കാലത്തിന്റെ അടയാളങ്ങള്‍

ക്രൈസ്തവരും യിസ്രായേല്‍ജനതയുടെ ഭാഗമോ?

Print By
about

മുഖവുര: അത്തിമരത്തില്‍നിന്ന് കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുക എന്ന യേഹ്ശുവായുടെ പ്രബോധനത്തിലെ സത്യം മനസ്സിലാക്കുവാനും അവിടുത്തെ വീണ്ടും വരവിന്റെ സമയം കണക്കുകൂട്ടുവാനും സഹായിക്കുവാന്‍ മനോവ തയ്യാറാക്കുന്ന ലേഖനപരമ്പരയുടെ മൂന്നാം ഭാഗമാണിത്. ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടുംഎന്ന ലേഖനത്തോടെ ഈ പരമ്പര ആരംഭിച്ചു. ഈ പരമ്പരയുടെ മറ്റു ഭാഗങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് കാലത്തിന്റെ അടയാളങ്ങള്‍ എന്ന ലിങ്കില്‍ അവ വായിക്കാന്‍ സാധിക്കും.

ക്രൈസ്തവരും യിസ്രായേല്‍ജനതയുടെ ഭാഗമോ?

ബ്രാഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായ യാക്കോബിന്റെ സന്തതികളാണ് യിസ്രായേല്‍ജനമെന്ന് നാം കണ്ടു. അവരില്‍ ചിലര്‍ യെഹൂദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, ക്രൈസ്തവരാണ് യഥാര്‍ത്ഥ യിസ്രായേല്‍ എന്നുള്ള വാദത്തിനു കാരണമെന്താണെന്നും ഇതിലെ സത്യമെന്തെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു!

യെഹൂദാഹ് മുതല്‍ ബെന്യാമിന്‍വരെയുള്ള യാക്കോബ് സന്തതികളായിരുന്നു യിസ്രായേല്‍ജനം! യോസെഫിന്റെ ഗോത്രത്തെ രണ്ടായി തിരിച്ച് യെഫ്രായിം, മനാസ്സെ എന്നീ അര്‍ദ്ധഗോത്രങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അവര്‍ രണ്ട് അര്‍ദ്ധഗോത്രങ്ങളായിട്ടാണ് എണ്ണപ്പെടുന്നത്. ഈ പന്ത്രണ്ടു ഗോത്രങ്ങളില്‍ പെടാത്തവര്‍ക്കും യിസ്രായേല്‍ ജനതയില്‍ ചേരാന്‍ സാധിക്കും. അതിന്, അവര്‍ വിശ്വസിക്കുന്ന യാഹ്‌വെയെമാത്രം ദൈവമായി സേവിക്കുകയും യിസ്രായേലിനു നിശ്ചയിച്ചിട്ടുള്ള ആചാരങ്ങളും ചട്ടങ്ങളും ഇടംവലം തിരിയാതെ പാലിക്കുകയും ചെയ്താല്‍ മതി. യിസ്രായേല്‍ ഗോത്രങ്ങളുടെ അടിമകളായിരുന്നവരും ഈ അചാരങ്ങളും വിശ്വാസവുംവഴി വാഗ്ദാനങ്ങളുടെ ഓഹരിക്കാരായിട്ടുണ്ട്.

പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതിനെക്കുറിച്ച് വിവരിക്കുമ്പോള്‍ മോശ പറയുന്നത് ശ്രദ്ധിക്കുക: “ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന്‍, വിദേശിയോ സ്വദേശിയോ ആകട്ടെ; യിസ്രായേല്‍സമൂഹത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം”(പുറ: 12; 19). വിദേശിയര്‍ക്കും യിസ്രായേല്‍സമൂഹത്തില്‍ ഭാഗധേയത്വം ഉണ്ടെന്നല്ലെ ഈ വചനം സൂചന നല്‍കുന്നത്? പെസഹാ ആചരിക്കേണ്ട വിധം മോശയോടും അഹറോനോടും യാഹ്‌വെതന്നെ പറയുന്നതു നോക്കുക: “പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ്, പരദേശിയായ ഒരുവന്‍ പെസഹാ ഭക്ഷിക്കരുത്. എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം. പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്”(പുറ: 12; 43-45). ഇവിടെ സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയത്തിനുള്ള ഉത്തരം അടുത്ത വചനത്തിലുണ്ട്. “നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്. അപരിച്ഛേദിതരാരും പെസഹാ ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ”(പുറ: 12; 48, 49).

മറ്റു മതങ്ങളില്‍നിന്ന് യഹൂദമതം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു എന്നതിന് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ തെളിവു കാണാം. കേപ്ഫായുടെ ആദ്യത്തെ പ്രസംഗം ശ്രവിച്ചവരുടെ കൂട്ടത്തില്‍ ഇത്തരക്കാരെക്കുറിച്ച് പറയുന്നുണ്ട്. (അപ്പ. പ്രവര്‍: 2; 11). നിയമം പാലിക്കുന്നതിലൂടെ യിസ്രായേലില്‍ അംഗത്വം ലഭിക്കാന്‍ പരദേശിയേയും അടിമകളേയും അര്‍ഹരാക്കുന്നതുപോലെ നിയമലംഘനം നടത്തുന്നതിലൂടെ സ്വദേശികളാണെങ്കില്‍പ്പോലും വിച്ഛേദിക്കപ്പെടും!

ഇനിയും ഇക്കാര്യത്തില്‍ കുറച്ചുകൂടി ആധികാരികമായ വ്യക്തത പൗലോസ് അപ്പസ്തോലന്റെ വാക്കുകളില്‍ ശ്രദ്ധിക്കുക: “എന്തെന്നാല്‍ ബാഹ്യമായി യെഹൂദനായിരിക്കുന്നവനല്ല യഥാര്‍ത്ഥ യെഹൂദന്‍. യഥാര്‍ത്ഥ പരിച്ഛേദനം ബാഹ്യമോ ശാരീരികമോ അല്ല. ആന്തരീകമായി യെഹൂദനായിരിക്കുന്നവനാണ് യഥാര്‍ത്ഥ യെഹൂദന്‍; ഹൃദയത്തില്‍ നടക്കുന്ന പരിച്ഛേദനമാണ് യഥാര്‍ത്ഥ പരിച്ഛേദനം. അത് ആത്മീയമാണ്. അക്ഷരാര്‍ത്ഥത്തിലുള്ളതല്ല”(റോമാ: 2; 28, 29). ദൈവത്തിന്റെ മനസ്സും ആത്മീയതയുടെ അന്തസത്തയും തുറന്നുവയ്ക്കുന്ന വചനമാണിത്. മതപരിവര്‍ത്തനത്തിന്റെയും മാനസാന്തരത്തിന്റെയും വ്യക്തതയും ഈ വചനത്തിലുണ്ട്. വിശ്വാസം എന്നത് ഹൃദയത്തില്‍നിന്ന് ഉദ്ഭവിക്കുന്നതായിരിക്കണം. ഭൗതികമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതം മാറുന്നതുകൊണ്ടോ മതത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടോ അവനൊരു വിശ്വാസിയാകുന്നില്ല. ആത്മീയമായ രക്ഷയെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിശ്വാസമാണ് ആവശ്യം. പേരുകൊണ്ട് ഏതെങ്കിലും മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ആ മതത്തിന്റെ പേരിലുള്ള ഭൗതികമായ നേട്ടങ്ങള്‍ക്ക് അര്‍ഹരായേക്കാം. എന്നാല്‍, വിശ്വാസം ആന്തരികമാകുമ്പോള്‍ മാത്രമെ അത്മരക്ഷ കൈവരിക്കുകയുള്ളു.

വിശ്വാസത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള വ്യക്തത നല്‍കിയത് യേഹ്ശുവായാണ്. നിയമത്തെ എങ്ങനെ സൂക്ഷ്മമായി പാലിക്കാമെന്ന് അവിടുന്ന് വ്യക്തമാക്കി. വാച്യാര്‍ത്ഥത്തില്‍ നിയമം പാലിക്കുന്നതില്‍ കര്‍ക്കശക്കാരായിരുന്നവരെ അതിന്റെ ആന്തരിക അര്‍ത്ഥം പഠിപ്പിക്കുകയെന്ന ദൗത്യം അവന്‍ നിറവേറ്റി. ശബാത്തിനെക്കുറിച്ചും പരിച്ഛേദത്തെക്കുറിച്ചുമൊക്കെ യെഹൂദര്‍ക്കു വ്യക്തത നല്‍കാന്‍ ദൗത്യകാലത്ത് യേഹ്ശുവാ ശ്രമിക്കുന്നതായി കാണാം. നിയമത്തെക്കുറിച്ചുള്ള വ്യക്തത നല്‍കിക്കൊണ്ട് യഥാര്‍ത്ഥ യെഹൂദനും യഥാര്‍ത്ഥ യിസ്രായേലും ആകാന്‍ ഭൂമിയിലെ എല്ലാ ജനതകള്‍ക്കും അവസരമൊരുക്കിയത് യേഹ്ശുവായാണ്. രക്ഷയെ വിശാലമാക്കിക്കൊണ്ട് എല്ലാവര്‍ക്കും രക്ഷപ്രാപിക്കുന്നതിനുള്ള പുതിയ നിയമം അവന്‍ സ്ഥാപിച്ചു. ഇത് പഴയതിനെ അസാധുവാക്കിക്കൊണ്ടല്ല; മറിച്ച്, പഴയതിനെക്കുറിച്ചുള്ള അറിവിന്റെ പൂര്‍ണ്ണത നല്‍കിക്കൊണ്ടായിരുന്നു. അതായത് നിയമം നല്‍കപ്പെട്ട നാള്‍മുതല്‍ ഈ സത്യങ്ങള്‍ അതില്‍ത്തന്നെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്നു വ്യക്തം!

പാപത്താല്‍ നശിച്ച മനുഷ്യരുടെ ഇടയില്‍നിന്ന് ദൈവം തന്റെ പ്രതിനിധിയായി ഒരു നീതിമാനെ ഉയര്‍ത്തുകയും എല്ലാ വാഗ്ദാനങ്ങള്‍കൊണ്ടും അനുഗ്രഹിക്കുകയും ചെയ്തു. സകല മനുഷ്യരും അവനെ പിതാവായി അംഗീകരിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. വിശ്വാസംവഴി നീതികരിക്കപ്പെടുന്ന സകലരും അതിലൂടെ അബ്രാഹത്തിന്റെ മക്കളായി വിളിക്കപ്പെടണമെന്നത് ദൈവത്തിന്റെ നിശ്ചയമായിരുന്നു.

പിതാവായ ദൈവത്തിന്റെ ഭൂമിയിലെ പ്രതിപുരുഷനായി അബ്രാഹത്തെ തിരഞ്ഞെടുത്തതിലൂടെ വരാനിരിക്കുന്ന ഒരു രക്ഷകനിലൂടെ ദൈവം സകല മര്‍ത്യരുടെയും പിതാവാകാന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അബ്രാഹത്തെ നാം പിതാവെന്നു വിളിക്കുന്നത് ശാരീരികമായ അര്‍ത്ഥത്തിലല്ല; മറിച്ച്, ആത്മീയ അര്‍ത്ഥത്തിലാണ്. അതുപോലെ ശാരീരികമായി മനുഷ്യന്‍ നഷ്ടപ്പെടുത്തിയ ദൈവപുത്ര സ്ഥാനം അബ്രാഹത്തിലൂടെ ആരംഭിച്ച് അതിന്റെ പൂര്‍ണ്ണത യേഹ്ശുവായിലൂടെ നല്‍കാനാണ് ദൈവം തയ്യാറായത്. അബ്രാഹത്തിനു യാഹ്‌വെ നല്‍കിയ വാഗ്ദാനത്തിലെ ഏറ്റവും ശ്രേഷ്ഠമായത് രക്ഷകനെക്കുറിച്ചുള്ള വാഗ്ദാനമായിരുന്നു. അതിനാല്‍ യേഹ്ശുവാ ജനിച്ചത് ഏതു തലമുറയിലാണോ ആ തലമുറയാണ് യഥാര്‍ത്ഥമായും വാഗ്ദാനം വഹിക്കുന്ന തലമുറ!

നിന്നെ അനേകം ജനതകളുടെ പിതാവാക്കും എന്നായിരുന്നു അബ്രാഹത്തിനു ദൈവം നല്‍കിയ വാഗ്ദാനം. ഈ വാഗ്ദാനം പൂര്‍ണ്ണമാകണമെങ്കില്‍ മക്കളല്ലാത്തവരുടെ തലമുറകളും അബ്രാഹത്തെ പിതാവായി അംഗീകരിക്കണം. മക്കളുടെ തലമുറ ഒറ്റജനത ആയതിനാല്‍ അനേകജനതകളുടെ പിതാവാകണമെങ്കില്‍ ഇത് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇവിടെയാണ് വിശ്വാസത്തിലൂടെ വാഗ്ദാനത്തിന്റെ സന്തതികളാകുന്ന പ്രക്രിയയുടെ പ്രാധാന്യം വിളിച്ചോതുന്നത്. “യിസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതിയര്‍ക്കു രക്ഷ ലഭിച്ചു”(റോമാ: 11; 12). നിയമങ്ങളുടെയും വാഗ്ദാനങ്ങളുടെയും പൂര്‍ണ്ണത യേഹ്ശുവായില്‍ ആയതിനാല്‍, അവന്‍ വഴി സകലരും അനുഗ്രഹിക്കപ്പെടുന്നു. എല്ലാ വാഗ്ദാനങ്ങളും അനുഗൃഹങ്ങളും അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ യേഹ്ശുവാ മ്ശിഹായിലൂടെ മാത്രമാണു സാധിക്കുകയുള്ളു. ഈ അനുഗൃഹത്തെ തള്ളിക്കളഞ്ഞതിലൂടെ അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും സന്തതികള്‍ക്ക് വന്നുഭവിച്ച മഹാദുരന്തങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണു അല്പമെങ്കിലും ശമിച്ചത്!

യേഹ്ശുവായിലുള്ള വിശ്വാസംവഴി യിസ്രായേലിലേക്ക് ചേര്‍ക്കപ്പെട്ടവരായ ക്രൈസ്തവരോട് അപ്പസ്തോലനായ പൗലോസ് പറയുന്നത് ശ്രദ്ധേയമാണ്! “ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചുകളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അതില്‍ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്”(റോമാ: 11; 17, 18).

സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവായെ തള്ളിക്കളഞ്ഞതിലൂടെ യെഹൂദര്‍ തള്ളിക്കളഞ്ഞത് ദൈവമക്കളെന്ന സ്ഥാനത്തെയാണ്. വളരെ ചെറിയൊരു വിഭാഗം യെഹൂദര്‍ മാത്രമാണ് യേഹ്ശുവായെ തള്ളിക്കളഞ്ഞത് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ആദിമ ക്രൈസ്തവരെല്ലാം യെഹൂദരായിരുന്നു. എന്നാല്‍, എല്ലാ യഹൂയെഹൂദരും യേഹ്ശുവായെ സ്വീകരിക്കാന്‍ തയ്യാറായില്ല. സ്വീകരിക്കാത്തവരുടെ ഈ പ്രവൃത്തി അനേകരെ രക്ഷിക്കാനും ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്താനുമായിരുന്നു. യേഹ്ശുവായെ നിഷേധിച്ചതുവഴി താത്ക്കാലികമായി ചില യെഹൂദര്‍ തള്ളപ്പെട്ടുവെങ്കിലും അവരുടെ തിരസ്ക്കരണം എന്നേക്കുമുള്ളതല്ല. ദൈവമായ യാഹ്‌വെ വാഗ്ദാനങ്ങളില്‍ വിശ്വസ്ഥനായിരിക്കുന്നതിനാല്‍ അബ്രാഹത്തോടു നല്‍കിയ വാഗ്ദാനം എക്കാലവും നിലനില്‍ക്കുന്നു. യെഹൂദരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.

യേഹ്ശുവായെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ നിസ്സാരമായിരുന്നില്ല. എങ്കിലും അനുഗ്രഹത്തിന്റെ വാഗ്ദാനങ്ങളും എക്കാലവും ദൈവം അനുസ്മരിച്ചു. അതുകൊണ്ടുതന്നെ യെഹൂദര്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും പീഡിപ്പിച്ചവരെ അവിടുന്നു വെറുതെവിട്ടില്ല. യേഹ്ശുവായ്ക്കുമുമ്പും അതിനുശേഷവും അതില്‍ മാറ്റമുണ്ടായിട്ടില്ല. പാപം ചെയ്തപ്പോള്‍ യിസ്രായേല്‍ജനത അടിമകളാക്കപ്പെട്ടുവെങ്കിലും അവരെ അടിമകളാക്കിയവരെ യാഹ്‌വെ ഉന്മൂലനം ചെയ്തു. യേഹ്ശുവായ്ക്കുമുമ്പ് എന്തെല്ലാമാണു സംഭവിച്ചത് എന്നകാര്യം ബൈബിളിലൂടെ വ്യക്തമാകുന്നുണ്ട്. അതിനുശേഷം സംഭവിച്ചത് എന്താണെന്ന് രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലൂടെ മനസ്സിലാക്കുവാനുള്ള അടിത്തറയാണ് ഇതുവരെ നാം ഇട്ടത്. പ്രവചനങ്ങളും അതിന്റെ പൂര്‍ത്തീകരണവും പരിശോധിച്ച് ഇക്കാര്യങ്ങള്‍ നമുക്ക് അടിവരയിട്ട് ഉറപ്പിക്കാം!

യിസ്രായേല്‍ ജനതയുടെ  പാപം നിമിത്തം അവരെ ദൈവം പ്രഹരിക്കുന്നതു കാണുമ്പോള്‍ മറ്റുള്ളവര്‍ ഈ ജനതയ്ക്കുനേരെ  വാളോങ്ങാന്‍ തുനിഞ്ഞാല്‍ അത് വലിയ അപകടമാണ്. ഒരു പിതാവ് തന്റെ പുത്രനെ  ശിക്ഷിക്കുന്നതു കണ്ട് വഴിയേപോകുന്ന ഒരുവന്‍ തന്റെ പുത്രനെ തല്ലാന്‍ വന്നാല്‍ സംഭവിക്കുന്നത് എന്തായിരിക്കുമോ അതു തന്നെയായിരിക്കും ഇവിടെയും സംഭവിക്കുന്നത്! ഈ കാലഘട്ടത്തില്‍പ്പോലും ഇക്കാര്യത്തില്‍ അനേകം തെളിവുകളുണ്ട്.

വിജാതിയരില്‍നിന്നുള്ള ക്രൈസ്തവര്‍ ദത്തുപുത്രന്മാര്‍!

ക്രൈസ്തവരില്‍ രണ്ടു  വിഭാഗങ്ങളുണ്ട്; യെഹൂദരില്‍നിന്നുള്ളവരും വിജാതിയരില്‍നിന്നുള്ളവരുമാണ് ഇവര്‍! രണ്ടാമത്തെ വിഭാഗത്തെയാണ് കാട്ടൊലിവിന്റെ ശിഖരത്തോട് പൗലോസ് അപ്പസ്തോലന്‍  ഉപമിച്ചിരിക്കുന്നത്. യെഹൂദരില്‍ ചിലര്‍ ഹൃദയം കഠിനമാക്കുകവഴി യേഹ്ശുവായെ  നിരാകരിച്ചതുകൊണ്ട് കൈവന്ന ഭാഗ്യമാണ് വിജാതിയര്‍ക്കു ലഭിച്ച പുത്രസ്ഥാനം! സീറോഫിനീഷ്യന്‍ സ്ത്രീയുമായുള്ള സംഭാഷണത്തില്‍ യേഹ്ശുവാതന്നെ ഇക്കാര്യം  വ്യക്തമാക്കുന്നുണ്ട്. “യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്”(മത്താ: 15; 24). വീണ്ടും സ്ത്രീയുടെ നിലവിളി തുടരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. അവള്‍ മറുപടി പറഞ്ഞു: യജമാനനേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കുകീഴെനിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു”(മര്‍ക്കോ: 7; 27-30).

ഇവിടെ നായ്ക്കള്‍ എന്ന പ്രയോഗം ചിലരെ അലോസരപ്പെടുത്തിയേക്കാം. വിജാതിയരെ സൂചിപ്പിക്കാന്‍ യെഹൂദരുടെയിടയില്‍ ഇങ്ങനെയൊരു സംബോധനയുണ്ടായിരുന്നു. ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന ജീവിയാണു നായ എന്നതുകൊണ്ട് വീണ്ടുംവീണ്ടും പാപത്തില്‍ മുഴുകുന്ന വിഗ്രഹാരാധകരെ നായ്ക്കളുടെ ഗണത്തില്‍ കണക്കാക്കി. വെളിപാടിന്റെ പുസ്തകത്തിലും നായ്ക്കള്‍ എന്ന പ്രയോഗമുണ്ട്. സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശനമില്ലാത്തവരുടെ പട്ടികയില്‍ നായ്ക്കളെയും പെടുത്തിയിരിക്കുന്നത് യഥാര്‍ത്ഥ നായ്ക്കളെ ഉദ്ദേശിച്ചല്ല എന്നതു വ്യക്തമാണല്ലോ! അതില്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്: “നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്”(വെളി: 22; 15).

സത്യദൈവമായ യാഹ്‌വെയെ ആരാധിക്കാത്തവരെല്ലാം സേവിക്കുന്നത് പിശാചിനെയാണ്. അക്കാരണത്താല്‍ ഇത്തരക്കാര്‍ ദൈവമക്കളല്ല. എങ്കിലും, വിഗ്രഹങ്ങളെ വെറുത്തുപേക്ഷിച്ച് ദൈവത്തിലേക്കു തിരിഞ്ഞാല്‍ അവരെയും തന്റെ ജനതയുടെ ഭാഗമാക്കാന്‍ അവിടുന്ന് തയ്യാറാണ്. അതുകൊണ്ടാണ് യിസ്രായേല്‍ ജനതയുടെ ഇടയില്‍ ജീവിച്ചിരുന്ന പരിച്ഛേദിതരായവരും ആചാരങ്ങളില്‍ കണിശതയുള്ളവരുമായ വിജാതിയരെയും പെസഹാ ഭക്ഷിക്കാന്‍ അനുവദിച്ചിരുന്നത്!

ചുരുക്കത്തില്‍, ഈ സീറോഫിനീഷ്യന്‍ സ്ത്രീ വിജാതിയ ക്രൈസ്തവരുടെ പ്രതിനിധിയാണ്. യെഹൂദര്‍ തള്ളിക്കളഞ്ഞ വാഗ്ദാനത്തെ പ്രാപിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍, തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഉന്നതസ്ഥാനത്തിന്റെ മഹാത്മ്യത്തെ വേണ്ടവിധം ഗൗനിക്കാതിരുന്നാല്‍ തിരസ്ക്കരിക്കപ്പെടുമെന്ന സൂചനയും അപ്പസ്തോലന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുകളില്‍ പ്രതിപാദിച്ചിട്ടുള്ള വാക്യം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചുകളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അതില്‍ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്”(റോമാ: 11; 17, 18).

ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍ നീയും മുറിച്ചുനീക്കപ്പെടും”(റോമ: 11; 21, 22). യിസ്രായേലിനെ വീണ്ടും പടുത്തുയര്‍ത്തും എന്നതിന്റെ സൂചനയും അപ്പസ്തോലന്‍ നല്‍കുന്നുണ്ട്. “തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്ത്തണ്ടിന്മേല്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം”(റോമാ: 11; 23, 24).

മുറിച്ചു മാറ്റപ്പെടാന്‍ കാരണമാകുംവിധം ഇവരുടെ ഹൃദയത്തെ കഠിനമാക്കിയതു ദൈവം തന്നെയാണ്. അനേകം വിജാതിയരെ രക്ഷിക്കാന്‍ അവിടുന്ന് തിരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു അത്! വിളിക്കപ്പെട്ട വിജാതിയര്‍ ചേര്‍ക്കപ്പെട്ടതിനുശേഷം യിസ്രായേലിനെ പുനരുദ്ധരിക്കും എന്നത് നിശ്ചയമാണ്. പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: “സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: യിസ്രായേലില്‍ കുറേപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളു. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മ്മം അകറ്റിക്കളയും. ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും”(റോമാ: 11; 25-27).

ഇതിനുള്ള കാരണവും ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്: “സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തിരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വ്വീകരെപ്രതി അവര്‍ സ്നേഹഭാജനങ്ങളാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല”(റോമാ: 11; 28, 29).

പൗലോസ് വിജാതിയരുടെ അപ്പസ്തോലനായി പരിഗണിക്കപ്പെടുകയും ഇവരുടെയിടയിലേക്ക് സുവിശേഷവുമായി ഇറങ്ങുവാനുണ്ടായ സാഹചര്യവും ഇവിടെ പ്രസക്തമാണ്! യെഹൂദര്‍ സുവിശേഷം സ്വീകരിക്കാന്‍ വിമുഖത കാണിച്ചതുകൊണ്ടാണ് വിജാതിയരോടു പ്രസംഗിക്കാന്‍ തുനിഞ്ഞതെന്ന് അപ്പസ്തോലന്‍തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ആദ്യത്തെ ക്രൈസ്തവസമൂഹത്തില്‍ യെഹൂദര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതു ക്രമത്തിലാണ് സുവിശേഷം പ്രചരിപ്പിക്കേണ്ടതെന്ന് യേഹ്ശുവാ  ശിഷ്യന്മാരെ പ്രബോധിപ്പിച്ചിരുന്നു.

യെരുശലെമില്‍ ആരംഭിക്കട്ടെ!

ലോകം മുഴുവനിലും  പ്രചരിപ്പിക്കാനാണ് യേഹ്ശുവാ തന്റെ സുവിശേഷം ശിഷ്യന്മാരെ ഭരമേല്പിച്ചത്. “നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍”(മര്‍ക്കോ: 16; 15). മറ്റൊരു വചനം ഇങ്ങനെ: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 18-20).

ലോകം മുഴുവനിലുമുള്ളവര്‍ക്കുവേണ്ടിയാണ് അവരെ അയച്ചതെങ്കിലും അതിനൊരു ക്രമം യേഹ്ശുവാ നിശ്ചയിച്ചിരുന്നു. ഈ നിബന്ധന അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നത് ഇങ്ങനെയാണ്: “യെരുശലെമിലും യെഹൂദയാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”(അപ്പ. പ്രവ: 1; 8). ലൂക്കായുടെ സുവിശേഷത്തിലും ഇതു കാണാം: “പാപമോചനത്തിനുള്ള അനുതാപം അവന്റെ പേരില്‍ യെരുശലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു”(ലൂക്കാ: 24; 47).

യേഹ്ശുവായുടെ ഈ കല്പനയെ അക്ഷരംപ്രതി പാലിക്കുകയാണ് ക്രിസ്തുശിഷ്യന്മാര്‍ ചെയ്തത്. ഈ ലേഖനപരമ്പരയില്‍ ആമുഖമായി സൂചിപ്പിച്ചതുപോലെ ദൈവവചനത്തില്‍ രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്നു വാച്യാര്‍ത്ഥവും മറ്റൊന്ന് വ്യംഗ്യാര്‍ത്ഥവും! വാച്യാര്‍ത്ഥത്തില്‍ സ്വീകരിക്കുമ്പോള്‍, യെരുശലെമില്‍ തുടങ്ങുന്ന വചനശുശ്രൂഷ യെഹൂദയായും ശെമരിയായും കടന്ന് ലോകാതിര്‍ത്തികള്‍വരെ വ്യാപിപ്പിക്കുകയെന്നതാണ്. ഈ ഉദ്യമത്തില്‍ ശിഷ്യന്മാര്‍ വ്യാപരിച്ചു എന്നത് നമുക്കെല്ലാമറിയാം. ഇക്കാര്യമാണ്, ഇവിടെ ചിന്തിക്കുന്നതെങ്കിലും അതിനുമുമ്പ് വ്യംഗ്യാര്‍ത്ഥത്തെ ചുരുക്കമായി വിവരിക്കേണ്ടത് അനിവാര്യമാണ്.

യെരുശലെം എന്നതു ദൈവത്തിന്റെ നഗരവും അവിടുത്തെ ആലയം സ്ഥിതിചെയ്യുന്ന സ്ഥലവുമാണ്. ദൈവവചനപ്രകാരം ഓരോ വ്യക്തിയും ദൈവത്തിന്റെ ആലയമാണെന്നു മനസ്സിലാക്കാന്‍ കഴിയും! വളരെയധികം വ്യാഖ്യാനം ആവശ്യമുള്ള വിഷയമാണ് ഇതെങ്കിലും യഥാര്‍ത്ഥ വിഷയത്തില്‍നിന്നുള്ള വ്യതിചലനം ഉണ്ടാകാതിരിക്കാന്‍ കൂടുതലായ വിവരണത്തിലേക്കു കടക്കുന്നില്ല. എന്നിരുന്നാലും വായനക്കാര്‍ക്ക് കാര്യം ഗ്രഹിക്കാനായി ഇതുമായി ബന്ധപ്പെട്ട ഒരു വചനം ശ്രദ്ധിക്കാം: “നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും”(2 കോറി: 6; 16).

ദൈവം നമ്മില്‍  വസിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നാം അവിടുത്തെ ആലയമാണ്. യെരുശലെം ആണ്  ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന വിശുദ്ധനഗരമെങ്കില്‍, ഈ നഗരം  പ്രതിനിധീകരിക്കുന്നത് വ്യക്തിപരമായി നാം ഓരോരുത്തരെയുമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും! അതിനാല്‍, സുവിശേഷപ്രഘോഷണം ആരംഭിക്കേണ്ടത് നമ്മില്‍നിന്നാണ്. യെരുശലെമില്‍ ആരംഭിക്കണമെന്ന വചനത്തിലൂടെ വ്യംഗ്യമായി അര്‍ത്ഥമാക്കുന്നത് നാം  ഓരോരുത്തരും വചനത്തെ പൂര്‍ണ്ണമായി ധരിച്ചതിനുശേഷം യെഹൂദയായിലേക്ക് ഇറങ്ങി ചെല്ലണം  എന്നാണ്.

യെഹൂദയാ എന്നത് നമ്മുടെ ഭവനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. യെഹൂദാഭവനമെന്നാണല്ലോ ദൈവവചനത്തില്‍ ഉടനീളം അറിയിക്കുന്നത്! മറ്റൊരര്‍ത്ഥത്തില്‍ യെഹൂദാ എന്നതു സഹോദര ഭവനവുമാണ്. ശലോമോനുശേഷം യിസ്രായേല്‍ രാജ്യം വിഭജിക്കുമ്പോള്‍ യെഹൂദാ, യിസ്രായേല്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി മാറുകയായിരുന്നു. നാം അറിയുകയും അനുഭവിക്കുകയും ചെയ്ത വചനം നമ്മുടെ ഭവനത്തിലും സഹോദരരിലും നിറയ്ക്കുവാനാണ് യേഹ്ശുവാ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷമായിരിക്കണം അയല്‍രാജ്യമായ ശെമരിയായില്‍ അറിയിക്കേണ്ടത്! ശെമരിയാക്കാരും യാക്കോബിന്റെ മക്കളാണ്. യിസ്രായേലിലെ നഷ്ടപ്പെട്ടുപോയ ആടുകള്‍ എന്ന് യേഹ്ശുവാ പറഞ്ഞത് ഇവരെക്കുറിച്ചായിരുന്നു. യിസ്രായേലില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരെയും സമീപത്തുവസിക്കുന്ന ജനതയേയുമാണ് ശെമരിയാ എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ബൈബിളില്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും!

വാച്യാര്‍ത്ഥത്തിലും വ്യംഗ്യാര്‍ത്ഥത്തിലും വചനത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് അപ്പസ്തോലന്മാര്‍ ദൈവരാജ്യ ശുശ്രൂഷയ്ക്ക് ഇറങ്ങിയതെന്ന് നമുക്കു മനസ്സിലാക്കാന്‍ സാധിക്കും! ഉത്ഥിതനായ യേഹ്ശുവാ നാല്പതു ദിവസം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. അങ്ങനെ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കുകയും യെരുശലെം വിട്ടുപോകരുതെന്ന് അവരോടു കല്പിക്കുകയും ചെയ്തു. (അപ്പ.പ്രവര്‍: 1; 3). യേഹ്ശുവായില്‍നിന്നു കേട്ട പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതുവരെ സെഹിയോന്‍ മാളികയില്‍ പ്രാര്‍ത്ഥനാനിരതരായി കാത്തിരുന്നു. ദൈവത്തിന്റെ വാഗ്ദാനം അപ്പസ്തോലന്മാരും അനുയായികളുമായ നൂറ്റിയിരുപതുപേര്‍ സ്വീകരിച്ചു. ഇവരായിരുന്നു ആദ്യത്തെ ക്രൈസ്തവസഭ!

കേപ്ഫായുടെ ആദ്യത്തെ പ്രസംഗം യെരുശലെമില്‍ ആയിരുന്നു. ഈ പ്രസംഗം കേട്ടവര്‍ ആരായിരുന്നുവെന്ന് ബൈബിളില്‍ വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: “ആകാശത്തിനുകീഴുള്ള സകല ജനപദങ്ങളിലുംനിന്നു വന്ന ഭക്തരായ യെഹൂദര്‍ യെരുശലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍ സംസാരിക്കുന്നതു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു”(അപ്പ. പ്രവര്‍: 2; 5, 6).

ആദ്യ ക്രൈസ്തവസമൂഹം!

കേപ്ഫായുടെ പ്രസംഗം  കേട്ട് ജ്ഞാനസ്നാനം സ്വീകരിച്ച മൂവായിരത്തോളം യെഹൂദരായിരുന്നു ആദ്യത്തെ  ക്രൈസ്തവസമൂഹം! “അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു”(അപ്പ. പ്രവര്‍: 2; 41). ഇവരെല്ലാവരും യെഹൂദരുടെ ഭാഷകളായ അരമായഭാഷയോ ഹെബ്രായഭാഷയോ സംസാരിക്കുന്നവര്‍ ആയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ യെഹൂദര്‍ ചിതറി പാര്‍ത്തിരുന്നുവെന്നും മറ്റുമതങ്ങളില്‍നിന്ന് യെഹൂദമതം സ്വീകരിച്ചവര്‍ ഉണ്ടായിരുന്നുവെന്നും തെളിയിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നാം ഗ്രഹിക്കണം: “പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയക്കാരും മെസൊപ്പൊട്ടോമിയന്‍ നിവാസികളും യെഹൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യായിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യെഹൂദരും യെഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ”(അപ്പ. പ്രവര്‍: 2; 9-11). അടിസ്ഥാനപരമായി യെഹൂദരായിരുന്നുവെങ്കില്‍പ്പോലും വിവിധ ദേശങ്ങളില്‍ പരദേശികളായി ജീവിച്ചവര്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരായിരുന്നു.

A.D.33-ല്‍ ആയിരുന്നു യേഹ്ശുവായുടെ മരണമെന്ന് സ്ഥിരീകരിച്ചതിലൂടെ ഇതേവര്‍ഷം തന്നെയാണു അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്നും വ്യക്തമാണല്ലോ! സുവിശേഷവത്ക്കരണത്തിന്റെ പത്തൊമ്പതാം വര്‍ഷം A.D. 52-ല്‍ ആയിരുന്നു അപ്പസ്തോലനായ തോമാ ഇന്ത്യയിലെത്തുന്നത്. തോമാശ്ലീഹ ഇന്ത്യയിലെത്തുവാന്‍ ഉണ്ടായ കാരണവും ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവര്‍ ആരായിരുന്നു എന്ന യാഥാര്‍ത്ഥ്യവും അടുത്ത ലേഖനത്തില്‍ ഉള്‍പ്പെടുത്തുന്നതാകും ഉചിതം! ഈ വിഷയത്തെക്കുറിച്ച് ക്രൈസ്തവരുടെ ഇടയില്‍പ്പോലും ചില തെറ്റിദ്ധാരണകളുണ്ട്. ഈ അബദ്ധധാരണകളെ അനാവരണം ചെയ്തുകൊണ്ട് സത്യത്തെ മനസ്സിലാക്കാന്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ ഉദ്യമിക്കുന്ന ലേഖനം, ഈ പരമ്പരയുടെ നാലാംഭാഗത്ത് പ്രതീക്ഷിക്കുക! ഈ ലേഖനം ഉപസംഹരിക്കുന്നതിനു മുന്‍പായി ഒരുകാര്യം ഓര്‍മ്മപ്പെടുത്തുന്നു. പ്രവാചകന്മാരിലൂടെ യിസ്രായേല്‍ജനത്തിനു വാഗ്ദാനംചെയ്യപ്പെട്ട രക്ഷയായ യേഹ്ശുവായെ സ്വീകരിക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ യിസ്രായേല്‍! ആയതിനാല്‍, ശാരീരികമായി യാക്കോബിന്റെ മക്കളാണെങ്കിലും, യേഹ്ശുവായെ തിരസ്ക്കരിച്ചതിലൂടെ യിസ്രായേല്‍ മക്കളെന്ന പദവിയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ് ഇന്ന് യിസ്രായേലിന്റെ ഗണത്തില്‍ എണ്ണപ്പെടുന്നത്! അതായത്, യേഹ്ശുവായെ രക്ഷകനായി സ്വീകരിച്ചവരായ യെഹൂദരും ശെമരിയാക്കാരും ഗ്രീക്കുകാരും യിസ്രായേലാണ്! അവിടുത്തെ നിഷേധിച്ച ആരും യിസ്രായേലിന്റെ ഭാഗമല്ല! ആയതിനാല്‍, യിസ്രായേലായി ലോകം പരിഗണിക്കുന്നവരെയല്ല ദൈവം യിസ്രായേലായി പരിഗണിച്ചിരിക്കുന്നത്! ക്രൈസ്തവരല്ലാത്ത ആരും യിസ്രായേലിന്റെ ഭാഗമല്ല!

ഈ പരമ്പരയുടെ നാലാംഭാഗം; ഇന്ത്യയിലെ ക്രൈസ്തവര്‍; യെഹൂദരില്‍നിന്നോ ബ്രാഹ്മണരില്‍നിന്നോ?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5094 views

LOG IN

Lost your password?

SIGN UP

LOST PASSWORD