന്നു. ഇന്ന് പല പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും വിജാതിയരുടെയെല്ലാം പിതാവ് ഒരുവനായിരിക്കുന്നതിനാല്‍ അന്ത്യകാലത്ത് ദൈവജനത്തിനെതിരെ ഇവരെല്ലാം ഒരുമിക്കും എന്നതിന് ബൈബിളില്‍ വ്യക്തമായ തെളിവുണ്ട്. ബൈബിളിലെ ഒരു വചനം നോക്കുക: "ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി ജറുസലെമിനെതിരെ യുദ്ധം ചെയ്യാന്‍ വരുത്തും"(സഖറിയാ: 14; 2).

ഇവരെ ഒരുമിച്ചുകൂട്ടുന്നത് യാഹ്‌വെ തന്നെയാണെന്ന് വചനം പറഞ്ഞിരിക്കുന്നതില്‍ ആരും അസ്വസ്ഥരാകേണ്ടാ. കാരണം, ഇവരെ ഒരുമിച്ചുകൂട്ടുന്നത് നശിപ്പിക്കാനാണെന്ന് പിന്നീടുള്ള വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യങ്ങള്‍ ഒരിടത്ത് കൂട്ടിയിട്ട് കത്തിച്ചുകളയുന്നതുപോലെ ദൈവജനത്തിന്റെ ശത്രുക്കളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി നശിപ്പിക്കുന്നതും യാഹ്‌വെതന്നെ! ഒരുമിച്ചുകൂട്ടപ്പെടുന്ന ഈ ജനതകളോട് യാഹ്‌വെ പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്താണെന്നു വചനം പറയുന്നത് നോക്കുക: "യാഹ്‌വെ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോട് പൊരുതും"(സഖറിയാ: 14; 3). ദൈവജനത്തിന്റെ ശത്രുക്കളുടെമേല്‍ യാഹ്‌വെ വരുത്തുന്ന ദുരന്തമെന്താണെന്ന് വചനം പറയുന്നു: "ജറുസലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടെയിരിക്കുമ്പോള്‍ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരെ കയ്യുയര്‍ത്തും"(സഖറിയാ: 14; 12, 13).

ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: "ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും. അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും"(സഖറിയാ: 12; 2, 3). ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ വചനത്തിന്റെ വ്യക്തമായ പൂര്‍ത്തീകരണമാണ്! ലോകത്തുള്ള എല്ലാ ജനങ്ങളും സംഘടനകളും ഇസ്രായേലെന്ന ചെറിയൊരു ജനതയ്ക്കെതിരെ നിലകൊള്ളുന്നത് അദ്ഭുതമായി ആരും കരുതേണ്ടാ. ലോകത്തെ മുഴുവന്‍ ജനസംഖ്യ കണക്കുകൂട്ടിയാല്‍ 600 ആളുകള്‍ക്ക് ഒരു യെഹൂദന്‍ മാത്രമേയുള്ളു! എന്നിട്ടും ഇവരോടുള്ള ലോകത്തിന്റെ വിരോധം അവിചാരിതമല്ല; അന്ത്യകാലത്ത് സംഭവിക്കുമെന്ന് യാഹ്‌വെ വെളിപ്പെടുത്തിയത് നിറവേറാതിരിക്കാന്‍ കഴിയില്ലല്ലോ! ഇന്ന് ഭൂമിയിലുള്ള സകല സംവീധാനങ്ങളും ജറുസലെമിനെതിരെ നിലയുറപ്പിച്ചിരിക്കുന്നതു കാണുമ്പോള്‍ യാഹ്‌വെയുടെ ദിനം സമീപിച്ചിരിക്കുന്നുവെന്ന് ബുദ്ധിയുള്ളവന്‍ ഗ്രഹിക്കട്ടെ!

ഭൂമി മുഴുവന്‍ ജറുസലെമിനെതിരെ അണിനിരന്നാലും ആ ഒത്തുചേരലിനെ ആത്മഹത്യയായി കാണാനേ മനോവയ്ക്കു സാധിക്കുകയുള്ളു. കാരണം, ഈ ജനതകള്‍ക്ക് സംഭവിക്കാന്‍പോകുന്നതു സൃഷ്ടാവായ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. "അന്നു ഞാന്‍ യൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും"(സഖറിയാ: 12; 6).

യഹൂദനും ക്രൈസ്തവനും എതിരെ ഇസ്ലാം അടക്കമുള്ള വിജാതിയര്‍ക്കായി ഐക്യരാഷ്ട്രസഭ നിലയുറപ്പിച്ചിരിക്കുന്നതിലും അവിചാരിതമായി ഒന്നും മനോവ കാണുന്നില്ല! ദൈവീകമായ എല്ലാ നിയമങ്ങള്‍ക്കും ബദലായി ഇവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും വചനത്തിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ ബൈബിളിലെ സത്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരുന്നു!

ഐക്യരാഷ്ട്രസഭയും വിജാതിയ  നിയമങ്ങളും!

മനുഷ്യന്‍ എന്തെല്ലാം ചെയ്യണമെന്നും ചെയ്യരുതെന്നും അവനെ സൃഷ്ടിച്ച ദൈവം വ്യക്തമാക്കിയിരിക്കുന്ന പുസ്തകമാണ് ബൈബിള്‍! ഇത് യഹൂദരുടെ നിയമഗ്രന്ഥത്തിന്റെ തുടര്‍ച്ചയുമാണ്. യഹൂദരുടെ തോറയില്‍ ആരംഭിച്ച് ബൈബിളില്‍ മുഴുവന്‍ നിയമങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. അതുകൊണ്ട്, ബൈബിളില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവര്‍ രക്ഷപ്രാപിക്കും എന്നതാണ് സത്യം. ഈ സത്യം മനുഷ്യരെക്കാള്‍ നന്നായി അറിയുന്നവന്‍ സാത്താനാണ് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാകുന്നു! ആയതിനാല്‍, അവന്റെ ഏറ്റവും വലിയ ലക്ഷ്യം ഈ നിയമത്തില്‍നിന്ന് മനുഷ്യരെ വ്യതിചലിപ്പിച്ച് മിഥ്യയെ സ്വീകരിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകയെന്നതാണ്. അതിനായി ഓരോ കാലങ്ങളിലും വ്യത്യസ്ഥമായ ആശയങ്ങളുമായി അവന്‍റെ ദൂതരെ ഭൂമിയിലേക്ക് അയച്ചു. ഇത്തരത്തില്‍ പല കാലഘട്ടങ്ങളിലായി ഭൂമിയിലേക്കയച്ച സിദ്ധാന്തങ്ങളുടെയെല്ലാം കൂട്ടായ സംരംഭമാണ് ഐക്യരാഷ്ട്രസഭ! ഇത് മനസ്സിലാകണമെങ്കില്‍ ഇന്ന് ഈ സഭയുടെ നിയമരൂപീകരണത്തെ സ്വാധീനിക്കുന്ന രാജ്യങ്ങളെയും അവരുടെ മുന്‍കാല ചരിത്രങ്ങളും അറിയണം!

ഐക്യരാഷ്ട്രസഭയുടെ നയരൂപീകരണത്തില്‍ ഇന്ന് മുഖ്യപങ്കാളികളായിരിക്കുന്നവരെ അറിയുന്നതോടൊപ്പം ഏതെല്ലാം സിദ്ധാന്തങ്ങളാണ്, ബൈബിളിനെ എതിരിടാന്‍ ഭൂമിയില്‍ അവതരിച്ചിട്ടുള്ളത് എന്ന് നോക്കാം! ഈ പ്രത്യയശാസ്ത്രങ്ങളോട് ജനം എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് വചനം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് കണ്ടിട്ട് അവയെ മനസ്സിലാക്കുന്നതാകും കൂടുതല്‍ ഉചിതം. "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2 തെസലോ: 29-11).

ക്രിസ്തീയതയുടെ ആരംഭകാലത്ത് ക്രിസ്ത്യാനികളെ കായികമായി നേരിടുകയെന്ന ശൈലിയായിരുന്നു സാത്താന്‍ നിര്‍വ്വഹിച്ചത്. ഇതിനായി കിരാതരായ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവന്‍ നിയോഗിച്ചു. റോമന്‍ ഭരണാധികാരികളെയും യഹൂദരിലെ ഫരിസേയരെയും മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലും വിജാതിയരായ തന്റെ ദാസരെ ഉപയോഗിച്ച് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാന്‍ സാത്താന്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍, പീഡനങ്ങളില്‍ നശിക്കുന്നതിനുപകരം കരുത്താര്‍ജ്ജിക്കുന്ന കാഴ്ചയാണു കാണാന്‍ കഴിഞ്ഞത്! പീഡനങ്ങളിലൂടെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം സാത്താന്‍ തിരിച്ചറിഞ്ഞു. മാത്രവുമല്ല, ഒരിക്കല്‍ പീഡിപ്പിച്ചിരുന്നവര്‍ ക്രിസ്തീയതയെ സ്വീകരിക്കാന്‍ തയ്യാറായത് സാത്താനെ കൂടുതല്‍ അലോസരപ്പെടുത്തി.

പീഡനങ്ങളോടൊപ്പം ആശയപരമായി നേരിടുകയെന്ന പുതിയ മാര്‍ഗ്ഗവുമായി ഇറങ്ങുവാന്‍ സാത്താനെ പ്രേരിപ്പിച്ച ഘടകം, ക്രിസ്തീയതയുടെ വളര്‍ച്ചയിലുള്ള അസ്വസ്ഥതയായിരുന്നു. ഇത്തരത്തില്‍ ബൈബിളിനും സത്യത്തിനുമെതിരെ അവന്‍ കൊണ്ടുവന്ന ആശയമാണ് ഇസ്ലാംമതം!

ഇസ്ലാംമത  സ്ഥാപകനായ മുഹമ്മദിലൂടെ യേഹ്ശുവാ ദൈവപുത്രനല്ലെന്നും കുരിശുമരണം കെട്ടിച്ചമച്ചതാണെന്നും  പ്രചരിപ്പിക്കാനാണ് സാത്താന്‍ ശ്രമിച്ചത്. യേഹ്ശുവായിലൂടെയുള്ള രക്ഷയില്‍നിന്ന് അനേകരെ വ്യതിചലിപ്പിക്കാനും സാത്താന്റെ പാളയത്തിലേക്കു നയിക്കാനും ഈ സിദ്ധാന്തത്തിലൂടെ അവനു സാധിച്ചു. ദൈവീകനിയമങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ട് അതിനുപരി മുഹമ്മദിന്റെ ജഢികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താനുതകുന്ന നിയമങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവനിലൂടെ സാത്താന്‍ ചെയ്തത്. മുഹമ്മദിലൂടെ സാത്താന്‍ നടപ്പാക്കിയ കാപട്യങ്ങളെ ഇതിനോടകം പലവട്ടം മനോവ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാംമതത്തിലൂടെ  അനേകരെ വഴിതെറ്റിക്കാന്‍ സാത്താനായെങ്കിലും ഇതുകൊണ്ടൊന്നും അടങ്ങിയിരിക്കാന്‍ അവന്‍ തയ്യാറായില്ല. മുഹമ്മദിന്റെ മതം പ്രചരിക്കുമ്പോഴും ക്രിസ്തീയതയുടെ വളര്‍ച്ചയും ശക്തമായി നടന്നിരുന്നു. ക്രൈസ്തവരുടെ കൂട്ടായ്മയായിരുന്നു ഇതിനു പ്രധാന കാരണം. ക്രൈസ്തവര്‍ ഏകമനസ്സോടെ മുന്നോട്ടുപോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ സാത്താന്‍, ദൈവജനത്തെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രമാണ് അവിഷ്കരിച്ചത്. ഇതിനായി സാത്താന്‍ തിരഞ്ഞെടുത്തത്, കത്തോലിക്കാസഭയിലെ നവീകരണ വാദിയായ മാര്‍ട്ടിന്‍ ലൂഥറിനെയായിരുന്നു! സഭയിലെ ചില അധികാരികളിലൂടെ തന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ സാത്താന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഇതിനെ എതിരിടാന്‍ ഇറങ്ങിയ ലൂഥറിനെ അവന്‍ ഏറ്റെടുത്തു! നന്മയുടെ ആശയവുമായി ഇറങ്ങിയ മാര്‍ട്ടിന്‍ ലൂഥര്‍ പെട്ടന്നുതന്നെ ദൈവീകമായ പല നിയമങ്ങളെയും എതിര്‍ക്കുകയും സ്വന്തം നിയമങ്ങളെ സ്ഥാപിക്കുകയും ചെയ്തു. ഈ വിഷയത്തെ വ്യക്തമായി വിശകലനം ചെയ്യുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍ കൂടുതല്‍ വിവരണം ഇവിടെ നല്‍കുന്നില്ല.

ലൂഥറിലൂടെ വലിയൊരു ശിഥിലീകരണം സഭയിലുണ്ടാക്കാന്‍ സാത്താനു കഴിഞ്ഞുവെങ്കിലും അവന്‍ അടങ്ങിയിരുന്നില്ല. വീണ്ടും ഈ ഭൂമുഖത്തേയ്ക്ക് അവന്‍ കൊണ്ടുവന്ന ആശയമായിരുന്നു കമ്യൂണിസം! ദൈവരാജ്യത്തെ ഭൂമിയില്‍ സ്ഥാപിക്കാമെന്ന സിദ്ധാന്തമാണ് കമ്യൂണിസത്തിലൂടെ അവന്‍ പ്രചരിപ്പിച്ചത്. ആത്മാവിനെയും ദൈവത്തെയും നിഷേധിച്ച് കാണപ്പെടുന്നവയെ മാത്രം വിശ്വസിക്കാനുള്ള  മിഥ്യാബോധം ജനിപ്പിക്കുകയായിരുന്നു ഈ സിദ്ധാന്തത്തിന്‍റെ ലക്ഷ്യം! കമ്യൂണിസത്തെയും  അതിന്റെ ആവിര്‍ഭാവത്തെയും സംബന്ധിച്ചുള്ള വിവരണം മുന്‍പ് മനോവ  പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ അതിലേക്ക് ഇപ്പോള്‍ കടക്കേണ്ട ആവശ്യമില്ല എന്നു  കരുതുന്നു.

ഇനി കാര്യത്തിലേക്കു  കടക്കാം! മുകളില്‍ വിവരിച്ച മൂന്നു കപടസിദ്ധാന്തങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ  ഐക്യരാഷ്ട്രസഭ എന്ന് സ്ഥിരീകരിക്കുന്നതിനാണ് മനോവ ശ്രമിക്കുന്നത്. ഇന്ന് ഐക്യരാഷ്ട്രസഭയുടെ കടിഞ്ഞാണ്‍ പിടിച്ചിരിക്കുന്നത് ഈ മൂന്ന് പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ടാണെന്ന് നമുക്കു കാണാന്‍ കഴിയും. ലൂഥര്‍ ഉയര്‍ത്തിയ 'പ്രൊട്ടസ്റ്റന്റ്' ആശയത്തിന്റെ ഏറ്റവും വലിയ വക്താക്കളാണ് അമേരിക്കയും ബ്രിട്ടനും! മറ്റു രണ്ട് ലോകശക്തികളായ റഷ്യയും ചൈനയും കമ്യൂണിസത്തിന്റെ വിഷം വഹിക്കുന്നവരാണെന്ന് നമുക്കറിയാം. അതുപോലെതന്നെ ഐക്യരാഷ്ട്രസഭയില്‍ നിര്‍ണ്ണായക ശക്തികളായി ഇസ്ലാമിക രാജ്യങ്ങളും മാറിക്കഴിഞ്ഞു. പരസ്പരം ഒരുമിച്ചു നില്‍ക്കാത്തവരെങ്കിലും നിയമങ്ങളുണ്ടാക്കുന്നതില്‍ ഇവര്‍ക്ക് ഒരേ മനസ്സാണെന്നത്, ഇവരെ നയിക്കുന്നത് ഒരു ശക്തിതന്നെയാണെന്ന തിരിച്ചറിവിലേക്കാണു നമ്മേ എത്തിക്കുന്നത്!

പലര്‍ക്കും  തിരിച്ചറിയാന്‍ സാധിക്കാത്തവിധം സാത്താനൊരുക്കിയ 'ആന്തരീക'കൂട്ടുകെട്ടാണിത്! ലോകത്തിന്റെ മുന്നില്‍ ഭിന്നിച്ചുനില്‍ക്കുന്നതും അടിസ്ഥാന ലക്ഷ്യങ്ങളില്‍  ഏകമനസ്സുള്ളതുമായ ഈ കൂട്ടുകെട്ടിനെയാണു ദൈവജനം ജാഗ്രതയോടെ തിരിച്ചറിയേണ്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങളായ ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവരെ നോക്കിയാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. ഇസ്ലാമികരാജ്യങ്ങള്‍ക്കുവേണ്ടി എല്ലായിപ്പോഴും വാദിക്കുന്നവരാണ് ഇവരെല്ലാമെന്നത് വിസ്മരിക്കരുത്. ഇസ്ലാമികരാജ്യങ്ങളുടെ സ്ഥിരം അംഗത്വത്തിന്റെ കുറവ് ഇവരാണ് പരിഹരിക്കുന്നത്! ലോകത്തിലെ സകല ജനതകളെയും ദൈവജനത്തിനെതിരെ ഒരുമിപ്പിക്കുന്ന സാത്താന്റെ കൌശലത്തെ ദൈവം അനുവദിച്ചു എന്നതാണു സത്യം! യേഹ്ശുവായുടെ വീണ്ടും വരവിനുള്ള ഒരുക്കങ്ങളാണ് ഇതെന്നു തിരിച്ചറിയണമെങ്കില്‍, ഇതുമായി ബന്ധപ്പെട്ട പ്രവചനം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്!

"ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും"(സഖറിയാ: 12; 3). ഈ ഒത്തുചേരല്‍ എന്തിനാണെന്ന് അറിയുമ്പോഴാണ്, ഇത് ദൈവം അനുവദിച്ചതിന്റെ കാരണം വ്യക്തമാകുന്നത്. വചനം ശ്രദ്ധിക്കുക: "അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും"(സഖറിയാ: 12; 9). മൂന്നില്‍ രണ്ടുഭാഗം തിന്മ ചേര്‍ന്നാല്‍ നിയമം അവര്‍ക്ക് അനുകൂലമാകുമെങ്കിലും ഈ രണ്ടുഭാഗത്തിനുള്ള ഓഹരിയും ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടുഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരുഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും"(സഖറിയാ: 13; 8, 9). ലോകത്തിന്റെ നിയമവും ദൈവത്തിന്റെ നിയമവും തമ്മിലുള്ള വ്യത്യാസമാണിത്. തിന്മയുടെ പക്ഷത്തുള്ള മൂന്നില്‍ രണ്ടുഭാഗത്തെയും നശിപ്പിച്ചുകൊണ്ട് നീതിമാന്മാരായ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന ദൈവീകനീതി!

മാലിന്യങ്ങളെ ഒരുമിച്ചുകൂട്ടാനുള്ള ഉത്തരവാദിത്വമാണ് ഐക്യരാഷ്ട്രസഭയിലൂടെ ദൈവം അനുവദിക്കുന്നത്. ഒരുമിച്ചുകൂട്ടപ്പെടുന്നവയെ അഗ്നിയില്‍ ദഹിപ്പിക്കുന്ന ദൗത്യം ദൈവത്തിന്റെതാകുന്നു! സാത്താന്‍ ദൈവജനത്തിനെതിരെ തിന്മയ്ക്കായി കൊണ്ടുവന്നത് ദൈവം അവര്‍ക്ക് നന്മയായി മാറ്റും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2283 views

LOG IN

Lost your password?

SIGN UP

LOST PASSWORD