വിചാരണ

മംഗലപ്പുഴ സെമിനാരിയുടെ `വഴിതെറ്റിക്കുന്ന വിശ്വാസം`!

Print By
about

ലുവ മംഗലപ്പുഴ സെമിനാരിയിലെ 'ഫിലോസഫി' വിദ്യാര്‍ത്ഥികളുടേതെന്ന പേരില്‍ ഒരു പുസ്തകം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്! 'വഴിതെറ്റുന്ന വിശ്വാസങ്ങള്‍' എന്നാണ് ഈ പുസ്തത്തിന്റെ പേര്! 'സ്പിരിറ്റ് ഇന്‍ ജീസസ്സ്' പോലെയുള്ള സഭയിലെ വിമത മുന്നേറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിവൃത്തം​! എന്നാല്‍, ഈ വിമത മുന്നേറ്റങ്ങളേക്കാള്‍ അപകടകരമായ വഴിയിലാണ് ഇന്നു കത്തോലിക്കാസഭ. 'സ്പിരിറ്റ് ഇന്‍ ജീസസ്സില്‍' പാളിച്ചകളുണ്ടെങ്കിലും, ഇന്നത്തെ ഈ ചെറിയ പാളിച്ചകള്‍ക്കു പിന്നില്‍ സഭയുടെ തെറ്റായ സമീപനമാണു കാരണം. ക്രിസ്തുവിനെക്കാളും ബൈബിളിനേക്കാളും ഉപരിയായി ചിലരുടെ വിജാതിയവത്ക്കരണ താത്പര്യത്തിനുമുന്നില്‍ സഭ കീഴടങ്ങിയപ്പോള്‍, സഭയെ സ്നേഹിക്കുന്നവരുടെ പ്രതികരണമാണു പുതിയ മുന്നേറ്റങ്ങള്‍! എന്നാല്‍, ഇവരെ നേരിടുന്നതിനു സഭാനേതാക്കള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ ഇവരെ പ്രൊട്ടസ്റ്റന്റ് പാളയത്തില്‍ എത്തിച്ചേക്കാം.

ആത്മീയ മുന്നേറ്റങ്ങളെ ശത്രുതയോടെ കാണുന്ന രീതി ശരിയല്ല. ഇന്നത്തെ പല വിമതരും മുന്‍പ് ശത്രുക്കളായിരുന്നില്ല. സഭയുടെ വിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും(ക്രിസ്തീയ) എതിരായ ആശയങ്ങളെ സ്നേഹത്തോടെ തിരുത്തേണ്ടവര്‍ ഇടയലേഖനങ്ങളിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ എത്തിച്ചേരുന്നത് ശത്രുപാളയത്തിലായിരിക്കും! എന്തൊക്കെ പറഞ്ഞാലും സഭയുടെ നിലപാടുകള്‍ ഇന്നു വിശ്വാസികളുടെയിടയില്‍ അമര്‍ഷത്തിനു കാരണമാകുന്നുണ്ട്. എതിര്‍പ്പുകള്‍ ശത്രുക്കളെ വളര്‍ത്തുകയെ ചെയ്യൂ! ചരിത്ര നല്‍കുന്ന പാഠം അതാണ്!

തെറ്റുകളെ വെള്ളപൂശുന്നവര്‍ അതിനെക്കുറിച്ചു പറയുന്നത്; എല്ലാം നന്മയായി കണ്ടാല്‍ മതിയെന്നാണ്. അങ്ങനെയെങ്കില്‍ വ്യഭിചാരമടക്കം സകല പാപങ്ങള്‍ക്കും ഇത് ബാധകമാകുമോ? വൈദീകരായ സുവിശേഷ പ്രസംഗകര്‍ ഓരോരുത്തരും വ്യത്യസ്തമായ ആശയങ്ങളാണു പ്രഘോഷിക്കുന്നത്. എന്നാല്‍, അത്മായരെ മാത്രം തിരഞ്ഞുപിടിച്ച് 'മഹറോന്‍' ചൊല്ലുന്നത് നീതീകരിക്കാന്‍ കഴിയില്ല. വിജാതിയ ആചാരങ്ങളില്‍പോലും നന്മ കാണുന്നവര്‍ എന്തുകൊണ്ട് സുവിശേഷകരെ അങ്ങനെ കാണുന്നില്ല? അതില്‍ ഒരു നന്മയും കാണാന്‍ കഴിയുന്നില്ലെ? ആത്മാക്കളോട് സുവിശേഷം പ്രസംഗിക്കുന്നത് എന്തുകൊണ്ട് നന്മയായി ഗണിക്കുന്നില്ല? പൊട്ടുകുത്തുന്നത് തമാശയാണെങ്കില്‍, ആശിര്‍വദിച്ച തിരുവോസ്തി കുട്ടികള്‍ക്കു കളിക്കാന്‍ കൊടുക്കുമോ? ഒരു വിജാതിയന്‍ നേരമ്പോക്കിനു നാവു നീട്ടിയാല്‍, വിജാതിയനെന്ന് അറിഞ്ഞുകൊണ്ട് കുര്‍ബ്ബാന നല്‍കുമോ?

തെറ്റായ ഭ്രമണപഥത്തിലൂടെ വഴിതെറ്റി സഞ്ചരിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചില 'വിശ്വാസ സംഘങ്ങള്‍', തെറ്റായ വഴി തിരിച്ചറിഞ്ഞ് തിരിച്ചു നടക്കുന്നവരെ നോക്കി വിളിച്ചുപറയുന്ന വാക്കുകളാണ്, 'വഴിതെറ്റുന്ന വിശ്വാസങ്ങള്‍'! ആര്‍ക്ക്, എവിടെയാണു വഴിതെറ്റിയതെന്ന് തിരിച്ചറിയേണ്ടത് ഇവിടെ അത്യാവശ്യമാണ്. ചില ബുദ്ധിജീവികളുടെ വാക്കുകള്‍ക്കു മുന്നില്‍ കീഴടങ്ങിയാല്‍ നേതൃത്വം നാളെ മാപ്പുപറയേണ്ടിവരും! അരിസ്റ്റോട്ടില്‍ പറഞ്ഞതാണു സത്യമെന്നു കരുതി യഥാര്‍ത്ഥ സത്യത്തെ തള്ളിക്കളഞ്ഞതുകൊണ്ടാണ് ഗലീലിയോയുടെ വധത്തിനും, പിന്നീടുള്ള മാപ്പുപറച്ചിലിനും കാരണമായത്!

മാര്‍ട്ടിന്‍ ലൂഥര്‍ ആവശ്യപ്പെട്ട മാറ്റങ്ങളെല്ലാം കാലാകാലങ്ങളില്‍ സഭയില്‍ നടപ്പാക്കി. അന്നു പുറത്താക്കപ്പെട്ട ലൂഥറിലൂടെ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് ആശയം വിവിധ സഭകള്‍ ഉടലെടുക്കാന്‍ കാരണമായി! കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ ബുദ്ധിജീവികളുടെ തടവറയില്‍ കിടന്നാല്‍ അവരെപ്പോലെതന്നെ പിന്നീടു സകലതു തിരുത്തേണ്ടി വരും. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകളും കത്തോലിക്കാസഭയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്!

"ഇവര്‍ മൌനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു"(ലൂക്കാ: 19; 40). ഈ വചനത്തിന്റെ പൂര്‍ത്തീകരണമാണ് പെന്തക്കോസ്തു സമൂഹത്തിന്റെ സുവിശേഷ പ്രഘോഷണം! ശുശ്രൂഷ ഭരമേല്പിക്കപ്പെട്ടവര്‍ അതില്‍നിന്നു പിന്മാറിയപ്പോള്‍ ശുശ്രൂഷകരെ ദൈവം കണ്ടെത്തി! സെമിനാരി 'കൊച്ചുങ്ങള്‍' വെറുതെ ബഹളം കൂട്ടിയിട്ടു കാര്യമില്ല! ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള സകലര്‍ക്കും ലഭിച്ചിട്ടുള്ള അഭിഷേകവും ദൌത്യവുമാണ് സുവിശേഷ പ്രഘോഷണം! ഒരു കാര്യവുംകൂടി മറക്കാതിരിക്കുക; സകല ക്രൈസ്തവരും പൊതു പൌരോഹിത്യത്തില്‍ കൂട്ടവകാശികളാണ്. ഇത് 'മനോവ'യുടെ പ്രഖ്യാപനമല്ല; മറിച്ച്, സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പ വിളംബരം ചെയ്തിട്ടുള്ളതാണ്! "എന്തെന്നാല്‍ വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു. എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 8, 9).

സഭയെ സ്നേഹിക്കുന്ന സകലരുടെയുമാണു കത്തോലിക്കാസഭ! അതിനെ സ്നേഹിക്കുന്നവര്‍ ദുരാചാരങ്ങള്‍ക്കെതിരെ സഭയില്‍ നിന്നുകൊണ്ടുതന്നെ പോരാടണം! അനാചാരങ്ങള്‍ വിധേയത്വത്തിന്റെ പേരില്‍ അനുസരിക്കരുത്. അവയില്‍നിന്ന് അകന്നുനിന്നുകൊണ്ട്, സഭയുടെ വിശുദ്ധീകരണത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രതികരിക്കുകയും വേണം! "അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു"(സങ്കീ: 69; 9)(യോഹ: 2; 17). എത്ര പോരായ്മകള്‍ ഉണ്ടെങ്കിലും ഈ സഭയില്‍ യേഹ്ശുവാ സ്ഥാപിച്ച ഒരു സിംഹാസനമുണ്ട്!

"ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2518 views

LOG IN

Lost your password?

SIGN UP

LOST PASSWORD