വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍!

Print By
about

26 - 08 - 2017

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകളെക്കുറിച്ചാണ് ഈ ലേഖനത്തിലൂടെ നാം ചര്‍ച്ചചെയാന്‍ ശ്രമിക്കുന്നത്. “സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും”(മത്താ: 16; 19). അപ്പസ്തോലനായ കേപ്ഫായോട് യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകളാണിത്. ഈ വചനത്തിലൂടെ അപ്പസ്തോലന് യേഹ്ശുവാ നല്‍കിയ വാഗ്ദാനത്തെ വിശ്വാസികള്‍ പലവിധത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. കേപ്ഫായെ സഭയുടെ തലവനാക്കിക്കൊണ്ട് യേഹ്ശുവാ നടത്തിയ പ്രഖ്യാപനമാണിതെന്നു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സഭയാണു കത്തോലിക്കാസഭ! ഈ വിശ്വാസത്തിനും പ്രഖ്യാപനത്തിനും അടിസ്ഥാനമുണ്ടെന്നു മനോവയും വിശ്വസിക്കുന്നു. എന്തെന്നാല്‍, കേപ്ഫാ നടത്തിയ വിശ്വാസപ്രഖ്യാപനത്തോടുള്ള പ്രതികരണമായിട്ടാണ് യേഹ്ശുവാ ഈ വാക്കുകള്‍ അരുളിച്ചെയ്തത്. താന്‍ ആരാണെന്ന യേഹ്ശുവായുടെ ചോദ്യത്തിനു കേപ്ഫാ ഇപ്രകാരം മറുപടി പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌”(മത്താ: 16; 16).

കേപ്ഫായുടെ മറുപടിയില്‍ സംപ്രീതനായ യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനാഹിന്റെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്ഫായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 16; 17-19). യേഹ്ശുവാ കേപ്ഫായ്ക്കു നല്‍കിയ ഈ വാഗ്ദാനത്തെ സംബന്ധിച്ച് സഭകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേപ്ഫാ എന്ന പാറയിലാണ് സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന കത്തോലിക്കാസഭയുടെ വാദത്തെ ഖണ്ഡിക്കാന്‍ മറ്റു സഭകള്‍ ചില വാദങ്ങള്‍ ഉന്നയിക്കാറുണ്ട്. വേറെ ചില വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, ആ പാറ യേഹ്ശുവായാണെന്ന് കത്തോലിക്കാവിരുദ്ധ സഭകള്‍ വാദിക്കുന്നു. ഈ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്നു സ്ഥിരീകരിച്ചതിനുശേഷം താക്കോലുകളെ സംബന്ധിച്ചുള്ള പഠനത്തിലേക്കു കടക്കാം.

കേപ്ഫാ എന്ന പേരിന്റെ അര്‍ത്ഥം പാറക്കഷണം എന്നാണെന്നും യേഹ്ശുവായാണ് പാറയെന്നും വാദിച്ചുകൊണ്ടാണ് കേപ്ഫായുടെ നേതൃത്വത്തെ ചിലര്‍ നിഷേധിക്കുന്നത്. അതിനായി അവര്‍ ഉയര്‍ത്തിപ്പിടിച്ചത് കേപ്ഫാഎന്ന പേരിന്റെ വികലമായ പരിഭാഷയെയാണ്. ഇത് തികച്ചും ബാലിശമായ വാദമാണെന്നു പറയാതെവയ്യ. കാരണം, കേപ്ഫാഎന്ന പേര് ശിമയോന് നല്‍കിയത് യേഹ്ശുവായാണ്. അവിടുന്ന് നല്‍കിയ പേര് പത്രോസ് എന്നായിരുന്നില്ല. പേരുകള്‍ പരിഭാഷപ്പെടുത്താന്‍ പാടില്ല എന്ന അടിസ്ഥാനതത്വത്തെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് ബൈബിളിലെ പേരുകളെല്ലാം അര്‍ത്ഥശൂന്യമായ പദങ്ങളാല്‍ വികലമാക്കിയത് കോണ്‍സ്റ്റന്റൈന്‍ എന്ന കൗശലക്കാരനായിരുന്നു. ക്രൈസ്തവസഭയുടെ ശിഥിലീകരണത്തിനു തുടക്കമിട്ടത് കോണ്‍സ്റ്റന്റൈന്‍ആണ്. എല്ലാ വിഭാഗിയതകളും ഉടലെടുത്തത് കോണ്‍സ്റ്റന്റൈന്‍വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസിനു ശേഷമായിരുന്നുവെന്ന് സത്യസന്ധമായി ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. വിജാതിയതയുമായി യാതൊരു വിധത്തിലും സന്ധിചെയ്യാത്ത സഭയെ, വിജാതിയതയുടെ തൊഴുത്തില്‍ കെട്ടിയത് ഈ സൂനഹദോസിനു ശേഷമാണ്. ഒരിക്കലും മാറ്റപ്പെടാന്‍ പാടില്ലാത്ത ദൈവത്തിന്റെ പേരുപോലും വികലമാക്കപ്പെട്ടു! കോണ്‍സ്റ്റന്റൈന്‍എന്ന കൗശലക്കാരനിലൂടെ സാത്താന്‍ ഒരുക്കിയ കെണിയില്‍ അന്നത്തെ സഭാചാര്യന്മാര്‍ വീഴുകയായിരുന്നു. കടുത്ത ഹെബ്രായ വിരോധിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ഹെബ്രായ പേരുകള്‍ക്കു പകരം ഗ്രീക്ക് പേരുകള്‍ നല്‍കി! അതായത്, ഹെബ്രായ പേരുകള്‍ ഗ്രീക്കുഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നില്ല; മറിച്ച്, ഗ്രീക്കുകാരുടെ ദേവീദേവന്മാരുമായി ബന്ധമുള്ള പേരുകള്‍ നല്‍കുകയായിരുന്നു. ഗ്രീക്കുകാരുടെ ഒട്ടുമിക്ക പേരുകളും അവരുടെ ദേവീദേവന്മാരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്. ഇന്ത്യയിലെ പേരുകളെല്ലാം ഹിന്ദുക്കളുടെ ദേവീദേവന്മാരുടെ പേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെതന്നെ!

യേഹ്ശുവാ എന്ന പേര് യി-സിയുസ് എന്നാക്കിയതുപോലെ എല്ലാ ഹെബ്രായ പേരുകളും നീക്കംചെയ്യപ്പെട്ടു! പേരുകളില്‍ നടത്തിയ ഗ്രീക്കുവത്ക്കരണത്തെ സംബന്ധിച്ച് മനോവ ഒന്നിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിവരണത്തിന് ഇവിടെ മുതിരുന്നില്ല! ആയതിനാല്‍, കേപ്ഫായെ പത്രോസാക്കിയതിലൂടെ വന്നുഭവിച്ച ദുരന്തത്തെ മാത്രം പ്രതിപാദിച്ചുകൊണ്ട്‌ പഠനം തുടരാം. യേഹ്ശുവാ അവിടുത്തെ ശിഷ്യനായ ശിമയോന് നല്‍കിയ പേര് പാറ എന്നര്‍ത്ഥമുള്ള കേപ്ഫാ എന്നാണ്! പിന്നീട് കേപ്ഫാ ജീവിച്ചിരുന്ന കാലത്തൊക്കെ ഈ പേരിലാണ് അവന്‍ വിളിക്കപ്പെട്ടത്! അതായത്, പത്രോസ് എന്ന പേര് കേപ്ഫാ ഒരിക്കലും കേട്ടിട്ടില്ല! അതുകൊണ്ടുതന്നെ പത്രോസ്പാറക്കഷണം ആണെങ്കിലും അല്ലെങ്കിലും ക്രിസ്ത്യാനികളെ അത് ബാധിക്കുന്നുമില്ല!

പാറ എന്ന് യേഹ്ശുവാ വിശേഷിപ്പിച്ചത് കേപ്ഫായെതന്നെയാണെന്നു മനസ്സിലാകാന്‍ ആ വചനം സൂക്ഷ്മതയോടെ വായിച്ചാല്‍ മാത്രം മതി. എന്തെന്നാല്‍, കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിനുള്ള മറുപടിയായിട്ടാണ് യേഹ്ശുവാ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. നീ കേപ്ഫായാണ്‌ എന്നു പറഞ്ഞ വാചകത്തിന്റെ തുടര്‍ച്ചയായി പറയുന്ന വാചകം എങ്ങനെ കേപ്ഫായെക്കുറിച്ച് അല്ലാതാകും?! നീ കേപ്ഫായാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും എന്ന് പറയുമ്പോള്‍, സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നത് കേപ്ഫായെക്കുറിച്ചുതന്നെയാണ് ഈ പ്രവചനം എന്നാണ്! പൗലോസ് അടക്കമുള്ള മറ്റ് അപ്പസ്തോലന്മാരില്‍ ആരും കേപ്ഫായുടെ നേതൃത്വത്തെ നിഷേധിച്ചിട്ടില്ല എന്നകാര്യവും പരിഗണിക്കണം. യേഹ്ശുവായെക്കുറിച്ച് പാറ എന്ന വിശേഷണം ബൈബിളിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കേപ്ഫായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല്‌ സ്ഥാപിച്ചിരിക്കുന്നു - തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല. വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക് പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു. അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍ വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു”(1 കേപ്ഫാ: 2; 6-8).

ഇവിടെ പാറയെന്നും കല്ലെന്നും മൂലക്കല്ലെന്നും യേഹ്ശുവായെ വിശേഷിപ്പിക്കുന്നുണ്ട്. ശിമയോന്‍ എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്ന വ്യക്തിയ്ക്ക് കേപ്ഫാ എന്ന പേര് നല്‍കിയത് യേഹ്ശുവായാണ്. അവിടുന്ന് തന്റെ പ്രതിപുരുഷനായി കേപ്ഫായെ പ്രഖ്യാപിക്കുകയായിരുന്നു എന്നതാണ് യഥാര്‍ത്ഥ സത്യം! യേശൈയാഹിന്റെ പ്രവചനത്തിലും പാറ എന്ന് യേഹ്ശുവായെ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ പ്രവചനം നോക്കുക: “അവിടുന്നാണ് വിശുദ്ധ മന്ദിരവും ഇടര്‍ച്ചയുടെ ശിലയും യിസ്രായേലിന്റെ ഇരുഭവനങ്ങളേയും നിലംപതിപ്പിക്കുന്ന പാറയും. യെരുശലെംനിവാസികള്‍ക്ക് കുടുക്കും കെണിയും അവിടുന്ന് തന്നെ. അനേകര്‍ അതിന്മേല്‍ തട്ടിവീണു തകര്‍ന്നുപോവുകയും കെണിയില്‍ കുരുങ്ങി പിടിക്കപ്പെടുകയും ചെയ്യും”(യേശൈയാഹ്: 8; 14, 15). മറ്റൊരു വെളിപ്പെടുത്തല്‍ ഇങ്ങനെ: “വീട്ടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ”(അപ്പ. പ്രവര്‍: 4; 11). പാറയും കല്ലും മൂലക്കല്ലും യേഹ്ശുവായാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം അവിടുത്തെ ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ നിയുക്തരായത് അപ്പസ്തോലന്മാരും ശിഷ്യന്മാരുമായിരുന്നു. ഈ അപ്പസ്തോലന്മാരുടെ നേതാവ് എന്നനിലയില്‍ യേഹ്ശുവാ അവിടുത്തെ വിശേഷണം കേപ്ഫായ്ക്കു നല്‍കി! അവിടുന്ന് അരുളിച്ചെയ്ത ഈ വചനം ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു”(യോഹ: 13; 20).

യേഹ്ശുവാ ധരിച്ചത് അവിടുത്തെ പിതാവിന്റെ പേരാണെന്നു നമുക്കറിയാം. പിതാവില്‍നിന്ന് അവിടുന്ന് പേര് സ്വീകരിച്ചു. അത് പിതാവിന്റെതന്നെ പേരാണ്. അതുപോലെതന്നെ, യേഹ്ശുവായ്ക്ക് നല്‍കപ്പെട്ടിരുന്ന വിശേഷണം അവിടുന്ന് കേപ്ഫായ്ക്കു നല്‍കി. ശിഷ്യന്മാരെ സ്വീകരിക്കുന്നത് യേഹ്ശുവായെ സ്വീകരിക്കുന്നതുപോലെ തന്നെയാണെന്ന് അവിടുന്ന് പ്രഖ്യാപിച്ചത് നാം മറക്കരുത്! ആയതിനാല്‍, അവിടുത്തെ വിശേഷണം കേപ്ഫയ്ക്ക് നല്‍കിയത് അപ്പസ്തോല സമൂഹത്തിന്റെ ആധികാരികതയ്ക്കുവേണ്ടിയാണ്! പത്രോസ് എന്ന പേരിന്റെ അര്‍ത്ഥം പാറയെന്നാണോ പാറക്കഷണമെന്നാണോ എന്ന തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ഈ തര്‍ക്കം കേപ്ഫായെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. ഇനിയിപ്പോള്‍ കത്തോലിക്കാവിരുദ്ധരായ ക്രിസ്ത്യാനികള്‍ പറയുന്നതുപോലെ, കേപ്ഫാ എന്ന പേരിന്റെ അര്‍ത്ഥം പാറക്കഷണം എന്നാണെങ്കില്‍പ്പോലും കേപ്ഫായുടെമേല്‍ സഭ സ്ഥാപിക്കും എന്ന വ്യാഖ്യാനത്തെ ഖണ്ഡിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, പാറക്കഷണത്തെയാണല്ലോ കല്ല്‌ എന്നു വിളിക്കുന്നത്! യേഹ്ശുവായുടെ വിശേഷണമായി പാറ, കല്ല്‌, മൂലക്കല്ല് എന്നിങ്ങനെ പലതും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ വിശേഷണമായ കല്ല്‌ (പാറക്കഷണം) എന്നര്‍ത്ഥമുള്ള, കേപ്ഫാ എന്ന പേര് അവിടുന്ന് ഈ അപ്പസ്തോലനു നല്‍കിയത് എന്തിനാണ്? ഈ പേര് നല്കിയതിനുശേഷം തൊട്ടടുത്ത വചനമായിട്ടാണ്, ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചത്! അതിനാല്‍ത്തന്നെ, ഇത് യേഹ്ശുവായാകുന്ന പാറയിലാണ് സഭ സ്ഥാപിക്കപ്പെട്ടത് എന്നു വായിച്ചെടുക്കാന്‍ സാധിക്കില്ല!

യേഹ്ശുവാ സ്ഥാപിച്ച സഭയില്‍ അവിടുത്തെ സ്ഥാനം എന്താണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; യേഹ്ശുവായില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു”(എഫേ: 2; 20-22). വളരെയധികം കാര്യങ്ങള്‍ ഈ വെളിപ്പെടുത്തലില്‍നിന്നു മനസ്സിലാക്കാന്‍ കഴിയും. സഭയാകുന്ന ഭവനത്തിന്റെ അടിത്തറ അപ്പസ്തോലന്മാരും പ്രവാചകന്മാരുമാണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നതോടൊപ്പം, ഈ അടിത്തറയുടെ മൂലക്കല്ല് യേഹ്ശുവായാണെന്ന പ്രഖ്യാപനവും നടത്തിയിരിക്കുന്നു. അതുപോലെതന്നെ, ഈ ഭവനത്തെ ദൈവത്തിന്റെ വാസസ്ഥലമായി പണിയുന്നത് യേഹ്ശുവായാണെന്നും വ്യക്തമാക്കുന്നു. ഇതുതന്നെയാണ് യേഹ്ശുവാ കേപ്ഫായോടു പറഞ്ഞതും! ഈ പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും എന്നായിരുന്നു അവിടുന്ന് പറഞ്ഞത്.

യേഹ്ശുവാ അവിടുത്തെ സഭയുടെ മൂലക്കല്ല് മാത്രമല്ല, സഭയുടെ ശിരസ്സും അവിടുന്നുതന്നെയാണ്! ഭാര്യാ-ഭര്‍തൃ ബന്ധത്തെക്കുറിച്ച് നല്‍കുന്ന ഉപദേശത്തോടൊപ്പം അപ്പസ്തോലനായ പൗലോസ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ നോക്കുക: “ഭാര്യമാരേ, നിങ്ങള്‍ യേഹ്ശുവായ്ക്ക് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും”(എഫേ: 5; 22, 23). യേഹ്ശുവായ്ക്ക് സഭയിലുള്ള മൂന്നു പദവികള്‍ ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. യേഹ്ശുവാ സഭയുടെ ശിരസ്സാണ്; അവിടുന്ന് സഭയുടെ ശരീരമാണ്; അതോടൊപ്പം സഭയുടെ രക്ഷകനും അവിടുന്നുതന്നെ! അതായത്, സഭയുടെ മൂലക്കല്ലും ശരീരവും ശിരസ്സും രക്ഷകനും യേഹ്ശുവായാണ്! ഈ സഭ സ്ഥാപിക്കപ്പെട്ട പ്രതലമാണു കേപ്ഫാ എന്ന പാറ! യേഹ്ശുവായുടെ വാക്കുകള്‍ക്ക് ഒരിക്കലും മാറ്റംവരില്ല! അവിടുന്ന് തന്റെ ജനത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമില്ല. എന്നാല്‍, ചിലര്‍ തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങളെ സാധൂകരിക്കുന്നതിനായി തിരുലിഖിതങ്ങളെ വളച്ചൊടിക്കുന്നു.

കേപ്ഫായുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സഭയെ എതിര്‍ക്കുന്നതിനുവേണ്ടി മാത്രമാണ് പാറ, പാറക്കഷണം തുടങ്ങിയ വാദങ്ങളുമായി ചിലര്‍ കറങ്ങിനടക്കുന്നത്. ശിമയോന്‍ എന്ന പേരുണ്ടായിരുന്ന ഒരുവന്റെ പേര് കേപ്ഫാ എന്നാക്കി മാറ്റിയത് വെറുമൊരു നേരമ്പോക്കിനായിരുന്നു എന്നാണോ ഇവരൊക്കെ ചിന്തിക്കുന്നത്? പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ മറ്റാരുടെയും പേരുകള്‍ അവിടുന്ന് മാറ്റിയില്ല. ശിമയോന്‍ എന്ന പേരിന് എന്തെങ്കിലും പോരായ്മയുള്ളതുകൊണ്ടാണ് ഈ പേര് മാറ്റിയതെന്ന് ആരും കരുതരുത്. എന്തെന്നാല്‍, പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ മറ്റൊരാള്‍ക്കുകൂടി ശിമയോന്‍ എന്ന പേരുണ്ട്. കാനാന്‍കാരന്‍ ശിമയോനെ നാം കാണുന്നത് മത്തായിയുടെ സുവിശേഷത്തിലെ പത്താമത്തെ അദ്ധ്യായത്തിന്റെ നാലാമത്തെ വാക്യത്തിലാണ്. രണ്ടുപേര്‍ ഒരേ പേരില്‍ അറിയപ്പെടുന്നതിലുള്ള പ്രശ്നമാണ് ഈ പേരു മാറ്റത്തിനു പിന്നിലെന്നും ആരും കരുതേണ്ടാ. കാരണം, യാക്കോബ്, യെഹൂദാസ് എന്നീ പേരുകളിലും ഈരണ്ടുപേര്‍ വിളിക്കപ്പെടുന്നുണ്ട്. ഇതില്‍നിന്നെല്ലാം നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത് കേപ്ഫായില്‍ വന്നുചേരാന്‍പോകുന്ന പദവിയുടെ മാഹാത്മ്യമാണ്! കേപ്ഫായുടെമേല്‍ സഭ സ്ഥാപിക്കപ്പെട്ടു എന്നതിനു ബൈബിളില്‍ വേറെയും പല തെളിവുകളുമുണ്ട്.

യേഹ്ശുവാതന്നെ നേരിട്ട് ഇക്കാര്യം പ്രഖ്യാപിക്കുന്ന സന്ദര്‍ഭം ശ്രദ്ധിക്കുക: “അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേഹ്ശുവാ ശിമയോന്‍ എന്ന കേപ്ഫായോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാംപ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവന്‍ മൂന്നാംപ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാംപ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് കേപ്ഫാ ദുഃഖിതനായി. അവന്‍ പറഞ്ഞു: നാഥാ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേഹ്ശുവാ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക”(യോഹ: 21; 15-17). യേഹ്ശുവായുടെ സഭയെ നയിക്കാനുള്ള ദൗത്യമാണ് കേപ്ഫായെ അവിടുന്നു ഭരമേല്പിച്ചത് എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ക്ക് മറ്റെന്തോ താത്പര്യങ്ങള്‍ സംരക്ഷിക്കാനുണ്ട്.

കേപ്ഫാ എന്ന പാറയുടെമേലാണ് വിശ്വാസസമൂഹം പടുത്തുയര്‍ത്തപ്പെട്ടത് എന്നതിന്റെ വ്യക്തമായ തെളിവ് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനായി അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥനാനിരതരായി കാത്തിരുന്നു. ബൈബിളില്‍ ഇപ്രകാരം അതു വായിക്കുന്നു: “ഇവര്‍ ഏകമനസ്സോടെ യേഹ്ശുവായുടെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു”(അപ്പ. പ്രവര്‍: 1; 14). ഇവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതായി തുടര്‍ന്നുവരുന്ന അദ്ധ്യായത്തില്‍ വായിക്കാന്‍ കഴിയും. പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം ആദ്യമായി ജനത്തോടു സുവിശേഷം അറിയിക്കുന്ന വ്യക്തി കേപ്ഫായാണ്‌. യേഹ്ശുവാ നിര്‍ത്തിയിടത്തുനിന്നു ദൗത്യം ഏറ്റെടുത്തത് കേപ്ഫായാണെന്ന കാര്യം ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി ആദ്യമായി ജനത്തോടു സംസാരിച്ച വ്യക്തി കേപ്ഫായാണ്‌. ഇതാണ് സഭയുടെ പ്രതലം! ഈ പ്രതലത്തിലാണ് വിശ്വാസികളുടെ സമൂഹമാകുന്ന സഭ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. യേഹ്ശുവായാണ് ഏകരക്ഷകനെന്ന യാഥാര്‍ത്ഥ്യം ഈ ലോകത്തോടു വിളിച്ചുപറഞ്ഞ ആദ്യത്തെ മനുഷ്യനാണ് കേപ്ഫാ! കേപ്ഫാ വിളിച്ചുപറഞ്ഞ സത്യമാണ് സഭയായി വാര്‍ത്തെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

സഭ എന്നത് നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ട ഒരു ഭവനമല്ല; മറിച്ച്, നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭവനമാണ്! യേഹ്ശുവായുടെ പുനരാഗമനംവരെ ഈ ഭവനത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കും. വിശ്വാസികളാണ് സഭയെങ്കില്‍, ആദ്യത്തെ വിശ്വാസസമൂഹം രൂപപ്പെട്ടത് കേപ്ഫായുടെ പ്രസംഗത്താലാണ്. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: “ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയംനുറുങ്ങി കേപ്ഫായോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ പേരില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍: 2; 37-39). യേഹ്ശുവായെക്കുറിച്ച് ആദ്യമായി പ്രസംഗിച്ചതും അവിടുത്തെ പേരിലുള്ള സ്നാനത്തെക്കുറിച്ച് ആദ്യമായി ലോകത്തോടു വെളിപ്പെടുത്തിയതും കേപ്ഫായായിരുന്നു. യേഹ്ശുവായില്‍ വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിന്റെ സഭയുടെ ഭാഗമാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, സഭയാകുന്ന ദൈവഭവനത്തിന്റെ ആദ്യത്തെ പടവുകള്‍ ഉയര്‍ത്തപ്പെട്ടത് കേപ്ഫായുടെമേലാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍: 2; 47). സഭ ഇപ്പോഴും നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്.

കേപ്ഫായുടെ ആദ്യത്തെ പ്രസംഗത്തിന്റെ ഫലം എന്തായിരുന്നുവെന്നു നോക്കുക: “അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു”(അപ്പ. പ്രവര്‍: 2; 41). കേപ്ഫാ ആദ്യമായി വിളിച്ചുപറഞ്ഞ സത്യത്തില്‍ നിലനിക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ സഭാമക്കള്‍! കത്തോലിക്കരെന്നോ ഓര്‍ത്തഡോക്സ് എന്നോ പ്രൊട്ടസ്റ്റന്റ് എന്നോ ഉള്ള വ്യത്യാസമില്ലാതെ, കേപ്ഫാ പ്രഖ്യാപിച്ച സത്യത്തില്‍ നിലനില്‍ക്കുകയും ഈ സത്യം ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഏതൊരുവനും, കേപ്ഫാ എന്ന പാറമേല്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന സഭയുടെ ഭാഗമാണ്. ഈ സത്യത്തില്‍നിന്നു വേറിട്ട ആശയങ്ങളുടെ വക്താക്കള്‍ ആരുതന്നെയായിരുന്നാലും, കേപ്ഫായുടെ സിംഹാസനത്തില്‍ കയറിയിരിക്കുന്ന വ്യക്തിയാണെങ്കില്‍പ്പോലും അവരാരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമല്ല! കേപ്ഫാ വിളിച്ചുപറഞ്ഞ സത്യമിതാണ്: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 12). കേപ്ഫായുടെമേല്‍ സ്ഥാപിതമായ സഭയുടെ പ്രബോധനം ഇതാണ്! ഈ പ്രബോധനത്തെ അടിസ്ഥാനപ്പെടുത്തിയാണ് യഥാര്‍ത്ഥ സഭയെയും വ്യാജസഭകളെയും വിവേചിക്കേണ്ടത്!

ക്രിസ്തുവിന്റെ സഭയുടെ പേരെന്ത്?

ക്രിസ്തുവിന്റെ സഭയ്ക്ക് പേരെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനു മനോവ നല്‍കുന്ന ഉത്തരം, ഇല്ല എന്നാണ്! ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ നിലനില്‍ക്കുന്ന വ്യക്തികളാണ് ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങള്‍! എല്ലാ സഭകളിലും ഇക്കൂട്ടരുണ്ടാകാം. എന്നാല്‍, ഇന്നത്തെ ഏതെങ്കിലും സഭകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ സഭയുടെ ചൈതന്യം നിലനിര്‍ത്തുന്നില്ല. എന്നിരുന്നാലും, ക്രിസ്തുവിന്റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്ന ചിലരെങ്കിലും എല്ലാ സഭകളിലുമുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസുവരെ കത്തോലിക്കാസഭയുടെ പ്രബോധനം ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളോടു കുറേയൊക്കെ ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. ആദിമസഭയുടെ ചൈതന്യത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ കേപ്ഫായുടെമേല്‍ ക്രിസ്തു സ്ഥാപിച്ച സഭയിലെ അംഗങ്ങളാണ്. ഇവര്‍ ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടുന്നു. വിശ്വാസികളുടെ സമൂഹമാണു സഭ; മറിച്ച്, സഭ ഒരു പ്രസ്ഥാനമല്ല!

കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിനുമേല്‍ ക്രിസ്തുവിന്റെ സഭ സ്ഥാപിക്കപ്പെട്ടത് വചനത്താലാണ്. അതിനാല്‍ത്തന്നെ, ഈ വചനത്തില്‍നിന്നോ കേപ്ഫാ പ്രഖ്യാപിച്ച വിശ്വാസത്തില്‍നിന്നോ അകന്നുമാറിയ സഭകളൊന്നും ക്രിസ്തുവിന്റെ സഭയുടെ ഭാഗമല്ല. ക്രിസ്തു തന്റെ സഭയെ ഏല്‍പ്പിച്ച ദൗത്യം ഇതാണ്: “ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ ഇവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 19, 20). യുഗാന്തംവരെ ക്രിസ്തു കൂടെയുണ്ടായിരിക്കണമെങ്കില്‍ സഭ എങ്ങനെയായിരിക്കണം എന്ന് അവിടുന്ന് വ്യക്തമാക്കിയിരിക്കുന്നു. ജനതകളെ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും യേഹ്ശുവാ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുന്ന സഭയില്‍ അവിടുന്നുണ്ട്. യുഗാന്തംവരെ ഉണ്ടായിരിക്കുകയും ചെയ്യും! ഈ ദൗത്യത്തില്‍നിന്നു വിരമിച്ചര്‍ക്ക് കേപ്ഫായുടെ പാരമ്പര്യം അവകാശപ്പെടാനുള്ള യോഗ്യതയില്ല.

കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ മതബോധനഗ്രന്ഥം ഉയര്‍ത്തിപ്പിടിക്കുന്ന ആശയവുമായി ക്രിസ്തുവിനോ ക്രിസ്തുവിന്റെ സഭയ്ക്കോ യാതൊരു ബന്ധവുമില്ല. എല്ലാ മതങ്ങളിലും രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട് എന്ന വാദം ഉന്നയിക്കുന്നവര്‍ കേപ്ഫായുടെ പിന്‍ഗാമികളായി പരിഗണിക്കപ്പെടുമെന്നു ചിന്തിക്കരുത്. ആത്മരക്ഷയെയും നിത്യജീവനെയും സംബന്ധിച്ചിടത്തോളം കേപ്ഫായുടെ വിശ്വാസമോ പ്രഖ്യാപനമോ ഇതല്ലെന്നു നാം കണ്ടു. അതിനാല്‍ത്തന്നെ, യേഹ്ശുവായിലൂടെ അല്ലാതെയും സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാമെന്ന പൈശാചിക ആശയങ്ങളുടെ വക്താക്കള്‍ക്ക് കേപ്ഫായുടെമേല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയുടെ പേര് ഉച്ചരിക്കാന്‍പോലും അര്‍ഹതയില്ല! മുന്‍പ് സൂചിപ്പിച്ചതുപോലെ, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭ ഘട്ടംഘട്ടമായി കേപ്ഫായുടെമേല്‍ സ്ഥാപിതമായ സഭയില്‍നിന്നു പടിയിറങ്ങി! എന്നിരുന്നാലും, സഭാനേതാക്കന്മാരുടെ അബദ്ധപ്രബോധനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്ന അനേകര്‍ കത്തോലിക്കാസഭയിലുണ്ട്. അവരെല്ലാം കേപ്ഫായുടെമേല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയുടെ ഭാഗമാണ്! അതായത്, സത്യവിശ്വാസികളായ വ്യക്തികള്‍ എല്ലാവരും കേപ്ഫായുടെമേല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നു! ഈ സഭാമക്കള്‍ ഇന്നും യേഹ്ശുവായുടെ ആഹ്വാനമനുസരിച്ച്, ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും അവിടുന്ന് കല്പിച്ചവ അനുസരിക്കാന്‍ പഠിപ്പിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തു സ്ഥാപിച്ച സഭയില്‍ സജ്ജീവമായി നിലകൊള്ളുകയും ചെയ്യുന്നു! ഇവരില്‍ മെത്രാന്മാരും വൈദീകരും വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്യന്ന സഹോദരങ്ങളുമുണ്ട്!

കേപ്ഫായുടെ ആദ്യത്തെ പ്രസംഗം കേട്ട എല്ലാവരും സ്നാനം സ്വീകരിച്ചു. എന്തെന്നാല്‍, യേഹ്ശുവാ നമ്മെ പഠിപ്പിച്ചത് ഇതാണ്: “സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും”(യോഹ: 3; 5, 6). യേഹ്ശുവായില്‍നിന്നു പഠിച്ച അപ്പസ്തോലന്മാര്‍ പ്രായം പരിഗണിക്കാതെതന്നെ എല്ലാവര്‍ക്കും സ്നാനം നല്‍കി! സ്നാനത്തിനു പ്രായം നിശ്ചയിക്കുന്നവര്‍ യേഹ്ശുവായുടെ കല്പനയെ നിഷേധിക്കുന്നവരാണ്. അതിനാല്‍ത്തന്നെ, ക്രിസ്തുവിന്റെ സഭയില്‍ ഇവര്‍ക്കു സ്ഥാനമുണ്ടെന്നു കരുതാന്‍ കഴിയില്ല. ജനതകളെ ശിഷ്യപ്പെടുത്താനോ സ്നാനം നല്‍കാനോ യേഹ്ശുവായുടെ കല്പനകള്‍ അനുസരിക്കാന്‍ പഠിപ്പിക്കാത്തവരോ അവിടുത്തെ സഭയുടെ ഭാഗമാണെന്നു ധരിച്ചാല്‍ അത് തെറ്റിദ്ധാരണ മാത്രമായിരിക്കും! ജലാത്താലും ആത്മാവിനാലുമുള്ള സ്നാനങ്ങളെ സംബന്ധിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.

ജ്ഞാനസ്നാനവും സഭകളുടെ അബദ്ധപ്രബോധനങ്ങളും!

ആത്മാവില്‍ വീണ്ടുംജനനം!

ഇവിടെ മനോവ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത് സഭയുടെ പേരിനെ സംബന്ധിച്ചാണ്. യേഹ്ശുവായോ അപ്പസ്തോലന്മാരോ സഭയ്ക്ക് എന്തെങ്കിലും പേര് നല്‍കിയിട്ടില്ല. എന്നാല്‍, യേഹ്ശുവായുടെ പേരില്‍ വിശ്വസിക്കുന്ന സമൂഹത്തെ ക്രിസ്ത്യാനികളെന്നു മറ്റുള്ളവര്‍ വിളിച്ചു. യേഹ്ശുവായെ വിശ്വസിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന വിശേഷണം ലഭിച്ചത് അങ്ങനെയാണ്!

ഭൂമിയില്‍ കെട്ടുന്നതു സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും!

അനേകര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു വിഷയമാണിത്. കേപ്ഫായും കേപ്ഫായുടെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും മാത്രമായി നല്‍കപ്പെട്ടിട്ടുള്ള അവകാശമാണിത് എന്നു വാദിക്കുന്ന ഒരു വിഭാഗമുണ്ട്. മറ്റുചിലരാകട്ടെ, ഈ വാദത്തെ പൂര്‍ണ്ണമായി നിഷേധിക്കുന്നു. കുമ്പസാരത്തില്‍ പാപമോചനം നല്‍കാനുള്ള അവകാശമായി ഇതിനെ കാണുന്നവരുമുണ്ട്. അപ്രമാധിത്യ അധികാരത്തെ സൂചിപ്പിക്കുന്ന വചനമായി ഇതിനെ പരിഗണിക്കുകയും, മറ്റുള്ളവരെ അങ്ങനെ ധരിപ്പിക്കുകയും ചെയ്യുന്ന വേറൊരു വിഭാഗവുമുണ്ട്. കത്തോലിക്കാസഭയിലെ പോപ്പിനു തെറ്റാവരം ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കുന്നതും ഈ വചനം ഉപയോഗിച്ചാണ്! ആയതിനാല്‍, ഈ വിഷയത്തെ സംബന്ധിച്ച് അല്പമൊന്നു ചിന്തിക്കാം.

ഭൂമിയില്‍ കെട്ടുന്നതു സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും എന്ന് യേഹ്ശുവാ രണ്ടു സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പസ്തോലനായ കേപ്ഫായോടു മാത്രമായി പറയുന്നതുകൂടാതെ, യേഹ്ശുവായ്ക്ക് അന്നുണ്ടായിരുന്ന എല്ലാ ശിഷ്യന്മാരോടുമായി അവിടുന്ന് ഇക്കാര്യം പറയുന്നതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. എന്നാല്‍, ആദ്യമായി ഈ വചനം കേപ്ഫായോടു മാത്രമാണു പറഞ്ഞത് എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കേപ്ഫയ്ക്ക് തന്റെ വിശ്വാസപ്രഖ്യാപനവുമായി ബന്ധപ്പെട്ടുതന്നെയാണ് ഈ അവകാശം യേഹ്ശുവായില്‍നിന്നു ലഭിക്കുന്നത്. ഇതാണ് ആ വചനം: “നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 16; 19). ഇത് കേപ്ഫായോടു മാത്രമായി പറയുന്ന വചനമാണെങ്കില്‍, മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ വചനംതന്നെ യേഹ്ശുവാ പറയുന്നതു ശ്രദ്ധിക്കുക: “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 18; 18). ആദ്യത്തെ വചനത്തില്‍ നീ എന്നും രണ്ടാമത്തേതില്‍ നിങ്ങള്‍ എന്നും കാണാം.

ചിലരെ മാത്രം മാറ്റിനിര്‍ത്തി അറിയിച്ച വചനമല്ല ഇവിടെ നാം വായിച്ചത്. ചില സാഹചര്യങ്ങളില്‍ കേപ്ഫായെയും യാക്കോബിനെയും യോഹന്നാനെയും മാത്രം അടുത്തുവിളിച്ചു സംസാരിക്കുന്ന രീതി യേഹ്ശുവായ്ക്കുണ്ടായിരുന്നു. അതുപോലെതന്നെ, പന്ത്രണ്ട് അപ്പസ്തോലന്മാരോടു മാത്രം പറയുന്ന രീതിയും അവിടുത്തേക്കുണ്ട്. പന്ത്രണ്ടുപേരോടു മാത്രം പറയുമ്പോള്‍ അപ്പസ്തോലന്മാരോട് എന്നായിരിക്കും സുവിശേഷകര്‍ കുറിക്കുന്നത്. എന്നാല്‍, ചില അവസരങ്ങളില്‍ യേഹ്ശുവാ സംസാരിക്കുന്നത് ശിഷ്യന്മാരോടായിരിക്കും. യേഹ്ശുവായ്ക്ക് പന്ത്രണ്ട് അപ്പസ്തോലന്മാരായിരുന്നു ഉണ്ടായിരുന്നതെങ്കിലും, ശിഷ്യന്മാരുടെ എണ്ണം അതിനേക്കാള്‍ കൂടുതലായിരുന്നു. ഏകദേശം നൂറോളം ശിഷ്യന്മാര്‍ അവിടുത്തേക്ക്‌ ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഒരിക്കല്‍ അവിടുന്ന് താന്‍ പോകാനിരുന്ന പട്ടണങ്ങളിലേക്ക് മുന്‍കൂട്ടി എഴുപത്തിരണ്ടു ശിഷ്യന്മാരെ അയയ്ക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നാം അവസാനം വായിച്ച വചനത്തില്‍ ആരുടെയെങ്കിലും പേര് സൂചിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, അപ്പസ്തോലന്മാരോട് എന്ന സൂചനയുമില്ല; പകരം, ശിഷ്യന്മാര്‍ എന്ന സൂചന കണ്ടെത്താന്‍ കഴിയും അങ്ങനെയെങ്കില്‍, ഈ വചനം അവിടുന്ന് അറിയിച്ചത് അവിടുത്തോടൊപ്പം സഞ്ചരിച്ചിരുന്ന എല്ലാ ശിഷ്യന്മാരോടുമായിട്ടാണ്! അതായത്, കേപ്ഫായ്ക്കു മാത്രമായി നല്‍കിയ അവകാശംതന്നെ മറ്റെല്ലാ അനുയായികള്‍ക്കുമായി വിശാലപ്പെടുത്തി എന്ന വസ്തുതയാണു നാം ഇവിടെ മനസ്സിലാക്കേണ്ടത്. സഹോദരങ്ങള്‍ക്കിടയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്തായിരിക്കണമെന്ന യേഹ്ശുവായുടെ പ്രബോധനത്തിലാണ് അവിടുന്ന് ഇക്കാര്യം അറിയിക്കുന്നത്. ഒരു സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ എങ്ങനെ തിരുത്താന്‍ ശ്രമിക്കണമെന്നും, തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അവനോടു സ്വീകരിക്കേണ്ട നിലപാട് എന്താണെന്നും അവിടുന്ന് വ്യക്തമാക്കി. ആ വചനം ശ്രദ്ധിക്കുക: “നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക. സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 18; 15-18).

ഇവിടെ പറഞ്ഞിരിക്കുന്ന കെട്ടലും അഴിക്കലും ബന്ധങ്ങളെ സംബന്ധിച്ചുള്ളതാണെന്നു വ്യക്തം! അനീതിപ്രവര്‍ത്തിക്കുന്ന ഒരുവനുമായുള്ള ബന്ധം അഴിച്ചുമാറ്റാനും, നീതിപ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവരെ സഹോദരഗണത്തിലേക്കു ചേര്‍ക്കാനും ഓരോ ക്രിസ്ത്യാനിക്കും അവകാശമുണ്ട്‌. അതുപോലെതന്നെ, പൈശാചിക സ്വാധീനങ്ങളെ ബന്ധിക്കാനും അഴിക്കാനുമുള്ള അവകാശവും ക്രിസ്ത്യാനിക്കുണ്ട്! ഏതെങ്കിലുമൊരു നീതിമാനെ ശാപംകൊണ്ടോ വെറുപ്പുകൊണ്ടോ ബന്ധിച്ചിടരുത്. അപ്രകാരം ആരെയെങ്കിലും വെറുക്കുന്നുവെങ്കില്‍, ആ വ്യക്തിയെ കെട്ടിയിട്ടിരിക്കുന്ന വെറുപ്പിന്റെ കെട്ടുകളെ അഴിച്ചുവിടാന്‍ നാം തയ്യാറാകണം. അതുപോലെതന്നെ, അനീതിപ്രവര്‍ത്തിച്ചുകൊണ്ട്‌ ദൈവജനത്തിനു ഭീഷണിയായി നിലകൊള്ളുന്നവരെ ബന്ധിക്കാനുള്ള അധികാരവും നമ്മില്‍ നിക്ഷിപ്തമാണ്! അപ്പസ്തോലന്മാരായ കേപ്ഫായും പൗലോസും ഇപ്രകാരം ചിലരെ ബന്ധിക്കുന്നതായി ബൈബിളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു കേപ്ഫായ്ക്കോ അപ്പസ്തോലന്മാരായ പന്ത്രണ്ടുപേര്‍ക്കോ മാത്രമായി നല്‍കപ്പെട്ട അവകാശമല്ല! ഓരോ ക്രിസ്ത്യാനിക്കും ഈ അവകാശമുണ്ട്‌. എന്തെന്നാല്‍, ക്രിസ്ത്യാനികളെല്ലാം രാജകീയപുരോഹിതഗണവും തിരഞ്ഞെടുക്കപ്പെട്ട വംശവുമാണ്. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്”(1 കേപ്ഫാ: 2; 9). ഏതെങ്കിലും പ്രത്യേക വ്യക്തികള്‍ക്കു മാത്രമായി അപ്രമാധിത്യാധികാരം സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ആരും ചിന്തിക്കരുത്!

അപ്രമാധിത്യ അധികാരമെന്ന ഉരുക്കുമുഷ്ടി ഉപയോഗിച്ച് വിശ്വാസികളെ ബന്ദികളാക്കാന്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത് കത്തോലിക്കാസഭയിലെ ആചാര്യന്മാരാണ്. യേഹ്ശുവായിലൂടെ മാത്രം പ്രാപ്യമാകുന്ന നിത്യരക്ഷയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും അപ്പസ്തോലന്മാര്‍ പഠിപ്പിച്ച സത്യങ്ങളില്‍നിന്നു ബഹുദൂരം മാറി സഞ്ചരിക്കുകയും ചെയ്തപ്പോള്‍, അപ്രമാധിത്യം എന്ന തുറുപ്പുചീട്ടാണ് ആചാര്യന്മാര്‍ പ്രയോഗിച്ചത്. പോപ്പിനു തെറ്റാവരം ഉണ്ടെന്ന അബദ്ധം വിശ്വാസികളുടെമേല്‍ അടിച്ചേല്പിച്ചതിലൂടെ വന്നുഭവിച്ചതു ചെറിയ ദുരന്തമായിരുന്നില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സഭയില്‍ നടപ്പാക്കിയ പൈശാചിക വത്ക്കരണവും തെറ്റാവരത്തിന്റെ മറവിലാണ് അംഗീകരിക്കപ്പെട്ടത്. പോപ്പ് ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ അങ്ങനെതന്നെ അംഗീകരിക്കപ്പെടും എന്ന ചിന്ത വിശ്വാസികളുടെയിടയില്‍ പ്രചരിപ്പിക്കാന്‍ ആചാര്യന്മാര്‍ക്കു സാധിച്ചുവെന്നതും പിശാചിന്റെ വിജയമാണ്. അതുവഴി പിശാചിന്റെ നിയമങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ അംഗീകാരം ലഭിക്കുന്നുവെന്ന അബദ്ധധാരണയില്‍ വിശ്വാസസമൂഹം തളയ്ക്കപ്പെട്ടു!

ഭൂമിയില്‍ കെട്ടുന്നത് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും എന്ന പ്രഖ്യാപനത്തിലൂടെ കേപ്ഫായ്ക്കും, പിന്നീട് എല്ലാ വിശ്വാസികള്‍ക്കും യേഹ്ശുവാ നല്‍കിയ അധികാരം എന്താണ്? നിയമങ്ങള്‍ നിര്‍മ്മിക്കാനും മറ്റുചില നിയമങ്ങള്‍ അസാധുവാക്കാനുമുള്ള അധികാരമാണോ? നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറ്റപ്പെടുകയില്ല എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് യേഹ്ശുവായാണ്. നിയമത്തില്‍ മാറ്റംവരുത്താന്‍ നിയമം നല്‍കിയ അവിടുത്തേക്കു മാത്രമേ അവകാശമുള്ളു. യേഹ്ശുവാ കല്പിച്ചവ അനുസരിക്കാന്‍ പഠിപ്പിക്കുകയല്ലാതെ, പുതിയ കല്പനകള്‍ നിര്‍മ്മിക്കാനുള്ള അധികാരം കേപ്ഫായ്ക്കുപോലുമില്ല! അങ്ങനെയെങ്കില്‍, ഭൂമിയില്‍ എന്തു കെട്ടാനും എന്ത് അഴിക്കനുമാണ് കേപ്ഫായ്ക്ക്  അധികാരം ലഭിച്ചത്?

ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതുമായ ചില കാര്യങ്ങള്‍ നാം കണ്ടുകഴിഞ്ഞു. എന്നാല്‍, കേപ്ഫായോടു പറഞ്ഞതിനു മറ്റുചില അര്‍ത്ഥംകൂടിയുണ്ട്. സഭ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേപ്ഫായോട് യേഹ്ശുവാ ഇക്കാര്യം അറിയിച്ചതെന്നു നാം മനസ്സിലാക്കി. കേപ്ഫാ എന്ന പാറയിലാണ് സഭയുടെ അടിത്തറ സ്ഥാപിക്കപ്പെട്ടതെന്നും നാം കണ്ടു. ഇതിലെ പടവുകള്‍ കെട്ടുന്ന കാര്യമാണ് യേഹ്ശുവാ കേപ്ഫായെയും, പിന്നീട് മറ്റുള്ളവരെയും അറിയിച്ചത്. യേഹ്ശുവായിലുള്ള വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട വ്യക്തികളാകുന്ന കല്ലുകള്‍ ചേര്‍ത്തുവച്ചു നിര്‍മ്മിക്കുന്ന സഭ, സ്വര്‍ഗ്ഗത്തിലും അംഗീകരിക്കപ്പെടും. ഈ ഭൂമിയില്‍ കെട്ടിപ്പടുക്കുന്ന വിശ്വാസസമൂഹത്തിനു സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുദ്ര ഉണ്ടായിരിക്കുമെന്ന പ്രഖ്യാപനമാണ് യേഹ്ശുവാ നടത്തിയത്! അങ്ങനെയെങ്കില്‍, ഭൂമിയില്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും എന്നതിലൂടെ അര്‍ത്ഥമാക്കിയത് എന്താണ്? ഈ അഴിക്കല്‍ എന്താണെന്ന് അറിയണമെങ്കില്‍, യേഹ്ശുവായെ സംബന്ധിച്ചുള്ള ഒരു പ്രവചനം പരിശോധിച്ചാല്‍ മതി. ഇതാണ് ആ പ്രവചനം: “ദൈവമായ യാഹ്‌വെയുടെ ആത്മാവ് എന്റെമേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും യാഹ്‌വെയുടെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു”(യേശൈയാഹ്: 61; 1, 2). 

പാപത്തിന്റെയും ശാപത്തിന്റെയും ബന്ധനങ്ങളില്‍ കഴിയുന്നവരെ അതില്‍നിന്ന് അഴിച്ചുവിടാനുള്ള അവകാശവും ഉത്തരവാദിത്വവുമാണ് ഇവിടെ ഭരമേല്പിക്കപ്പെട്ടത്! യേഹ്ശുവായെ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതുവഴി ഒരുവന്‍ താനായിരിക്കുന്ന പാപത്തിന്റെയും ശാപത്തിന്റെയും കെട്ടുകളില്‍നിന്ന് അഴിച്ചുവിടപ്പെടുന്നു. ഇപ്രകാരം ഒരുവന്‍ മോചനം പ്രാപിക്കണമെങ്കില്‍ ആദ്യമായി അറിഞ്ഞിരിക്കേണ്ടത് മോചിപ്പിക്കുന്നവനെയാണ്. ഈ വിമോചകനെക്കുറിച്ചു ജനങ്ങള്‍ക്ക് അറിവു നല്‍കുകയെന്ന ദൗത്യമാണ് സഭയെ ഭരമേല്പിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ക്രിസ്തീയ ദൗത്യവും! ഒരുവനെ പാപത്തിന്റെയും ശാപത്തിന്റെയും ബന്ധനത്തില്‍നിന്ന് അഴിച്ചുവിടുമ്പോള്‍, ഈ അഴിക്കല്‍ സ്വര്‍ഗ്ഗത്തിലും അംഗീകരിക്കപ്പെടും. അങ്ങനെ ഭൂമിയില്‍ നാം അഴിച്ചത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടുന്നു. ഇത്തരത്തില്‍, പാപത്തിന്റെയും ശാപത്തിന്റെയും പാരമ്പര്യത്തിന്റെയും ബന്ധനത്തില്‍നിന്ന് അഴിക്കപ്പെട്ടവനു സഭയുടെ ഭാഗമാകാനുള്ള യോഗ്യത ലഭിക്കുന്നത് ജ്ഞാനസ്നാനത്തിലൂടെയാണ്. കേപ്ഫാ ഇപ്രകാരം വിളിച്ചുപറഞ്ഞു: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍. പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ പേരില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും”(അപ്പ. പ്രവര്‍: 2; 38). സഭയില്‍ അംഗമാകാന്‍ ലഭിക്കുന്ന അവസരം എന്നത് പരിശുദ്ധാത്മാവിന്റെ ദാനമാണ്.

ഒരുവന്‍ പുതുതായി സഭയില്‍ അംഗമാകുമ്പോള്‍, സഭയുടെ ഒരു പടവുകൂടി കെട്ടപ്പെടുന്നു! ഇത്തരത്തില്‍ സഭയെ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം കേപ്ഫായ്ക്കോ അപ്പസ്തോലന്മാര്‍ക്കോ മാത്രമുള്ളതല്ല; മറിച്ച്, ഓരോ ക്രിസ്ത്യാനിയുടെയും അലംഘനീയമായ കടമയാണ്! ഭൂമിയില്‍ നാം കെട്ടിപ്പടുക്കുന്ന സഭയെ സ്വര്‍ഗ്ഗം അംഗീകരിക്കുന്നു എന്ന സത്യമാണ് യേഹ്ശുവാ പ്രഖ്യാപിച്ചത്. നമ്മുടെ ശ്രമഫലമായി ഒരുവന്‍ സഭയോടു ചേര്‍ക്കപ്പെടുമ്പോള്‍, അവന്‍ എത്തിച്ചേരുന്നത് എവിടെയാണെന്നു നോക്കുക: “ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌”(എഫേ: 2; 19, 20). ഭൂമിയില്‍ കെട്ടുന്ന ഈ കെട്ടലാണ്‌ സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടുന്നത്! എന്നാല്‍, ഇതിനെ ദണ്ഡവിമോചനം എന്ന ആശയമാക്കി മാറ്റിയത് കത്തോലിക്കാസഭയില്‍ കയറിക്കൂടിയ ചില സ്ഥാപിത താത്പര്യക്കാരാണ്. പാപങ്ങള്‍ ഏറ്റുപറയുന്ന കുമ്പസാരവുമായി യാതൊരു ബന്ധവുമില്ലാത്ത ദണ്ഡവിമോചനം എന്ന പ്രഹസനത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നത് പൈശാചികതയാണെന്നു നാം തിരിച്ചറിയണം.

കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍നിന്നു ഫ്രാന്‍സീസ് തന്റെ ആജ്ഞാനുവര്‍ത്തികള്‍ക്ക് ദണ്ഡവിമോചനം നല്‍കി അനുഗ്രഹിക്കുകയുണ്ടായി! കരുണയുടെ വര്‍ഷം പ്രമാണിച്ച്, ഫ്രാന്‍സീസിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കായിരുന്നു ഈ മഹാസൗഭാഗ്യം ലഭിച്ചത്. ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പരസ്യം ചെയ്യുന്നതുപോലെ, ഈ അവസരം വെറും ഒരു മാസംകൂടി മാത്രം എന്നറിയിച്ചുകൊണ്ടുള്ള വിളംബരങ്ങളും മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു! സുവിശേഷം പ്രഘോഷിക്കുകയെന്ന ഉത്തരവാദിത്വത്തില്‍നിന്നു പിന്‍മാറിയവര്‍ വത്തിക്കാനിലിരുന്നു ദണ്ഡവിമോചനം പ്രഖ്യാപിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല. അപ്പസ്തോലന്മാര്‍ യെരുശലേമില്‍ സമ്മേളിച്ചപ്പോള്‍, അവരുടെ മദ്ധ്യത്തില്‍ എഴുന്നേറ്റുനിന്നു കേപ്ഫാ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടെല്ലാം ഒഴിവാക്കാമായിരുന്നു! പാവം കേപ്ഫാ!

ദണ്ഡവിമോചനം എന്ന കണ്ടുപിടുത്തത്തെ സാധൂകരിക്കാനായി ഒരു വചനത്തെ ദുരുപയോഗിക്കാറുണ്ട്. വചനമിതാണ്: “യേഹ്ശുവാ വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും”(യോഹ: 20; 21-23). യേഹ്ശുവായുടെ ഉത്ഥാനത്തിനുശേഷം അപ്പസ്തോലന്മാരും അവിടുത്തെ അനുഗമിച്ച സകലരും യെഹൂദരെ ഭയന്നാണ് കഴിഞ്ഞത്. അന്ന് യേഹ്ശുവായ്ക്കുണ്ടായിരുന്നത് നൂറ്റിയിരുപതോളം അനുയായികള്‍ മാത്രമാണ്. അവരെല്ലാം ഭയവിഹ്വലരായി കതകടച്ചിരിക്കെ, യേഹ്ശുവാ അവരുടെ മദ്ധ്യേ പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്ത വാക്കുകളാണ് നാമിവിടെ വായിച്ചത്. ഇത് അറിയിച്ചത് അപ്പസ്തോലന്മാരോടു മാത്രമല്ല; അവിടുത്തെ അമ്മയായ മറിയവും മറ്റുപല സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിയുമ്പോള്‍ ഇവര്‍ക്കു ലഭിക്കുന്ന അവകാശത്തെക്കുറിച്ചാണ് യേഹ്ശുവാ ഇവരെ അറിയിച്ചത്.

ആരൊക്കെയായിരുന്നു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതെന്നു നോക്കുക: “അന്നൊരു ദിവസം നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കെ, കേപ്ഫാ അവരുടെ മദ്ധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു”(അപ്പ. പ്രവര്‍: 1; 15). പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചത് ഇവരാണ്. യേഹ്ശുവാ പ്രഖ്യാപിച്ച അവകാശം ഇവരില്‍ അവസാനിക്കുമെന്ന് ആരും കരുതരുത്. എന്തെന്നാല്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന എല്ലാവര്‍ക്കും ഈ അവകാശം ലഭിക്കും എന്നതാണു യാഥാര്‍ത്ഥ്യം! പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്ത ഒരുവന്‍ ഏതു പദവി പിടിച്ചടക്കിയാലും പാപമോചനം നല്കാനുള്ള അവകാശം അവനുണ്ടായിരിക്കില്ല. അതുപോലെതന്നെ, പശ്ചാത്തപിക്കാത്ത ഒരു വ്യക്തിയുടെ പാപം ആര് വിചാരിച്ചാലും മോചിക്കാനും കഴിയില്ല. വൈദീകര്‍ക്കു പാപം മോചിക്കാനുള്ള അധികാരമില്ലെന്നു മനോവ പറയില്ല; എന്നാല്‍, വൈദീകര്‍ക്കു മാത്രമേ ഈ അധികാരമുള്ളൂ എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നു മനോവ പറയും. അപ്പസ്തോലന്മാരുടെ കാലത്ത് ഇന്നത്തെപ്പോലെ വൈദീകര്‍ എന്ന വിഭാഗം ഉണ്ടായിരുന്നില്ല. മാത്രവുമല്ല, കുംബസാരം ഇന്നത്തെ രീതിയിലായിരുന്നുമില്ല. പ്രാര്‍ത്ഥനയ്ക്കായി സഭ സമ്മേളിക്കുമ്പോള്‍, ഓരോരുത്തരും തങ്ങളുടെ പാപങ്ങള്‍ വിളിച്ചുപറയുന്ന രീതിയായിരുന്നു അക്കാലത്ത്. ഇത് സാമൂഹ്യതലത്തില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് ഇന്നത്തെ രീതിയിലുള്ള കുംബസാരത്തിലേക്ക് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം! അതുകൊണ്ടുതന്നെ, ഇന്നത്തെ രീതിയിലുള്ള കുംബസാരം ശ്രേഷ്ഠമായതും ദൈവത്തിന്റെ അംഗീകാരമുള്ളതുമാണ്! എന്നാല്‍, ദണ്ഡവിമോചനം എന്ന പ്രഹസനത്തെ അംഗീകരിക്കാന്‍ മനോവ തയ്യാറല്ല!

പശ്ചാത്തപിച്ചു പാപങ്ങള്‍ ഏറ്റുപറയാതെ പാപമോചനം സാദ്ധ്യമാകുമെന്ന ആശയം ഒരു വഞ്ചനയാണ്. പശ്ചാത്തപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്യുകയെന്നതല്ലാതെ, മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ അനുവദിച്ചു നല്‍കുന്നതും വഞ്ചനതന്നെ! ഫ്രാന്‍സീസിന്റെ പൈശാചിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പാപമോചനം ഒരു പൈശാചിക തമാശയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ! മനുഷ്യരെ നരകത്തിലേക്ക് അയയ്ക്കാന്‍ സാത്താനില്‍നിന്ന് അച്ചാരം വാങ്ങിയിരിക്കുന്ന ചിലരാണ് ദണ്ഡവിമോചനത്തിന്റെ വക്താക്കള്‍!

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍!

“സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും”(മത്താ: 16; 19). കേപ്ഫായ്ക്ക് യേഹ്ശുവാ നല്‍കിയ ഒരു വാഗ്ദാനമാണിത്. ഈ വാഗ്ദാനത്തോടു ചേര്‍ത്തുവച്ചാണ് കെട്ടാനും അഴിക്കാനുമുള്ള അവകാശം നല്‍കിയത്. അതിനാല്‍ത്തന്നെ ഈ താക്കോലുകളെ സംബന്ധിച്ച് വ്യക്തമായ അറിവു നാം നേടിയിരിക്കണം. ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിപ്പിക്കാനും തടയാനുമുള്ള അവകാശം കേപ്ഫായ്ക്കു ലഭിച്ചുവെന്നും, കേപ്ഫായ്ക്കുശേഷം ഈ അധികാരം കത്തോലിക്കാസഭയിലെ പോപ്പുമാര്‍ക്ക് അവകാശപ്പെട്ടതാണെന്നും ചിന്തിക്കുന്ന ചിലരുണ്ട്. ചിന്തിക്കുക മാത്രമല്ല, വ്യാപകമായ രീതിയില്‍ ഇക്കാര്യം ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദൈവവചനത്തെ സംബന്ധിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ ഇതിനെ ഏറ്റെടുക്കുകയും തലമുറകള്‍ക്കു കൈമാറുകയും ചെയ്തപ്പോള്‍, അബദ്ധങ്ങളുടെ തടവറയില്‍ തളയ്ക്കപ്പെട്ട ഒരു സമൂഹം വാര്‍ത്തെടുക്കപ്പെട്ടു! ആയതിനാല്‍, ഈ വൈകിയ വേളയിലെങ്കിലും സത്യം മനസ്സിലാക്കാന്‍ വിശ്വാസികള്‍ തയ്യാറാവുക!

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലും താക്കോലുകളും തമ്മില്‍ വളരെയധികം അന്തരമുണ്ട്. ബൈബിളിലെ ഓരോ വാക്കുകള്‍ക്കും വ്യക്തമായ അര്‍ത്ഥതലങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. ഓരോ വചനങ്ങളും സൂക്ഷമതയോടെതന്നെയാണു നല്കപ്പെട്ടിരിക്കുന്നത്. അപ്പസ്തോലനായ കേപ്ഫായ്ക്ക് വാഗ്ദാനം ചെയ്തത് താക്കോലുകളാണ്. അതായത്, ഒരു താക്കോലല്ല; മറിച്ച്, താക്കോല്‍ക്കൂട്ടമാണ്. അങ്ങനെയെങ്കില്‍, അത് സ്വര്‍ഗ്ഗരാജ്യത്തിന്റെ പ്രവേശനകവാടം തുറക്കാനും അടയ്ക്കാനുമുള്ള താക്കോലല്ല! എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തിന് ഒരു വാതില്‍ മാത്രമേയുള്ളൂ; അത് യേഹ്ശുവായാണ്! അവിടുന്ന് ഇക്കാര്യം വളരെ സ്പഷ്ടമായിത്തന്നെ നമ്മെ അറിയിച്ചിട്ടുമുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല”(യോഹ: 14; 6). യേഹ്ശുവായെക്കൂടാതെ മറ്റൊരു വാതില്‍ ഇല്ലാത്തതുകൊണ്ടുതന്നെ, ഒന്നിലധികം താക്കോലുകളുടെ ആവശ്യമില്ല! മാത്രവുമല്ല, സ്വര്‍ഗ്ഗരാജ്യത്തിനു ഡ്യൂപ്ലിക്കേറ്റ് താക്കോലിന്റെ ആവശ്യവുമില്ല. ഒരു വചനംകൂടി ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കു മുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും”(യോഹ: 10; 7-9).

ഒരു വാതില്‍ മാത്രമേയുള്ളൂ എന്നതിന് ഇതിനേക്കാള്‍ വ്യക്തത ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല. ഈ വാതിലിന്റെ താക്കോല്‍ ആരുടെ കൈവശമാണെന്നു നോക്കുക: “പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍ പറയുന്നു: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു”(വെളി: 3; 7, 8). ഈ ഒരേയൊരു വാതിലിന്റെ താക്കോല്‍ കൈവശം സൂക്ഷിക്കുന്നവന്‍ ആരാണെന്നു വായനക്കാര്‍ക്കു മനസ്സിലായി എന്ന് മനോവ കരുതുന്നു. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ആരുടെ കൈവശമാണെന്നു തെളിയിക്കുന്ന ഇണവചനം ശ്രദ്ധിക്കുക: “ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല”(യേശൈയാഹ്: 22; 22). ഇനിയും വ്യക്തമായില്ലെന്ന് ആരും പറയരുത്. അങ്ങനെയെങ്കില്‍, കേപ്ഫായ്ക്കു നല്‍കുമെന്നു യേഹ്ശുവാ വാഗ്ദാനം ചെയ്ത താക്കോലുകള്‍ ഏതായിരിക്കും? ഇക്കാര്യമാണ് ഇനി നാം അന്വേഷിക്കേണ്ടത്. 

കേപ്ഫായ്ക്കു നല്‍കുമെന്ന് യേഹ്ശുവാ വാഗ്ദാനം ചെയ്തത് ഒന്നിലധികം താക്കോലുകള്‍ ആയതുകൊണ്ട്, ഈ താക്കോലുകള്‍ ഏതാണെന്നറിയാന്‍ അവിടുത്തെ വാക്കുകള്‍തന്നെ ശ്രദ്ധിക്കുക: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 1-3). സ്വര്‍ഗ്ഗത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേയുള്ളുവെങ്കിലും ഈ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയില്‍ അനേകം വില്ലകളും ഫ്ലാറ്റുകളും പണിതുയര്‍ത്തിയതിനുശേഷം അവ മറ്റുള്ളവര്‍ക്കു വില്‍ക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യുന്നു. ഇവയുടെയെല്ലാം മേല്‍നോട്ടക്കാരനായി ഒരാളെ ഉടമസ്ഥന്‍ നിശ്ചയിക്കും. Caretaker എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ക്ക് ചുമതലയുള്ള വീടുകളുടെയെല്ലാം താക്കോലുകള്‍, താമസക്കാരുടെ കൈവശമുള്ളതുപോലെതന്നെ ഇയാളുടെ കൈവശവുമുണ്ടാകും. ഈ ഭവനങ്ങളുടെയെല്ലാം മേല്നോട്ടക്കാരനാണ് Caretaker! ഇതുപോലെത്തന്നെ, ദൈവഭവനത്തിന്റെ ചുമതലക്കാരനായി കേപ്ഫായെ നിയമിക്കും എന്ന വാഗ്ദാനമാണ് യേഹ്ശുവാ നല്‍കിയത്! സ്വര്‍ഗ്ഗരാജ്യത്ത് വാസസ്ഥലങ്ങള്‍ ഒരുക്കിക്കഴിയുമ്പോള്‍, യേഹ്ശുവാ വീണ്ടും വരികയും താക്കോലുകള്‍ കേപ്ഫായ്ക്കു കൈമാറുകയും ചെയ്യും!

സ്വര്‍ഗ്ഗരാജ്യത്ത് ആരെല്ലാം പ്രവേശിക്കണമെന്നു തീരുമാനിക്കുന്നത് വിധിയാളനായ യേഹ്ശുവായാണ്. ഈ ഭവനത്തില്‍ പ്രവേശനം ലഭിക്കുന്ന നമുക്കു നല്‍കപ്പെടുന്ന വാസസ്ഥലങ്ങളുടെ ചുമതലക്കാരന്‍ കേപ്ഫായായിരിക്കും. അപ്പസ്തോല പ്രമുഖനായ കേപ്ഫായില്‍നിന്ന് ഓരോരുത്തരും അവരവര്‍ക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന വാസസ്ഥലത്തിന്റെ താക്കോല്‍ കരസ്ഥമാക്കും! എന്നാല്‍, ഈ താക്കോലുകള്‍ അധികാരത്തിന്റെയും അവകാശത്തിന്റെയും അടയാളം മാത്രമാണ്! യേഹ്ശുവായുടെ കൈവശമുള്ള താക്കോലും കേപ്ഫായ്ക്കു നല്കാനിരിക്കുന്ന താക്കൊലുകളും പ്രതീകാത്മകമായി മാത്രമേ ചിന്തിക്കാവൂ! ബൈബിള്‍ രചിക്കപ്പെടുന്ന കാലത്ത് മനുഷ്യനു സങ്കല്പിക്കാന്‍ കഴിയുന്ന താക്കോലിന്റെ രൂപവും ഭാവവുമല്ല ഇന്നത്തെ താക്കോലുകള്‍ക്കുള്ളത്. വിരലടയാളവും ശബ്ദവും പ്രകാശവുമൊക്കെ താക്കോലുകളുടെ സ്ഥാനം കൈയ്യടക്കി. ഇനിയും എത്രയോ സംവിധാനങ്ങള്‍ വരാനിരിക്കുന്നു! ഈ കാരണങ്ങള്‍ക്കൊണ്ടുതന്നെയാണ് സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരണങ്ങള്‍ക്ക് യേഹ്ശുവാ മുതിരാതിരുന്നത്. അന്നത്തെയോ ഇന്നത്തെയോ മനുഷ്യന്റെ ഭാവനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ സൗഭാഗ്യത്തെക്കുറിച്ചു വിവരിച്ചാല്‍, ആര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിയും!

മനുഷ്യന്‍ തന്റെ പരിമിതികളില്‍നിന്നുകൊണ്ട് ഇത്രയേറെ സംവിധാനങ്ങള്‍ ഭൂമിയില്‍ ഒരുക്കി. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ ചിന്തകള്‍ക്കു താങ്ങാന്‍ കഴിയുന്നതിലും ഏറെയാണ്‌ ഇവയെല്ലാം. പഴയത് പുതിയതിനു വഴിമാറുമ്പോള്‍, പഴയവ വെറും പഴങ്കഥകള്‍ മാത്രമായി മാറുന്നു. ഒരു വാതില്‍ അടയ്ക്കാനും തുറക്കാനുമായി എന്തെല്ലാം സംവിധാനങ്ങള്‍ ഇനിയും മനുഷ്യന്‍ കണ്ടെത്തുമെന്നുപോലും ചിന്തിക്കാന്‍ നമുക്കാവില്ല. അങ്ങനെയെങ്കില്‍, ഈ പ്രപഞ്ചത്തെ ഒരുക്കിയ ദൈവത്തിന്റെ സംവിധാനങ്ങള്‍ ഭാവനയില്‍ കാണാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? സ്വര്‍ഗ്ഗത്തെക്കുറിച്ചു വര്‍ണ്ണിക്കാന്‍ ശ്രമിച്ച ഒരു വ്യാജപ്രവാചകനെ നമുക്കറിയാം! ആ പ്രഖ്യാപനത്തിലെ സൗകര്യങ്ങള്‍ കാട്ടറബികള്‍ക്കുപോലും ഇന്ന് സ്വീകാര്യമാകുമെന്നു തോന്നുന്നില്ല! താക്കോലുകളിലേക്കുതന്നെ നമ്മുടെ ശ്രദ്ധതിരിക്കാം.

സ്വര്‍ഗ്ഗരാജ്യത്തെ വാസസ്ഥലങ്ങളുടെ ചുമതലക്കാരന്‍ എന്നനിലയില്‍ മാത്രം താക്കോലുകളെ പരിഗണിച്ചാല്‍ മതി! അതുപോലെതന്നെ, സ്വര്‍ഗ്ഗത്തിലേക്ക് ആരെല്ലാം പ്രവേശിക്കണം എന്നു തീരുമാനിക്കുന്ന അധികാരിയായി യേഹ്ശുവായെ കാണാം. ആര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവിധം തുറക്കുന്നവനും ആര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും അവിടുന്നുതന്നെ! അവിടുത്തെ കരങ്ങളിലുള്ളത് ഈ അധികാരത്തിന്റെ താക്കോലാണ്! എന്നാല്‍, ഈ താക്കോലിനെക്കുറിച്ചും കേപ്ഫായ്ക്കു നല്കാനിരിക്കുന്ന താക്കോലുകളെക്കുറിച്ചും തിരിച്ചറിവില്ലാത്ത ചിലര്‍, ഇപ്പോള്‍ത്തന്നെ അപ്പസ്തോലന്റെ കൈകളില്‍ താക്കോല്‍ കൊടുത്തുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്നു! കേപ്ഫായുടെ സിംഹാസനത്തിലാണ് ഇരിക്കുന്നതെന്നു ചിന്തിച്ചുകൊണ്ട്, പലരെയും സ്വര്‍ഗ്ഗത്തിലേക്കു കയറ്റിവിടുന്നതായി പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നു. അന്ത്യവിധി നടത്താനിരിക്കുന്ന യേഹ്ശുവായുടെ പുനരാഗമനത്തിനു മുമ്പുതന്നെ വിശുദ്ധരെ പ്രഖ്യാപിച്ചുകൊണ്ട്, യേഹ്ശുവായില്‍നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള വിഫലശ്രമമായി ഇതിനെ കണ്ടാല്‍മതി! എന്തെല്ലാം ഗോഷ്ടികളാണ് നാമിവിടെ കണ്ടുകൊണ്ടിരിക്കുന്നത്!

ഉപസംഹാരം!

കേപ്ഫായ്ക്ക് യേഹ്ശുവാ നല്‍കിയത് ശ്രേഷ്ഠമായ പദവിയാണ്‌. ഈ ഭൂമിയില്‍ വിശ്വാസസമൂഹത്തെ കെട്ടിപ്പടുക്കാന്‍ നിയുക്തരായ ദൗത്യസംഘത്തിന്റെ തലവനാണ് കേപ്ഫാ! ഈ മഹത്തായ ദൗത്യത്തിനു തുടക്കമിട്ടതും കേപ്ഫാതന്നെ! ഭൂമിയില്‍ കെട്ടാനും അഴിക്കാനുമുള്ള അവകാശം ആദ്യമായി നല്‍കപ്പെട്ടത്‌ കേപ്ഫായ്ക്കാണെന്നു നാം കണ്ടു. ഇത് കേപ്ഫായുടെ നേതൃത്വത്തെ സ്ഥിരീകരിക്കുന്നതിനുവേണ്ടിയായിരുന്നു. എന്നാല്‍, യേഹ്ശുവായോടൊപ്പം സഞ്ചരിച്ചിരുന്ന സകലര്‍ക്കുമായി ഈ അവകാശം അവിടുന്ന് വിപുലപ്പെടുത്തി. സുവിശേഷം പ്രചരിപ്പിക്കുകയും ക്രിസ്തുവിന്റെ സഭ പടുത്തുയര്‍ത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉണ്ടെന്ന പ്രഖ്യാപനമാണ് ഇതിലൂടെ യേഹ്ശുവാ നടത്തിയത്. കേപ്ഫായ്ക്കു മാത്രമായി ഈ അധികാരം നല്‍കിയിരുന്നെങ്കില്‍, ഈ അധികാരം പിന്നീടുവരുന്നവര്‍ ദുരുപയോഗിക്കുകയും സഭയുടെ നിര്‍മ്മാണം നിലയ്ക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ത്തന്നെ അവകാശങ്ങള്‍ ഏറെ ദുരുപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നു നമുക്കറിയാം. ഏതെങ്കിലും ഒരു വിശ്വാസി സുവിശേഷം പ്രചരിപ്പിക്കുന്നതു കാണുമ്പോള്‍ പല്ലിറുമ്മിക്കൊണ്ടു പ്രതികരിക്കുന്നവരുണ്ട്. ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയതെന്ന ചോദ്യവുമായി മനോവയ്ക്കുനേരേ ഓടിയടുത്ത വചനവിരോധികളും കുറവല്ല!

സുവിശേഷത്തിനു തടയിടാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ ദൂതന്മാര്‍ സകല മേഖലകളിലും സ്ഥാനം പിടിച്ചിരിക്കുന്നു. സുവിശേഷത്തിന്റെ പ്രസക്തി ചോദ്യംചെയ്യുന്നവര്‍ സഭകള്‍ക്കുള്ളില്‍പ്പോലും ഉണ്ട്. കേപ്ഫാ ആരംഭിച്ചതും മരണംവരെ തുടര്‍ന്നതുമായ ദൗത്യം ഏറ്റെടുത്തവര്‍ മാത്രമാണ് സഭയുടെ ഭാഗമായി എണ്ണപ്പെടുകയുള്ളു എന്ന യാഥാര്‍ത്ഥ്യം പലരും വിസ്മരിച്ചു. കേപ്ഫായുടെ സിംഹാസനത്തിലിരുന്നു ഭോഷ്ക്കുകള്‍ പറയുന്ന കോമാളികളെ ലോകത്തിനു പ്രിയമാണ്! ക്രിസ്ത്യാനി ആയില്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍ എത്താമെന്നാണ് ചില ശുംഭന്മാര്‍ പഠിപ്പിക്കുന്നത്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചാല്‍ ദണ്ഡവിമോചനം നല്‍കാമെന്നു പറഞ്ഞ് വിശ്വാസികളെ വഞ്ചിക്കുന്നവരെ തിരിച്ചറിയാതിരുന്നാല്‍, വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. ആയതിനാല്‍, കേപ്ഫായുടെമേല്‍ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന സഭയുടെ ഭാഗമാകണമെങ്കില്‍, കേപ്ഫാ പറഞ്ഞതും പ്രവര്‍ത്തിച്ചതും അനുകരിക്കുക!

ചേര്‍ത്തുവായിക്കാന്‍: ഈ ലേഖനത്തില്‍ കുറിക്കാത്ത മറ്റുചില താക്കോലുകളെക്കുറിച്ചു ബൈബിളില്‍ വായിക്കാന്‍ കഴിയും. സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമേയുള്ളുവെന്നും ആ പ്രവേശനകവാടം യേഹ്ശുവായാണെന്നും ആ കവാടത്തിന്റെ താക്കോല്‍ അവിടുത്തെ കൈവശമാണെന്നും നാം കണ്ടു. എന്നാല്‍, യേഹ്ശുവായുടെ കൈകളില്‍ മറ്റു ചില താക്കോലുകള്‍ക്കൂടിയുണ്ട്. ഈ വചനം നോക്കുക: “അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെമേല്‍വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കയ്യിലുണ്ട്”(വെളി: 1; 17, 18). മരണത്തിന്റെയും(നിത്യനാശം) നരകത്തിന്റെയും താക്കോലുകള്‍ എന്നാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത്. അതായത്, നിത്യനാശത്തിലേക്കും നരകത്തിലേക്കും അനേകം വഴികളുണ്ട് എന്ന സൂചന ഇവിടെ നല്‍കിയിരിക്കുന്നു. വിവിധ മതങ്ങളിലൂടെ നരകത്തില്‍ പ്രവേശിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കും! നരകത്തിനു വിധിക്കപ്പെട്ട സകലരും അതില്‍ പ്രവേശിച്ചുകഴിയുമ്പോള്‍ യേഹ്ശുവാ അത് എന്നേക്കുമായി പൂട്ടും! സ്വര്‍ഗ്ഗത്തിലേക്ക് അനേകം വഴികളില്ലെങ്കിലും നരകത്തിലേക്ക് അനേകം വഴികളുണ്ട്. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട്, നരകത്തിലേക്കുള്ള വഴികളെ സ്വര്‍ഗ്ഗീയപാതകളാണെന്നു തെറ്റിദ്ധരിപ്പിക്കാലാണ് സാത്താന്റെയും അവന്റെ അനുയായികളുടെയും കൗശലം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4812 views

LOG IN

Lost your password?

SIGN UP

LOST PASSWORD