വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ജീവനുള്ളവയ്ക്കെല്ലാം ആത്മാവുണ്ടോ?

Print By
about

16 - 03 - 2019

നേകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള ഒരു വചനത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നു നടത്തുന്ന പഠനമാണ് ഈ ലേഖനം. വചനമിതാണ്: "ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്"(യോഹ: 6; 63). മനുഷ്യനു മാത്രമല്ല ജീവനുള്ളതെന്നു നമുക്കറിയാം. പക്ഷിമൃഗാദികള്‍ക്കും സസ്യങ്ങള്‍ക്കുപോലും ജീവനുണ്ടെന്നിരിക്കെ, മനുഷ്യനു മാത്രമാണ് ആത്മാവുള്ളത് എന്ന ക്രിസ്തീയ വിശ്വാസത്തിന് എന്തടിസ്ഥാനമാണുള്ളത്?! ക്രിസ്തീയതയ്ക്കും ക്രിസ്ത്യാനികള്‍ക്കും നേരേ യുക്തിവാദികള്‍പ്പോലും പരിഹാസശരങ്ങളയയ്ക്കുന്നതിന് ഈ വചനം ദുരുപയോഗിക്കുന്ന അവസ്ഥയിന്നുണ്ട്. ഇതിനെ വ്യക്തമായി പ്രതിരോധിക്കാന്‍ ക്രിസ്ത്യാനികളില്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതും യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഹിന്ദുമതക്കാര്‍ക്ക് തങ്ങളുടെ ഭോഷത്വത്തെ ബൗദ്ധിക ഔന്നത്യമായി കണ്ട് സ്വയം ആശ്വസിക്കാനും ഈ വചനം കാരണമാകുന്നുണ്ട് എന്നതാണ് മറ്റൊരു ദുരന്തം!

എട്ടുകാലി, ചിലന്തി, ചിതല്‍, നാടവിര, കൊതുക് എന്നിങ്ങനെ ജീവനുള്ള വൈറസിനുപോലും മനുഷ്യനായി ജനിക്കാന്‍ സാധിക്കുന്ന ഹൈന്ദവഫിലോസഫിയ്ക്ക് ആധികാരികതയുണ്ടോ? നാം വായിച്ച വചനത്തെ അക്ഷരാര്‍ത്ഥത്തില്‍ പരിഗണിച്ചാല്‍, ഹൈന്ദവഫിലോസഫിക്ക് ആധികാരികതയുണ്ടെന്നു സമ്മതിക്കേണ്ടിവരും. മരണാനന്തരം ഒരു മനുഷ്യനു ഞണ്ടോ ഞൗണിയോ ആയി പുനര്‍ജനിക്കേണ്ട ദുരവസ്ഥയിലേക്കാണോ വചനം വിരല്‍ചൂണ്ടുന്നത്? നമുക്ക് അന്വേഷിച്ചു കണ്ടെത്താം.

ആത്മാവും ജീവനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള പഠനത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു വിഷയമുണ്ട്. ആത്മാവിനെക്കുറിച്ചുള്ള വിജാതിയ സങ്കല്പമാണ് ആ വിഷയം! എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടെന്നതു മാത്രമല്ല വിജാതിയരുടെ സങ്കല്പം; മറിച്ച്, ഭൂമിക്കും ആകാശഗോളങ്ങള്‍ക്കും ആത്മാവുണ്ടെന്ന് വിജാതിയര്‍ ചിന്തിക്കുന്നു. ഇതിനെല്ലാമപ്പുറം, ഭൂമിയിലെ ശിലകള്‍ക്കുപോലും ആത്മാവുണ്ടെന്നു ധരിച്ചുവച്ചിരിക്കുന്നവരാണ് വിജാതിയര്‍! എന്നാല്‍, വിജാതിയതയുടെ ഭാഗമാണെങ്കില്‍പ്പോലും, ആത്മാവിന്റെ കാര്യത്തില്‍ ഇസ്ലാംമതത്തിന് വേറിട്ട കാഴ്ചപ്പാടാണുള്ളത്. ആയതിനാല്‍, ഇസ്ലാമിനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഈ വിഷയം നാം മനസ്സിലാക്കണം. മാത്രവുമല്ല, ആറാംനൂറ്റാണ്ടില്‍ ഉടലെടുത്ത ഇസ്ലാംമതത്തില്‍നിന്ന് വിജാതിയതയെ പഠിക്കാന്‍ ആരംഭിച്ചാല്‍ അത് പൂര്‍ണ്ണമാകില്ല. മാനവചരിത്രത്തിന്റെ ആരംഭത്തോളംതന്നെ പഴക്കമുണ്ട് വിജാതിയതയ്ക്ക്. സത്യദൈവത്തില്‍നിന്നു വ്യതിചലിച്ച സമൂഹത്തിനു പൊതുവേ ചാര്‍ത്തപ്പെട്ടിരിക്കുന്ന വിശേഷണമാണ് വിജാതിയത!

വിജാതിയതയിലെ ആരാധനാമൂര്‍ത്തികള്‍ വിഗ്രഹങ്ങളാണ്. ലോഹങ്ങളിലും മരത്തിലും കല്ലിലുമാണ് ഈ വിഗ്രഹങ്ങളെ രൂപപ്പെടുത്തുന്നത്. കേള്‍ക്കാനും കാണാനുമുള്ള കഴിവുണ്ടെന്നാണ് വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളെക്കുറിച്ചു ധരിച്ചുവച്ചിരിക്കുന്നത്. വെളിച്ചപ്പാട്, പ്രാശ്നികര്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവര്‍ ഈ വിഗ്രഹങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നു. വിഗ്രഹങ്ങളുടെ മനസ്സുവായിച്ച് ഭക്തര്‍ക്കായി അതു വെളിപ്പെടുത്തുന്ന ജോലിയാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതാണ് വിജാതിയതയുടെ അടിസ്ഥാനതത്വം! പ്രാചീനകാലത്തും ആധുനികകാലത്തും ഇതില്‍നിന്നു വ്യത്യസ്തമായ ഒരു തത്വം വിജാതിയതയ്ക്കില്ല. വിജാതിയതയുടെ ഏറ്റവും ആധുനികരൂപമായ ഹിന്ദുമതത്തിന്റെ തത്വവും ഇതുതന്നെ!

പലതരം ലോഹങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തെടുക്കുന്ന വാര്‍പ്പുവിഗ്രഹങ്ങളാണ് ഹിന്ദുമതത്തില്‍ ഏറെയെങ്കിലും, ശിലകളില്‍ കൊത്തിയെടുക്കുന്ന കൊത്തുവിഗ്രഹങ്ങളും ധാരാളമുണ്ട്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിപ്രദേശമായ നാഗര്‍കോവില്‍ ശിലാവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന അനേകം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഏതെങ്കിലും ശിലയില്‍നിന്ന്‍ ദേവീ-ദേവന്മാരെ കൊത്തിയെടുക്കുന്ന രീതി ഇവര്‍ക്കില്ല. അതായത്, കല്ലിന്റെ ഉറപ്പോ, കൊത്തിയെടുക്കാനുള്ള എളുപ്പമോ പരിഗണിച്ചല്ല ശിലകള്‍ തിരഞ്ഞെടുക്കുന്നത്. സൂക്ഷ്മതയോടെ കൊത്തിയില്ലെങ്കില്‍ ഉടഞ്ഞുപോകാന്‍ സാധ്യതയുള്ള കൃഷ്ണശിലയാണ് കൊത്തുവിഗ്രഹങ്ങള്‍ക്ക് അഭികാമ്യമെന്ന് ശില്പികള്‍ പറയുന്നു. അഞ്ജനശില (പാതാളാഞ്ജനം) എന്നുകൂടി പേരുള്ള മാര്‍ദ്ദവമേറിയ ഈ ശിലയിലാണ് ഗുരുവായൂരമ്പലത്തിലെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അനേകം ക്ഷേത്രങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ട്. അവയുടെയെല്ലാം വിശദാംശങ്ങളിലേക്കു കടക്കാന്‍ മനോവ ശ്രമിക്കുന്നില്ല. ഇത്രയും കാര്യങ്ങള്‍ അവതരിപ്പിച്ചതുതന്നെ ശിലകള്‍ക്ക്‌ ആത്മാവുണ്ട് എന്ന വിജാതിയ സങ്കല്പത്തെ ചൂണ്ടിക്കാണിക്കാനാണ്.

പാതാളാഞ്ജനം മാത്രമല്ല, സാളഗ്രാമങ്ങള്‍ എന്ന് പറയപ്പെടുന്ന പത്തൊന്‍പതു തരം കല്ലുകളെക്കുറിച്ചു ഹിന്ദുത്വവാദികള്‍ പറയുന്നുണ്ട്. ഓരോതരം ശിലകള്‍ക്കും തങ്ങളുടെ ഈശ്വരസങ്കല്പങ്ങളുടെ പേരുകള്‍ നല്‍കുകയും, ഈ മൂര്‍ത്തികളുടെ സാന്നിദ്ധ്യം ശിലകളിലുണ്ടെന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്നു. ശക്തമായ 'ഈശ്വര' സാന്നിദ്ധ്യമുള്ള ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടേണ്ടവയാണെന്നാണ് ഇവരുടെ വിശ്വാസം! ഈശ്വരസാന്നിദ്ധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവിന്റെ സാന്നിദ്ധ്യംതന്നെയാണ്! അതായത്, മനുഷ്യരിലും ജീവജാലങ്ങളിലും മാത്രമല്ല, ജീവനില്ലാത്തവയെന്നു പൊതുവേ കരുതപ്പെടുന്ന കല്ലിലും മണ്ണിലും മരവുരുപ്പടികളിലുംപോലും ആത്മാവുണ്ടെന്ന വിശ്വാസത്തിനുമേലാണ് വിജാതിയത കെട്ടിപ്പടുത്തിരിക്കുന്നത്! തൂണിലും തുരുമ്പിലും ദൈവം വസിക്കുന്നു എന്ന ഹൈന്ദവ സങ്കല്പവും, എല്ലാ വസ്തുക്കള്‍ക്കും ആത്മാവുണ്ട് എന്ന സങ്കല്പവും പരസ്പരപൂരകങ്ങളാണ്. വിജാതിയതയുടെ ഈ സങ്കല്പങ്ങളെ പിന്തുണയ്ക്കുന്നതാണോ യേഹ്ശുവായുടെ വാക്കുകള്‍? ആത്മാവാണ് ജീവന്‍ നല്‍കുന്നതെന്നും, ശരീരം ഒന്നിനും ഉപകരിക്കുന്നില്ലെന്നും യേഹ്ശുവാ പറഞ്ഞതിലൂടെ സകല ജീവികള്‍ക്കും ആത്മാവുണ്ടെന്നു സ്ഥിരീകരിക്കുകയാണോ അവിടുന്നു ചെയ്തത്?

യേഹ്ശുവാ അര്‍ത്ഥമാക്കിയത് എന്താണെന്നു ചിന്തിക്കുന്നതിനുമുമ്പ്, എല്ലാ വസ്തുക്കളിലും ദൈവമുണ്ട് എന്ന വിജാതിയ സങ്കല്പത്തില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നും, കല്ലിനും മണ്ണിനും വിറകുകൊള്ളിക്കും ആത്മാവുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. യേഹ്ശുവായുടെ വാക്കുകളെ വാച്യാര്‍ത്ഥത്തിലെടുക്കുമ്പോള്‍, ജീവനുള്ളവയ്ക്കെല്ലാം ആത്മാവുണ്ടെന്നു വേണമെങ്കില്‍ ചിന്തിക്കാം. എന്നാല്‍, എല്ലാ വസ്തുക്കള്‍ക്കും (ജീവനില്ലാത്തവ) ആത്മാവുണ്ടെന്നുള്ള വാദത്തെ പിന്തുണയ്ക്കുന്ന വചനങ്ങള്‍ ബൈബിളിലുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, തൂണിലും തുരുമ്പിലും ദൈവമുണ്ടോ എന്നകാര്യത്തിലും ഒരു സ്ഥിരീകരണം വേണം.

വിഗ്രഹങ്ങളില്‍ ആത്മാവു വസിക്കുന്നുണ്ട്!

വിഗ്രഹങ്ങളില്‍ ആത്മാവുണ്ടോ? എടുത്തുചാടി ആരും ഇല്ലെന്നു പറയരുത്. ഈ ലേഖനം വായിച്ചു തീരുന്നതുവരെയെങ്കിലും മനോവയെ കല്ലെറിയുകയും ചെയ്യരുത്! കാരണം, വിഗ്രഹങ്ങളില്‍ ആത്മാവുണ്ടെന്ന വിജാതിയ സങ്കല്പത്തിന് അടിസ്ഥാനമുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം! ഓരോ വിഷയങ്ങളായി നമുക്കു പരിശോധിക്കാം. വിഗ്രഹങ്ങളില്‍ വസിക്കുന്ന ആത്മാവിനെക്കുറിച്ചു മനസ്സിലാക്കുന്നതിനുമുമ്പ് നാം പരിശോധിക്കുന്നത് ജീവികളില്‍ ആത്മാവു വസിക്കുന്നുണ്ടോ എന്നാണ്. ഹിന്ദുക്കള്‍ അടക്കമുള്ള വിജാതിയസമൂഹങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെയല്ലെങ്കിലും, ജീവികളില്‍ ആത്മാവ് വാസംചെയ്യുന്നു. എന്നാല്‍, ഒരു ജീവിയില്‍ വസിക്കുന്നത് ആ ജീവിയുടെ ആത്മാവല്ല; മറിച്ച്, വേറെ ആത്മാക്കള്‍ വന്നു വസിക്കുന്നതാണ്. ഇത് സ്ഥിരീകരിക്കുന്നതിനായി ബൈബിളില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം പരിശോധിക്കാം.

അനേകം ദുരാത്മാക്കള്‍ ബാധിച്ച ഒരുവനില്‍നിന്ന്‍ യേഹ്ശുവാ ദുരാത്മാക്കളെ പുറത്താക്കുന്ന സംഭവം നാം വായിക്കുന്നത് മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നിവര്‍ എഴുതിയ സുവിശേഷങ്ങളിലാണ്. മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ ഇപ്രകാരം നാം വായിക്കുന്നു: "അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു. ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അകലെവച്ചുതന്നെ അവന്‍ യേഹ്ശുവായെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേഹ്ശുവായേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ!"(മര്‍ക്കോ: 5; 1-7). എന്താണു പിന്നീടുണ്ടായതെന്നു നോക്കുക: "നിന്റെ പേരെന്താണ്? യേഹ്ശുവാ ചോദിച്ചു:. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്.  തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു"(മര്‍ക്കോ: 5; 9, 10).

ദുരാത്മാവിനോടു പുറത്തുവരാന്‍ യേഹ്ശുവാ ആജ്ഞാപിച്ചപ്പോഴാണ് അവന്‍ കേണപേക്ഷിച്ചതെന്നു സുവിശേഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള വിവരണംകൂടി ശ്രദ്ധിക്കുക: "വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു"(മര്‍ക്കോ: 5; 11-13). ഒരു പന്നിക്ക് സ്വന്തമായി ആത്മാവില്ലെങ്കിലും, വേറെ ആത്മാക്കള്‍ക്കു ഈ പന്നിയില്‍ വന്നു വസിക്കാന്‍ കഴിയുമെന്നു സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് നാമിവിടെ കണ്ടത്. മത്തായി എഴുതിയ സുവിശേഷത്തില്‍ നാം വായിക്കുന്നത് ദുരാത്മാക്കള്‍ എന്നല്ല; മറിച്ച്, പിശാചുക്കള്‍ എന്നാണ്. എല്ലാ ദുരാത്മാക്കളും പിശാചുക്കള്‍ അല്ലെങ്കിലും, എല്ലാ പിശാചുക്കളും ദുരാത്മാക്കളാണ്. അതായത്, ഏതു രൂപവും സ്വീകരിക്കാന്‍ കഴിവുള്ള ആത്മാക്കളാണ് പിശാചുക്കള്‍! അതുകൊണ്ടുതന്നെ, പിശാചുക്കള്‍ ദുരാത്മാക്കള്‍ തന്നെയാണ്. എന്നാല്‍, ക്ഷമിക്കപ്പെടാത്തതും മരണകരവുമായ  പാപങ്ങള്‍ ചെയ്ത വ്യക്തികളുടെ ആത്മാക്കള്‍ ദുരാത്മാക്കളാണെങ്കിലും, ആ ആത്മാക്കള്‍ പിശാചുക്കളല്ല. എല്ലാ പിശാചുക്കളും ദുരാത്മാക്കളാണെങ്കിലും, എല്ലാ ദുരാത്മാക്കളും പിശാചുക്കളല്ല എന്നുപറഞ്ഞതിന്റെ പൊരുളിതാണ്!

പന്നികള്‍ അക്കാലത്ത് അശുദ്ധമൃഗങ്ങളുടെ ഗണത്തില്‍പ്പെടുന്ന ജീവിയായിരുന്നുവെന്നു നമുക്കറിയാം. ക്രിസ്തുവിന്റെ ബലിയിലൂടെയാണ് ഭൂമിയിലെ ജീവികളില്‍ അശുദ്ധമായിരുന്നവയെല്ലാം ശുദ്ധീകരിക്കപ്പെട്ടത്. വിഗ്രഹങ്ങള്‍ ഒഴികെയുള്ള സകല വസ്തുക്കളും ഈ ബലിയിലൂടെ ശുദ്ധീകരിക്കപ്പെട്ടു. പിന്നീട് ആരെങ്കിലും വിഗ്രഹങ്ങള്‍ക്ക് ഈ വസ്തുക്കള്‍ അര്‍പ്പിക്കുന്നതുവരെ ഇവ ശുദ്ധമായിരിക്കും. ഒരിക്കല്‍ അശുദ്ധമായി പ്രഖ്യാപിക്കപ്പെട്ടവ പിന്നീട് ശുദ്ധമാക്കപ്പെടുന്നത് എങ്ങനെയെന്നു നോക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു"(കൊളോ: 1; 20). ഇതായിരുന്നു ആ ശുദ്ധീകരണ പ്രക്രിയ. ഭൂമി മുഴുവനെയും ശുദ്ധീകരിക്കുന്നതിനായി യേഹ്ശുവായുടെ ദിവ്യരക്തം ഭൂമിയുടെമേല്‍ തളിക്കപ്പെട്ടു. അതുവഴി ഭൂമിയിലുള്ള സകല വസ്തുക്കളും ശുദ്ധീകരിക്കപ്പെട്ടു. സ്വര്‍ഗ്ഗവുമായി അനുരഞ്ജിപ്പിക്കേണ്ടതില്ലാത്ത വിഗ്രഹങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നില്ല; അവയുടെമേല്‍ യേഹ്ശുവായുടെ രക്തം തളിക്കപ്പെടുന്നുമില്ല. എന്തെന്നാല്‍, പിശാചും അവനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന സകലതും സ്വര്‍ഗ്ഗവുമായുള്ള ബന്ധത്തില്‍നിന്ന് എന്നേക്കുമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നതാണ്. അവനുമായി സമാധാനം പുനഃസ്ഥാപിക്കുകയെന്നത് യേഹ്ശുവായുടെ ദൗത്യമല്ല!

നമ്മുടെ വിഷയത്തിലേക്കുതന്നെ തിരികെവരാം. യേഹ്ശുവായുടെ ബലി പൂര്‍ത്തിയാകുകയും, അതുവഴി ഭൂമിയിലെ സകലതും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിനു മുന്‍പാണ് 'ലെഗിയോണ്‍' ബാധിതന് അവിടുന്ന് വിടുതല്‍ നല്‍കിയതെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, പന്നി അന്നും അശുദ്ധമൃഗങ്ങളുടെ ഗണത്തില്‍പ്പെട്ട ഒരു ജീവിയായിരുന്നു. പിശാചുക്കള്‍ (അശുദ്ധാത്മാക്കള്‍) യേഹ്ശുവായോട് ആവശ്യപ്പെട്ടത് പന്നികളില്‍ പ്രവേശിക്കാനുള്ള അവകാശമാണ്. ശുദ്ധമായ ഒന്നിലും പിശാചുക്കള്‍ക്കു പ്രവേശിക്കാന്‍ സാധിക്കില്ല എന്നതാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്ന മറ്റൊരുകാര്യം! പാപംചെയ്ത് അശുദ്ധരാകുന്ന ആരിലും അവനു പ്രവേശിക്കുവാനും വാസമുറപ്പിക്കുവാനും കഴിയും! വിഗ്രഹാര്‍പ്പിതമായ വസ്തുക്കളില്‍ പിശാചുക്കള്‍ വസിക്കുന്നത് ഈ വിധത്തിലാണ്. അല്ലാഹുവിനു 'ഹലാല്‍' ആയ ഭക്ഷ്യവസ്തുക്കളിലും മറ്റു വസ്തുക്കളിലും അല്ലാഹു വസിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ഏതൊരു വിഗ്രഹാര്‍പ്പിത വസ്തുവിന്റെയും അവസ്ഥ ഇതുതന്നെയാണ്.

വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നവരിലേക്ക് വിഗ്രഹത്തില്‍ വസിക്കുന്ന പിശാചിന്റെ അരൂപി പ്രവേശിക്കുകയും, ഈ അരൂപി അവരെ പടിപടിയായി ആത്മീയമരണത്തിലേക്കു നയിക്കുകയും ചെയ്യും. വിഗ്രഹാര്‍പ്പിതമായവ ഭക്ഷിക്കുന്നവരുടെ ആദ്ധ്യാത്മികജീവിതങ്ങള്‍ അപകടകരമായ ആശയങ്ങളിലേക്കു വഴിമാറുന്നതിന്റെ കാരണമിതാണ്!അതുപോലെതന്നെ, യേഹ്ശുവായുടെ നാമത്തില്‍ പരികര്‍മ്മം ചെയ്ത ദിവ്യകാരുണ്യത്തില്‍ അവിടുത്തെ ആത്മാവാണു വസിക്കുന്നത്. വിജാതിയമായ സാന്നിദ്ധ്യംമൂലം അശുദ്ധമായ ഒരിടത്തും അവിടുത്തേക്ക്‌ വസിക്കാന്‍ കഴിയില്ല. മനുഷ്യനായ യേഹ്ശുവാ ഈ ഭൂമിയില്‍ വസിച്ചതുപോലെയാണ് ദൈവമായ യേഹ്ശുവായുടെ വാസമെന്ന് ആരും തെറ്റിദ്ധരിക്കരുത്!

തൂണിലും തുരുമ്പിലും വിഗ്രഹങ്ങളിലും വസിക്കുന്ന ദൈവമല്ല യേഹ്ശുവാ! ഈ സത്യം ഗ്രഹിക്കാനുള്ള വിവേകം ക്രൈസ്തവരെന്ന് അഭിമാനിക്കുന്നവര്‍ക്കെങ്കിലും ഉണ്ടാകണം! ദുരാത്മാക്കള്‍ വസിക്കുന്നിടത്തെല്ലാം ദൈവത്തിനു വസിക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ ആയിരിക്കുന്നത് അപകടകരമായ ആശയത്തിന്റെ തടവറയിലാണ്! അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് അരുളിചെയ്തിരിക്കുന്നത് എന്താണെന്നു നോക്കുക: "ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 16-18). അശുദ്ധമായ ഒന്നിലും ദൈവം വസിക്കുകയില്ലെന്നു മാത്രമല്ല, അശുദ്ധമായവയെ സ്പര്‍ശിക്കുന്നവരില്‍പ്പോലും അവിടുന്നു വസിക്കുകയില്ല! ഇതാണ് സത്യദൈവമായ യാഹ്‌വെയുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത്!

വിഗ്രഹങ്ങളില്‍ തിന്മയുടെ അരൂപി വസിക്കുന്നത് അവ ആരാധനയ്ക്കു പ്രാത്രമാകുമ്പോഴാണ്. ശിലകള്‍ക്കും ഭൗമികമായ മറ്റു വസ്തുക്കള്‍ക്കും ആത്മാവുണ്ടെന്ന വിജാതിയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. അതായത്, ശിലകളിലോ ഭൗതികമായ മറ്റു വസ്തുവകകളിലോ അവ സൃഷ്ടിക്കപ്പെടുമ്പോള്‍ ആത്മാവുണ്ടായിരുന്നില്ല. എന്നാല്‍, എപ്പോള്‍ മുതല്‍ അവ ആരാധനയ്ക്കായി പരിഗണിക്കപ്പെടുന്നുവോ, അപ്പോള്‍ മുതല്‍ അവയില്‍ പിശാചിന്റെ ആത്മാവ് വന്നുവസിക്കുന്നു. എന്തെന്നാല്‍, ആരാധനയ്ക്കു പാത്രീഭവിക്കുകയെന്നത് പിശാചിന്റെ എക്കാലത്തെയും തീവ്രാഭിലാഷമാണ്! സത്യദൈവത്തെയല്ലാതെ, മനുഷ്യരെയോ ജീവജാലങ്ങളെയോ വസ്തുക്കളെയോ മറ്റെന്തെങ്കിലുമൊന്നിനെയോ ആരാധനയ്ക്കായി തിരഞ്ഞെടുത്താല്‍, അവിടെയെല്ലാം കടന്നുകൂടി ആരാധനകള്‍ സ്വീകരിക്കാന്‍ പിശാചുക്കള്‍ തയ്യാറാകുന്നു. ഇപ്രകാരം പിശാചിന്റെ ആലയങ്ങളായി മാറുന്ന ജീവികളിലും വസ്തുക്കളിലും അവന്റെ ആത്മാവു കുടികൊള്ളുന്നതുകൊണ്ടുതന്നെ, വിജാതിയത അവകാശപ്പെടുന്ന ആത്മീയവാദത്തില്‍ കഴമ്പുണ്ടെന്നു സമ്മതിക്കേണ്ടിവരും. എന്നാല്‍, ഇവയൊന്നും ആത്മാവോടുകൂടി സൃഷ്ടിക്കപ്പെട്ടവയോ, ദൈവം ഇവയില്‍ ആത്മാവിനെ സന്നിവേശിപ്പിക്കുകയോ ചെയ്തിട്ടില്ല.

സൃഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍പ്പത്തിന് ആത്മാവുണ്ടായിരുന്നില്ലെങ്കിലും, പിശാച് സര്‍പ്പത്തില്‍ പ്രവേശിച്ചപ്പോള്‍ അത് പ്രലോഭകനായി മാറിയതു നമുക്കറിയാം. ഹവ്വായെ പ്രലോഭിപ്പിക്കാന്‍ കടന്നുവന്ന സര്‍പ്പത്തില്‍ വസിച്ചത് പിശാചിന്റെ ആത്മാവായിരുന്നു. അതുപോലെ, പ്രലോഭനത്തിനു ഹേതുവാകുന്ന ഏതൊരു വസ്തുവിലും ഏതൊരു ജീവിയിലും മാത്രമല്ല, പ്രലോഭകരായി വര്‍ത്തിക്കുന്ന മനുഷ്യരില്‍പ്പോലും പിശാചിന്റെ ആത്മാവാണ് വാസംചെയ്യുന്നത്! അതായത്, വിജാതിയ തത്വസംഹിത അവകാശപ്പെടുന്ന അര്‍ത്ഥത്തിലല്ലെങ്കിലും, മറ്റൊരര്‍ത്ഥത്തില്‍ ഈ വാദം നിലനില്‍ക്കുന്നതാണ്! ജീവനുള്ളവയില്‍ മാത്രമല്ല, ജീവനില്ലാത്തവയിലും ആത്മാവിനു വസിക്കുന്നുവെങ്കില്‍, അത് അവയുടെ സ്വന്തം ആത്മാവല്ല എന്നതാണു നാം അറിഞ്ഞിരിക്കേണ്ട വസ്തുത!

ആത്മാവും ജീവനും!

ജീവന്‍ നഷ്ടപ്പെടുന്നതാണ് മരണമെന്നു നമുക്കറിയാം. മനുഷ്യനും മൃഗങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭൗതികമായ ഈ ജീവനെക്കുറിച്ചല്ല യേഹ്ശുവാ നമ്മോട് അരുളിച്ചെയ്തിരിക്കുന്നത്. ആത്മാവാണു ജീവന്‍ നല്‍കുന്നതെന്നും, ശരീരം ഒന്നിനും ഉപകരിക്കുന്നില്ലെന്നും അറിയിച്ചതിലൂടെ അവിടുന്ന് വ്യക്തമാക്കിയത് നിത്യജീവനെ സംബന്ധിച്ചാണ്. നിത്യജീവനിലേക്കു പ്രവേശിക്കപ്പെടാനായി നിയോഗം ലഭിച്ച ആത്മാവ് മനുഷ്യനില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്ന ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന മതമാണ്‌ ക്രിസ്തുമതം. മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ആത്മാവ് വിട്ടകലുന്നതോടെ ശരീരം ഒന്നിനും ഉപകരിക്കാത്ത വസ്തുവായി മാറുന്നു. ഉത്പത്തിയുടെ പുസ്തകത്തിലാണ് മനുഷ്യന്റെ പ്രത്യേകത ആദ്യമായി വിളംബരം ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് സ്വര്‍ഗ്ഗീയ ഛായയിലും സാദൃശ്യത്തിലുമാണെന്ന വെളിപ്പെടുത്തലിലൂടെ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആത്മാവും ശരീരവും മനസ്സും ഉള്ള അവസ്ഥയിലാണെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഈ വചനം ശ്രദ്ധിക്കുക: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു"(ഉത്പ: 1; 26, 27). മറ്റു ജീവജാലങ്ങളെ സൃഷ്ടിക്കുകയും ജീവന്‍ നല്‍കുകയും ചെയ്തപ്പോഴോന്നും അവിടുന്ന് ഇപ്രകാരം അരുളിചെയ്തില്ല. മനുഷ്യരെ മറ്റെല്ലാ സൃഷ്ടികളില്‍നിന്നും വേറിട്ടവരാക്കുന്നത് ഈ പ്രത്യേകതയാണ്. 'നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം' എന്ന് മറ്റാരോടോ പറഞ്ഞതാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ദൈവപുത്രന്മാരോടാണ് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തത്. സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടൊപ്പം ദൈവപുത്രന്മാരും വസിക്കുന്നുണ്ട്. ഈ പുത്രന്മാരെക്കുറിച്ച് ആദ്യമായി നാം വായിക്കുന്ന വചനമിതാണ്: "മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു"(ഉത്പ: 6; 1). സ്വര്‍ഗ്ഗത്തിലെ ദൈവദൂതന്മാരെത്തന്നെയാണ് 'ദൈവപുത്രന്മാര്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ദൈവരാജ്യത്തു പ്രവേശിക്കാന്‍ യോഗ്യത നേടുന്നവരെല്ലാം അവിടെ ദൈവപുത്രന്മാരും ദൈവപുത്രിമാരും ആയിരിക്കും. നിത്യജീവനില്‍ പ്രവേശിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ട് യേഹ്ശുവാ അറിയിച്ച ഈ വചനം ശ്രദ്ധിക്കുക: "പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗ്ഗദൂതന്മാരെപ്പോലെയായിരിക്കും"(മത്താ: 22; 30). സ്വര്‍ഗ്ഗീയ വാസികള്‍ക്കെല്ലാം ആത്മാവും ശരീരവും മനസ്സുമുണ്ട്. അവരുടെ ഛായയും സാദൃശ്യവും അതാണ്‌. മനുഷ്യനു ദൈവം നല്‍കിയിരിക്കുന്നതും അതുതന്നെ! ഒരു വെളിപ്പെടുത്തല്‍ നോക്കുക: "ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെ ഓര്‍ക്കാന്‍ അവന്‍ ആരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രന്‍ ആരാണ്? ദൂതന്മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു"(ഹെബ്രാ: 2; 6, 7). ദൈവപുത്രന്മാരെക്കാള്‍ അല്പം മാത്രം താഴെയാണു മനുഷ്യന്റെ സ്ഥാനം. എന്നാല്‍, നാം ദൈവപുത്ര സ്ഥാനത്തേക്ക് ഒരിക്കല്‍ ഉയര്‍ത്തപ്പെടും. മനുഷ്യപുത്രനായി യേഹ്ശുവാ ഭൂമിയില്‍ വന്നത് നമ്മെ ദൈവപുത്രന്മാരാക്കാനാണ്! മനുഷ്യപുത്രന്മാരെ ദൈവപുത്രന്മാരാക്കാന്‍ ദൈവം മനുഷ്യപുത്രനായി ഭൂമിയിലേക്കു കടന്നുവന്നു. പുത്രസ്ഥാനം നല്‍കിയാണ് ആദത്തെ ദൈവം സൃഷ്ടിച്ചതെങ്കിലും, അനുസരണക്കേട്‌ എന്ന പാപത്തിലൂടെ ആ സ്ഥാനം അവന്‍ നഷ്ടപ്പെടുത്തി. അവനു മാത്രമല്ല, അവന്റെ തലമുറയ്ക്കും ആ മഹത്തായ പദവി നഷ്ടമായി. ഒരു മനുഷ്യന്‍മൂലം മാനവകുലത്തിനു നഷ്ടമായ ശ്രേഷ്ഠ പദവി വീണ്ടെടുത്തു നല്‍കുന്നതിനാണ് പരിപൂര്‍ണ്ണ മനുഷ്യനായി യേഹ്ശുവാ വന്നത്!

ഈ വചനം ശ്രദ്ധിക്കുക: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലവരിലും വ്യാപിച്ചു"(റോമാ: 5; 12). പാപവും മരണവും മനുഷ്യനുമേല്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍, ഈ ആധിപത്യത്തില്‍നിന്നു മനുഷ്യനെ നിത്യജീവനിലേക്കു പ്രവേശിപ്പിക്കാനാണ് യേഹ്ശുവാ വന്നത്. ഈ വചനം നോക്കുക: "അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും. പാപം വര്‍ദ്ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും"(റോമാ: 18-21). മനുഷ്യന്‍ ചെയ്ത പാപത്തിനു മനുഷ്യന്‍തന്നെ പരിഹാരം ചെയ്യുകയെന്നത് അനിവാര്യമായിരുന്നു. മരണത്തിന്റെ ആധിപത്യം അവസാനിപ്പിക്കുകയും, ആദത്തിന്റെ തലമുറയില്‍പ്പെട്ട സകലര്‍ക്കും പുനരുത്ഥാനത്തിലൂടെ നിത്യജീവന്‍ നല്‍കുകയും ചെയ്യേണ്ടതിനായിരുന്നു അത്. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുന്ന സകലര്‍ക്കും ദൈവമക്കള്‍ എന്ന പദവി നല്‍കേണ്ടതിനായി അവിടുന്ന് ദൈവപുത്രന്‍ എന്ന് മുന്‍കൂട്ടി വിളിക്കപ്പെട്ടു.

ഈ വചനം ശ്രദ്ധിക്കുക: "ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേഹ്ശുവാ മ്ശിഹായിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും"(1 യോഹ: 5; 20). ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ മനുഷ്യര്‍ക്കു വെളിപ്പെടുത്തിയത് അവിടുന്നുതന്നെയാണ്. ദൈവമായിരുന്നിട്ടും അവിടുന്ന് ദൈവപുത്രന്‍ എന്ന പദവി സ്വീകരിച്ചത് നമ്മെ ദൈവത്തിന്റെ പുത്രീപുത്രന്മാരായി ദത്തെടുക്കേണ്ടതിനായിരുന്നു. നിത്യജീവന്‍ പാപിക്കുന്നവര്‍ക്കു മാത്രമേ ഈ പദവി ലഭിക്കുകയുള്ളു. ഈ വചനം ശ്രദ്ധിക്കുക: "ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്. പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല"(1 യോഹ: 5; 11, 12). നിത്യജീവനെക്കുറിച്ച് യേഹ്ശുവാ എന്താണു പറഞ്ഞിരിക്കുന്നതെന്നു നോക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവൻ"(യോഹ 17:3). യേഹ്ശുവാ അരുളിച്ചെയ്തത് ഈ ജീവനെക്കുറിച്ചു മാത്രമാണ്. ഈ ജീവന്‍ ലഭിക്കുന്നത് ആത്മാവുള്ളവര്‍ക്കു മാത്രമായതിനാല്‍, ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് യേഹ്ശുവാ വ്യക്തമാക്കി.

യേഹ്ശുവാ വെളിപ്പെടുത്തിയത് ഭൗമിക വാസത്തിനുള്ള ജീവനെക്കുറിച്ചായിരുന്നില്ല; മറിച്ച്, ശരീരത്തില്‍ മരിച്ച്, ആത്മാവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജീവനെക്കുറിച്ചാണ്. നിത്യരക്ഷക്കോ നിത്യശിക്ഷയ്ക്കോ ആയി മനുഷ്യന്‍ മാത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ആത്മാവിനു മരണമില്ലാത്തതുകൊണ്ട് നീതിമാനും നീതിരഹിതനും ഉയിപ്പിക്കപ്പെടും എന്നതാണ് ഗൗരവകരമായ യാഥാര്‍ത്ഥ്യം. ആത്മാവിലും പുനരുത്ഥാനത്തിലും വിശ്വസിക്കാത്ത നാസ്തികനായതുകൊണ്ട് ആരെങ്കിലും ഉയിര്‍പ്പിക്കപ്പെടാതിരിക്കുന്നില്ല! എന്നാല്‍, പാപംമൂലം മലിനമാക്കപ്പെട്ട ആത്മാവാണെങ്കിലും, ഈ ആത്മാവിനെ വിശുദ്ധീകരിക്കാന്‍ യേഹ്ശുവായിലുള്ള വിശ്വസത്തിലൂടെ ഏതൊരുവനും സാധിക്കും. രക്ഷപ്രാപിക്കാന്‍ ഇതല്ലാതെ മറ്റു വഴികളൊന്നും ദൈവം സ്ഥാപിച്ചിട്ടില്ല; ഇനിയൊട്ടു സ്ഥാപിക്കുകയുമില്ല! ഈ യാഥാര്‍ത്ഥ്യം പരിശുദ്ധാത്മാവ് പ്രഖ്യാപിച്ചിട്ടുമുണ്ട്! "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12).

യേഹ്ശുവായിലൂടെ ഒരുവന്‍ രക്ഷപ്രാപിക്കുന്നത് അവിടുത്തെ നാമത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമല്ല, യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകകൂടി വേണം. എന്തെന്നാല്‍, ജ്ഞാനസ്നാനത്തിലൂടെ യേഹ്ശുവായോടൊപ്പം സംസ്ക്കരിക്കപ്പെടുന്ന നമ്മള്‍ അവിടുത്തെ വാഗ്ദാനമായ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കുന്നതിനുള്ള യോഗ്യത നേടുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). ഈ ആത്മാവാണ് നമ്മില്‍ വസിക്കുന്ന ആത്മാവിനെ ക്രിസ്തുവിനു യോഗ്യരാക്കി നിലനിര്‍ത്തുന്നത്. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനത്തെ സംബന്ധിച്ചുള്ള ലേഖനം വായിക്കുന്നതിന് ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ആത്മാവില്‍ വീണ്ടുംജനനം!'

യേഹ്ശുവാ അറിയിച്ചത് നിത്യജീവനെക്കുറിച്ചാണ്. അത് പ്രദാനം ചെയ്യുന്നത് നമ്മില്‍ വസിക്കുന്ന ആത്മാവാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ആത്മാവില്ലാത്ത ഒന്നിനും നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയില്ല. ബൈബിളിലെ വാക്കുകള്‍ നോക്കുക: "സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു"(1 കോറി: 15; 50). ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് യേഹ്ശുവാ പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍, ശാരീരികമായ ജീവന്‍ കുടികൊള്ളുന്നത് രക്തത്തിലാണെന്നു ബൈബിള്‍ വ്യക്തമാക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്. അത് ബലിപീഠത്തിന്മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്തമാണ് പാപപരിഹാരം ചെയ്യുന്നത്"(ലേവ്യര്‍: 17; 11). ജീവനുള്ള സകലതിനും ആത്മാവുണ്ടെന്നു കരുതുന്നത് അബദ്ധമാണെന്നും, ആത്മാവില്ലാത്ത ഒന്നിനും നിത്യജീവനില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ലെന്നും നാം അറിഞ്ഞിരിക്കണം.

സ്വന്തമായി ആത്മാവുള്ള ഏക ജീവി മനുഷ്യനാണ്! ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഏക ജീവിയും മനുഷ്യന്‍തന്നെ! ആത്മാവും ശരീരവും മനസ്സും ഉള്ളവനായി മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടാണ് അവന്‍ ദൈവത്തിന്റെ സാദൃശ്യത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത്. മറ്റു ജീവികള്‍ക്കോ സസ്യലതാദികള്‍ക്കോ ആത്മാവില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി ഒരു വചനംകൂടി കുറിക്കുന്നു: "ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!"(ലൂക്കാ: 12; 28). ഇതിനപ്പുറം മറ്റൊരു വെളിപ്പെടുത്തല്‍ ഈ വിഷയത്തില്‍ ആവശ്യമുണ്ടോ?!

മനുഷ്യന്‍ മരണാനന്തരം ഉയിര്‍പ്പിക്കപ്പെടുമ്പോള്‍ പ്രാപിക്കുന്ന ജീവനെക്കുറിച്ചാണ് യേഹ്ശുവാ പ്രഖ്യാപിച്ചതെന്നും, ഈ ജീവന്‍ പ്രാപിക്കാന്‍ സ്വന്തമായി ഒരു ആത്മാവ് ഉണ്ടായിരിക്കണമെന്നും മനസ്സിലാക്കാന്‍ ഇത്രയും വിവരണം മതിയാകുമെന്ന് മനോവ കരുതുന്നു!   

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    1790 views

LOG IN

Lost your password?

SIGN UP

LOST PASSWORD